Site-Logo
POST

അഹ്‌ലുസ്സുന്ന; അനുഗ്രഹീതരുടെ മാർഗം

02 Aug 2023

feature image

“നേരായ വഴിയിൽ ഞങ്ങളെ നീ നടത്തേണമേ. നീ അനുഗ്രഹം ചെയ്തവരുടെ മാര്‍ഗത്തില്‍. കോപത്തിന്നു വിധേയരായവരുടെയും വഴിപിഴച്ചവരുടെയും മാര്‍ഗത്തിലല്ല”.
നേർമാർഗ്ഗത്തെക്കുറിച്ച് ഖുർആനിലെ പ്രഥമ സൂക്തമായ ഫാത്തിഹയിൽ അല്ലാഹു ﷾ പരാമർശിച്ചത് ഇപ്രകാരമാണ്. സ്വിറാതുൽ മുസ്തഖീം. അനുഗ്രഹീതരുടെ മാർഗ്ഗമാണത്. ആ മാർഗ്ഗം പിൻപറ്റി ജീവിക്കാനാണ് അടിമകളോടുള്ള സ്രഷ്ടാവിന്റെ ആഹ്വാനം.

ആരാണ് ആ അനുഗ്രഹീതർ?. അത് തിരിച്ചറിഞ്ഞാലല്ലേ അവരുടെ മാർഗ്ഗം പിൻപറ്റാൻ കഴിയുകയുള്ളൂ. അതേക്കുറിച്ച് അല്ലാഹു ﷾ തന്നെ വ്യക്തമാക്കുന്നുണ്ട്. ഖുർആൻ അദ്ധ്യായം 5 സൂക്തം 69 ശ്രദ്ധിക്കുക. “അല്ലാഹുവിനെയും റസൂലിനെയും ആര് അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹം ചെയ്ത പ്രവാചകന്മാര്‍, സ്വിദ്ദീഖുകള്‍, രക്തസാക്ഷികള്‍, സദ്‌വൃത്തര്‍ എന്നിവരോടൊപ്പമായിരിക്കും”. പ്രവാചകന്മാരും രക്തസാക്ഷികളും സദ്ഗുണ സമ്പന്നരുമാണ് അല്ലാഹുവിന്റെ ഇഷ്ടദാസന്മാർ എന്ന് ചുരുക്കം. അഥവാ അവരുടെ പാതയാണ് നാം തെരഞ്ഞെടുക്കേണ്ടത്.

പൂർവ്വകാമികളായ സ്വഹാബികൾ, അവർക്ക് ശേഷം വന്ന താബിഉകൾ, നാലു മദ്ഹബുകളുടെ ഇമാമുമാർ, രണ്ട് വിശ്വാസധാരകളുടെ വക്താക്കൾ തുടങ്ങിയവർ അല്ലാഹു അനുഗ്രഹിച്ചവരിൽ ഉൾപ്പെടും. കാരണം അവരാണ് ഖുർആനും തിരുചര്യകളും യഥാവിധി ഗ്രഹിച്ചവർ. അവർ അതനുസരിച്ച് പ്രവർത്തിച്ചു. അവർക്കിടയിലുള്ള അഭിപ്രായന്തരങ്ങൾ കേവലം ശാഖാപരമാണ്. അവരെ നിരാകരിക്കുന്നവർ പരാജിതരാണ്.

മുസ്‌ലിം സമൂഹത്തിലെ ഉൽകൃഷ്ടർ ആരാണെന്ന് തിരുനബി ﷺ യും വ്യക്തമാക്കിയിട്ടുണ്ട്. “എൻ്റെ ഉമ്മത്തിൽ വെച്ച് ഏറ്റവും ഉന്നതർ എൻ്റെ നൂറ്റാണ്ടുകാരത്രെ. പിന്നെ അതിനോട് അടുത്ത് വന്നവർ. ശേഷം അതിനോട് അടുത്ത് വന്നവവരും”. എന്റെ
അനുചരന്മാരെ നിങ്ങൾ ചീത്ത പറയരുതെന്നും ഉഹ്ദ് പർവ്വതത്തോളം വരുന്നത്രയും സ്വർണ്ണം ചെലവഴിച്ചാലും അവരുടെ പദവി നിങ്ങൾക്ക് ലഭിക്കില്ലെന്നും അവിടുന്ന് അരുൾ ചെയ്തിട്ടുണ്ട്.
മറ്റൊരു വചനത്തിൽ, ഞാനും എൻ്റെ സ്വഹാബികളും ഏതു മാർഗ്ഗത്തിലാണോ ആ മാർഗ്ഗം പിൻപറ്റിയവർ മാത്രമാണ് സ്വർഗ്ഗാവകാശികൾ എന്നും പരാമർശിക്കപ്പെട്ടിട്ടുണ്ട്.

തിരുനബി ﷺ ഏറ്റവും സവിശേഷമായ കാലഘട്ടമെന്ന് വിശേഷിപ്പിച്ച ആദ്യ മൂന്നു നൂറ്റാണ്ടുകളിൽ ജീവിച്ചവരാണ് സ്വഹാബികളും താബിഉകളും മദ്ഹബിന്റെ ഇമാമുമാരും വിശ്രുതമായ ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ രചയിതാക്കളുമെല്ലാം.
അവരുടെ വീക്ഷണങ്ങൾ യഥാർത്ഥ രൂപത്തിൽ പഠന വിധേയമാക്കിയാണ് പിൽക്കാല പണ്ഡിതന്മാർ ദീനിന്റെ ദീപശിഖ നമുക്ക് കൈമാറിയത്.

അഹ്‌ലുസ്സുന്നത്തി വൽ ജമാഅതാണ് ഖുർആൻ പരാമർശിച്ച അനുഗ്രഹീതരുടെ മാർഗ്ഗം എന്നത് ഇതിൽ നിന്ന് പകൽപോലെ വ്യക്തം. അത് അനുധാവനം ചെയ്യുകയാണ് വിജയലബ്ധിയുടെ നിദാനം. അതല്ലാത്ത ഒരു വഴിയിലൂടെ സഞ്ചരിക്കുന്നവൻ പടുകുഴിയിൽ ആപതിക്കുമെന്നത് തീർച്ച.

Related Posts