Site-Logo
POST

ബിദ്അത്ത്; കർമ്മപരവും വിശ്വാസപരവും

മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ

|

25 Dec 2024

feature image

ഇമാം അഹ്മദും അബൂദാവൂദും  ഉദ്ധരിക്കുന്ന ഹദീസിൽ തിരുനബി പറഞ്ഞു; നിങ്ങളുടെ മുമ്പുള്ള വേദക്കാർ  എഴുപത്തിരണ്ട് വിഭാഗങ്ങളായി വേർപിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്ന് വിഭാഗങ്ങളായി വേർപിരിയും അതിൽ എഴുപത്തിരണ്ടും നരകത്തിലാണ് ഒരു വിഭാഗം സ്വർഗ്ഗത്തിലും അത് മുസ്ലിം മുഖ്യധാരയാണ്.
ഇമാം അബു ദാവൂദ് 4597,ഇബ്നു മാജ  3991, അഹമദ് 4/102

ഇവിടെ മുഹമ്മദീയ ഉമ്മത്ത് വ്യത്യസ്ത വിഭാഗങ്ങളായി മാറുമെന്നും അതിൽ ഒരു വിഭാഗം മാത്രമാണ് വിജയിക്കുക എന്നും അത് സ്വഹാബത്തും താബിഉകളും അടങ്ങുന്ന മുസ് ലിം മുഖ്യധാരയാണ് എന്നും തിരു നബി പഠിപ്പിക്കുന്നു. പ്രസ്തുത വിഭാഗമാണ് അഹ് ലുസ്സുന്ന: അതല്ലാത്ത മറ്റു വിഭാഗങ്ങളൊക്കെയും അഹ് ലുൽ ബിദ്അ:യാണ്,ഹദീസിൽ പറഞ്ഞ ഭിന്നത തികച്ചും വിശ്വാസപരമായ കാര്യങ്ങളിലാണ് കർമ്മപരമായ കാര്യങ്ങളിലല്ല.

ശൈഖ് അബ്ദുൽ ഖാഹിറുൽ ബഗ്ദാദി എഴുതുന്നു;
ഹദീസിൽ  നരകാവകാശികളാണെന്ന് പ്രത്യേകം പരിചയപ്പെടുത്തിയ വിഭാഗങ്ങൾ വിശ്വാസ കാര്യങ്ങളിൽ യോജിക്കുന്നതോടൊപ്പം കർമ്മപരമായ കാര്യങ്ങളിൽ ഭിന്നതയുള്ള വിഭാഗങ്ങളെ കുറിച്ചല്ല.കാരണം കർമ്മപരമായ കാര്യങ്ങളിൽ ഭിന്നതയുള്ള മുജ്തഹിദുകളെ സംബന്ധിച്ച് രണ്ടഭിപ്രായമാണുള്ളത് ഒന്ന് ; അവരെല്ലാവരും ശരിയാണ്, രണ്ട്; അവരിൽ ഒന്ന്മാത്രം ശരിയും മറ്റെല്ലാം തെറ്റുമാണ്,പക്ഷേ മറ്റു വിഭാഗങ്ങൾ പിഴച്ചവരാണെന്ന് അവർ പറയുന്നില്ല,(അൽഫഖ് ബൈനൽ ഫിറഖ് പേജ്:6)

ശാഖാപരമായ ചില കാര്യങ്ങളെ സംബന്ധിച്ചു  പണ്ഡിതന്മാർ ബിദ് അത്താണെന്ന് പറഞ്ഞത് കാണാം.
ഉദാഹരണം നിസ്കാരത്തിൽ ഇമാം ബിസ്മി ഉറക്കെയാക്കൽ ബിദ്അത്താണെന്നാണ് ഇമാം ഇബ്റാഹീമു നഖ്ഈയുടെ അഭിപ്രായം,ഇതിനർത്ഥം ബിസ്മി ഉറക്കെ ഓതുന്ന ശാഫിയാക്കൾ മുഴുവൻ മുബ്തദിഉകൾ ആണെന്നല്ല, വുദു ചെയ്യുമ്പോൾ പിരടി തടവൽ ബിദ്അത്താണെന്നാണ് ഇമാം നവവിയുടെ വീക്ഷണം എന്നാൽ ഹനഫീ മദ്ഹബിൽ അത് സുന്നത്താണ് പക്ഷെ ഇമാം നവവിയുടെ വീക്ഷണപകാരവും അവരെ മുബ്തദിഉ എന്ന് വിശേഷിപ്പിച്ചു കൂടാ,

വിശ്വാസകാര്യങ്ങളിൽ അഹ് ലുസ്സുന്നക്കെതിരെയുള്ളവരാണ് മുബ്തദികൾ (തുഹ്ഫ : 10/235)

അഹ്ലുസ്സുന്ന:ഇജ്മാആയതിനെതിരിൽ വിശ്വസിക്കുന്നവരാണ് മുബ്തദിഉകൾ (ഹാശിയത്തുൽ കുർദി :2/40)

ചുരുക്കത്തിൽ ശാഖാപരമായ ഏതെങ്കിലും വിഷയം ബിദ്അത്താണെന്ന് പറഞ്ഞതുകൊണ്ട് അത് ചെയ്യുന്നവർ  അഹ് ലുസ്സുന്നയുടെ പുറത്തുള്ള മുബ്തദിആണെന്ന് വിധി എഴുതിക്കൂടാ,തങ്ങളുടെ ഗവേഷണമനുസരിച്ച്  പ്രസ്തുത കാര്യം പ്രാമാണികമല്ലെന്ന് മാത്രമെ അതിനർത്ഥമുള്ളൂ;

തികച്ചും കർമശാസ്ത്രപരവും ശാഖാപരമായ വിഷയങ്ങൾ ഉന്നയിച്ച് അത് ചെയ്യുന്നവരെ മുബ്തദിയാണെന്ന് മുദ്രകുത്തുന്നവരും അഹ് ലുസ്സുന്നയുടെ ചില ഇമാമുകൾ പറഞ്ഞു എന്നതിൻ്റെ പേരിൽ മാത്രം അതെല്ലാം സുന്നത്ത് ജമാഅത്തിന്റെ നിലപാടായി തെറ്റിദ്ധരിച്ചവരും അഹ് ലുസ്സുന്ന: എന്താണെന്ന് മനസ്സിലാക്കിയിട്ടില്ല,

യാഥാർത്ഥ്യം മനസ്സിലാക്കി യഥാർത്ഥ അഹ് ലുസ്സുന്നയുടെ നിലപാടുകളെ പിന്തുടരാൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ;

أَلا إنَّ مَنْ قَبْلَكمْ مِنْ أهْلِ الكِتابِ افْتَرَقوا على ثِنْتَيْنِ وسَبْعِينَ مِلّةً وإنَّ هذِهِ الْمِلَّةَ سَتَفْتَرِقُ على ثلاثٍ وسَبْعِينَ ثِنْتانِ وسَبْعُونَ فِي النَّارِ وَواحِدةٌ فِي الجَنةِ وهِيَ الجَماعَةُ (احمد،ابو داود

وَقد علم كل ذِي عقل من أَصْحَاب المقالات المنسوبة أَن النَّبِي ﷺ  لم يرد بِالْفرقِ المذمومة الَّتِي أهل النَّار فرق الْفُقَهَاء الَّذين اخْتلفُوا فِي فروع الْفِقْه مَعَ اتِّفَاقهم على اصول الدّين لَان الْمُسلمين فِيمَا اخْتلفُوا فِيهِ من فروع الْحَلَال وَالْحرَام على قَوْلَيْنِ أَحدهمَا قَول من يرى تصويب الْمُجْتَهدين كلهم فِي فروع الْفِقْه وَفرق الْفِقْه كلهَا عِنْدهم مصيبون وَالثَّانِي قَول من يرى فِي كل فرع تصويب وَاحِد من المتخلفين فِيهِ وتخطئة البَاقِينَ من غير تضليل مِنْهُ للمخطىء فِيهِ  ( الفرق بين الفرق ص ٦ 

ﻣﺒﺘﺪﻉ ﻫﻮ ﻣﻦ ﺧﺎﻟﻒ ﻓﻲ اﻟﻌﻘﺎﺋﺪ ﻣﺎ ﻋﻠﻴﻪ ﺃﻫﻞ اﻟﺴﻨﺔ (تحفة المحتاج  ١٠/٢٣٥

والمبتدع من يعتقد ما أجمع أهل السنة على خلافه.اه الحواشي المدنية (٢/٤٠)