ലോകത്ത് എഴുപത്തഞ്ചോളം ഖബീലകളിലായി നിലകൊള്ളുന്നു നബി(സ്വ)യുടെ കുടുംബം. ഇതിൽ ഇരുപത്തഞ്ചോളം ഖബീലകൾ കേരളത്തിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ ആദ്യമായി വന്ന നബികുടുംബം ബുഖാറയിൽ നിന്നും കണ്ണൂർ വളപട്ടണത്ത് എത്തിച്ചേർന്ന സയ്യിദ് അഹ്മദ് ജലാലുദ്ദീനുൽ ബുഖാരി(റ) അവർകളാണ്. തിരുനബി(സ്വ)യുടെ 27-ാം പൗത്രനായ അദ്ദേഹം ഹിജ്‌റ 800-ലാണ് കേരളത്തിലെത്തുന്നത്.
വളപട്ടണത്തെ ഖാളിയായിരുന്ന സീതി ഇബ്‌റാഹീം എന്ന മഹാൻ തങ്ങളവർകൾക്ക് താമസിക്കാൻ വീടു നൽകുകയും തന്റെ പുത്രിയെ വിവാഹം കഴിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഖാളിയുടെ വഫാത്തിനുശേഷം തങ്ങളെ വളപട്ടണം ഖാളിയായി നിശ്ചയിച്ചതോടെ, കണ്ണൂരിന്റെ ആത്മീയ നേതൃത്വം അദ്ദേഹത്തിനായി. നൂറുക്കണക്കിന് അമുസ്‌ലിംകൾ മഹാനിലൂടെ ഇസ്‌ലാമിന്റെ വെളിച്ചം സ്വീകരിച്ചു.
സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരിയുടെ കേരളത്തിലെ ഭാര്യയിൽ ജനിച്ച സയ്യിദ് ഇസ്മാഈലുൽ ബുഖാരി(റ) ഉന്നത പണ്ഡിതനും പ്രബോധകനുമായിരുന്നു. ശൈഖ് സൈനുദ്ദീൻ അൽ കബീറിന്റെ ഗുരുവര്യർ കൂടിയായ മഹാനവർകൾ വൈജ്ഞാനിക രംഗത്ത് നവോത്ഥാന മുന്നേറ്റങ്ങൾക്ക് നായകത്വം വഹിച്ചു.
ബുഖാരി കുടുംബത്തിൽ എടുത്തുപറയേണ്ട മറ്റൊരു നവോത്ഥാന നായകനാണ് അസ്സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി(റ). കണ്ണൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാനവർകൾ കവരത്തി ദ്വീപിലാണ് ജനിക്കുന്നത്. പിന്നീട് വളപ്പട്ടണത്ത് എത്തി കേരളത്തിലുടനീളം പ്രഭാഷണവും പ്രബോധനവുമായി നടക്കുകയും കൊച്ചിയിലെ പ്രസിദ്ധമായ ചെമ്പിട്ടപള്ളി സ്ഥാപിക്കുകയും ചെയ്തു. വിവിധ മതസ്ഥർക്കിടയിൽ ഐക്യമുണ്ടാക്കിയും സൗഹൃദം സൃഷ്ടിച്ചും മുന്നേറിയ മഹാൻ ഇടപെട്ട്, ടിപ്പുവിനെ നായർപട ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വർഗീയ സ്പർദ ഇല്ലായ്മ ചെയ്യുകയുണ്ടായി.
ഹിജ്‌റ 1159-ൽ യമനിലെ തരീമിൽ നിന്നു കോഴിക്കോട്ട് എത്തിച്ചേർന്ന സയ്യിദ് ജിഫ്രിയാണ് കേരളത്തിലെ സയ്യിദൻമാരിലെ മറ്റൊരു പ്രമുഖൻ. കോഴിക്കോട്ടെ സാമൂതിരി രാജാവു തന്നെ മഹാനവർകൾക്ക് താമസിക്കാൻ വീടും വരുമാനത്തിന് തെങ്ങിൻതോപ്പും നൽകി. കോഴിക്കോടിന്റെ വികസനത്തിനും ഇസ്‌ലാമിക നവജാഗരണത്തിനും തങ്ങൾ നേതൃത്വം കൊടുത്തു.
വിശ്വാസ രംഗത്ത് അഹ്‌ലുസ്സുന്നയുടെ ധാരമാത്രമുണ്ടായിരുന്ന കേരളത്തിലേക്ക് ശീഈ ചിന്താഗതിക്കാരനായ സയ്യിദ് മുഹമ്മദ് ഷാ എന്നയാളെ ബ്രിട്ടീഷുകാർ എത്തിക്കുകയുണ്ടായി. കൊണ്ടോട്ടി കേന്ദ്രീകരിച്ച് പ്രവർത്തിച്ച അദ്ദേഹത്തിന്റെ വികലമായ ആശയങ്ങളെ തുറന്നുകാട്ടികൊണ്ട് സയ്യിദ് ജിഫ്രി അവർകൾ അൽ ഇർശാദാത്തുൽ ജിഫ്രിയ്യ എന്ന ഗ്രന്ഥം രചിക്കുകയും പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തു.
ഈ കാലഘട്ടത്തിൽ തന്നെയാണ് അറേബ്യയിലെ നജ്ദിൽ മുഹമ്മദുബ്‌നു അബ്ദുൽ വഹാബ് ലോക മുസ്‌ലിംകളെ കാഫിറാക്കിക്കൊണ്ട് പുതിയ തൗഹീദുമായി രംഗ പ്രവേശം നടത്തിയതും. ഈ വിഷവിത്തു കേരളത്തിലെത്തുന്നതിന് മുമ്പുതന്നെ ‘അൽ ഇർശാദാത്തുൽ ജിഫ്‌രിയ്യ ഫിർറദ്ദി അലള്ള്വലാല തിൽ വഹ്ഹാബിയ്യ’ എന്ന പേരിൽ ഗ്രന്ഥരചന നടത്തി പ്രതിരോധം തീർത്തു. ഇങ്ങനെ മുസ്‌ലിം സമുദായത്തിന്റെ വിശ്വാസ പാരമ്പര്യത്തേയും ആചാരാനുഷ്ഠാനങ്ങളേയും വികലമാക്കാൻ ആരൊക്കെ ശ്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം നവോത്ഥാന നായകരുടെ ഇടപെടൽ അനവരതം ഉണ്ടായിട്ടുണ്ട്. ഈ ചരിത്ര സത്യത്തെ കുഴിച്ചുമൂടാനുള്ള ബിദഈ നീക്കത്തിന്റെ പിന്നിലുള്ള രഹസ്യം മറ്റൊന്നുമല്ല; പതിമൂന്നു നൂറ്റാണ്ടിന്റെ കേരളീയ ചരിത്രം ഈ നവോത്ഥാന നാട്യക്കാർക്ക് തരിമ്പും അനുകൂലമല്ല എന്നതാണത്.
പിന്നീട് വന്ന ശൈഖ് ഹസൻ ജിഫ്‌രിയും അദ്ദേഹത്തിന്റെ വഫാത്തിനുശേഷം എത്തിയ സഹോദരീ പുത്രനായ സയ്യിദ് അലവി തങ്ങളും മമ്പുറം കേന്ദ്രീകരിച്ച് നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തവരാണ്. മലബാറിൽ പല ഗ്രാമങ്ങളിലും ഇസ്‌ലാമിലേക്കുള്ള ഒഴുക്കായിരുന്നു ഇവരുടെ കാലഘട്ടത്തിൽ കണ്ടത്. ഈ മഹാൻമാരുടെ ജീവിത വിശുദ്ധിയും കറാമത്തും കണ്ടായിരുന്നു ജനങ്ങൾ ഇസ്‌ലാം ആശ്ലേഷിച്ചത്.
മമ്പുറം തങ്ങളുടെ കാലത്ത് മുസ്‌ലിം സമുദായം അനുഭവിച്ച ഒരു പ്രതിസന്ധി ഭൂ ഉടമകളായിരുന്ന ജന്മിമാരുടെ പീഡനങ്ങളായിരുന്നു. ഇതിനെതിരെ സമരം നയിച്ച തങ്ങൾ മുസ്‌ലിംകളുടെയും കീഴാളൻമാരായി കഴിഞ്ഞിരുന്ന മറ്റു താഴ്ന്ന വിഭാഗക്കാരുടെയും വിമോചകനായി. ഹിന്ദു-മുസ്‌ലിം സമുദായങ്ങളെ ഐക്യപ്പെടുത്തി ബ്രിട്ടീഷുകാർക്കെതിരെ സമര പോരാട്ടങ്ങൾ നയിച്ചു. ഇതൊന്നും 1922-നു ശേഷമായിരുന്നില്ല. ഈ ചരിത്ര സത്യങ്ങളെയൊക്കെ അത്രപെട്ടെന്നു വിസ്മൃതിയിലേക്ക് തള്ളിവിടാൻ ഏതു കപട നവോത്ഥാനക്കാരുദ്ദേശിച്ചാലും അസാധ്യമാണ്.
-റഹ്മത്തുല്ലാഹ് സഖാഫി എളമ