Site-Logo
POST

പ്രമാണ വായനയുടെ ശരിയായ രീതി

മുഹമ്മദ്‌ ഖ്വാജ മുഈനുദ്ധീൻ നൂറാനി പൊന്നംകോട്

|

16 Feb 2024

feature image

ഏതൊരു പ്രത്യയ ശാസ്ത്രത്തിന്റെയും വിവിധ പ്രശ്നങ്ങളിലുള്ള നിലപാടുകൾ ഗ്രഹിക്കാൻ സാധ്യമാകുക അതിന്റെ പ്രമാണങ്ങളെ കൃത്യതയാർന്ന വായനക്ക് വിധേയമാക്കുമ്പോൾ മാത്രമാണ്. പ്രസ്തുത വായനാ രീതിയിൽ നിന്നും തെന്നിമാറിയുള്ള അക്ഷര വായനകളാണ് അവാന്തര വിഭാഗങ്ങൾ, വ്യാജ ആത്മീയ പ്രസ്ഥാനങ്ങൾ, മതവിമർശനങ്ങൾ ഇവയയെല്ലാം രൂപപ്പെടുത്തുന്നത് . ഇസ്‌ലാമിക ലോകത്ത് ഈ പ്രതിഭാസം വളരെ വ്യക്തമാണ്. അല്ലാഹുവിന് മാത്രമേ വിധി പ്രസ്താവത്തിന് അർഹതയുള്ളുവെന്ന ഖുർആൻ വാക്യത്തോടുള്ള ഖവാരിജികളുടെ തെറ്റായ സമീപനം മുതൽ അല്ലാഹുവിനോട് മാത്രമേ സഹായഭ്യർത്ഥന പാടുള്ളൂ എന്ന ഖുർആൻ വാക്യത്തെ മുഖ്യധാര മുസ്‌ലിംകളെ മതത്തിനു പുറത്തു നിർത്താനുള്ള മാധ്യമമായി നവ ബിദഈ പ്രസ്ഥാനങ്ങൾ മനസ്സിലാക്കുന്നത് വരെയുള്ള ബിദഈ ആലോചനകളുടെ നിദാനം പ്രമാണങ്ങളുടെ വായനാ രീതിയിൽ പൂർവിക പണ്ഡിതർ സ്വീകരിച്ച നിലപാടിനോട് പുറംതിരിഞ്ഞു നിന്നുവെന്നതാണ്.

പ്രമാണ വായനയുടെ രീതി ശാസ്ത്രം പഠിപ്പിക്കുന്ന ഗ്രന്ഥങ്ങൾ (ഉദാ: ജംഉൽ ജവാമിഅ) ആഴത്തിൽ പഠന വിധേയമാക്കാത്തതും പ്രയോഗവത്കരിക്കാത്തതും ആധുനിക ബിദഇകളുടെ അടിസ്ഥാനപരമായ പ്രശ്നമാണ്. തദനുസൃതം പ്രമാണങ്ങളെ വായനാ വിധേയമാക്കുമ്പോൾ തീർച്ചയായും അഹലുസ്സുന്നയെന്ന(അശ്അരിയ്യത്, മാതുരീദിയ്യത് )മുഖ്യധരാ മുസ്‌ലിം നിലപാടുകൾ നമുക്ക് മുമ്പിൽ അനാവൃതമാകും. അത് സ്വീകരിക്കത്തിടത്തോളം ബിദഇകൾ കലഹിച്ചു കൊണ്ടേയിരിക്കും. പ്രസ്തുത വായനാ രീതി കൃത്യതയോടെ പ്രയോഗിച്ചു ബിദഈ വാദങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ച മഹാനാണ് ഇ.കെ ഹസൻ മുസ്‌ലിയാർ. ഇസ്‌ലാമിക പ്രമാണങ്ങളെ വായിക്കുന്ന ഒരു പഠിതാവ് പാലിക്കേണ്ട രീതിശാസ്ത്രവും അതിനെ നിരാകരിച്ചിടത്ത് ബിദഇകൾക്ക് സംഭവിച്ച അബദ്ധങ്ങളുടെ ഉദാഹരണങ്ങളും ഹൃസ്വമായി വിവരിക്കുന്ന മഹാനവർകളുടെ ചെറു കുറിപ്പാണ് ഈ ലേഖനത്തിന്റെ പ്രധാന ഉള്ളടക്കം.

തഖ്ലീദിലധഷ്ഠിതമായ പ്രമാണ വായനകളാണ് മതത്തിന്റെ ശരിയായ നിലപാടുകളെ നമുക്ക് പരിചയപ്പെടുത്തുന്നത്. ജ്ഞാനമില്ലാത്തവർ ജ്ഞാനമുള്ളവരിൽനിന്നും പ്രശ്ന പരിഹാരം ഗ്രഹിക്കണമെന്നാണ് ഖുർആനിക ഭാഷ്യം. അഥവാ തഖ്‌ലീദാണ് മത നിലപാടുകളെ ഗ്രഹിക്കാനുള്ള ജ്ഞാനമില്ലാത്തവരാകുന്ന നമ്മുടെ മുമ്പിലുള്ള പോംവഴി. ഖുർആൻ, ഹദീസ്, എന്ന അടിസ്ഥാന പ്രമാണങ്ങളെ ഗവേഷണാത്മകമായി സമീപിക്കാനുള്ള തന്റെ ശേഷിയില്ലായ്മ ഉൾക്കൊണ്ട്‌ ശേഷിയുള്ള വിശിഷ്ട പണ്ഡിതരുടെ ഗവേഷണങ്ങളെ ജീവിത മാർഗമാക്കുക എന്ന വിനയമാണ് യഥാർത്ഥത്തിൽ തഖ്‌ലീദ്. ശേഷിയുള്ള പണ്ഡിതർ ഗവേഷണമെന്ന ആയാസകരമായ ദൗത്യം അതിന്റെ ഏറ്റവും മനോഹരിതയിൽ നിർവഹിച്ചിട്ടുണ്ട്. പിൽകാല പണ്ഡിതർ മുൻഗാമികളുടെ ഗവേഷണ ഫലങ്ങളെ കൃത്യമായി പിൻതലമുറക്ക് കൈമാറുകയും പുതു പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ തഖ്ലീദിലധിഷ്ഠിതമായ “ബഹ്സ് ” എന്ന സാങ്കേതിക രീതി പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉപര്യുക്ത രീതിയിൽ ക്രോഡീകൃതമായത് നാല് മദ്ഹബുകളാണെന്നിരിക്കെ അവകൾക്കപ്പുറം സഞ്ചരിക്കൽ ഇസ്‌ലാമിക പണ്ഡിതലോകം മത വിരുദ്ധമായി ഗണിച്ചിട്ടുണ്ട്.

ഇബ്നു തൈമിയ്യ, ഇബ്നു അബ്ദുൽ വഹാബ് തുടങ്ങിയ ഉല്പത്തിഷ്ണു നേതാക്കളടക്കം നാല് മദ്ഹബുകളുടെ പ്രമാണികതയെ അംഗീകരിക്കുന്നുണ്ട്. ഇരുവരും ഹമ്പലീ ധാര പിന്തുടർന്നവരാണെന്നത് സ്മര്യമാണ്. നാല് ഇമാമുകളുടെ അറിവുകൾ അവരുടെ ഗ്രന്ഥങ്ങളിലുള്ളതിനേക്കാൾ എത്രയോ മടങ്ങാണെന്ന് ഇബ്നു തൈമിയ്യ തന്റെ “റഫ്‌ഉൽ മാലാമി”ൽ എഴുതുന്നുമുണ്ട്. താൻ ജ്ഞാനമില്ലാത്തവനാണെന്ന ബോധ്യമുറക്കുമ്പോഴേ തഖ്ലീദിനെ ഉൾകൊള്ളാൻ സാധ്യമാവുകയുള്ളു. തഖ്ലീദിനെ “അന്ധമായ അനുകരണ”മെന്ന പരികല്പന നൽകി, തങ്ങളുടെ ഗവേഷണ ശേഷിയില്ലായ്മ അംഗീകരിക്കാതെയുള്ള “അഹങ്കാര മനോഭാവവു”മായി ഖുർആനും, ഹദീസും പ്രശ്ന പരിഹാരങ്ങൾക്ക് വേണ്ടി ചികഞ്ഞവർ സ്വാഹബത്തിന്റെ ഏകോപിത തീർപ്പുകളെ (ഇജ്മാഅ)പോലും നിരാകരിക്കാൻ നിർബന്ധിതരായി. അങ്ങനെയാണ് തറാവീഹ് എട്ടായി ചുരുങ്ങുന്നതും ജുമുഅ രണ്ടാം വാങ്ക് തിരുസുന്നതിനോടുള്ള നിഷേധമായിതീരുന്നതുമെല്ലാം.

തന്റെ പരിമിതായ ജ്ഞാന വലയത്തിനുള്ളിലെ ബോധ്യത്തെക്കാൾ കൃത്യവും, സൂക്ഷ്മവും, തെളിവുകളിലാധിഷ്ഠിതവുമാണ് മഹാജ്ഞാനികളുടെ ബോധ്യങ്ങളെന്നു ഓരോ മുസ്‌ലിമും ഉൾക്കൊള്ളണം. അല്ലാത്തിടത് ഏത് പ്രശ്നത്തിലും പ്രവാചകൻ ചെയ്തിട്ടുണ്ടോ? സ്വാഹബത് ചെയ്തിട്ടുണ്ടോ? ഉത്തമ തലമുറ ചെയ്തിട്ടുണ്ടോ? തുടങ്ങിയ ഇസ്‌ലാമിക നിയമ നിർമാണ രീതി ഗ്രഹിക്കാതെയുള്ള അനർത്ഥമായ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടു കൊണ്ടേയിരിക്കും.
പ്രമാണങ്ങളിലെ പദങ്ങൾക്കും, വാക്യങ്ങൾക്കും എങ്ങനെ അർത്ഥം നൽകണമെന്നത് മറ്റൊരു പ്രധാന പ്രശ്നമാണ്. ഒരു പദത്തിന്റെ അർഥങ്ങളെ മതപരമായത് (ശർഇയ്യ്), ഭാഷാപരമായത് (ലുഗവിയ്യ് ), പൊതുവായത് (ഉർഫിയ്യ് )ഇങ്ങനെ വേർതിരിക്കാം. ഖുർആൻ ഹദീസ്,ഇവകളിലെ പദങ്ങൾക്ക് നൽകേണ്ടത് മതപരമായ അർത്ഥമാണ്. അതിനു സാധ്യമാക്കത്തിടത് മാത്രമാണ് ഇതര അർഥങ്ങൾക്ക് സാധുതയുള്ളൂ.

“അല്ലാഹുവിനോട് മാത്രം ദുആയിരക്കുക” എന്ന പ്രമാണ വാക്യത്തിലെ “ദുആ” എന്ന പദത്തിന് ആരാധന (ഇബാദത്) എന്ന മതപരമായ അർത്ഥം നൽകണം. തദനുസൃതം ആരാധനയുടെ പരിധിയിൽ വരുന്ന ചിന്തകൾ, കർമങ്ങൾ, വിളികൾ എല്ലാം അല്ലാഹുവിനോട് മാത്രമായിരിക്കണമെന്ന് അർത്ഥം ലഭിക്കുന്നു. സൃഷ്ടികൾക്കിടയിൽ സൃഷ്ടികളാണെന്ന പൂർണ ബോധ്യത്തോടെ സംഭവിക്കുന്ന ഭൗതിക അഭൗതിക സഹായർത്ഥനകൾ തൗഹീദിന്റെ ഭാഗമായിത്തീരുകയും ചെയ്യുന്നു. ഭാഷപരമായ “സഹായർത്ഥന” എന്നർത്ഥം നൽകുമ്പോൾ ഇസ്‌ലാമിക ജ്ഞാന ശ്രേണിയിലെ പണ്ഡിതർ ബഹുദൈവാരാധകരാകുക എന്ന അനർത്ഥം സംഭവിക്കുന്നു.

“എല്ലാ ബിദ്അതും വഴികേടാണെന്ന” പ്രവാചകവചനവും വായനാവിധേയമാക്കേണ്ടത് ഉപര്യുക്ത രീതിയിലാണ്. “പ്രമാണങ്ങളിൽ പൊതുവായ ഒരു അടിസ്ഥാനം പോലുമില്ലാത്തത്” എന്നാണ് ബിദ്അതിന്റെ മതപരമായ വിവക്ഷ. അപ്പോൾ അവകളായിതീരും പരാമർശിത ഹദീസിലെ ഉദ്ദേശം. തദനുസൃതം പ്രമാണങ്ങളിൽ പൊതുവായ അടിസ്ഥാനമുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നിർമാണം, തിരുജന്മത്തിലുള്ള വിപുലമായ സന്തോഷം തുടങ്ങിയവ മതത്തിന്റെ ഭാഗമാകുന്നു. ഉപര്യക്ത രീതിയിലാണ് ഇമാം ശാഫി പോലോത്ത ഇസ്‌ലാമിക ജ്ഞാന ശ്രേണിയിലെ പണ്ഡിതരെല്ലാം പ്രസ്തുത ഹദീസിനെ സമീപിച്ചത്. ഹദീസിലെ “ബിദ്അത് “എന്ന പദത്തിന് കേവലം “പുതുതായുണ്ടായത് “എന്ന ഭാഷാർത്ഥം നൽകുന്ന പക്ഷം പുതുമകളോട് ക്രിയാത്മകമായി പ്രതികരിക്കാത്ത വരണ്ട മതമായി ഇസ്‌ലാം മാറും. ഇസ്‌ലാമിക ലോകം അംഗീകരിച്ച പല നന്മകളും ത്രണവൽഗണിക്കേണ്ടി വരികയും ചെയ്യും.

ഹഖിഖത്ത്(യഥാർത്ഥ അർത്ഥം), മജാസ് (അലങ്കാരികപ്രയോഗം )തുടങ്ങിയ സാഹിത്യ രൂപങ്ങളെ ഗ്രഹിക്കേണ്ടത് പ്രമാണ വായനയിൽ പ്രധാനമാണ്. ഒരു പദത്തിന് അതിന്റെ യഥാർത്ഥ അർത്ഥം നൽകുന്നിടത് അസംഭവ്യതയോ, മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അലങ്കാരികർത്ഥതിലേക്ക് നീങ്ങേണ്ടി വരും. “അല്ലാഹുവിന്റെ വജ്ഹ്, യദ്” തുടങ്ങിയുള്ള പ്രമാണപ്രയോഗങ്ങൾക്ക് യഥാർത്ഥ അർത്ഥം നൽകുമ്പോൾ അസംഭവ്യതയും, “അല്ലാഹുവിനെ പോലെ മറ്റൊന്നുമില്ലെ”ന്ന വ്യക്തമായ പ്രമാണത്തോട് വിരുദ്ധമാകലും സംഭവിക്കുന്നു. അതിനാൽ ഉപര്യുക്ത വാക്യങ്ങൾക്ക് ആലങ്കരികാർത്ഥം കല്പിച്ചവരും(തഅവീൽ )യാഥാർഥ്യം ഉദ്ദേശ്യമല്ലെന്ന ബോധ്യത്തോടെ മൗനം ദീക്ഷിച്ചവരും (തഫ്വീള് ) ഇസ്‌ലാമിക ജ്ഞാന ശ്രേണിയിലെ വീശിഷ്ട പണ്ഡിതരിലുണ്ട്. ഉപര്യുക്ത രീതിയിൽ പരാമർശിത പ്രമാണ വാക്യങ്ങളെ സമീപിക്കാതിരുന്നപ്പോൾ സ്രഷ്ടാവിനെ സൃഷ്ടിയുടെ പരിമിതിയിൽ നിർത്തിയ മുജസിമത് പോലോത്ത ബിദഈ കക്ഷികൾ രൂപപ്പെട്ടിട്ടുണ്ട്. അവരുടെ കൈവഴികൾ ഇന്നും വ്യത്യസ്ത നാമങ്ങളിൽ ലോകത്ത് നിലനിൽക്കുന്നുമുണ്ട്.

സ്രഷ്ടാവിന്റെ വിശേഷണങ്ങൾ സൃഷ്ടിയിൽ പ്രയോഗിക്കുന്ന പ്രമാണങ്ങളെയും ഉപര്യുക്ത രീതിയിൽ വായനാ വിധേയമാക്കണം. “അല്ലാഹുവാണ് സംരക്ഷകൻ, നിയന്ത്രിക്കുന്നവൻ” എന്ന് നിരന്തരം ഓർമ്മപ്പെടുത്തുന്ന ഖുർആൻ തന്നെ സൃഷ്ടികളെ സംബന്ധിച്ച് “അവർ സംരക്ഷിക്കുന്നു, നിയന്ത്രിക്കുന്നു” എന്ന് പറയുന്നുണ്ട്. അല്ലാഹുവിന്റെ സംരക്ഷണം, നിയന്ത്രണം, യഥാർത്ഥമാണെന്നും, സ്വതന്ത്രമാണെന്നും സൃഷ്ടികളുടേത് ആലങ്കാരികവും, അവന്റെ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും വിവരിക്കുന്നിടത്ത് പ്രത്യക്ഷ തലത്തിലുള്ള വൈരുധ്യം ഇല്ലാതാകുന്നു. സൃഷ്ടികളുടെ ഭൗതിക അഭൗതിക സംരക്ഷണവും നിയന്ത്രണങ്ങളും തൗഹീദിന്റ ഭാഗമാവുകയും ചെയ്യുന്നു. അല്ലാത്ത പക്ഷം സൃഷ്ടികളുടെ അഭൗതിക ഇടപെടലുകളെ കുറിച്ച് സംസാരിച്ച ഇസ്‌ലാമിക ലോകത്തെ പണ്ഡിതരും ഇബ്നു ഖയ്യിമിനെ പോലാത്ത ഉല്പത്തിഷ്ണു വിഭാഗങ്ങ നേതാക്കളും ഇസ്‌ലാമിക വൃത്തതിനപ്പുറത്തെത്തും.

പ്രമാണ വായനയിൽ പ്രയോഗവൽക്കരിക്കേണ്ട രീതിശാസ്ത്രം സമൂലമായി തന്നെ നിദാന ശാസ്ത്ര പണ്ഡിതർ വിശകലനം ചെയ്തിട്ടുണ്ട്. ജംഉൽ ജാവാമിഅ, ശർഹുൽ വറഖത്‌, തുടങ്ങിയ നിദാന ശാസ്ത്ര ഗ്രന്ഥങ്ങളാണ് പൊതുവിൽ കേരളീയ ജ്ഞാന പാരമ്പര്യത്തിൽ പഠന വിധേയമാക്കാറുള്ളത്. പ്രസ്തുത രീതി ശാസ്ത്രമാണ് ഓരോ വിശ്വസിയും സ്വീകരിക്കേണ്ടത്. തദടിസ്ഥാനത്തിൽ പ്രമാണങ്ങൾ വായനാ വിധേയമാകുമ്പോൾ പാരമ്പര്യ ഇസ്‌ലാമെന്ന അഹ്ലുസ്സുന്നയെ നമുക്ക് കാണാം. ഇസ്‌ലാമിക ജ്ഞാന ശ്രേണിയിലെ പണ്ഡിതർ പിന്തുടർന്ന പ്രസ്തുത വായനാരീതി നിരാകരിക്ക്കുമ്പോൾ ബിദ്അത് രൂപം പ്രാപിക്കും. അങ്ങനെ അവർ അഹ്ലുസ്സുന്നക്ക് നേരെ ഷിയാ -ഷിർകാരോപണങ്ങൾ ആരോപിച്ചു കൊണ്ടേയിരിക്കും. പ്രശ്ന പരിഹാരം അക്ഷര വായനയിൽ നിന്നും വ്യവസ്ഥാപിത വായനയിലേക്കുള്ള കൂടു മാറ്റം മാത്രമാണ്.

 

Related Posts