Site-Logo
POST

മൗലിദ് ഗ്രന്ഥങ്ങൾ; സർവാംഗീകൃത സാഹിത്യശാഖ

21 Aug 2023

feature image

ഇസ്‌ലാമിക സമൂഹത്തിൽ സർവാംഗീകൃതമായി നിലനിന്നിരുന്ന ഒരു സാഹിത്യശാഖയാണ് മൗലിദ് സാഹിത്യം. നബി യുടെ ചരിത്ര വിവരണശാഖകളിൽ ഒന്നായി അത് ഗണിക്കപ്പെടുന്നു. സമൂഹത്തിന്റെ വ്യത്യസ്ത തുറകളിൽ ശ്രദ്ധേയരായവർ ഈ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഹാഫിളുകൾ, മുഹദ്ദിസുകൾ, മുഫസ്സിറുകൾ, ഫുഖഹാക്കൾ, ഔലിയാക്കൾ, ഭാഷാപണ്ഡിതർ തുടങ്ങിയ വിഭാഗങ്ങളിൽപെട്ടവർ മൗലിദ് രചയിതാക്കളിലുമുണ്ട്.

മൗലിദിനും അനുബന്ധ പുണ്യങ്ങൾക്കും അവസരം ലഭിക്കാതെപോയ ഭാഗ്യദോഷികൾ മൗലിദിനെ കേരളീയ പണ്ഡിതന്മാരുടെ നിർമിതിയായി തെറ്റിദ്ധരിപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ, ശാസ്ത്ര-സാങ്കേതിക സൗകര്യങ്ങളും വാർത്താവിനിമയ-സഞ്ചാര സൗകര്യങ്ങളും മൗലിദിന്റെ വിശാലമായ ലോകത്തെ ജനങ്ങൾക്കുമുമ്പിൽ തുറന്നുകാണിച്ചു. മീലാദാഘോഷവും മൗലിദ് പാരായണ ചടങ്ങുകളും ആഗോള മുസ്‌ലിം ചര്യയും പാരമ്പര്യവുമാണെന്ന് മനസ്സിലാക്കാൻ ഇന്നെല്ലാവരും നിർബന്ധിതരായിരിക്കുന്നു. വിദേശ മുസ്‌ലിം പ്രതിഭകളുമായും പണ്ഡിതരുമായും ഉറ്റബന്ധം സ്ഥാപിക്കുന്നതിനു മുമ്പ് ബിദഇകൾ പറഞ്ഞുപരത്തിയിരുന്നത് മൗലിദും നബിപ്രകീർത്തനവും കേരളത്തിൽ മാത്രമുള്ള ഖുറാഫീ അനാചാരങ്ങളാണെന്നാണ്. പക്ഷേ, ഇന്ന് മൗലിദിനെ തമസ്കരിക്കാനും പ്രാദേശിക മുദ്രയടിക്കാനും ആർക്കും സാധിക്കില്ല.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തപ്പെടുന്ന അതിവിപുലമായ മൗലിദ് സദസ്സുകളും പരിപാടികളും ഏറെയാണ്. സൗദിയടക്കമുള്ള രാജ്യങ്ങൾ പോലും ഇതിൽ നിന്നൊഴിവല്ല. മലബാരി ലിപിയിൽ അച്ചടിച്ചുവന്നിരുന്ന മൗലിദ് കിതാബുകളും സബീനകളും മാത്രമേ ഈ സാഹിത്യ ശാഖയിലുള്ളൂ എന്ന തെറ്റിദ്ധരിപ്പിലിന്നും ഇനി അവസരമില്ല. തിരുനബി യുടെ മദ്ഹും സ്വലാത്തും ചരിത്രവും കൂടിചേർന്നതാണല്ലോ മൗലിദുകൾ. അതിനാൽതന്നെ അതു രചിക്കുന്നതും പാടുന്നതും പറയുന്നതും അതിനു അവസരമൊരുക്കുന്നതുമെല്ലാം വലിയ പുണ്യമാണെന്നതിൽ മുസ്‌ലിം ലോകത്തിനു സംശയമില്ല. ഈ യാഥാർത്ഥ്യം അംഗീകരിക്കാതിരിക്കാൻ സത്യവിശ്വാസികൾക്കാകില്ല. അതുകൊണ്ടാണ് ഈ സദ്കർമത്തിൽ മുസ്‌ലിംകൾ ആവേശം കാണുന്നത്.

പൂർവിക മഹത്തുക്കളിൽ പലരുടെയും മൗലിദ് രചനകൾ കാണാം. പാരായണ പുണ്യത്തോടൊപ്പം രചനാപുണ്യം കൂടി നേടണമെന്ന വിചാരമാണ്‌ അവർക്കുണ്ടായിരുന്നത്. അച്ചടിയിലുള്ളതും കയ്യെഴുത്ത് പ്രതികളായി സൂക്ഷിക്കപ്പെട്ടവയുമായി ഇത്തരം ധാരാളം രചനകളുണ്ട്. സുന്നി സാഹിത്യങ്ങളും മദ്ഹബ്-തസ്വവുഫ് ഗ്രന്ഥങ്ങളും നശിപ്പിക്കുന്നതിൽ ഉത്സാഹം കാണിച്ച നാടുകളിലടക്കം ധാരാളം മൗലിദുകളുടെ കയ്യെഴുത്ത് പ്രതികൾ നിലനിൽക്കുന്നുണ്ട്. ഇത് തെളിയിക്കുന്നത് അതിന്റെ വ്യാപകമായ രചനകളെയും പ്രചാരത്തെയുമാണ്.

മൗലിദ് സാഹിത്യത്തിന് പ്രത്യേകമായ പരിധികളൊന്നുമില്ല. ജനനവും ജനനസമയത്തെ സംഭവങ്ങളും മാതാപിതാക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് പ്രധാനമായും മൗലിദിൽ പരാമർശിക്കാറുള്ളത്. എന്നാൽ നബി യുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം മൗലിദിന്റെ പരിധിയിൽ ഉൾപെടുത്തുന്ന രീതി പിൽക്കാലത്തു വ്യാപകമായി. പ്രവാചകർ യോടുള്ള സ്നേഹാതിരേകത്തിൽ നിന്നും നിർഗമിക്കുന്ന ആശയങ്ങളായിരിക്കും മൗലിദ്. അത്കൊണ്ടാണ് മൗലിദ് എന്ന പേരിൽ തിരുനബി യെ പരാമർശിക്കുന്ന നബിചരിത്ര സാഹിത്യ ശാഖ കൂടുതൽ സമ്പുഷ്ടമായത്. തന്റെ പ്രേമഭാജനത്തെ കുറിച്ച് കൂടുതൽ പറയുക എന്നതാണതിന്റെ അടിസ്ഥാനവും പ്രചോദനവും.

നബിചരിത്ര വിഭാഗങ്ങളിൽ മൗലിദ് സാഹിത്യത്തിന് ഏറെ പ്രത്യേകതയുണ്ട്. നബിചരിത്രം പറയുകയെന്ന കേവലാർത്ഥത്തിൽ നിന്നും ലക്ഷ്യത്തിൽ നിന്നും അത് ഉന്നതമായിത്തീരുന്നു. ഈ മേഖലയിൽ കൈവെച്ചവരെല്ലാം അതൊരു മഹത്തായ സുകൃതമായി പരിഗണിച്ചിട്ടുണ്ടെന്ന് മനസിലാക്കാൻ അവയുടെ രചനാരീതി തന്നെ സഹായകമാണ്. ഇസ്‌ലാമിക സാഹിത്യവും സാഹിത്യകാരന്മാരും ഗ്രന്ഥകർത്താക്കളും ചർച്ച ചെയ്യപ്പെടുന്ന ധാരാളം അറബിസാഹിത്യ ചരിത്രഗ്രന്ഥങ്ങളുണ്ട്. അവയിൽ നിന്നെല്ലാം മൗലിദ് സാഹിത്യത്തിൽ രചന നടത്തിയവരെ സംബന്ധിച്ച് മനസിലാക്കാനാകും

സ്വഹാബി പ്രമുഖനായ ഇബ്നു അബ്ബാസ്(റ)ന്റെ മൗലിദിന്റെ ഒരു കയ്യെഴുത്ത് പ്രതി കൈറോയിലെ മക്തബ(നമ്പർ 2014) സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഖിസാനതുത്തുറാസ് 1194-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്റ 207-ൽ വഫാതായ വാഖിദി(റ)യുടെ മൗലിദ് ഗ്രന്ഥത്തിന്റെ കോപ്പികൾ സൗദിയിലെ കിംഗ് ഫൈസൽ സെന്റർ ഫോർ റിസർച്ച് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസിലും (നമ്പർ 2130) ഡമസ്കസിലെ മക്തബത്തുള്ളാഹിരിയ്യയിലും (നമ്പർ 74,35) സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഹിജ്റ 250-ൽ വഫാത്തായ അഹ്മദ് ബ്നു അബ്ദില്ലാ
ഹിബ്നു മുഹമ്മദ് അൽ ബകരി എന്നവർ രചിച്ച അൽ അൻവാർ വ മിഫ്താഹുസ്സുദൂർ വൽ അഫ്കാരി ഫീ മൗലിദിന്നബിയ്യിൽ മുഖ്താർ എന്ന മൗലിദ് ഗ്രന്ഥത്തിന്റെ കയ്യെഴുത്തുപ്രതി ജിദ്ദയിലെ സെൻട്രൽ ലൈബ്രറിയിൽ (നമ്പർ 196) സൂക്ഷിക്കപ്പെടുന്നുവെന്നും ഖിസാനതുത്തുറാസിൽ കാണാം. ഹിജ്റ 287-ൽ വഫാതായ ഇബ്നു ആസ്വിമി ശൈബാനി(റ) രചിച്ച ഒരു മൗലിദ് കിതാബിനെ കുറിച്ച് താജുദീനുസ്സുബ്ക്കി ത്വബഖാത്തു ഷാഫിഇയ്യത്തിൽ കുബ്റ(6/213)യിൽ പരാമർശിക്കുന്നുണ്ട്. ഇമാം ഗസ്സാലി(റ)യുടെ ചരിത്രം പറയുന്നതിനിടെ ഇമാമവർകൾ പ്രസ്തുത മൗലിദ് കേട്ടതായി വിവരിക്കുന്ന ഭാഗത്താണിത്.

മൗലിദ് സാഹിത്യത്തിന്റെ ഒരു പ്രത്യേകത അത് ജ്ഞാന പ്രധാനം മാത്രമല്ല എന്നതാണ്. അതിന്റെ രചനയും പാരായണവും അതുമായി ബന്ധപ്പെട്ട എല്ലാം പുണ്യങ്ങളായതിനാൽ ഒരോ കാലത്തും ഓരോ പ്രദേശത്തും വ്യത്യസ്ത മൗലിദുകളുണ്ടായി. രചയിതാക്കൾ അവരുടെ രചനാനൈപുണ്യത്തെ നബിസ്നേഹത്തിൽ ചെലവഴിച്ച് പുണ്യം നേടുകയായിരുന്നു. പഴയ കാലത്തെ പല മൗലിദ് ഗ്രന്ഥങ്ങളും ഇപ്പോൾ മനോഹരമായ കെട്ടിലും മട്ടിലും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. മൗലിദുകൾ പാരായണം ചെയ്യുന്നപോലെ തന്നെ അവ കേൾക്കുമ്പോഴും ആത്മീയമായ ഉണർവും പ്രചോദനവും വർധിക്കും. അതു പക്ഷേ ഭാഷാപരിജ്ഞാനമില്ലാത്തവരിൽ താരതമ്യേന കുറവായിരിക്കും. അത് പരിഹരിക്കാനാണ് പദ്യഗദ്യ മിശ്രണ രീതി നമ്മുടെ നാടുകളിൽ സ്വീകരിക്കപ്പെട്ടത്. ബർസൻസി മൗലിദ് മർഹൂം വൈലത്തൂർ ബാവ മുസ്‌ലിയാർ ഈ രൂപത്തിലേക്ക് മാറ്റി സംക്ഷേപിച്ചിട്ടുണ്ട്. വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ബദർ മൗലിദിൽ ചെയ്തതും ഇതുതന്നെ. നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ള ബദ്ർ കീർത്തന ഗദ്യത്തിലേക്ക് ഇടക്കിടെ പദ്യങ്ങൾ ചേർത്താണ് അദ്ദേഹം ബദ്ർ മൗലിദ് ഇന്നു കാണുന്ന രൂപത്തിൽ തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ ആഗോളതലത്തിൽ പ്രചാരത്തിലുള്ള മൗലിദുകളിൽ എന്തേ ബൈതുകൾ കൂടുതൽ കാണാത്തത് എന്നാലോചിക്കേണ്ടതില്ല. പദ്യത്തിൽ മാത്രം നബി
കീർത്തനങ്ങൾ രചിച്ചവർ ഏറെയുണ്ട്താനും. മൗലിദ് എന്ന പേരിൽ തന്നെ രചനകൾ നിർവഹിച്ച് ജ്ഞാന കൈമാറ്റവും ആത്മീയ പ്രദാനവും നടത്തിയവരിൽ ചിലരെയും ഗ്രന്ഥങ്ങളെയും ഹ്രസ്വമായി പരിചയപ്പെടാം.

ഗസ്സാലി, ജീലാനി, രിഫാഇ(റ)

മുസ്‌ലിം ലോകത്ത് ആത്മീയ മേഖലയിൽ പ്രത്യേകമായി ഓർക്കപ്പെടുന്ന പണ്ഡിത ശ്രേഷ്ഠരാണിവർ. ഇമാം ഗസ്സാലി- (മരണം ഹി. 505) വിവിധ വിജ്ഞാന ശാഖകളിൽ അനേകം ഗ്രന്ഥങ്ങൾ രചിച്ച മഹാനാണ്. ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഒരു മൗലിദ് കിതാബുമുണ്ട്. മൻഖൂസ് മൗലിദിൽ ഇമാം ഗസ്സാലി(റ)യുടെ മൗലിദിൽ നിന്നും ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് (അൽ ബുൻയാനുൽ മർസൂസ്). ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (മരണം ഹി. 561), ശൈഖ് അഹ്മദുൽ കബീർ അർറിഫാഈ(മരണം ഹി. 578) എന്നിവർ ആത്മീയലോകത്തെ അണയാത്ത താരകങ്ങളാണ്. അവർ നൽകിയ ആത്മീയ വെളിച്ചം മുസ്‌ലിം ലോകം ഒരു കൈത്തിരിയായി പകർന്നും നുകർന്നും നിലനിർത്തിക്കൊണ്ടിരിക്കുന്നു. രണ്ടുപേർക്കും മൗലിദ് ഗ്രന്ഥങ്ങളുണ്ട്. മൗലിദുൽ ജീലാനി, മൗലിദുർരിഫാഈ എന്ന പേരുകളിലാണവ അറിയപ്പെടുന്നത്. മൗലിദുൽ ജീലാനി(റ)യുടെ കയ്യെഴുത്തുപ്രതി ഡമസ്കസിലെ മക്തബതുള്ളാഹിരിയ്യയിലും സഊദിയിലെ കിംഗ് സൗദ് യൂണിവേഴ്സിറ്റിയിലുമുണ്ട്. മൗലിദു രിഫാഇയുടെ കയ്യെഴുത്ത് പ്രതി ജപ്പാനിലെ ടോകിയോ യൂണിവേഴ്സിറ്റിയിലെ മഅഹദുസ്സഖാഫതി വദിറാസതി ശർഖിയ്യയിലുണ്ട്.

ഇബ്നുൽ ജൗസി , ഇബ്നുകസീർ

ഖുർആൻ വ്യാഖ്യാതാക്കളും ധാരാളം ഗ്രന്ഥങ്ങൾ ലോകത്തിന് സമ്മാനിക്കുകയും ചെയ്തവരാണിവർ. ഇബ്നുൽ ജൗസി(മരണം ഹി. 597)യുടെ ഗ്രന്ഥങ്ങൾ വ്യത്യസ്ത വിഭാഗങ്ങളിലായി മുന്നൂറിലധികമുണ്ട്. അതിലൊന്നാണ് മൗലിദുൽ അറൂസ് എന്നറിയപ്പെടുന്ന മൗലിദ് ഗ്രന്ഥം. അതിന്റെ കയ്യെഴുത്തുപ്രതി കിംഗ് സൗദ് യൂണിവേഴ്സിറ്റിയിലുണ്ട്. ഈ മൗലിദ് ഇപ്പോഴും മാർക്കറ്റിൽ ലഭ്യമാണ്. അൽ വഫാ ഫീ ഫളാഇലിൽ മുസ്തഫാ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥവും ഒരു കേവല ചരിത്രവിവരണമല്ല. അതിൽ നബി തങ്ങളെക്കൊണ്ട് ഇസ്തിഗാസ ചെയ്ത് ആവശ്യം നേടിയ സംഭവങ്ങളും വിവരിക്കുന്നുണ്ട്. മൗലിദുകളിൽ പരാമർശിക്കപ്പെടുന്ന അടിസ്ഥാന വിവരങ്ങളും അതിൽ മനോഹരമായി അടുക്കിവെച്ചിട്ടുണ്ട്. പ്രശസ്ത പണ്ഡിതനും ഹദീസ് തഫ്സീർ ഗ്രന്ഥങ്ങളുടെ കർത്താവുമായ മുഹമ്മദ് നവവി അൽജാവി(റ) ബിഗ്യതുൽ മറാം ഫീ മൗലിദി സയ്യിദിൽ അനാം എന്ന പേരിൽ ഒരു വ്യാഖ്യാനം ഇതിന് എഴുതിയിട്ടുണ്ട്.

ഇബ്നുകസീർ ഖുർആൻ വ്യാഖ്യാതാവും ചരിത്രകാരനുമായ പണ്ഡിതനാണ്. ബിദഇകൾക്കു സ്വീകാര്യനും. ഒരു മൗലിദ് ഗ്രന്ഥമടക്കം വ്യത്യസ്ത വിഭാഗങ്ങളിൽ ധാരാളം ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. ഡോ. സ്വലാഹുദ്ദീൻ സംശോധന നടത്തി ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൗലിദ് ഗ്രന്ഥങ്ങളെ തന്റെ തഫ്സീറിലും ചരിത്രത്തിലും അദ്ദേഹം അവലംബിച്ചതും കാണാം. ഇസ്റാഅ- മിഅറാജ് സംഭവ വിവരണത്തിൽ ഇബ്നു ദിഹ്യതിൽ കൽബിയുടെ പ്രസിദ്ധ മൗലിദ് അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. ഇബ്നു തൈമിയ്യയുടെ ശിഷ്യനായി സ്വാധീനിക്കപ്പെട്ടിട്ടും ഒരു മൗലിദ് ഗ്രന്ഥം അദ്ദേഹം രചിച്ചുവെന്നത് ശ്രദ്ധേയമാണ്.

ഇമാം ഖുർതുബി , അൽ ഖത്തീബുശിർബീനി , അൽ ബുൽക്വീനി

പ്രസിദ്ധ ഖുർആൻ വ്യാഖ്യാതാക്കളും ഫുഖഹാക്കളും പ്രശസ്ത പണ്ഡിതരുമായ ഇവർ മൂന്നുപേരും മൗലിദ് ഗ്രന്ഥങ്ങൾ രചിച്ചവരാണ്. ഇമാം ഖുർതുബി(റ)യുടെ പ്രസിദ്ധ തഫ്സീർ
ഗ്രന്ഥമാണ് തഫ്സീർ ഖുർതുബി എന്നറിയപ്പെടുന്ന അൽജാമിഉ ലിഅഹ്കാമിൽ ഖുർആൻ. അദ്ദേഹത്തിന്റെ മൗലിദിൽ നിന്നു ഇബ്നു ഹജറിൽ അസ്‌ഖലാനി അൽ ഇസ്വാബയിൽ ഉദ്ധരിച്ചിട്ടുണ്ട്. ശാഫിഈ മദ്ഹബിലെ പ്രശസ്ത കർമശാസ്ത്ര ഗ്രന്ഥമായ മുഗ്നിയുടെ കർത്താവായ അൽ ഖത്വീബുശിർബീനി എന്നറിയപ്പെടുന്ന മുഹമ്മദ് ബ്നു അഹ്മദ് ബ്നു ശിർബീനി(മരണം ഹി. 977), സിറാജുൽ മുനീർ എന്ന പ്രസിദ്ധ തഫ്സീർ ഗ്രന്ഥത്തിന്റെയും കർത്താവാണ്. അൽമൗലിദുർറവീ ഫിൽമൗലിദിന്നബവി എന്ന പേരിൽ അദ്ദേഹം രചിച്ച മൗലിദ് ഗ്രന്ഥത്തിന്റെ കയ്യെടുത്ത് പ്രതി ഈജിപ്തിലെ മക്തബത്തുൽ അസ്‌ഹരിയ്യയിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. സുപ്രസിദ്ധ കർമശാസ്ത്ര പണ്ഡിതൻ ഇമാം ബുൽഖീനി(റ)യുടെ ഒരു മൗലിദ് ഗ്രന്ധത്തിന്റെ കയ്യെഴുത്തു പ്രതി യമനിലെ സ്വൻആയിലെ ലൈബ്രറിയിലുണ്ട് (ഖിസാന തുത്തുറാസ് 1/175).

ഹാഫിളുകളുടെ മൗലിദ്

ഹാഫിള്’ എന്ന പദത്തിന് ഭാഷാപരമായി മനഃപാഠമുള്ളവൻ എന്നാണർത്ഥം. ഹദീസ് വിജ്ഞാനീയത്തിൽ ഹാഫിള് എന്നാൽ ഒരു ലക്ഷത്തിൽ കുറയാത്ത ഹദീസുകൾ മനഃപാഠമുള്ളവരും അതുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങളുള്ളവരുമാണ്. (തഹ്ദീബുതാരീഖിബ്നി അസാക്കിർ: 2/20). ഹാഫിള് പദവി വരിച്ചരും നിരവധി ഗ്രന്ഥങ്ങളുടെ കർത്താക്കളുമായ പ്രമുഖർ മൗലിദ് ഗ്രന്ധങ്ങൾ രചിച്ചിട്ടുണ്ട്.

ഇബ്നുൽ ജിസരി , നാസിറുദ്ദിമിശ്ഖി

ഹിജ്റ 751-ൽ ജനിച്ച് 833-ൽ വഫാതായ ഇബ്നുൽ ജസരി(റ) ഖുർആൻ പാരായണ ശാസ്ത്രത്തിൽ അവലംബമായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമാണ് (നോക്കുക. ശദറാത്ത്: 2/204, 205). “ഉർഫുത്തീഫി ബിൽ മൗലിദിശ്ശരീഫി’ എന്ന മൗലിദ്
ഗ്രന്ഥം അദ്ദേഹത്തിന്റെ രചനകളിലൊന്നാണ്. അതിൽ അബൂലഹബിന്റെ സംഭവം വിവരിച്ച്, അവന് ലഭിക്കുന്ന അൽപാശ്വാസം നബി(സ)തങ്ങളുടെ പിറവിയിൽ സന്തോഷിച്ചതിനാലാണെന്നും നബിദിനത്തിൽ സന്തോഷിക്കുന്നത് ഉപകാരപ്രദമാണെന്നതിലേക്കുള്ള സൂചനയാണാ സംഭവമെന്നും വ്യക്തമാക്കിയിട്ടുണ്ട്. (നോക്കുക. അൽഹാവീ: 1/196, 197)

ഹദീസ് പണ്ഡിതനായ അൽ ഹാഫിള് നാസിറുദ്ധീൻ ദിമിശ്ഖി(റ)-(മരണം ഹി. 842) തന്റെ അൽ മൗറിദുസ്സ്വാദിഫീ മൗലിദിൽ ഹാദി എന്ന മൗലിദ് ഗ്രന്ധത്തിലും സംഭവം ഉദ്ധരിച്ച് ചർച്ച ചെയ്തിട്ടുണ്ട് (നോക്കുക. അൽഹാവീ 1/197). ജാമിഉൽ ആസാർ ഫീ മൗലിദിൽ മുഖ്‌താർ, അല്ലാഫ്ള് റാഇഖ് ഫീ മൗലിദി ഖൈറിൽ ഖലാഇഖ്, അൽ മൗരിദു സ്സാദീ ഫീ മൗലിദിൽ ഹാദി, അൽജാമിഉൽ മുഖ്താർ ഫീ മൗലിദിൽ മുഖ്താർ എന്നീ മൗലിദ് ഗ്രന്ഥങ്ങൾ നാസിറുദ്ധീൻ ദിമിശ്ഖി രചിച്ചിട്ടുള്ളതാണ്.

അൽ ഹാഫിളുൽ ഇറാഖി , സഖാവി

ഹിജ്റ 725-ൽ ജനിച്ച് 806-ൽ വഫാത്തായവരാണ്, “അൽ ഹാഫിളുൽ ഇറാഖി എന്ന പേരിലറിയപ്പെടുന്ന പ്രശസ്തനായ ഹദീസ് പണ്ഡിതൻ അബ്ദുറഹീം ബ്നുൽ ഹുസൈൻ(റ). ‘അൽമൗറിദുൽ ഹനിയ്യി ഫീ മൗലിദിസ്സനിയ്യി’ എന്ന പേരിൽ ഒരു മൗലിദ് ഗ്രന്ഥം അദ്ദേഹത്തിനുണ്ട്. ഹിജ്റ 831-ൽ ജനിച്ച് 902-ൽ വഫാത്തായ അൽ ഹാഫിളു സ്സഖാവി(റ) എന്നറിയപ്പെടുന്ന “അൽ ഹാഫിള് മുഹമ്മദ് ബ്നു അബ്ദുറഹ്മാൻ ഖാഹിരി എന്ന സുപ്രസിദ്ധ പണ്ഡിതന്റെ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ “അൽ ഫഖ്റുൽ അലവീ ഫിൽ മൗലിദിന്നബവീ’ എന്ന ഒരു മൗലിദ് ഗ്രന്ഥമുണ്ട്.

അൽ ഹാഫിള് അസ്ഖലാനി

ഹിജ്റ 773-ൽ ജനിച്ച് 852-ൽ വഫാത്തായ അൽ ഹാഫിള് ഇബ്നു ഹജറിൽ അസ്ഖലാനി(റ) ഹദീസിൽ “അമീറുൽ മുഅമിനീൻ’ എന്ന വിശേഷണത്തിനുടമയായ വിശ്രുത പണ്ഡിതനാണ്. വിവിധ വിജ്ഞാനശാഖകളിൽ അവഗാഹം നേടിയ അദ്ദേഹം ഹദീസ് വിജ്ഞാനീയത്തിൽ നിരുപമവും ബൃഹത്തുമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സ്വഹീഹുൽ ബുഖാരിയുടെ ലോകപ്രശസ്തമായ വ്യാഖ്യാനഗ്രന്ഥം ഫത്ഹുൽ ബാരി അദ്ദേഹത്തിന്റെ മാസ്റ്റർപീസ് കൃതിയാണ്. ഭാഷ, സാഹിത്യം, ചരിത്രം, ഖുർആൻ വ്യാഖ്യാനം, കർമശാസ്ത്രം, വ്യക്തിചരിത്രം തുടങ്ങിയവയിൽ 300-ഓളം ഗ്രന്ഥങ്ങൾ മഹാന്റേതായുണ്ട്. (നോക്കുക. അൽ ഹാഫിളുൽ അസ്ഖലാനി. പേജ് : 488).

ഇമാമവർകളുടെ മൗലിദ് രചനയായ തുഹ്ഫതുൽ അഖ്യാർ ഫീ മൗലിദിൽ മുഖ്താർ ഡമസ്കസിൽ നിന്നും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ കയ്യെഴുത്തു കോപ്പി ഡമസ്കസിലെ മക്തബതുള്ളാഹിരിയ്യയിൽ സൂക്ഷിച്ചിട്ടുണ്ട്. തന്റെ ഗുരുവര്യൻ അൽഹാഫിളുൽ ഇറാഖിയുടെ മൗലീദ് ഗ്രന്ഥത്തെ ഉപജീവിച്ചാണ് ഇത് രച്ചിട്ടുള്ളത്. അതിന്റെ സംക്ഷേപമാണെന്നു പറഞ്ഞവരുമുണ്ട്.

മുല്ലാ അലിയ്യുൽ ഖാരി , ഖാളി ഇയാള്

മുല്ലാ അലിയ്യുൽ ഖാരി (മരണം ഹി. 1014) തഫ്സീർ, ഹദീസ്, നബിചരിത്രം, തസ്വവുഫ്, ഫിഖ്ഹ് തുടങ്ങിയ വിജ്ഞാന ശാഖകളിൽ വളരെയേറെ ഗ്രന്ഥങ്ങൾ രചിച്ചവരാണ്. നമ്മുടെ നാട്ടിൽ ധാരാളമായി ഉപയോഗിക്കപ്പെടുന്ന മിശ്കാത്തിന് മിർഖാത് എന്നപേരിൽ വ്യാഖ്യാനമദ്ദേഹത്തിനുണ്ട്. ശമാഇലുത്തുർമുദി, ഖാളി ഇയാള്(റ)യുടെ അശ്ശിഫാ ബിതഅരീഫി ഹുഖൂഖിൽ മുസ്തഫാ തുടങ്ങിയവക്കും അദ്ദേഹം വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മൗലിദ് ഗ്രന്ഥമാണ് അൽമൗരിദുർവി ഫിൽ മൗലിദി നബവി. അതിന്റെ കയ്യെഴുത്തുപ്രതി ഹൈദരാബാദിലെ മക്തബതുൽ ആസിഫിയ്യയിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രസിദ്ധ ഹദീസ്-ചരിത്ര പണ്ഡിതനും മാലികി മദ്ഹബിലെ പ്രധാനിയുമായ ഖാളീ ഇയാള്(റ) രചിച്ച മൗലിദ് ഗ്രന്ഥത്തിന്റെ കോപ്പി മദീന യൂണിവേഴ്സിറ്റിയിലെ കയ്യെഴുത്തു കോപ്പി വിഭാഗത്തിലുണ്ട് (നമ്പർ 1/5726).

ഇബ്നുഹജറിൽ ഹൈതമി

ശാഫിഈ മദ്ഹബിലെ പ്രാമാണിക കർമശാസ്ത്ര ഗ്രന്ഥമായ തുഹ്ഫയുടെയും മറ്റനേകം ഗ്രന്ഥങ്ങളുടെയും കർത്താവാണ് ഇബ്നുഹജറിൽ ഹൈതമി-റ(മരണം ഹി. 974). അന്നിഅമതുൽ കുബ്റാ അലൽ ആലം എന്ന പേരിൽ പ്രസിദ്ധമായ മൗലിദ് കിതാബും മൗലിദ്ബ്നു ഹജർ എന്ന പേരിലറിയപ്പെടുന്ന അന്നിഅമതുൽ കുബറയുടെ പൂർവരൂപമായ ഇത്മാമുന്നിഅമതും മുഖ്തസറുന്നിഅമതും മഹാന്റെ മൗലിദ് ഗ്രന്ഥങ്ങളാണ്. അന്നിഅമതുൽ കുബ്റ ഇപ്പോഴും പ്രസിദ്ധീകരികരിക്കപ്പെടുന്നുണ്ട്. അതിൽ കുബ്റയുടെ കയ്യെഴുത്ത് പ്രതി സൗദിയിലെ മർകസുൽ മലിക് ഫൈസലിലും ഇത്മാമുന്നിഅമയുടെ പ്രതി യമനിലെ മക്തബതുൽ ജാമിഇൽ കബീറിലും മൗലിദ്ബ്നു ഹജറിന്റെ കയ്യെഴുത്തു പ്രതി മലിക് സൗദ് യൂണിവേഴ്സിറ്റിയിലും സൂക്ഷിപ്പുണ്ട്.

ഇത്മാമുന്നിഅമതിൽ കുബറാക്ക് അല്ലാമാ സുലൈമാനുബ്നുൽ ജമൽ(റ) ബഹ്ജത്തുൽ ഫിക്ർ എന്ന പേരിൽ ഒരു വിശദീകരണം (ഹാശിയ) എഴുതിയിട്ടുണ്ട്. ഇതിന്റെ കോപ്പി കിംഗ് സൗദി യൂണിവേഴ്സിറ്റിയിലുണ്ട്. അല്ലാമാ ബാജൂരിയും ഇബ്നു ഹജറിന്റെ മൗലിദിന് വ്യാഖ്യാനം എഴുതിയിട്ടുണ്ട്. തുഹ്ഫതുൽ ബശർ അലാ മൗലിദിബ്നി ഹജർ എന്നാണതിന്റെ പേര്. ഈജിപ്തിലെ ദാറുൽ കുതുബിൽ മിസ്രിയതിലും സൗദിയിലെ മർകസുൽ മലിക് ഫൈസലിലും ഇതിന്റെ കോപ്പി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഖയ്യാത്ത് എന്ന പേരിൽ പ്രസിദ്ധനായ മുഹമ്മദുൽ മൻസൂരി ശാഫിഈ വാരിദി മിൻ മവാരിദിൽ മവാരിദി എന്ന പേരിൽ ഒരു വ്യാഖ്യാനം ഇതിന് തയ്യാറാക്കിയിട്ടുണ്ട്.

എട്ടും ഒമ്പതും നൂറ്റാണ്ടുകളിലെ രചനകൾ

പിൽക്കാലത്ത് വിരചിതമായ ഏതാനും മൗലിദ് ഗ്രന്ഥങ്ങൾകൂടി പരിചയപ്പെടാം. അശ്റഫുൽ അനാം ഫീ മൗലിദിസ്വബാഹിൽ അനാം ഇമാം സുബു കി-റ(ഹി. 771), അൽമുൻതഖാ ഫീ മൗലിദിന്നബിയ്യിൽ മുസ്തഫാ സഅദുദ്ദീൻ മുഹമ്മദ് ബ്നു മസ്ഊദിൽ കാസറൂനി (ഹി. 758), മൗലിദിന്നബിയ്യി - കമാലുദ്ദീൻ അബുൽ മആലി അസ്സമൽകാനീ (ഹി. 727), അദുർറതുസ്സനിയ്യ ഫീ മൗലിദി ഖൈരിൽ ബരിയ്യ – ഹാഫിള് സ്വലാഹുദ്ദീനിൽ അലാഈ അദ്ദിമിശ്ഖി (ഹി. 761), ഇർതിശാഫു ത്വർബ് ഫീ മൗലിദി സയ്യിദിൽ അജമി വൽ അറബ് -മുഹമ്മദ്ബ്നു അഹ്മദ് അൽ ഉൻദുലിസിൽ ഹവ്വാറി (ഹി. 780), അസ്സീറതുന്നബിയ്യ വൽ മൗലിദുന്നബവി- അഹ്മദ്ബ്നു മാലിക് അർറഈനി (ഹി. 779), അസ്സീറതുന്നബവിയ്യ വൽ മൗലിദ്- മുഹമ്മദ്ബ്നു അഹ്മദ്ബ്നു ജാബിറിൽ ഉൻദുലുസി (ഹി. 780), മൗലിദുസ്വഫദീ-സ്വലാഹുദ്ദീൻ ഖലീൽ ഐബക് അസ്സ്വഫദീ എന്നിവ എട്ടാം നൂറ്റാണ്ടിലെ ശ്രദ്ധേയ മൗലിദുകളാണ്.

അത്തരീഫ് ഫിൽ മൗലിദി ശരീഫ് – മുഹമ്മദ്‌ ബ്നുൽ ജസരി (ഹി. 833), ഹസ്ബീ അബിൽ വഫാ ഫീ മൗലിദിൽ മുസ്തഫാ- ഇബ്‌റാഹിം ബ്നു അലി ബ്നു ഇബ്റാഹിം അബുൽ വഫാ അൽഇറാഖി-റ(ഹി. 877), ദുർജുദ്ദുറർ ഫീ മീലാദി സയ്യിദിൽ ബശർ-അസീസുദ്ദീൻ അബ്ദുല്ലാഹി ശീറാസി( 884), അദ്ദുർറുൽ മുനള്ളം ഫീ മൗലിദിന്നബിയ്യിൽ മുഅള്ളം – മുഹമ്മദ്ബ്നു ഉസ്മാനുല്ലുഅലുഈ അദ്ദിമിശ്ഖി തുടങ്ങിയവ ഒമ്പതാം നൂറ്റാണ്ടിലെയും പ്രധാന മൗലിദുകളാണ്.

പ്രസിദ്ധ ഹദീസ്-ഭാഷാ പണ്ഡിതനും ഖുർആൻ വ്യാഖ്യാതാവും ചരിത്രകാരനുമായ മജ്ദുദ്ദീൻ അബൂത്വാഹിറിൽ ഫൈറൂസാബാദി(റ)യുടെ മൗലിദ് ഗ്രന്ഥമാണ് ഫീ മൗലിദി ഖൈറിൽ ബരിയ്യ, അദ്ദേഹത്തിന്റെ അസ്വിലാതു വൽ ബുശർ എന്ന സ്വലാത്ത് ഗ്രന്ഥം തവസ്സുലും ഇസ്തിഗാസയും സിയാറത്തും നടത്തിക്കൊണ്ടുള്ളതും അതിന്റെ ഗുണങ്ങൾ വിവരിക്കു ന്നതുമാണ്.

മൗലിദ് ഗ്രന്ഥങ്ങളുടെ വിശാലമായ ലോകത്തേക്ക് ചെറിയൊരു സൂചന മാത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. ലോകോത്തര ലൈബ്രറികളിലും പുരാ വസ്തു ശേഖരങ്ങളിലും വേറെയും ധാരാളം മൗലിദ് കയ്യെഴുത്തുപ്രതികൾ സൂക്ഷിച്ചിട്ടുണ്ട്. മിക്കതിന്റെയും കോപ്പിയെടുക്കാൻ നെറ്റിൽ സൗകര്യമുണ്ട്. പലതും പ്രമുഖരുടെ വ്യാഖ്യാനത്തോടു കൂടി പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. ചുരുക്കത്തിൽ, മൗലിദ് സാഹിത്യത്തിന് മലയാളത്തിനും മലയാളികൾക്കുമപ്പുറം സ്വീകാര്യതയില്ലെന്ന് പ്രചരിപ്പിച്ചിരുന്നവർക്ക് ഇനിയതിനാകില്ല. വിശ്വാസികളെ സംബന്ധിച്ചിടത്തോളം മൗലിദും മീലാദാഘോഷവും അനുഷ്ടിക്കുന്നതിനും ആചരിക്കുന്നതിനും പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും പ്രമാണങ്ങളുടെയും പിന്തുണയുണ്ടെന്നതിനാൽ ബിദഈ ജൽപനങ്ങൾക്കു കാതോർക്കേണ്ടതില്ല.

Related Posts