നബി ﷺ യുടെ വിശേഷണങ്ങൾ ഭംഗിയിൽ കോർത്തിണക്കിയ മൗലിദ് കൃതിയാണ് ജഅല മുഹമ്മദ്. നബിചരിത്രത്തിന്റെ സുന്ദരമായൊരു ആവിഷ്കാരമാണ് ഈ മൗലിദെന്നു പറയാം. ബ്രഹ്മാണ്ഡത്തിന്റെ ഉൺമക്ക് കാരണം നബി ﷺ യാണെന്നതിൽ തുടങ്ങി അവിടുത്തെ ഏറ്റവും വലിയ അമാനുഷികമായ ഖുർആനിന്റെ വിശേഷണങ്ങളിൽ അവസാനിക്കുന്നു. രചയിതാവിനെ കുറിച്ച് വ്യക്തമായ വിവരമില്ലെങ്കിലും ജഅല മുഹമ്മദിന്റെ ആശയ സംഗ്രഹം പഠനാർഹവും ആസ്വാദ്യകരവുമാണ്.
മുഴുപ്രപഞ്ചത്തിന്റെയും മൂലകാരണം തിരുനബി ﷺ യാണെന്ന് വിശദീകരിച്ചാണ് ഗ്രന്ഥകാരൻ മൗലിദ് ആരംഭിക്കുന്നത്. മണ്ണും വിണ്ണം അതുൾക്കൊള്ളുന്ന സകലവും തിരു ഒളിവിന്റെ പ്രതിഫലനമാണ്. എല്ലാറ്റിനും അവിടുന്ന് മികവും ഐശ്വര്യവുമാണ്. “ശഫാഅത്തുൽ ഉള്മയും ഹൗളുൽ കൗസറും നൽകിയാണ് മറ്റു പ്രവാചകന്മാരെക്കാൾ മുത്ത് നബി ﷺ ആദരിക്കപ്പെട്ടത്. അല്ലാഹുവിന്റെ നാമത്തോടൊപ്പം ചേർത്തു പറഞ്ഞാണ് തിരുനബി ﷺ യുടെ നാമം അല്ലാഹു പരിചയപ്പെടുത്തിയത്. വാങ്കിലും ഇഖാമത്തിലും ഖുത്ബയിലും ശഹാദത്ത് കലിമയിലും ഇത് പ്രകടമാണ്. വിശ്വാസത്തിന്റെ സ്വീകാര്യതയും പരിപൂർത്തിയും മുഖ്യ ആരാധനകളുടെ സാധുതയുമെല്ലാം നബി നാമവുമായി ബന്ധപ്പെട്ട് കിടക്കുന്നത് തന്ന സലക്ഷ്യം ബോധ്യപ്പെടുന്ന അടയാളങ്ങളാണ്. അല്ലാഹുവിന്റെ ഇഷ്ടദാസരായ മലക്കുകളെയാണ് റസൂൽ ﷺ യുടെ സംരക്ഷണത്തിന് അധികാരപ്പെടുത്തിയിട്ടുള്ളത്. ഹിറാഗുഹ, ബദ്ർ, ഉഹ്ദ് അടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളിലൊന്നും ശത്രുപക്ഷത്തിന്റെ വഞ്ചനകൾ വിജയിക്കാതെ പോയതുമെല്ലാം മേൽ സംരക്ഷണത്തിന്റെ ഫലമായിരുന്നു.
തിരുനബിയുടെ എല്ലാ നിലക്കുള്ള സംരക്ഷണവും അല്ലാഹു ഏറ്റെടുത്തിട്ടുണ്ട്. അല്ലാഹു താങ്കളെ ജനങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് ഖുർആൻ പറഞ്ഞു. “താങ്കളുടെ രക്ഷിതാവിന്റെ തീരുമാനം വരുന്നത് വരെ ക്ഷമിക്കുക. താങ്കൾ നമ്മുടെ നിരീക്ഷണത്തിലാകുന്നു” എന്നും ഖുർആൻ.
അത്യത്ഭുതമാണ് തിരുജീവിതം. ഭൗതികമായ മാനദണ്ഡങ്ങൾ വെച്ച് കൊണ്ട് തിരുജീവിതത്തെ അളക്കാനാവില്ല. മരം അവിടത്തോട് സംസാരിച്ചു. കല്ല് സലാം പറഞ്ഞ് സ്നേഹം പങ്കിട്ടു. അചേതന വസ്തുക്കളുടെ സ്നേഹ വികാരങ്ങൾ ചരിത്രത്തിൽ എമ്പാടും കാണാം. തിരുനബി ﷺ യോടുള്ള സ്നേഹം മുസ്‌ലിമിന്റെ അടങ്ങാത്ത വികാരമാണ്. ജീവിത വെളിച്ചം തന്ന ജ്യോതിസ്സാണ് മുസ്‌ലിമിന് തിരുനബി. പ്രവാചക സ്നേഹമില്ലാതെ മുസ്‌ലിമിന് മുന്നോട്ട് നീങ്ങാനാവില്ല.
സത്യവും സൃഷ്ടിപ്പും ധർമവുമെല്ലാം പ്രസരിച്ചത് തിരുനബിയിൽ നിന്നാണ്. സത്യബോധനത്തിന്റെ അവസാന കണ്ണിയാണ് നബിയോർ, സംസ്കൃതികളുടെ പൂർത്തീകരണം നടത്തിയത് അവിടുന്നാണ്. ഒരു സംസ്കാരവും ഉമ്മത്തിനെ പഠിപ്പിക്കാൻ ബാക്കിയില്ല. സൃഷ്ടിപ്പിന്റെ തുടക്കവും തിരുനബിയിൽ നിന്നു തന്നെ. മുഹമ്മദീയ നൂറിൽ നിന്നാണ് എല്ലാം പിറന്നത്. സാഗരം നാണിച്ചു പോകുമായിരുന്നു തിരുനബിയുടെ ധർമത്തിന് മുന്നിൽ. സമുദ്രം ഇത് വരെ വാരി കൊടുത്തത് തിരുനബിയുടെ ധർമത്തിലെത്തില്ല. അന്ത്യനാളിന്റെ വാഹകരും മഹശറ മൈതാനിയിലെ അഭയവും പ്രവാചകർ ﷺ തന്നെ. സത്യദർശനവും ശ്രേഷ്ഠപദവിയും കൊണ്ട് പ്രത്യേകത നൽകപ്പെട്ട തിരുനബിയാണ് അന്ത്യനാളിൽ സഹായ ഹസ്തവും സാന്ത്വന വാർത്തയുമായി എത്തുന്നത്. ഒരു കുറവും നബി ﷺ യിലില്ല. കുടുംബ പൈതൃകവും ആദർശവും കുലവും മാതാവും പിതാവും ഗോത്രവും വംശവും പിറന്ന മണ്ണും ഇടവും എല്ലാമെല്ലാം അത്യുത്തമായത് സ്വയം തിരഞ്ഞെടുത്ത പോലെ.
ആഹ്ലാദത്തിന്റെ ഉറവിടമായി തിരുനബി പിറന്നു വീണ മാസത്തിനും ദിവസത്തിനും സമയത്തിന് പോലും തിളക്കമുണ്ട്. ഇബ്നു അബ്ബാസ്(റ) പറഞ്ഞല്ലോ. തിരുനബി ﷺ ജനിച്ചത് ഒരു തിങ്കളാഴ്ചയാണ്. പ്രവാചകത്വം ലഭിച്ചതും ഒരു തിങ്കളാഴ്ച തന്നെ. തിരുപ്പിറവിയുടെ മാസം റബീഅ് (വസന്തം) ആണ്. വസന്തത്തിന്റെ പ്രതിഭാസം നവീകരണവും പുന രുജ്ജീവനവുമാണല്ലോ? മനുഷ്യന്റെ ഇഹ-പര മോക്ഷത്തിന്റെ ദർശനവുമായി വന്ന തിരുനബി നടത്തുന്നതും അത് തന്നെ. സത്യമാർഗത്തിലേക്ക് മനുഷ്യനെ വഴിനടത്തുന്ന തിരുദൂതരെ നമുക്ക് നൽകിയ പ്രപഞ്ച സ്രഷ്ടാവ് തിരുപ്പിറവിക്കായി റബീഇനെ തിരഞ്ഞെടുത്തതിന്റെ പല കാരണങ്ങളിൽ ഒന്നാണിത്.
തിരുവചനത്തിൽ കാണാം “ആദ്യമായി അല്ലാഹു പടച്ചത് എന്റെ പ്രകാശമാണ്. വർഷങ്ങളോളം തിരുപ്രഭ അല്ലാഹുവിന് സുജൂദിലായി കഴിഞ്ഞിട്ടുണ്ട്. അല്ലാഹു പറഞ്ഞു: എന്റെ സ്നേഹ ഭാജനമേ! അങ്ങയുടെ പ്രണയത്തിന്മേൽ ഏഴ് സാഗരങ്ങളെ ഞാൻ സംവിധാനിച്ചിട്ടുണ്ട്. ജ്ഞാനം, സഹനം, ഭക്തി, ബുദ്ധി, കാരുണ്യം, വിനയം, ബഹുമാനം എന്നിവയാണവ. ഈ സാഗരങ്ങളിൽ വർഷങ്ങളോളം എന്റെ പ്രകാശം ഉണ്ടായിട്ടുണ്ട്. കടഞ്ഞെടുത്ത ആ പ്രകാശത്തിൽ നിന്നാണ് മുർസലുകൾ സൃഷ്ടിക്കപ്പെട്ടത്. മണ്ണും കാറ്റും വെള്ളവും തീയും സൃഷ്ടിക്കപ്പെട്ടത്. ഈ നാലിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ എന്നോട് കൽപ്പിക്കപ്പെട്ടു. അഹങ്കാരം, അസൂയ, ദേഷ്യം അടക്കമുള്ള ദുഃസ്വഭാവങ്ങൾ മുഴുവൻ
കണ്ടത് വെള്ളത്തിലും തീയിലും കാറ്റിലുമാണ്. അടക്കവും ഒതുക്കവുമുള്ളതായി കണ്ടത് മണ്ണിനെയാണ്. എന്റെ പ്രകാശം മണ്ണിനെ തിരഞ്ഞെടുത്തു.
ഉദാത്ത മാതൃകകളും സ്വഭാവവും ഉള്ളത് മണ്ണിലാണ്. അങ്ങനെയാണ് മനുഷ്യ സൃഷ്ടിപ്പ് മണ്ണിൽ നിന്നായത്.
റജബ് മാസത്തിലെ ഒരു വെള്ളിയാഴ്ചയാണ് തിരുജന്മത്തിന് ഉമ്മയുടെ ഗർഭാശയത്തിൽ ഒരുക്കങ്ങൾ തുടങ്ങുന്നത്. സ്വർഗത്തിന്റെ കാവൽക്കാരൻ രിള്വാൻ ﵇ സ്വർഗ കവാടങ്ങൾ തുറന്ന് വെച്ചു. പ്രപഞ്ചത്തിന്റെ വഴികാട്ടിയെ കുറിച്ച് ആകാശ ഭൂമികളിൽ വിളംബരം നടക്കുന്നു. തിരുപിറവിയുടെ മാസ ങ്ങൾക്ക് മുമ്പ് തന്നെ കാത്തിരിപ്പിലാണ് ഓരോ ആകാശ കേന്ദ്രങ്ങളിലുമുള്ളവരും.
കഅ്ബ്(റ) പറഞ്ഞു: മുൻവേദഗ്രന്ഥങ്ങളിൽ മുഹമ്മദ് നബി ﷺ യെ കുറിച്ചുള്ള പരാമർശമുണ്ട്. മുഹമ്മദ് എന്നാണ് പേര്, ഹിജ്റ പോകുന്ന സ്ഥലം യസ്രിബ് (മദീനയുടെ ആദ്യ പേര്). മക്കയിൽ നിന്ന് ആരംഭിച്ച് പേർഷ്യയിലേക്ക് വ്യാപിക്കുന്ന ദർശനം തുടങ്ങിയ വിവരങ്ങളെല്ലാം ആ ഗ്രന്ഥങ്ങൾ പറഞ്ഞിട്ടുണ്ട്.
അസാധാരണമായിരുന്നു തിരുപ്പിറവി. സാധാരണ സ്ത്രീകൾക്കുണ്ടാകുന്ന പ്രസവ നാമ്പരങ്ങളൊന്നും ഉമ്മാക്ക് അനുഭവിക്കേണ്ടി വന്നില്ല. സന്തോഷവാനായി പുഞ്ചിരി തൂകി കുഞ്ഞ് പിറന്നു. ആകാശത്തേക്ക് ഒളിഞ്ഞ് കയറിച്ചെന്ന് മലക്കുകളെ കേൾക്കുകയും മാരണക്കാർക്ക് സേവ നടത്തുകയും ചെയ്തിരുന്ന പിശാചുക്കൾക്ക് പിറവി ദിനം മുതൽ ആകാശ പ്രവേശനം നിരോധിക്കപ്പെട്ടു. അമാനുഷികമായിരുന്നു പുണ്യനബിയുടെ പ്രകൃതം. അവി ടുത്തെ നിഴലില്ലായിരുന്നു. പൂർണ പ്രകാശമായിരുന്നു അവിടുന്ന്. മല-മൂത്ര വിസർജ്ജ നത്തിന്റെ അവശിഷ്ടം പോലും കാണാനാകില്ല. ജനങ്ങളുടെ കൂട്ടത്തിൽ അലയുയർന്നു നിൽക്കുന്നവർ തിരുനബിയായിരിക്കും. ഈച്ച തിരുശരീരത്തെ സ്പർശിക്കില്ല. ഉറങ്ങിയാലും വുളു മുറിയില്ല (കാരണം ഉള്ളം ഉറങ്ങുന്നില്ല). തിരുശിരസ്സിന് കുളിർമ നൽകി മേഘം തണലിട്ടിരുന്നു. തിരുനേത്രം കൊണ്ട് മുൻഭാഗത്തേക്കെന്ന പോലെ പിൻഭാഗത്തേക്കും കണ്ടിരുന്നു. വഹ്‌യുയുമായി ആകാശത്ത് നിന്നിറങ്ങി വരുന്ന ജിബ്‌രീലി ﵇ ന്റെ മണം ദൂരെ നിന്നേ അനുഭവിക്കാൻ കഴിഞ്ഞിരുന്നു. ഇത്തരം അത്ഭുങ്ങൾ തിരുപ്രകൃതത്തിന്റെ പ്രത്യേകതയായിരുന്നു.
തിരുനബി ﷺ യുടെ കണ്ണ്, ചെവി, നാവ് എന്നീ അവയവങ്ങൾ മാത്രം പ്രകടിപ്പിച്ച അത്ഭുത സിദ്ധികൾ ചരിത്രത്തിന് എമ്പാടും പറയാനുണ്ട്. തിരു കൈകൾ കൊണ്ട് മണ്ണെടുത്ത് “ശാഹത്തിൽ വുജൂഹ്” എന്നു പറഞ്ഞ് എറിഞ്ഞതും ശത്രുക്കൾ കൂട്ടം തെറ്റി തിരിഞ്ഞോടിയതും പ്രസിദ്ധ സംഭവമാണ്.ഹിറാ പർവതത്തിൽ തിരുനബി ﷺ നിൽക്കുമ്പോൾ ഹിറാ ഒന്നിളകി. നബി ﷺ പറഞ്ഞു: “അടങ്ങുക!’ ഉടൻ ഹിറ സമാധാനമായി അടങ്ങി. പൂർണ ചന്ദ്ര നോട് രണ്ട് പിളർപ്പാകുക എന്ന് തിരുനബി ﷺ വിരൽ ചൂണ്ടി കൽപ്പിക്കുന്നു. ഉടൻ ചന്ദ്രൻ പിളരുന്നു. ഒരു ഭാഗം ഹിറയുടെ വലത് ഭാഗത്തേക്കും മറ്റൊരു പാളി ഇടതുഭാഗത്തേക്കും നീങ്ങുന്നു. മധ്യത്തിൽ ഹിറാ പർവതവും. പ്രസിദ്ധമായ ഈ സംഭവം നിരവധി ചരിത്രകാരന്മാർ ഉദ്ധരിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ഈ സംഭവം നേരിൽ കണ്ട വ്യക്തിയാണ്. അദ്ദേഹത്തിൽ നിന്ന് ഇമാം ബുഖാരി (റ)യും മുസ്‌ലിമും(റ) ഇതുദ്ധരിക്കുന്നുണ്ട്.
തിരുകേശത്തിൽ നിന്ന് എപ്പോഴും സുഗന്ധമാണ് അടിച്ചു വീശിയിരുന്നത്. അവിടുത്തെ വിയർപ്പിന് പനിനീർ തുള്ളികളുടെ ഗന്ധമായിരുന്നു. ഉമ്മു സുലൈം(റ) വിയർപ്പ് കണങ്ങൾ പൂമേനിയിൽ നിന്ന് എടുത്ത് സൂക്ഷിച്ചിരുന്നത് ഇമാം മുസ്‌ലിം(റ) അടക്കമുള്ളവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അല്ലാഹുവിന്റെ സൃഷ്ടികളിൽ സ്നേഹം നൽകുകയും മനം നിറയെ സ്നേഹിക്കപ്പെടുകയും അനുസരിക്കപ്പെടുകയും ചെയ്ത ഒരു വ്യക്തിയെയോ സൃഷ്ടിയെയോ തിരുനബിയെ പോലെ വേറെ കാണാനാവില്ല. ബോധവും ബുദ്ധിയും നൽകി അല്ലാഹു ആദരവ് നൽകിയ മനുഷ്യൻ മാത്രമല്ല, അതിനുമപ്പുറം മറ്റ് ജീവജാലങ്ങളും അചേതന സൃഷ്ടികളും തിരുനബി ﷺ യോട് കാണിച്ച സ്നേഹവികാരങ്ങൾ ചരിത്രത്തിലെ വിസ്മയങ്ങളാണ്. ഉഹ്ദ് മലയുടെ സ്നേഹം, ഈത്തപ്പനയുടെ തേങ്ങൽ, ആടിന്റെ സുജൂദ്, ഭക്ഷണത്തിന്റെയും കല്ലിന്റെയും തസ്ബീഹ്, മരത്തിന്റെ സാക്ഷിത്വം, ഒട്ടകത്തിന്റെ കീഴൊതുങ്ങൽ, മാൻപേടയുടെ ശഹാദത്ത്, ഉടുമ്പിന്റെ അംഗീകാരം, മിമ്പറിന്റെ വിറക്കൽ തുടങ്ങിയ സംഭവങ്ങൾ ചരിത്ര ഗ്രന്ഥങ്ങൾ പരാമർശിച്ചതിൽ ചിലതു മാത്രമാണ്.
റസൂൽ ﷺ യുടെ പ്രസിദ്ധമായ മുഅ്ജിസത്താണ് മിഅ്റാജ്, പ്രവാചകൻ പ്രബോധനം നടത്തുന്ന അദൃശ്യ യാഥാർത്ഥ്യങ്ങളെ നേരിൽ കാണിച്ച് കൊടുക്കാനാണ് നാഥൻ മിഅ്റാജ് സംവിധാനിച്ചത്. താൻ പ്രചരിപ്പിക്കുന്ന ദർശനം, ക്ഷണിക്കുന്ന നേർവഴി, മോഹിപ്പിക്കുന്ന വാഗ്ദത്ത സ്വർഗം, മുന്നറിയിപ്പു നൽകിയ നരകം, ഉന്നത സൗഭാഗ്യമായ ഇലാഹീദർശനം പോലുള്ളവ ലോകത്തിന് മുന്നിൽ മുഴു ശക്തിയും ഉപയോഗിച്ച് തിരുനബിക്ക് ബോധ്യപ്പെടുത്തേണ്ടതുണ്ട്. ആകാശഭൂമികളുടെ ഭരണ സംവിധാനം, ആകാശത്തിലെ താമസക്കാർ, വിവിധ ആകാശങ്ങളുടെ പ്രകൃതി, സ്വർഗ നരകങ്ങൾ, മരണാനന്തരം മനുഷ്യൻ അഭിമുഖീകരിക്കുന്ന ഘട്ടങ്ങൾ, അർശ് കുർസ് അടക്കമുള്ള വൻ സൃഷ്ടികൾ തുടങ്ങിയ നിരവധി ദൃഷ്ടാന്തങ്ങളാണ് അവിടുന്ന് സ്വനേത്രങ്ങൾ കൊണ്ടു ദർശിച്ചത്. അന്ത്യനാൾ വരെ നിലയ്ക്കാത്ത അമാനുഷികതയായി വിശുദ്ധ ഖുർആൻ ഇന്നും നിലനിൽക്കുന്നു. അക്ഷരജ്ഞാനം വ്യവസ്ഥാപിതമായി അഭ്യസിക്കാത്ത തിരുമേനിക്ക് അല്ലാഹു നൽകിയ അമാനുഷിക വേദഗ്രന്ഥമാണ് ഖുർആൻ. ഇതര പ്രവാചകന്മാരുടെ അമാനുഷികതയും പ്രവാചകത്വവും പരിമിത കാലത്തേക്കും സമൂഹത്തിലേക്കുമായിരുന്നു. അതുകൊണ്ട് തന്നെ അവർക്കാവശ്യമായത് അവർക്ക് നൽകി. കാലം മുന്നോട്ട് നീങ്ങുകയും മനുഷ്യൻ കൂടുതൽ പരിഷ്കൃതനാവുകയും ചെയ്യുമ്പോഴും എല്ലാ കാലത്തെയും അതിജയിക്കാനും കീഴടക്കാനും പ്രാപ്തമാണ് മുത്ത് നബിയുടെ അതുല്യ മുഅ്ജിസത്തായ വേദഗ്രന്ഥം. ഇത്തരം വിഷയങ്ങളാണ് ജഅല മുഹമ്മദ് മൗലിദിലെ പ്രതിപാദനം.