Site-Logo
POST

ഫത്‌വ, മുഫ്തി, ദാറുൽ ഇഫ്ത

12 Aug 2023

feature image

ഫത്‌വ എന്ന അറബി പദത്തിന് ഭാഷാപരമായി വ്യക്തതയോടെ കാര്യങ്ങള്‍ വിവരിക്കുക, ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക എന്നെല്ലാം അര്‍ത്ഥങ്ങള്‍ കാണാവുന്നതാണ്. പ്രശ്‌നങ്ങളില്‍ മതവിധി അറിയാനാഗ്രഹിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് യോഗ്യരായ പണ്ഡിതര്‍ നല്‍കുന്ന മറുപടികളെയാണ് കര്‍മശാസ്ത്രത്തില്‍ ഫത്‌വ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മദ്ഹബ് പിന്തുടരുന്ന പണ്ഡിതന്മാര്‍ ഫത്‌വയായി നല്‍കേണ്ടത് ആ മദ്ഹബിലെ പ്രബലമായ അഭിപ്രായമാണ്. കാരണം ഫത്‌വയുടെ പ്രാഥമികമായ ലക്ഷ്യം മദ്ഹബിലെ പ്രബലമായ അഭിപ്രായം ഏതാണെന്ന അന്വേഷണമാണ്.
ആദ്യകാലങ്ങളില്‍ പ്രമാണങ്ങളിലെ ഗവേഷണങ്ങളിലൂടെയായിരുന്നു ഫത്‌വകള്‍ നല്‍കിയിരുന്നത്. മുജ്തഹിദുകളായ ഇമാമുകളില്ലാത്ത ഈ കാലത്ത് മദ്ഹബിന്റെ ഇമാമുമാര്‍ രേഖപ്പെടുത്തിവെച്ചത് അവലംബിക്കുകയും അവ ഉദ്ധരിക്കലുമാണ് ഫത്‌വ നല്‍കാനുള്ള ഏക മാര്‍ഗം.

ഇബ്‌നു ഹജര്‍(റ) ഫതാവയില്‍ പറയുന്നു: ഈ അടുത്ത കാലങ്ങളില്‍ ഫത്‌വ എന്നാല്‍ മുന്‍ഗാമികള്‍ പറഞ്ഞത് ഉദ്ധരിക്കുകയും അവരുടെ വാക്കുകള്‍ അവലംബിക്കലുമാണ്. കാരണം ഇജ്തിഹാദിന്റെ എല്ലാ ഇനങ്ങളും ഇന്ന് അവസാനിച്ചിട്ടുണ്ട്. മുന്‍ഗാമികള്‍ പറഞ്ഞത് ഉദ്ധരിക്കലാണ് ഫത്‌വ നല്‍കാനുള്ള ഏക വഴി. ഫത്‌വകള്‍ രണ്ട് രൂപത്തില്‍ നല്‍കാം. വാമൊഴിയായും വരമൊഴിയയും. ആദ്യകാലഘട്ടം മുതല്‍ ഈ രണ്ട് രൂപങ്ങളിലും ഫത്‌വ നല്‍കാറുണ്ടായിരുന്നു. ഇന്നും അത് നിലനിന്ന് വരുന്നു.

ഫത്‌വ നല്‍കല്‍ അടി സ്ഥാനപരമായി ഫര്‍ള് കിഫയാണ്. എന്നാല്‍ നിര്‍ബന്ധവും സുന്നത്തുമാകുന്ന സന്ദര്‍ഭങ്ങളും ഉണ്ടാവാറുണ്ട്. ബിഗ്‌യ പറയുന്നത് കാണുക. ഒരു കാര്യം പ്രവര്‍ത്തിക്കുന്നതിലോ ഉപേക്ഷിക്കുന്നതിലോ ഹറാമോ കുറ്റമോ വന്നു ചേരുന്ന വിഷയത്തെ സംബന്ധിച്ച് ഫത്‌വ ചോദിച്ചാല്‍ മുഫ്തിക്ക് ഫത്‌വ നല്‍കല്‍ നിര്‍ബന്ധവും ഹറാമോ കുറ്റമോ വരാത്ത പ്രശ്‌നങ്ങളില്‍
സുന്നത്തുമാണ്. ഫത്‌വ കാരണം കുഴപ്പങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ടെങ്കില്‍ ഫത്‌വ നല്‍കാതിരിക്കലാണ് നല്ലത് (ബിഗ്‌യ).

ഫത്‌വ നല്‍കുക എന്ന ചുമതല വലിയ പ്രതിഫലം ലഭിക്കുന്നതും അതേസമയം അപകടം നിറഞ്ഞതുമായാണ് ഇമാം നവവി(റ) പരിചയപ്പെടുത്തുന്നത്. വളരെ കാര്യഗൗരവത്തോടെ ഇടപെടേണ്ട ഇടമാണ് ഫത്‌വ. ദീന്‍ പ്രചരിപ്പിക്കുക, ജനങ്ങള്‍ക്ക് അറിവ് പഠിപ്പിക്കുക തുടങ്ങി പ്രതിഫലാര്‍ഹമായ അനേകം നന്മകള്‍ക്ക് കാരണമാണത്. അതേസമയം തന്നെ വളരെ പേടിയോടെ കൈകാര്യം ചെയ്യേണ്ടതുമാണ്. ഇമം മാലിക്(റ) പറയുന്നത് കാണാം: ഫത്‌വ നല്‍കുന്നതിന് മുമ്പ് നരകത്തെയും സ്വര്‍ഗത്തെയും കുറിച്ച് ഓര്‍ക്കേണ്ടതുണ്ട്. ഫത്‌വ നല്‍കുന്നത് രണ്ടിനും കാരണ മാവുന്നു എന്നാണ് ഇമാം സൂചി പ്പിക്കുന്നത്.

മുഫ്തി

ഫത്‌വ നല്‍കുന്നയാളെയാണ് മുഫ്തി എന്നു വിളിക്കുന്നത്. മുഫ്തിമാരെ പല പദവികളിലായി പരിചയപ്പെടുത്തിയിട്ടുണ്ട് ഇമാം നവവി(റ), ആദ്യ കാലങ്ങളില്‍ മുജ്തഹിദുകളായ (ഗവേഷകര്‍) ഇമാമുകളും പില്‍ക്കാലത്ത് ശ്രേഷ്ഠ പണ്ഡിതരുമാണ് മുഫ്തികള്‍.
വളരെ ഗൗരവ സ്വഭാവത്തോടെയാണ് മുന്‍ഗാമികള്‍ ഫത്‌വയെ സമീപിച്ചിരുന്നത്.

അബ്ദുറഹ്മാനുബ്‌നു അബീലൈല പറയുന്നു. ഒരാള്‍ ഒരു അന്‍സ്വാരി സ്വഹാബിയോട് ഫത്‌വ ചോദിച്ചപ്പോള്‍ ആ സ്വഹാബി ചോദ്യകര്‍ത്താവിനെ മറ്റൊരു സ്വഹാബിയിലേക്ക് പറഞ്ഞയക്കുന്നതിന് ഞാന്‍ സാക്ഷിയായി. അങ്ങനെ 110 സ്വഹാ ബികളെ സമീപിച്ചതിന് ശേഷം അയാള്‍ ആദ്യത്തെ സ്വഹാബിയിലേക്ക് തന്നെ മടങ്ങിയെത്തി. ഫത്‌വ നല്‍കുന്നതിനെ മുഫ്തി എത്ര ഗൗരവത്തോടെ സമീപിക്ക ണമെന്നാണ് ഈ സംഭവം സൂചി പ്പിക്കുന്നതത്.

ഗവേഷണ യോഗ്യരല്ലാത്ത പണ്ഡിതന്മാര്‍ മുന്‍ഗാമികള്‍ രേഖപ്പെടുത്തിവെച്ച കര്‍മശാസ്ത്ര നിയമങ്ങളവലംബിക്കുകയും പ്രബലമായതുകൊണ്ട് ഫത്‌വ നല്‍കുകയും വേണം. എന്നാല്‍ ശാഫിഈ മദ്ഹബിലെ പ്രബലമല്ലാത്ത അഭിപ്രായമാണെന്ന് അറിയിച്ചുകൊണ്ട് തന്നെ ദുര്‍ബലമായ അഭിപ്രായങ്ങള്‍ മുഫ്തിക്ക് ചോദ്യകര്‍ത്താവിന് അറിയിച്ചുകൊടുക്കാവുന്നതാണ്. ഇത്തരം ഫത്‌വകള്‍ക്ക് ‘ഇര്‍ശാദിന്റെ ഫത്‌വ’ എന്നാണ് പ്രയോഗം.

സയ്യിദ് ഉമറുല്‍ ബസ്വരി(റ) പറയുന്നു: പ്രബലമല്ലാത്ത വീക്ഷണം ഫത്‌വയായി നല്‍കാന്‍ പാടില്ലെന്ന് പറഞ്ഞ നിയമം ചോദ്യകര്‍ത്താവിനെ ഈ വീക്ഷണമാണ് ശാഫിഈ മദ്ഹബില്‍ പ്രബലം എന്ന രൂപത്തില്‍ തെറ്റി ധരിപ്പിക്കുന്ന രീതിയില്‍ ഫത്‌വ നല്‍കുമ്പോള്‍ മാത്രമാണ് ബാധകമാവുക. പ്രബലമല്ലാത്ത വീക്ഷണമാണെന്നറിയിച്ചുകൊണ്ട് മറ്റ് അഭിപ്രായങ്ങളും ഫത്‌വ നല്‍കാവുന്നതാണ്.

മുഫ്തിയുടെ യോഗ്യതകള്‍

1) കര്‍മശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യം. നന്നായി പഠനം നടത്താത്തവന്‍ ഫത്‌വ നല്‍കാന്‍ യോഗ്യനല്ല. അവന് അനുവദനീയവുമല്ല. ഇമാം കുര്‍ദി(റ) പറയുന്നു. പ്രാഗത്ഭ്യമുള്ള പണ്ഡിതരില്‍ നിന്ന് പഠിക്കാതെ ഫത്‌വ നല്‍കാന്‍ തുനിയരുത്. അത് അനുവദനീയമല്ല. മതം ആഴത്തില്‍ പഠിക്കാതെ ഗ്രന്ഥങ്ങള്‍ വായിച്ച് ഫത്‌വ നല്‍കാവതല്ല.
2) കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ വാക്കുകള്‍ ഗ്രഹിക്കുന്നതോടൊപ്പം അവരുടെ വാക്കുകളുടെ വ്യാപ്തിയും താല്‍പര്യവും സൂചനകളും മനസ്സിലാക്കാനുള്ള പ്രാപ്തിയുണ്ടാവുക.
3) കര്‍മശാസ്ത്രത്തിലെ സാങ്കേതിക പദങ്ങളെക്കുറിച്ച് കൃത്യമായ അവബോധം.
4) കര്‍മശാസ്ത്രത്തിലെ പൊതുവായ തത്ത്വങ്ങളെ കുറിച്ചുള്ള അറിവ്
8) തന്നെക്കാള്‍ വലിയ പണ്ഡിതനില്‍ നിന്ന് ഫത്‌വ നല്‍കാനുള്ള അംഗീകാരം ലഭിക്കുക.
6) ഗവേഷണത്തിന് യോഗ്യനായ ആളാണെങ്കില്‍ പോലും മുഫ്തി ഫാസിഖ് (തെമ്മാടി) ആകാതിരിക്കുക.
7) അവലംബയോഗ്യമായ കിതാബുകളെ കുറിച്ച് ധാരണയുണ്ടാവുക. അവയുടെ ക്രമം, മുന്‍ഗണന തുടങ്ങിയവയും അറിയുക.
8) ഗ്രാഹ്യശക്തി, ബുദ്ധികൂര്‍മത ശരിയായ നിരീക്ഷണ പാടവം എന്നിവ ഉണ്ടാവുക.

മുഫ്തിയുടെ മര്യാദകള്‍

പ്രബലമായ മസ്അല കൊണ്ട് ഫത്‌വ നല്‍കുക, സന്ദര്‍ഭത്തിനനുസരിച്ച് പ്രബലമല്ലാത്തത് നിബന്ധനകള്‍ക്ക് വിധേയമായി മാത്രം നല്‍കുക.
പ്രശ്‌നങ്ങള്‍ നന്നായി പഠന വിധേയമാക്കുക.

– നിലപാടുകളില്‍ നിഷ്പക്ഷത
പുലര്‍ത്തുക.
ചോദ്യകര്‍ത്താവിനോടുള്ള ബന്ധമോ വിധേയത്വമോ സ്വാധീനിക്കാതിരിക്കുക.
– ഫത്‌വ നല്‍കുന്നതിനും പ്രശ്നങ്ങള്‍ പഠനവിധേയമാക്കുന്നതിനും വിഘാതമായ മാനസികാവസ്ഥയില്‍ ഫത്‌വ നല്‍കാതിരിക്കല്‍
– നല്‍കിയ മതവിധി തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തുകയും ചോദ്യകര്‍ത്താവിനെ അറിയിക്കുകയും ചെയ്യുക.
– ചിന്തയും പഠനവുമില്ലാതെ ഫത്‌വ നല്‍കാതിരിക്കല്‍.
മറുപടി പൊതുജനങ്ങള്‍ക്ക് വ്യക്തമാവുന്ന രൂപത്തിലും ചോദ്യകര്‍ത്താവിന്റെ സംശയം നീങ്ങുന രൂപത്തിലുമാവുക.
മറുപടി കൃത്യമായിരിക്കുക. ആവശ്യമായ ഇടങ്ങളില്‍ വി ശദീകരണം നല്‍കുക.
-മറുപടി തയ്യാറാക്കി മറ്റു പണ്ഡിതന്മാരുമായി ചര്‍ച്ച ചെയ്യുക. ഉമര്‍(റ) ഫത്‌വ നല്‍കുന്നതിന് മുമ്പ് സ്വഹാബത്തുമായി ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു.
ചോദ്യകര്‍ത്താവിന്റെ മാനസികവും ശാരീരികവുമായ വിഷയങ്ങള്‍ പരിഗണിച്ച് മറുപടി രൂപപ്പെടുത്താവുന്നതാണ്.
– കണിശത ഇഷ്ടപ്പെടുന്നവര്‍ക്ക് കണിശമായ മറുപടികളും കണിശമായ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ പൂര്‍ണമായി പാലിക്കാന്‍ സാധിക്കാത്തവര്‍ക്ക് ലഘൂകരണമുള്ള രീതിയിലും ഫത്‌വ നല്‍കാം. കൂടുതല്‍ പഠനം നടത്തേണ്ട ചോദ്യങ്ങളില്‍ അങ്ങനെ ചെയ്യുക.
– മുഫ്തിക്കറിയാത്ത മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ആ വിജ്ഞാനമുള്ളവരെ നിര്‍ദേശിക്കുക.
– എടുത്തുചാടി പറയാതിരി ക്കുക. തന്റെ മുമ്പില്‍ വന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്ന ശാഫിഈ(റ)വിനോട് അതിനെ
കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി ഇപ്രകാരമായിരുന്നു. ‘ആ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിലാണോ നിശ്ശബ്ദത പാലിക്കുന്നതിലാണോ നന്മയെന്ന് ചിന്തിക്കുകയാണ് ഞാന്‍. അത് തീരുമാനമായതിന് ശേഷം മറുപടി നല്‍കാം. ഇബ്‌നു ഉയയ്‌ന(റ) അര്‍ഹനായിട്ടുപോലും ഫത്‌വ നല്‍കുന്നതില്‍ താല്‍പര്യം കാണിക്കാതിരുന്നതും ചരിത്രമാണ്.

– അറിയാത്തവ അറിയില്ല എന്ന് മറുപടി നല്‍കാന്‍ മടിക്കാതിരിക്കുക, അല്ലെങ്കില്‍ പഠിച്ച് പറയുക, മദ്ഹബിന്റെ ഇമാമുകള്‍ വരെ അറിയാത്ത കാര്യങ്ങള്‍ക്ക് അറിയില്ലെന്ന് മറുപടി പറഞ്ഞിരുന്നു. ഗവേഷണം നടത്തി വേണം അവര്‍ക്ക് പ്രതിവിധികള്‍ നിര്‍ധാരണം നടത്താന്‍. പുതിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഗവേഷണം നടത്തുന്നതിന് മുമ്പായിരുന്നു അവരിങ്ങനെ പറഞ്ഞിരുന്നത്.

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: എനി ക്ക് അറിയില്ല എന്നു മറുപടി പറയാനറിയാത്തവന്‍ നാശത്തിന് വഴിയൊരുക്കുന്നവനാണ്. അറിയാത്ത കാര്യങ്ങളില്‍ എടുത്തുചാടി ഫത്‌വ നല്‍കുന്നതിന്റെ ശിക്ഷയും ഗൗരവവും ഓര്‍മപ്പെടുത്താനാണ് ഈ വിധത്തില്‍ അദ്ദേഹം സംസാരിക്കുന്നത്.
– ഫത്‌വ നല്‍കാന്‍ ആഗ്രഹവും താല്‍പര്യവും ഇല്ലാതിരിക്കുക. നിര്‍ബന്ധിതനായാല്‍ മാത്രം മതവിധി പറയുക. ഭൂമുഖത്തു നിന്ന് അറിവ് നഷ്ടപ്പെട്ടുപോകുമെന്ന് ഭയമില്ലെങ്കില്‍ താന്‍ ഫത് വ നല്‍കില്ലായിരുന്നു എന്ന് ഇമാം അബൂഹനീഫ(റ) പറഞ്ഞു. ഫത്‌വ നല്‍കാന്‍ അത്യാഗ്രഹമുള്ളവനും ഫത്‌വയിലേക്ക് എടുത്ത് ചാടുന്നവനും നന്മ ചെയ്യാനുള്ള ആഗ്രഹവും തൗഫീഖും (സൗഭാഗ്യം) കുറവായിരിക്കും. എന്നാല്‍ ഫത്‌വ നല്‍കാന്‍ നിര്‍ബന്ധിതനാകുന്നവന് അല്ലാഹുവിന്റെ സഹായം ലഭിക്കുകയും ചെയ്യും.

Related Posts