മഹാന്മാരുടെ സ്മരണ നിലനിർത്തുന്നതിനു വേണ്ടിയും, സിയാറത്ത് സജീവമാക്കുന്നതിന്റെയും ഭാഗമായി അവരുടെ ഖബ്റുകൾക്ക് മീതെ ഖുബ്ബകൾ നിർമ്മിക്കുക എന്നത് മുസ്‌ലിം ലോകത്ത് നിരാക്ഷേപം നടന്നുപോരുന്ന ഒരു കാര്യമാണ്. എന്നാൽ മഹാന്മാരുടെ ഖബറുകൾക്ക് മീതെ ഖുബ്ബ ഉണ്ടാക്കുന്നത് അവരുടെ ഖബറുകൾ ബിംബമാക്കലും ബഹുദൈവാരാധനക്ക് തുല്യമാണെന്നുമാണ് സാധാരണ വഹാബികൾപ്രചരിപ്പിക്കാറുള്ളത്.
തിരുനബി ﷺ യും അവിടുത്തെ ഏറ്റവും അടുത്ത അനുയായികളായ അബൂബക്കർ, ഉമർ ﵄ എന്നിവരും ഖുബ്ബക്ക് താഴെയാണല്ലോ വിശ്രമിക്കുന്നത്. മഹതിയായ ആയിശ ﵂ യുടെ വീട്ടിൽ വെച്ച് വഫാത്തായ നബി ﷺ യെ അവിടെത്തന്നെ മറവ് ചെയ്യുകയായിരുന്നു. ആ സംഭവം വിവരിച്ച് അല്ലാമ മുഹമ്മദ് ഹബീബുല്ല ശിൻഖീത്വി(റ) പറയുന്നു “നബി ﷺ യെയും ശൈഖൈനിയേയും കെട്ടിടത്തിൽ മറവ് ചെയ്യുന്ന വിഷയത്തിൽ സ്വഹാബത്തും താബിഉകളും ഏകോപിച്ചിരിക്കുന്നു. കെട്ടിടത്തിൽ മറവ് ചെയ്യുക എന്നത് നബി ﷺ യുടെ പ്രത്യേകതയുമല്ല. കെട്ടിടത്തിൽ ഖബ്ർ കുഴിക്കുന്നതും, ഖബറിനു മുകളിൽ കെട്ടിടം പണിയുന്നതും തമ്മിൽ വ്യത്യാസമില്ല. അതിൽ പറയാവുന്നത് രൂപത്തിൽ വരുന്ന വ്യത്യാസം മാത്രമാണ്. അതാണങ്കിൽ പരിഗണനീയമല്ല താനും“(സാദുമുസ്‌ലിം 2/32-33).
അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറിന് മുകളിൽ ഖുബ്ബ പണിയുന്നതിന് യാതൊരു വിരോധവുമില്ലെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ പരിശോധിച്ചാൽ ബോധ്യപ്പെടും. മുല്ലാ അലിയ്യിൽ ഖാരി പറയുന്നു: പണ്ഡിതന്മാരുടെയും മശാഇഖുമാരുടെയും ഖബറിന് മുകളിൽ എടുപ്പു പണിയുന്നത് മുൻഗാമികൾ അനുവദിച്ചിട്ടുണ്ട് (മിർഖാത്ത്).
ഇമാം നവവി ﵀ തന്റെ റൗളയിൽ പറയുന്നു: അമ്പിയാക്കൾ, പണ്ഡിതന്മാർ, സ്വാലിഹീങ്ങൾ എന്നിവരുടെ ഖബർ പരിപാലനത്തിനവേണ്ടിയും മസ്ജിദുൽ അഖ്സ പോലെയുള്ള പള്ളികൾ പരിപാലിക്കാനും വസിയ്യത്ത് ചെയ്യാവുന്നതാണ്. കാരണം അതിൽ ഖബർ സിയാറത്തിനെ സജീവമാക്കലും അതുകൊണ്ട് ബറകത്തെടുക്കലുമുണ്ട് (റൗള:).
ഇമാം ഇബ്നു ഹജർ ﵀ പറയുന്നു: കുറ്റകരമല്ലാത്ത കാര്യത്തിന് വസിയ്യത്ത് ചെയ്യാം എന്ന ഇമാം നവവിയുടെ വാചകത്തിൽ ആരാധനാപരമായ കാര്യങ്ങളും ഉൾപ്പെടുന്നുണ്ട്. പള്ളി നിർമ്മിക്കുക, പൊതുശ്മശാനമല്ലാത്ത സ്ഥലത്ത് പണ്ഡിതന്മാരെ പോലുള്ളവരുടെ ഖബറിനു മുകളിൽ ഖുബ്ബ നിർമ്മിക്കുക ഇതെല്ലാം ആരാധനാപരമായ കാര്യങ്ങൾക്ക് ഉദാഹരണമാണ്.
മേൽ വിശദീകരണത്തിൽ നിന്ന് സിയാറത്തിനു വരുന്നവർക്ക് സൗകര്യപ്പെടും വിധം മഹാന്മാരുടെ ഖബറിന് മുകളിൽ ഖുബ്ബ നിർമ്മിക്കുന്നതിന് വിരോധമില്ലെന്ന് മാത്രമല്ല അത് പുണ്യകർമ്മം ആണെന്ന് കൂടി മനസ്സിലായി. പൊതുശ്മശാനങ്ങളിൽ മഹാന്മാരുടെ ഖബറിനു മുകളിൽ ഖുബ്ബ നിർമ്മിക്കാൻ പാടില്ല. എന്നാൽ അവരുടെ ഖബറുകൾ പരിപാലിക്കപ്പെടേണ്ടതാണ്. ഇമാം ഇബ്നു ഹജർ പറയുന്നു: മയ്യിത്ത് ജീർണിച്ച് മണ്ണായികഴിഞ്ഞാൽ ഖബർ മാന്തുകയും മറ്റൊരാളെ അവിടെ മറവ് ചെയ്യാവുന്നതുമാണ്. പൊതുശ്മശാനങ്ങളിൽ ഖബറുകൾ പരിപാലിക്കൽ ഹറാമാണ്. കാരണം അത് ജനങ്ങൾക്ക് തടസ്സമുണ്ടാക്കും.എന്നാൽ സ്വഹാബത്തിന്റെയും വിലായതുകൊണ്ട് അറിയപ്പെട്ടവരുടെയും ഖബറുകൾ ചില പണ്ഡിതന്മാർ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട് (തുഹ്ഫ).
എല്ലാവർക്കും തുല്യവകാശമുള്ള പൊതുശ്മശാനത്തിലായാലും മഹാന്മാരുടെ ഖബറുകൾ പരിപാലിക്കപ്പെടേണ്ടതാണെന്ന് ഇതിൽ നിന്ന് മനസ്സിലായി. ജീവിതകാലത്തെന്ന പോലെ മരണശേഷവും അവർ പരിഗണിക്കപ്പെടേണ്ടതുണ്ട്. ഖബറുൾ കെട്ടി ഉയർത്തൽ ശാഫി മദ്ഹബിലെ പ്രബല അഭി പ്രായമനുസരിച്ച് കറാഹത്താണ്. അതുകൊണ്ടാണ്
മഹാന്മാരുടെ ഖബറുകൾ കെട്ടി ഉയർത്താതെ അതിന്മേൽ പെട്ടി വെച്ച് തുണി കൊണ്ട് മൂടുകയാണ് കേരളത്തിലെ പതിവ്. സാധാരണക്കാരുടെ ഖബറിന് മുകളിൽ ഖുബ്ബ പോലോത്തവ നിർമിക്കുന്നതും അവ കെട്ടി ഉയർത്തുന്നതും സ്വന്തം ഉടമസ്ഥയിലുള്ള സ്ഥലത്താണെങ്കിൽ കറാഹത്തും പൊതുശ്മശാനത്തിൽ ഹറാമുമാണ്.
1)ﻭﻗﺪ ﺃﺑﺎﺡ اﻟﺴﻠﻒ اﻟﺒﻨﺎء ﻋﻠﻰ ﻗﺒﺮ اﻟﻤﺸﺎﻳﺦ ﻭاﻟﻌﻠﻤﺎء ﻭاﻟﻤﺸﻬﻮﺭﻳﻦ ﻟﻴﺰﻭﺭﻫﻢ اﻟﻨﺎﺱ، ﻭﻳﺴﺘﺮﻳﺤﻮا ﺑﺎﻟﺠﻠﻮﺱ ﻓﻴﻪ اﻩـ.مرقاة ٣/١٢١٧
٢)يَجُوزُ لِلْمُسْلِمِ وَالذِّمِّيِّ الْوَصِيَّةُ لِعِمَارَةِ الْمَسْجِدِ الْأَقْصَى وَغَيْرِهِ مِنَ الْمَسَاجِدِ، وَلِعِمَارَةِ قُبُورِ الْأَنْبِيَاءِ، وَالْعُلَمَاءِ، وَالصَّالِحِينَ، لِمَا فِيهَا مِنْ إِحْيَاءِ الزِّيَارَةِ، وَالتَّبَرُّكِ بِهَا ،الروضة ٦/٩٨
٣)ﻭﺷﻤﻞ ﻋﺪﻡ اﻟﻤﻌﺼﻴﺔ اﻟﻘﺮﺑﺔ ﻛﺒﻨﺎء ﻣﺴﺠﺪ ﻭﻟﻮ ﻣﻦ ﻛﺎﻓﺮ ﻭﻧﺤﻮ ﻗﺒﺔ ﻋﻠﻰ ﻗﺒﺮ ﻧﺤﻮ ﻋﺎﻟﻢ ﻓﻲ ﻏﻴﺮ ﻣﺴﺒﻠﺔ ﻭﺗﺴﻮﻳﺔ ﻗﺒﺮﻩ ﻭﻟﻮ ﺑﻬﺎ ﻻ ﺑﻨﺎﺋﻪ ﻭﻟﻮ ﺑﻐﻴﺮﻫﺎ ﻟﻠﻨﻬﻲ ﻋﻨﻪ ، التحفة ج ٧ ص٥
٤) ﻭﻟﻮ اﻧﻤﺤﻖ اﻟﻤﻴﺖ ﻭﺻﺎﺭ ﺗﺮاﺑﺎ ﺟﺎﺯ ﻧﺒﺸﻪ ﻭﻟﺪﻓﻦ ﻓﻴﻪ ﺑﻞ ﺗﺤﺮﻡ ﻋﻤﺎﺭﺗﻪ ﻭﺗﺴﻮﻳﺔ ﺗﺮاﺑﻪ ﻓﻲ ﻣﺴﺒﻠﺔ ﻟﺘﺤﺠﻴﺮﻩ ﻋﻠﻰ اﻟﻨﺎﺱ ﻗﺎﻝ ﺑﻌﻀﻬﻢ ﺇﻻ ﻓﻲ ﺻﺤﺎﺑﻲ ﻭﻣﺸﻬﻮﺭ اﻟﻮﻻﻳﺔ ﻓﻼ ﻳﺠﻮﺯ ﻭﺇﻥ اﻧﻤﺤﻖ ﻭﻳﺆﻳﺪﻩ ﺗﺼﺮﻳﺤﻬﻤﺎ ﺑﺠﻮاﺯ اﻟﻮﺻﻴﺔ ﺑﻌﻤﺎﺭﺓ ﻗﺒﻮﺭ اﻟﺼﻠﺤﺎء ﺃﻱ ﻓﻲ ﻏﻴﺮ اﻟﻤﺴﺒﻠﺔ ﻋﻠﻰ ﻣﺎ ﻳﺄﺗﻲ ﻓﻲ اﻟﻮﺻﻴﺔ ﻟﻤﺎ ﻓﻴﻪ ﻣﻦ ﺇﺣﻴﺎء اﻟﺰﻳﺎﺭﺓ ﻭاﻟﺘﺒﺮﻙ،تحفة ٣/٢٠٦