ചോദ്യം: അറഫ, ആശൂറാഅ, ബറാഅത്ത് തുടങ്ങിയ ദിവസങ്ങളിൽ ഖളാആയ ഫർള് നോമ്പും പ്രസ്തുത ദിവസങ്ങളിലെ സുന്നത്ത് നോമ്പും ഒന്നിച്ചു നിയ്യത്ത് ചെയ്താൽ രണ്ടും ലഭിക്കുമോ? വ്യത്യസ്ത അഭിപ്രായങ്ങൾ കേൾക്കുന്നുണ്ട്. വിശദീകരണം പ്രതീക്ഷിക്കുന്നു.
ഉത്തരം: കർമ്മ ശാസ്ത്ര ഇമാമുകൾക്ക് വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടെങ്കിലും രണ്ടും നിയ്യത്ത് ചെയ്താൽ രണ്ടും ലഭിക്കുമെന്നതാണ് ശാഫിഈ മദ്ഹബിൽ പ്രബലം.
ശൈഖ് സൈനുദ്ദീൻ മഖ്‌ദും ﵀ എഴുതി: അറഫ, ആശൂറാഅ പോലെയുള്ള ദിവസങ്ങളിൽ സുന്നത്തും ഫർളും ഒന്നിച്ച് നിയ്യത്ത് ചെയ്താൽ ഒന്നും ലഭിക്കുകയില്ലെന്ന് “മജ്‌മൂഇനെ പിന്തുടർന്ന് അസ്‌വി പറഞ്ഞതിന് വിരുദ്ധമായി പ്രസുത ദിവസങ്ങളിൽ ഒരു ഫർള് നോമ്പനുഷ്ഠിച്ചാൽ തന്നെ സുന്നത്ത് നോമ്പിന്റെയും കൂടി പ്രതിഫലം ലഭിക്കുമെന്ന് കർമ്മശാസ്ത്ര ഇമാമുകളിൽ പലരും ഫത്‌വ നൽകിയിട്ടുണ്ട്.
ശൈഖ് സകരിയ്യൽ അൻസ്വാരിയെ പോലെ തന്നെ നമ്മുടെ ശൈഖ് ഇബ്നു ഹജർ ﵀ പറഞ്ഞത് ഇപ്രകാരമാണ്: പ്രസ്തുത ദിവസങ്ങളിൽ നോമ്പുണ്ടായിരിക്കണമെന്നതാണ് ഉദ്ദേശ്യം എന്നു പറയലാണ് ശരി. അപ്പോൾ അത തഹിയ്യത്ത് പോലെയാണ്. ഫർളിനോടൊന്നിച്ച് സുന്നത്തിനെയും കൂടി നിയ്യത്ത് ചെയ്താൽ രണ്ടിന്റെയും പ്രതിഫലം ലഭിക്കുന്നതാണ്. ഫർള് മാത്രം നിയ്യത്ത് ചെയ്താൽ സുന്നത്തിന്റെ ത്വലബ് -നിർദ്ദേശം- വീടുന്നതാണ്. പ്രതിഫലം ലഭിക്കുകയില്ല (ഫത്ഹുൽ മുഈൻ പേജ് 204). എന്നാൽ പ്രസ്തുത ദിനങ്ങളിൽ ഫർള് നോമ്പ് ഖളാഅ വീട്ടിയാൽ തന്നെ സുന്നത്ത് നോമ്പിന്റെ പ്രതിഫലം ലഭിക്കുമെന്നും എന്നാൽ അത് ഏറ്റവും പൂർണ്ണമായ പ്രതിഫലമാവുകയില്ലെന്നുമാണ് ഇമാം റംലി ﵀ നിഹായ 3-208ൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഫർള് നോമ്പ് മാത്രം നിയ്യത്ത് ചെയ്താലും സുന്നത്തിന്റെയും പ്രതിഫലം ലഭിക്കുമെന്ന് ഇമാം റംലി ﵀ യും സുന്നത്തും ഫർളും നിയ്യത്ത് ചെയ്താലേ രണ്ടിന്റെയും പ്രതിഫലം ലഭിക്കുകയുള്ളൂ എന്ന് ഇമാം ഇബ്‌നുഹജർ ﵀ ഉം തമ്മിലുള്ള വീക്ഷണ വ്യത്യാസം ഇവിടെയുണ്ടെന്ന് ഫതാവൽ കുർദി, തർശീഹ് തുടങ്ങിയ വയിൽ വ്യക്തമാക്കിയിട്ടുണ്ട്. (ഫതാവൽ കുർദി 79 തർശീഹ് 171)