ഭിന്നതയുടെ വഴികളായി നാല് മദ്ഹബുകളെ മദ്ഹബ് വിരോധികൾ വിശേഷിപ്പിക്കാറുണ്ട്. യഥാർത്ഥത്തിൽ പരസ്പരം അംഗീകരിച്ചും ആദരിച്ചുമാണ് നാല് ഇമാമുകളും അവരുടെ പിൻഗാമികളും ജീവിച്ചുപോന്നത്. ഇമാമുകളുടെ ജീവിതചരിത്രത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന രംഗങ്ങളല്ല, ആദരവിന്റെയും ബഹുമാനത്തിന്റെയും മാതൃകയാണ് നമുക്ക് കാണാൻ കഴിയുന്നത്. ഒന്ന് രണ്ട് അടിസ്ഥാന വിഷയങ്ങൾ ഗ്രഹിക്കുമ്പോൾ ഇത് കൂടുതൽ ബോധ്യമാകും. ഒന്ന്, വിധികളുടെ പ്രായോഗിക രംഗത്ത് മറ്റ് ഇമാമുകളെ പരിഗണിക്കണമെന്ന് സർവ്വ ഇമാമുകളും രേഖപ്പെടുത്തുന്നു.
ഉദാഹരണത്തിന് വുളൂഅ നിർവ്വഹിക്കുമ്പോൾ കൈകാലുകൾ തേച്ച് കഴുകണം. ഇക്കാര്യത്തിൽ ഇമാമുകൾക്കിടയിൽ വീക്ഷണ വ്യത്യാസമില്ല. ഈ തേച്ചുകഴുകുന്നതിന് നിർബന്ധമെന്നാണ് വിധി പറയേണ്ടതെന്ന് ഇമാം മാലിക്(റ). എന്നാൽ സുന്നത്താണെന്ന വീക്ഷണത്തിലാണ് ഇമാം ശാഫിഈ(റ). ഇവിടെ ഇമാം ശാഫിഈ(റ) ഇത് സാധാരണ സുന്നത്താണെന്നല്ല വിധി പറയുന്നത്. മുഅക്കദായ (ശക്തമായ) സുന്നത്തെന്നാണ്. കാരണം, ഇമാം മാലിക്(റ)വിന്റെ ഭിന്നവീ ക്ഷണം പരിഗണിച്ചാണ് ഇങ്ങനെ പറയാൻ കാരണം. ഇതിന് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണുന്ന പ്രയോഗമാണ് خروجا من خلاف من اوجبه എന്നത്.
നിർബന്ധമാണെന്ന് പ്രഖ്യാപിച്ചവരുടെ വിപരീത വീക്ഷണം കൂടി പരിഗണിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഇങ്ങനെ ധാരാളം വിധികളെ സംബന്ധിച്ച് ഇമാമുകൾ മദ്ഹബിന്റെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മറ്റു മദ്ഹബുകൾക്ക് ഇമാമുകൾ നൽകുന്ന പരിഗണനയെയാണ് നമുക്ക് ബോധ്യപ്പെടുത്തുന്നത്.
മറ്റു മദ്ഹബിനെ അനുകരിക്കുന്നതിനെ ഒരു മദ്ഹബിന്റെ ഇമാമും വിലക്കുന്നില്ലെന്നതും പ്രത്യുത അനുവദിക്കുകയും അംഗീകരിക്കുകയുമാണെന്നതും ഈ വിഷയത്തിൽ ഓർമ്മിക്കേണ്ട അടിസ്ഥാന വിജ്ഞാനമാണ്. ഫത്ഹുൽ മുഈൻ, തുഹ്ഫ, നിഹായ, മുഗ്‌നി തുടങ്ങി റൗള, ഹാവി ഉൾപ്പെടെ സർവ്വ ശാഫിഈ മദ്ഹബിന്റെ ഗ്രന്ഥങ്ങളിലും മറ്റു മദ്ഹബുകളെ തഖ്ലീദ് ചെയ്യാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതേ രൂപത്തിൽ തന്നെയാണ് ഈ വിഷയത്തെ മറ്റു മദ്ഹബിന്റെ ഇമാമുകളും സമീപിക്കുന്നത്.
മദ്ഹബുകൾ തമ്മിൽ പ്രശ്നങ്ങൾഉണ്ടെന്ന രൂപത്തിൽ മദ്ഹബ് വിരോധികൾ പ്രചരണം നടത്താറുണ്ട്. യഥാർത്ഥത്തിൽ ഇസ്‌ലാമിലെ ഭൂരിഭാഗം വിഷയങ്ങളും മദ്ഹബുകൾക്ക് വിധേയമാകുന്ന വീക്ഷണ വ്യത്യാസമുള്ള വിഷയങ്ങളേ അല്ല. ഉദാഹരണത്തിന് വുളൂഅ. വുളൂഅ നിർവ്വഹിക്കുമ്പോൾ മുഖം കഴുകൽ, കൈ കഴുകൽ തുടങ്ങി വിശുദ്ധ ഖുർആനിലും ഹദീസിലും വ്യക്തമായി വന്ന കാര്യങ്ങളെല്ലാം എല്ലാ പണ്ഡിതരും ഏകോപിച്ച വിഷയങ്ങളാണ്. ഇത് മദ്ഹബുകൾക്ക് വിധേയമാകുന്ന ഫിഖ്ഹ് തന്നെയല്ല. എന്നാൽ ചുരുക്കം ചില വിധികളിൽ രണ്ട് വിധം മദ്ഹബുകൾ സ്വഹാബത്തിനുണ്ട്. ഇക്കാരണത്താൽ താബിഈങ്ങൾക്കും ഇമാമുകൾക്കുമുണ്ട്. ഇമാമുകൾ ക്രോഡീകരിച്ചു വെച്ചതിനാൽ കാലാകാലങ്ങളിലുള്ള മുസ്‌ലിം ലോകത്തിന് ഈ മദ്ഹബുകൾ ലഭിച്ചു. വളരെ ചുരുങ്ങിയ വിഷയങ്ങളിൽ മൂന്ന് വീക്ഷണങ്ങളും വളരെ വളരെ ചുരുങ്ങിയ വിഷയങ്ങളിൽ നാല് വീക്ഷണങ്ങളുമുണ്ട്.
ഇസ്‌ലാമിൽ നാല് അംഗീകൃത മദ്ഹബുകളുണ്ടെന്ന് പറയുന്നതിന്റെ അർത്ഥം എല്ലാ വിഷയങ്ങളിലും നാല് വീക്ഷണങ്ങളുണ്ടെന്നല്ല. മറിച്ച് ഒരു വിഷയത്തിലും നാലിനേക്കാൾ അധികമില്ലെന്നാണ്. ഉള്ള വീക്ഷണ വ്യത്യാസങ്ങൾ തന്നെ മിക്കപ്പോഴും പ്രായോഗിക ജീവിതത്തെ ബാധിക്കുകയുമില്ല. ഉദാഹരണത്തിന് വുളൂഅ നിർവ്വഹിക്കുമ്പോൾ തല അൽപം
തടവിയാൽ മതിയെന്നും മുഴുവനും തടവണമെന്നും നിറുകയുടെ അളവെങ്കിലും തടവണമെന്നും വീക്ഷണ വ്യത്യാസങ്ങളുണ്ട്. ഒരു മുസ്‌ലിം തല മുഴുവൻ തടവിയാൽ എല്ലാ വീക്ഷണമനുസരിച്ചും അയാളുടെ വുളൂഅ പൂർണ്ണമാകുന്നു. സ്ത്രീകളെ തൊട്ടാൽ വുളൂഅ മുറിയുമോ എന്നത് വീക്ഷണവ്യത്യാസമുള്ള മറ്റൊരു വിഷയമാണ്. സൂക്ഷ്മത പുലർത്തുന്ന വിശ്വാസി ഏത് മദ്ഹബുകാരനായാലും സ്ത്രീകളെ തൊടാതെ നിസ്‌കരിക്കുകയോ തൊട്ടുപോയാൽ വീണ്ടും വുളൂഅ നിർവ്വഹിക്കുകയോ വേണം. എല്ലാ ഇമാമുകളും ഇങ്ങനെ സൂക്ഷമത പുലർത്തണമെന്നാണ് പഠിപ്പിച്ചത്. ഒരു വിഷയത്തിന്റെ വിധി പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് മിക്കപ്പോഴും ഈ വീക്ഷണ വ്യത്യാസങ്ങൾ പ്രകടമാവുക.
മദ്ഹബിന്റെ ഇമാമുകളിൽ പലർക്കും പരസ്പരം ഗുരുശിഷ്യ ബന്ധമുണ്ട്. ആരും ആരെയും ആക്ഷേപിച്ചില്ല. പരസ്‌പരം സ്നേഹിക്കുകയും ആദരിക്കുകയും മാത്രം ചെയ്തു. ഇമാമുകളുടെ ചരിത്രം വായിക്കുമ്പോൾ നമുക്കത് ബോധ്യപ്പെടും.