Site-Logo
POST

ബറാഅത്ത് ദിനത്തിന്റെ സവിശേഷതകൾ

സയ്യിദ് ലുത്ഫി ബാഹസ്സൻ ചീനിക്കൽ

|

11 Dec 2023

feature image

കാലങ്ങളായി മുസ്‌ലിം സമൂഹം ആദരിച്ചു പോരുന്ന ദിനമാണ് ശഅബാൻ പതിനഞ്ച് അഥവാ ബറാഅത്ത് ദിനം. ഈ ദിനത്തെ വിശ്വാസികൾ ബഹുമാനിക്കുകയും ആദരിക്കുകയും സൽകർമ്മങ്ങൾ കൊണ്ട് ധന്യമാക്കാറുമുണ്ട്. പ്രത്യേകമായി നോമ്പ് അനുഷ്ഠിക്കാറുമുണ്ട്. എന്നാൽ ഈ ദിനത്തിലെ പ്രത്യേക അനുഷ്ഠാനങ്ങളെ  ബിദ്അത്തും അനാചാരവുമായിട്ടാണ്    ചില പുത്തൻവാദികൾ പരിചയപ്പെടുത്തുന്നത്.

ബറാഅത്ത് ദിനത്തിലെ  നോമ്പിന്റെയും മറ്റു അനുഷ്ഠാനങ്ങളുടെയും പ്രമാണ വശങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.

ബറാഅത്ത് ദിനത്തിന്റെ പവിത്രത

ഇമാം മുനാവി ﵀ പറയുന്നു: “സലഫുകൾ(മുൻഗാമികൾ) ശഅബാൻ പതിനഞ്ചാം രാവിൽ പ്രത്യേകമായി സൽക്കർമങ്ങൾ നിർവഹിക്കുകയും അല്ലാഹുവിനോട് താഴ്മയോടെ പ്രാർത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു”

قال الإمام المناوي:  وقد كان السلف يواظبون عليه.

(فيض القدير: ٤٥٤/٣)

ഹാഫിള് ഇബ്ൻ റജബിൽ ഹമ്പലി പറയുന്നു: “ഖാലിദ് ബിൻ മഅദാൻ ﵀ വും, മക്ഹൂൽ ﵀ വും, ലുക്മാൻ ബിൻ ആമിർ(റ)വും ഉൾപ്പെടുന്ന ശാമിലെ താബിഈങ്ങൾ ശഅബാൻ പതിനഞ്ചിനെ ആദരിക്കുകയും ആരാധനകൾ കൊണ്ട് ധന്യമാക്കുകയും ചെയ്തിരുന്നു” (ലത്വാഇഫുൽ മആരിഫ് 137).

സലഫുസ്വാലിഹീങ്ങൾ ഈ ദിനത്തിൽ ആരാധനകളെ കൊണ്ട് ധന്യമാക്കാറുണ്ടെന്ന് ഇബ്നു തൈമിയ്യയും രേഖപ്പെടുത്തിയിട്ടുണ്ട് (മജ്മൂഅൽ ഫതാവാ 23/ 132).

അടുത്ത ഒരു വർഷം നടക്കാനിരിക്കുന്ന കാര്യങ്ങൾ ഈ ദിനത്തിലാണ് കണക്കാക്കപ്പെടുക. ജനങ്ങളുടെ കർമ്മങ്ങൾ ഉയർത്തപ്പെടുകയും  രിസ്ഖ് ഇറക്കപ്പെടുകയും ചെയ്യുന്ന ദിനം കൂടിയാണിത്.  ഈ ദിനത്തിൽ അല്ലാഹു നിരവധി പേർക്ക് പൊറുത്ത് കൊടുക്കുന്നതും പ്രാർത്ഥന ധാരളമായി സ്വീകരിക്കുന്നതുമാണ്.

തിരു നബി ﷺ പറയുന്നു: “കൽബ് ഗോത്രത്തിലെ ആടുകളുടെ രോമത്തിന്റെ എണ്ണത്തിലധികം ആളുകളുടെ ദോഷങ്ങൾ ശഅബാൻ പതിനഞ്ചിന് അല്ലാഹു പൊറുക്കുന്നതാണ്” (തിർമിദി: 739)

وعَنْ عائِشَةَ قالَتْ: فَقدْتُ رَسُول اللَّهِ ﷺ لَيْلَةً فَإذا هُوَ بِالبَقِيعِ فَقالَ «أكُنْتِ تَخافِين أنْ يَحِيفَ اللَّه عَلَيْكِ ورَسُولهُ؟ قُلْتُ: يا رَسُولَ اللَّهِ إنِّي ظَنَنْتُ أنَّكَ أتَيْتَ بَعْضَ نِسائِكَ فَقالَ: إنَّ اللَّهَ تَعالى يَنْزِلُ لَيْلَةَ النِّصْفِ مِن شَعْبانَ إلى السَّماءِ الدُّنْيا فَيَغْفِرُ لِأكْثَرَ مِن عَدَدِ شَعْرِ غَنَمِ كَلْب.

  (سنن الترمذي ٧٣٩)

ബറാഅത് ദിനത്തിലെ പ്രാർത്ഥനക്ക് വലിയ ഇജാബത്തുണ്ടെന്ന് ഇമാം ശാഫിഈ ﵀ തന്നെ വ്യക്തമാക്കിയിട്ടുണ്ട് (അൽ ഉമ്മ് 1/ 264).

ഈ ദിനത്തിന്റെ പവിത്രതയെ കുറിച്ച് ഇമാം ഇബ്നു ഹജറുൽ ഹൈതമി ﵀ പറയുന്നത് കാണൂ. “ബറാഅത്ത് രാവിന് വലിയ പവിത്രതയുണ്ട്.  അല്ലാഹുവിന്റെ പ്രത്യേക മഗ്ഫിറത്തും ഇജാബത്തുമുള്ള രാവാണ് ബറാഅത്ത് രാവ്.”

قال الإمام ابن حجر الهيتمي: إنَّ .لِهَذِهِ اللَّيْلَةِ فَضْلًا وأنَّهُ يَقَعُ فِيها مَغْفِرَةٌ مَخْصُوصَةٌ واسْتِجابَةٌ مَخْصُوصَةٌ ومِن ثَمَّ قالَ الشّافِعِيُّ إنّ الدُّعاءَ يُسْتَجابُ فِيها.

(الفتاوى الكبرى: ٨٠/٢)

ഇമാം ശംസുദ്ധീൻ റംലി﵀ പറയുന്നത് കാണൂ..

“ശഅബാൻ പതിനഞ്ചിലെ ദുആക്ക് വലിയ ഇജാബത്തുണ്ട്, അത് കൊണ്ട് തന്നെ ആ ദിനത്തിൽ ദുആ പ്രത്യേകം സുന്നത്താക്കപ്പെടും”

قال الإمام الرملي: والدعاء فيهما وفي ليلة الجمعة وليلتي أول رجب ونصف شعبان مستجاب فيستحب.

(نهاية المحتاج: ٣٩٧/٢)

ഇത് ഇമാം ഖത്വീബു ഷിർബീനി ﵀ മുഗ്‌നിയിലും (592/2) ഉദ്ദരിക്കുന്നുണ്ട്.

ഇമാം ഖൽയൂബി ﵀ പറയുന്നത് കാണൂ..

“ശഅബാൻ പതിനഞ്ചിന്റെ രാവിനെ ആരാധനകൾ കൊണ്ട് ജീവിപ്പിക്കണം. തസ്ബീഹ് നിസ്കാരം നിർവഹിക്കലാണ് ഏറ്റവും നല്ലത്. അത് പ്രാർത്ഥനക്ക് പെട്ടെന്ന് ഉത്തരം ലഭിക്കുന്ന സമയാണ്”

وقال الإمام القليوبي: (تَتِمَّةٌ) يُنْدَبُ إِحْيَاءُ لَيْلَتي الْعِيدَيْنِ بِذِكْر أَوْ صَلَاةٍ، وَأَوْلَاهَا صَلَاةُ التَّسْبِيحِ وَيَكْفِي مُعْظَمُهَا، وَأَقَلُهُ صَلَاةُ الْعِشَاءِ فِي جَمَاعَةٍ، وَالْعَزْمُ عَلَى صَلَاةِ الصُّبْح كَذَلِكَ. وَمِثْلُهُمَا لَيْلَةُ نِصْفِ شَعْبَانَ وَأَوَّلُ لَيْلَةٍ مِنْ رَجَبٍ وَلَيْلَةُ الجُمُعَةِ ؛ لِأَنَّهَا محَال إِجَابَةِ الدُّعَاءِ.

(حاشية القليوبي على المحلي: ٣٥٩/١)

ഇമാം മുർതളാ അസ്സബീദി ﵀ പറയുന്നത് കാണൂ. “ഇമാം തഖിയ്യു സുബ്കി ﵀ തന്റെ തഫ്സീറിൽ പറയുന്നു: ശഅബാൻ പതിനഞ്ചാം രാവിനെ ആരാധനകൾ നിർവഹിച്ച് ജീവിപ്പിക്കൽ ഒരു വർഷത്തെ ദോഷം പൊറുപ്പിക്കും”

قال الإمام مرتضى الزبيدي: قلتُ: وقد ذكر التقي السبكي في تفسيره أنّ إحياء ليلة النصف من شعبان يكفّر ذنوب السنة.

(اتحاف السادة المتقين: ٤٢٧/٣)

 

Related Posts