Site-Logo
POST

മഖ്ദൂം കുടുംബം നവോത്ഥാനത്തിന്റെ നേരാവകാശികൾ

10 Oct 2023

feature image

 

കേരളത്തിന്റെ മുസ്‌ലിം നവോത്ഥാന ചരിത്രത്തിൽ അദ്വിതീയ സ്ഥാനമാണ് മഖ്ദൂം കുടുംബത്തിനുള്ളത്. ഹിജ്‌റ 9-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശൈഖ് അലിയ്യുബ്‌നു അഹ്മദ് മഖ്ദൂം കായൽപട്ടണം വഴി കൊച്ചിയിലെത്തിച്ചേർന്നതോടെയാണ് ഇതിനാരംഭം കുറിക്കുന്നത്. പ്രതിഭാധനരായ നിരവധി പണ്ഡിത നേതാക്കളെ ഈ കുടുംബം കേരളത്തിനു സമർപ്പിച്ചിട്ടുണ്ട്. അതിൽ തികച്ചും വ്യതിരിക്തത പുലർത്തുന്ന രണ്ടുപേരാണ് ശൈഖ് മഖ്ദൂം അൽകബീറും സൈനുദ്ദീൻ മഖ്ദൂം അസ്സാനിയും. മഖ്ദൂം അൽ കബീർ കൊച്ചിയിലാണ് ജനിക്കുന്നത്. പിതൃവ്യനും പൊന്നാനിയിലെ ഖാളിയുമായിരുന്ന ശൈഖ് ഇബ്‌റാഹീമുബ്‌നു അഹ്മദ് മഖ്ദൂമിന്റെ കൂടെ പൊന്നാനിയിൽ എത്തിചേർന്നു. ഖുർആൻ മനപ്പാഠമാക്കിയ ശേഷം പ്രാഥമിക പഠനം കഴിഞ്ഞ് കോഴിക്കോട് ഖാളിയായിരുന്ന ഫഖ്‌റുദ്ദീൻ അബൂബക്കറുബ്‌നു റമളാനുശ്ശാലിയാത്തിയിൽ നിന്നു ഫിഖ്ഹും ഉസൂലുൽ ഫിഖ്ഹും പഠിച്ചു. ശേഷം ഉന്നത പഠനത്തിനായി ഈജിപ്തിലെ അൽ അസ്ഹറിലേക്ക് പോയി.

9-ാം നൂറ്റാണ്ടിന്റെ മുജദ്ദിദായ ശൈഖ് സകരിയ്യൽ അൻസ്വാരി(റ)യായിരുന്നു പ്രധാന ഗുരു. മലയാളക്കരയിൽ നിന്നുള്ള ആദ്യത്തെ അസ്ഹർ വിദ്യാർത്ഥിയായ മഹാൻ ഹജ്ജും സിയാറത്തും കഴിഞ്ഞ് പൊന്നാനിയിൽ തിരിച്ചെത്തി. തുടർന്ന് അൽ അസ്ഹർ മാതൃകയിൽ കേരളത്തെ വൈജ്ഞാനിക പാതയിൽ ചലിപ്പിക്കുന്നതിനായി ഒരു വലിയ പള്ളി നിർമിക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥികൾക്ക് ഹോസ്റ്റലായും ഉപയോഗിക്കാനുള്ള വിപുലമായ സൗകര്യത്തോടെ പ്രൗഢമായ പള്ളി നിർമിക്കാനായിരുന്നു പ്ലാൻ. എന്നാൽ ദീർഘ ദൃഷ്ടിയില്ലാത്ത ചിലയാളുകൾ ഇതിനെ എതിർക്കുകയും തടസ്സം നിൽക്കുകയും ചെയ്തപ്പോൾ നബി(സ്വ)യുടെ ഒരു മൗലിദ് രചിക്കാൻ നേർച്ചയാക്കുകയുണ്ടായി. മൻഖൂസ് മൗലിദ് എന്ന ആ കൃതി പുറത്തിറങ്ങിയതോടെ തടസ്സങ്ങൾ നീങ്ങുകയും പള്ളിപ്പണി പൂർത്തിയാവുകയും ചെയ്തു. തുടർന്ന് പ്രത്യേക സിലബസ് തയ്യാറാക്കി പൊന്നാനിയിൽ ദർസ് ആരംഭിച്ചു. മലബാറിലെ മക്ക എന്നറിയപ്പെടും വിധം പൊന്നാനിയെ വൈജ്ഞാനിക കേന്ദ്രമാക്കി. വൈകാതെ വിദേശീയരടക്കമുള്ള വിദ്യാർത്ഥികളുടെ ആശാകേന്ദ്രമായി പൊന്നാനി മാറി. ഇത്തരം ചരിത്ര സത്യങ്ങൾ ഒളിപ്പിച്ചുവെച്ചാണ് കേരള മുസ്‌ലിംകളുടെ നവോത്ഥാന സംരംഭങ്ങളെ 1922-ലേക്ക് ചുരുട്ടിക്കെട്ടാൻ നവോത്ഥാന നാട്യക്കാർ ശ്രമിക്കുന്നത്.

മഖ്ദൂം അൽ കബീറിന്റെ പുത്രനായ മുഹമ്മദുൽ ഗസ്സാലി എന്നവർക്ക് വടകരക്കടുത്ത ചോമ്പാലിൽ പിറന്ന മകനാണ് ശൈഖ് സൈനുദ്ദീൻ അൽ മഖ്ദൂം(റ). പൊന്നാനിയിൽ വന്ന് പിതൃസഹോദരൻ അബ്ദുൽ അസീസ് മഖ്ദൂമിൽ നിന്നു വിദ്യ നുകർന്നു. തുടർന്നു മക്കയിലേക്ക് പുറപ്പെട്ടു. നീണ്ട പത്തുവർഷക്കാലം ഹറമിൽ താമസിച്ച് ഓതിപ്പഠിച്ചു. പ്രശസ്ത പണ്ഡിതനായ ഇമാം ഇബ്‌നുഹജറുൽ ഹൈതമി(റ)യായിരുന്നു പ്രധാന ഗുരു. മക്കയിലെ ജീവിത കാലത്ത് വിശ്വോത്തര പണ്ഡിതരുമായി ബന്ധം സ്ഥാപിച്ചു. ഇമാം മുഹമ്മദുർറംലി(റ), ഖത്വീബുശ്ശിർബീനി(റ) തുടങ്ങിയവർ അവരിൽ പ്രമുഖരായിരുന്നു. മിശ്കാത്തിന്റെ വ്യാഖ്യാനമായ മിർഖാത്തിന്റെ രചയിതാവ് മുല്ലാ അലിയ്യുൽ ഖാരി(റ), ഇടിയങ്ങരയിലെ ശൈഖ് അലാഉദ്ദീനുൽ ഹിംസ്വി(റ), ശാഹുൽ ഹമീദുന്നാഗൂരി(റ), കോഴിക്കോട് ഖാളിമാരിൽപെട്ട അല്ലാമാ അബ്ദുൽ അസീസ് തുടങ്ങിയവരെല്ലാം അക്കാലത്തെ സഹപാഠികളായിരുന്നു.
പിന്നീട് പൊന്നാനിയിൽ തിരിച്ചെത്തിയ സൈനുദ്ദീൻ മഖ്ദൂം വല്ല്യുപ്പ സ്ഥാപിച്ച ദർസ് ഏറ്റെടുത്ത് മുപ്പത്തിയഞ്ച് വർഷത്തോളം വിജ്ഞാന പ്രസരണം നടത്തി. കേരളത്തിലെ മുഴുവൻ ഗ്രാമങ്ങളിലേക്കും ഈ ദർസ് സമ്പ്രദായം വ്യാപിപ്പിച്ചു. ഇസ്‌ലാമിന്റെ സർവ വിജ്ഞാന ശാഖകളെയും ജനകീയമാക്കിയ ഈ വിപ്ലവം നവോത്ഥാനമല്ലെങ്കിൽ പിന്നെയെന്താണ് നവോത്ഥാനം?

കേവലം ഒരു മുദരിസായി പള്ളിയിൽ ചടഞ്ഞുകൂടുകയായിരുന്നില്ല ശൈഖ് മഖ്ദൂമവർകൾ. പോർച്ചുഗീസുകാരുടെ ആക്രമണം അരങ്ങേറിയപ്പോൾ അവർക്കെതിരെ ദേശീയ ബോധവും മത ബോധവും ഉണർത്തി ഹിന്ദുക്കളെയും മുസ്‌ലിംകളെയും പ്രതിരോധത്തിനിറക്കാൻ ആ മഹാപണ്ഡിതൻ മുൻകൈ എടുത്തു. തുഹ്ഫതുൽ മുജാഹിദീൻ എന്ന കൃതി ഇതിനുവേണ്ടി അദ്ദേഹം രചിച്ചതാണ്. കേരളത്തിന്റെ 16-ാം നൂറ്റാണ്ടിന്റെ ആധികാരിക ചരിത്ര ഗ്രന്ഥം കൂടിയാണ് ഇത്.

ഹിജ്‌റ 600-കളിൽ കേരളത്തിലുടനീളം സഞ്ചരിച്ച് പ്രബോധനം നടത്തിയ ശൈഖ് ഫരീദ് ഔലിയ(റ), പത്താം നൂറ്റാണ്ടിൽ ജീവിച്ച പുറത്തീൽ എന്ന സ്ഥലത്ത് അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് അബ്ദുൽ ഖാദിർ അസ്സാനി(റ), നാദാപുരം പെരിങ്ങത്തൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് അലിയ്യുൽ കൂഫി(റ), ഫോർട്ട് കൊച്ചിക്കടുത്ത ഖൽവന്തിയിൽ വിശ്രമിക്കുന്ന ഫരീദുദ്ദീൻ ഖൽവന്തി(റ), കോഴിക്കോട് പറമ്പിൽ പള്ളിയുടെ മുൻവശത്ത് മറമാടപ്പെട്ട അലിയ്യുൽ ബക്‌രി(റ), പെരുമ്പടപ്പിൽ വഫാത്തായ പുത്തൻപള്ളി കുഞ്ഞഹമ്മദ് മുസ്‌ലിയാർ(റ), മലബാറിന്റെ അഭിമാനമായ വെളിയങ്കോട് ഉമർഖാസി(റ) തുടങ്ങി കേരളീയ നവോത്ഥാന മുന്നേറ്റങ്ങളുടെ മുമ്പിൽ നടന്ന പണ്ഡിതരുടെയും ഔലിയാക്കളുടെയും നിര വളരെ നീണ്ടതാണ്. ഇവരുടെയെല്ലാം ജ്വലിക്കുന്ന ഓർമകളെ ജനഹൃദയങ്ങളിൽ നിന്നു പിഴുതുമാറ്റാൻ കൂടിയാണ് കേരളീയ നവോത്ഥാനത്തിന്റെ തുടക്കം 1922-നു ശേഷമാണെന്ന കല്ലുവെച്ച നുണ പ്രചരിപ്പിക്കാൻ ബിദഇകൾ ഒരുമ്പെട്ടിറിങ്ങിയത്.

-റഹ്മതുല്ലാഹ് സഖാഫി എളമരം

Related Posts