കമ്മിറ്റിക്ക് നല്‍കാമോ? നൽകിയാൽ അത് വീടുമോ?
ഫിത്ർ സകാത് നൽകേണ്ടത് സ്വന്തമായി നൽകുന്നതാണ് ഏറ്റവും ഉത്തമം. അല്ലെങ്കിൽ ഒരു വിശ്വസ്ഥനായ ഒരു വകീലിനെയോഇമാമിനെയോ എൽപ്പിക്കാം. കമ്മിറ്റി അതിന്റെ പരിധിയിൽ വരുന്നില്ല. വകീല് നിശ്ചിത വ്യക്തിയായിരിക്കണം (തുഹ്ഫ 5/298). കമ്മിറ്റി നിശ്ചിത വ്യക്തിയല്ലല്ലോ. മാത്രമല്ല, സകാത് കമ്മിറ്റിയെ ഏല്‍പിച്ചാൽ അത് അവനിക്ക് തന്നെ ലഭിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, ഒരാളെ വകാലത്ത് ഏല്‍പിച്ചാൽ അത് പിന്‍വലിക്കാന്‍ സൗകര്യമുണ്ടായിരിക്കണം (ഫത്ഹുല്‍മുഈന്‍ 271). സകാത് കമ്മിറ്റിയില്‍ ആ സൗകര്യമുണ്ടാവണമെന്നില്ല.
മറ്റൊരു കാര്യം, ഫിത്ർ സകാത് പോലുള്ള രഹസ്യ സമ്പത്തുകളുടെ സകാത് പിടിച്ചു വാങ്ങാന്‍ ഇസ്‌ലാമിക ഭരണാധികാരിക്ക് പോലും അവകാശമില്ല. എന്നല്ല ഹറാമുമാണ് (ഖല്‍യൂബി 2/43). അതിനാല്‍ സകാത് കമ്മിറ്റിക്ക് ഒരിക്കലും ആ അവകാശം ഉണ്ടാവില്ലല്ലോ. സകാത് ദായകന്‍തന്നെ നേരിട്ട് നല്‍കുന്നതാണ് വകീലിനെ ഏല്‍പ്പിക്കുന്നതിനേക്കാള്‍ ഉത്തമം. സകാത്ത് കമ്മിറ്റി ഇതിനെതിരാണ്. കാരണം സകാത്ത് അവകാശിയിലേക്ക് എത്തി എന്ന ഉറപ്പ് അവന് ലഭിക്കുമല്ലോ (മഹല്ലി 2/42,43). ഇമാം ഇബ്നു ഖാസിം(റ) പറഞ്ഞു: സകാത് സ്വയം വിതരണം ചെയ്യുകയോ അല്ലെങ്കില്‍ ഇമാമിലേക്ക് ഏല്‍പിക്കുകയോ (ഇമാം ഉണ്ടെങ്കില്‍) ചെയ്യലാണ് വകാലത്ത് ഏല്‍പിക്കുന്നതിനേക്കാള്‍ പുണ്യം എന്നതില്‍ തര്‍ക്കമില്ലതന്നെ (ഇബ്നു ഖാസിം 3/345).
എന്നാല്‍ സകാത് നല്‍കാന്‍ വിസമ്മതിക്കുന്നവരോട് കൊടുക്കാന്‍ വേണ്ടി കല്‍പിക്കല്‍ ജനങ്ങളില്‍ നിന്ന് ഓരോര്‍ത്തര്‍ക്കും ബാധ്യതയാണ് (ശര്‍വാനി 3/345). ഇതിന്റെ അടിസ്ഥാനത്തില്‍ സകാത് സംബന്ധമായി ജനങ്ങളെ ബോധവല്‍ക്കരിക്കാനും സകാതിന്റെ അവകാശികളിലേക്ക് ജനശ്രദ്ധ ക്ഷണിക്കാനും ആളുകള്‍ സംഘം ചേരുകയോ ഒരു കമ്മിറ്റിയായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതില്‍ തെറ്റില്ല. എന്നല്ല അത് പ്രോത്സാഹനാര്‍ഹവുമാണ്. ഒന്നിച്ച് താമസിക്കുന്ന കുടുംബക്കാരോ മറ്റോ ആയ ഒന്നിലധികം ആളുകള്‍ അവരുടെ സകാത് വെവ്വേറെ ശേഖരിച്ച് നിയ്യത്ത് ചെയ്ത ശേഷം അവ ഒരുമിച്ച്ക്കൂട്ടി അവകാശികള്‍ക്ക് വിതരണം ചെയ്യുന്ന പതിവിനെയാണ് ഉംദയില്‍ അനുവദനീയം എന്ന് പറഞ്ഞത്. അത് ഇന്നത്തെ സംഘടിത സകാത്തിന്‍റെ പരിധിയില്‍ പെടില്ല. കാരണം സകാതിന്‍റെ ഉടമസ്ഥര്‍ സംഘടിക്കുന്ന വിഷയം മാത്രമാണ് അവിടത്തെ ചര്‍ച്ച.
തങ്ങന്‍മാര്‍ക്കും അമുസ്‌ലിമിനും നല്‍കാമോ?
സകാത് ഇസ്‌ലാമിന്റെ ആരാധനയുമായി ബന്ധപ്പെട്ടതാകയാല്‍ അത് അമുസ്‌ലിമിന് നല്‍കരുത്. അവര്‍ക്ക് വേണമെങ്കില്‍ സ്വദഖയായിട്ട് വേറെ നല്‍കാം. അവരുടെ പ്രത്യേകമായ പൂജാ കര്‍മ്മങ്ങളിലും മറ്റും മുസ്‌ലിംകളും പങ്കെടുക്കാറില്ലല്ലോ. ഇതില്‍ ഒരിക്കലും വര്‍ഗീയത കടന്നുവരുന്നില്ല. നബി(സ്വ)യുടെ കുടുംബക്കാരായ തങ്ങന്‍മാര്‍ക്കും അത് നല്‍കരുത് എന്ന് ഇസ്‌ലാം അനുശാസിക്കുന്നു. കാരണം സകാത് ജനങ്ങളുടെ അവശിഷ്ടമാണല്ലോ. അത് നബികുടുംബത്തിന്റെ മാഹാത്മ്യത്തിന് യോചിച്ചതല്ല. സകാത് മുതലായി നബി(സ്വ)യുടെ വീട്ടിലെത്തിയ ഈത്തപഴത്തില്‍ നിന്ന് ഒരു ചുളയെടുത്ത് ചെറിയ കുട്ടിയായ ഹസന്‍(റ) വായിലിട്ടപ്പോള്‍ നബി(സ്വ) ഓടിയെത്തുകയും അതെടുത്തുമാറ്റുകയും ചെയ്തു. ഇത് എന്റെ കുടുംബത്തിന് അനുവദനീയമല്ല എന്നറിയില്ലേ എന്ന് ചോദിച്ച് ഗുണദോഷിക്കുകയും ചെയ്തു (രിയാളുസ്സ്വാലിഹീന്‍).
ചെറിയ കുട്ടിയാണെന്നതോ വായിലിട്ടു കഴിഞ്ഞതാണെന്നതോ നബി(സ്വ) പരിഗണിച്ചില്ല.(കുട്ടികളാണെങ്കിലും അനര്‍ഹമായി ഒന്നും ഭക്ഷിപ്പിക്കരുതെന്ന് ഈ സംഭവം പഠിപ്പിക്കുന്നു). എന്നാല്‍ തങ്ങന്‍മാര്‍ക്ക് യുദ്ധമുതലിന്‍റെ വിഹിതം ലഭിക്കാത്ത ഈ കാലത്ത് നല്‍കാന്‍ പറ്റും എന്ന അഭിപ്രായം ചില പണ്ഡിതര്‍ ഉദ്ധരിക്കുന്നുണ്ട്. അത് പ്രബലമല്ലാത്തതിനാല്‍ ആ അഭിപ്രായപ്രകാരം സകാത് നല്‍കുമ്പോള്‍ ഇത് സകാത് മുതലാണ് എന്ന് പ്രത്യേകം അവരെ അറിയിക്കണം. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ശ്രദ്ധിക്കാന്‍ അത് ഉപകരിക്കാമല്ലോ (തര്‍ശീഹ്-156).
കുടുംബക്കാര്‍ക്ക് നല്‍കാമോ?
താന്‍ ചെലവ് കൊടുക്കല്‍ ബാധ്യതയില്ലാത്ത ഏത് കുടുംബക്കാരനും സകാതിന് അര്‍ഹനാണെങ്കില്‍ നല്‍കാവുന്നതാണ്. എന്നല്ല അതില്‍ കുടുംബസഹായം എന്ന പുണ്യകര്‍മ്മം കൂടിയുള്ളതിനാല്‍ കൂടുതല്‍ പ്രതിഫലാര്‍ഹമാണ്. ഭര്‍ത്താവ് സകാതിനര്‍ഹനാണെങ്കില്‍ ഭാര്യയുടെ സകാത് ഭര്‍ത്താവിന് തന്നെ കൊടുക്കാം. കാരണം ഭാര്യ ഭര്‍ത്താവിന് ചെലവ് നല്‍കേണ്ടതില്ലല്ലോ. എന്നാല്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമുള്ള ഭാര്യ, മക്കള്‍ (അവര്‍ എത്ര താഴോട്ട് പോയാലും) മതാപിതാക്കള്‍ (അവര്‍ എത്ര മേല്‍പോട്ട് പോയാലും) എന്നിവര്‍ക്ക് പറ്റില്ല. എന്നാല്‍ താന്‍ ചെലവ് കൊടുക്കുന്ന മാതാപിതാക്കള്‍ തന്റെ ചെലവ്കൊണ്ട് മതിയായവരാണെങ്കിലേ സകാത്ത് നല്‍കാന്‍ പാടില്ലെന്ന് വരുള്ളൂ. തന്റെ ചെലവ് കൊണ്ട് അവര്‍ക്ക് മതിയാകാതിരിക്കുകയോ അല്ലെങ്കില്‍ നിര്‍ബന്ധമില്ലാതെ ചെലവ് കൊടുക്കുകയോ ആണെങ്കില്‍ അവര്‍ക്ക് മക്കളുടെ സകാത്ത് സ്വീകരിക്കാവുന്നതാണ്.
സഹോദരന്‍, സഹോദരി, അവരുടെ സന്താനങ്ങള്‍ എന്നിവര്‍ക്കെല്ലാം സകാത്ത് നല്‍കാം. മതാപിതാക്കള്‍ക്ക് നല്‍കുമ്പോള്‍ ആ വീട്ടില്‍ താമസിക്കുന്ന തന്റെ ഭാര്യ സന്താനങ്ങള്‍ അത് ഭക്ഷിക്കുന്നത് കൊണ്ട് തെറ്റില്ല. കൊടുക്കുന്നതോടെ വസ്തു അവരുടേതായി. അവര്‍ക്കത് ഇഷ്ടംപോലെ ചെയ്യാം. സ്വന്തമായി ജോലിയുള്ളതും പിതാവിന് ചെലവ് നിര്‍ബന്ധവുമില്ലാത്ത വലിയമക്കള്‍ സകാതിന് അര്‍ഹരാണെങ്കില്‍ അവര്‍ക്കും നല്‍കാവുന്നതാണ്. സകാത് വിതരണത്തില്‍ അടുത്ത കുടുംബക്കാരെയും സജ്ജനങ്ങളെയും പ്രത്യേകം പരിഗണിക്കണം. എന്നാല്‍ അവര്‍ സാമ്പത്തിക ഭദ്രതയുള്ളവരാണെങ്കില്‍ നല്‍കരുത്. സ്വന്തത്തെ കുറിച്ച് മുതലാളിയാണെന്ന് ബോധ്യമുള്ളവനിലേക്ക് ആരെങ്കിലും സകാത് നല്‍കിയാല്‍ നല്‍കിയവന്റെ സകാത് വീടുകയില്ലെന്ന കാര്യം അവനെ ബോധ്യപ്പെടുത്തുകയും അവകാശിയെ നിര്‍ദ്ദേശിച്ച്കൊടുക്കുകയും വേണം. അയല്‍വാസി എന്ന പരിഗണനയില്‍ മുതലാളിക്ക് നല്‍കാനോ നല്‍കിയാല്‍ സ്വീകരിക്കാനോ പാടില്ല.
വലിയ മക്കളുടെ സകാത്?
പ്രായപൂര്‍ത്തി എത്തിയവരും സാമ്പത്തികശേഷിയുള്ളവരുമായ മക്കളുടെ സകാത് അവര്‍തന്നെയാണ് നല്‍കേണ്ടത്. അവന്റെ ഭാര്യ സന്താനങ്ങളുടേതും അവന്‍ നല്‍കണം. അവന്റെതോ അവന്റെ ഭാര്യ സന്താനങ്ങളുടേതോ കുടുംബനാഥന്‍ നല്‍കുകയാണെങ്കില്‍ പ്രത്യേകം സമ്മതമോ ഏൽപ്പിക്കലോ ആവശ്യമാണ്. അതും പൊതുവായഎൽപ്പിക്കൽ മതിയാവില്ല. സകാത്ത് പ്രത്യേകമായി തന്നെ ഏൽപിക്കണം
ആരുടേതെല്ലാം നല്‍കണം?
താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമുള്ള ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ എന്നിവരുടേതെല്ലാം നല്‍കണം. എല്ലാവരൂടേതിനും തികയാതെവന്നാല്‍ ആദ്യം സ്വന്തത്തിനും പിന്നെ ഭാര്യ, ചെറിയ മക്കള്‍, പിതാവ്, മാതാവ്, എന്നീ ക്രമത്തിലാണ് നല്‍കേണ്ടത്. സാമ്പത്തികശേഷിയുള്ള ചെറിയ കുട്ടിയുടെ സകാത് പിതാവിന് നിര്‍ബന്ധമില്ല. അവന്റെ സ്വത്തില്‍നിന്ന് നല്‍കണം. രക്ഷിതാവ് കൊടുത്താലും വീടും (തുഹ്ഫ 3/325). ഭാര്യ എത്ര സമ്പന്നയാണെങ്കിലും നിര്‍ബന്ധം ഭര്‍ത്താവിനാണ്. ഭര്‍ത്താവിന് കഴിവില്ലാത്ത പക്ഷം രണ്ട് പേര്‍ക്കും നിര്‍ബന്ധമില്ല. ഭര്‍ത്താവ് ദരിദ്രനായതിനാലും ഭാര്യ തന്റെ ശരീരത്തെ ഭര്‍ത്താവിന് ഏല്‍പിച്ചതിനാലും. എങ്കിലും ഭാര്യക്ക് നല്‍കല്‍ സുന്നത്താണ് (തുഹ്ഫ 3/316). എന്നാല്‍ പിണങ്ങിപ്പോയ ഭാര്യക്ക് വേണ്ടി ഭര്‍ത്താവ് സകാത്ത് നല്‍കല്‍ നിര്‍ബന്ധമില്ല. ജാരസന്തതിയുടെ സകാത് മാതാവിനാണ് നിര്‍ബന്ധമാവുന്നത്. മാസപിറവിക്ക് മുമ്പ് തുടങ്ങിയ പ്രസവം മാസപിറവിക്ക് ശേഷമാണ് പൂര്‍ത്തിയായതെങ്കില്‍ ആ കുട്ടിക്ക് സകാത് നല്‍കേണ്ടതില്ല. മാസപിറവിയുടെ ഒരു സെക്കന്റ് മുമ്പ് ജനിച്ചതോ ഒരു സെക്കന്റ് ശേഷം മരിച്ചതോ ആയ വ്യക്തിക്ക് സകാത് കൊടുക്കണം. മാസപിറവിയുടെ മുമ്പും ശേഷവുമുള്ള ഒരു സെക്കന്റിനെയെങ്കിലും എത്തിച്ചു എന്നതാണ് കാരണം. ചുരുക്കത്തില്‍ സകാത് കൊടുക്കാന്‍ പാടില്ലാത്തവരെ ഇപ്രകാരം ഗ്രഹിക്കാം .
1) സകാതിന്റെ അവകാശികളായ എട്ട് വിഭാഗത്തില്‍ പെടാത്തവര്‍.
2) അവകാശികളില്‍ പെട്ടവനാണെങ്കിലും ചെലവ് കൊടുക്കാന്‍ ബാധ്യതയുള്ളവര്‍.
3) അമുസ്‌ലിംകള്‍.
4) മുസ്‌ലിംകളില്‍ നിന്ന് തന്നെ നബി(സ്വ)യുടെ കുടുംബക്കാരായ തങ്ങന്‍മാര്‍. തിരു നബി(സ്വ)യെയും തിരു സ്വഹാബത്തിനെയും ഇകഴ്ത്തുന്ന പുത്തന്‍വാദികളോട് നമുക്ക് ആദര്‍ശപ്പൊരുത്തമില്ലാത്തതിനാല്‍ എല്ലാത്തിലുമെന്നപോലെ ഫിത്വറ് സകാതിലും അവരുമായി കൊടുക്കല്‍ വാങ്ങല്‍ ഇല്ലാതെ സൂക്ഷിക്കണം.
എവിടെ നല്‍കണം?
റമളാനിന്റെ അവസാന സൂര്യാസ്തമയ സമയം താന്‍ എവിടെയാണോ ഉള്ളത് അവിടെയാണ് സകാത് കൊടുക്കേണ്ടത്. താന്‍ സകാത് കൊടുക്കാന്‍ ബാധ്യതയുള്ളവര്‍ എവിടെയാണോ ഉള്ളത് അവര്‍ക്ക് അവിടെയും നല്‍കണം. യാത്രക്കാരന്‍ പ്രസ്തുത സമയത്ത് എത്തിയ സ്ഥലത്ത് സകാത് നല്‍കേണ്ടത്.
ഗള്‍ഫുകാരുടെ സകാത്?
ഗള്‍ഫു സൃഹുത്തുക്കള്‍ തങ്ങളുടെ സകാത് അവിടെ തന്നെയാണ് നല്‍കേണ്ടത്. അവിടെ നല്‍കാന്‍ പറ്റാത്ത സാഹചര്യങ്ങളുണ്ടായാല്‍ തൊട്ടടുത്ത നാട്ടില്‍ കൊടുക്കണം. ദൂരത്തുള്ള നാട്ടില്‍ കൊടുക്കരുത്. ഗള്‍ഫുകാര്‍ തങ്ങളുടെ സകാത് നല്‍കാന്‍ വീട്ടുക്കാരെ ഏല്‍പിക്കുന്ന പ്രവണത പ്രബലാഭിപ്രായപ്രകാരം ശരിയല്ല. മറു നാട്ടിലേക്ക് നീക്കം ചെയ്യാം എന്ന പ്രബലമല്ലാത്ത അഭിപ്രായപ്രകാരം നാട്ടില്‍ കൊടുക്കാം. പക്ഷെ ആ അഭിപ്രായം പിന്‍പറ്റി കര്‍മ്മം ചെയ്തതാണെന്ന് പ്രത്യേകം കരുതണം. അപ്രകാരം നാട്ടിലുള്ള ഭാര്യ സന്താനങ്ങളുടെ സകാത് നല്‍കാന്‍ ബാധ്യതയുള്ളത് ഗള്‍ഫുകാരനായ ഭര്‍ത്താവിനാണ്. നാട്ടുകാരനായ കുടുംബ നാഥന്റെ മേല്‍നോട്ടത്തില്‍ അവര്‍ വീട്ടില്‍ കഴിയുന്നു എന്നത്കൊണ്ട് സകാത് അയാള്‍ നല്‍കിയാല്‍ മതിയാവില്ല. മറിച്ച് ഗള്‍ഫുകാരന്‍ കുടുംബനാഥനേയോ മറ്റോ പ്രത്യേകം ഏല്‍പിക്കുക തന്നെ വേണം. ഇല്ലെങ്കില്‍ അങ്ങോട്ട് വിളിച്ച് സമ്മതമാക്കണം. എല്ലാം കുടുംബനാഥനെ ഏല്‍പിച്ചു എന്നത്കൊണ്ട് മതിയാവില്ല. സകാത് പ്രത്യേകം തന്നെ ഏല്‍പിക്കണം. വിദേശത്ത് ശവ്വാല്‍ മാസപിറവി കാണുകയും അവിടെസകാത് നല്‍കുകയും ചെയ്ത ശേഷം സ്വദേശത്തെ മാസപിറവിക്ക് മുമ്പ് നാട്ടിലെത്തുകയും മാസപിറവിക്ക് സാക്ഷിയാകുകയും ചെയ്താല്‍ നാട്ടില്‍വീണ്ടും കൊടുക്കേണ്ടതില്ല (ശര്‍വാനി, ഇബ്നുഖാസിം 3/385).
പ്രത്യേക ശ്രദ്ധക്ക്
> അയല്‍വാസി, കുടുംബക്കാര്‍ എന്ന പരിഗണനയില്‍ മാത്രം സകാത് നല്‍കരുത്. അവര്‍ സകാത് വാങ്ങാന്‍ അര്‍ഹരായ ഫഖീര്‍, മിസ്കീന്‍, തുടങ്ങിയ എട്ടാലൊരു വിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ.
> ആവശ്യമായ സാമ്പത്തികശേഷിയുണ്ടെന്ന് സ്വന്തമായി ബോധ്യമുള്ളവന്ന് ഫിത്വറ് സകാത് ലഭിച്ചാല്‍ നല്‍കിയവന്റെ ബാധ്യത വീടില്ല എന്ന് അവനെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. നല്‍കിയവന് കുടുംബക്കാരനോ അയല്‍വാസിയോ ആണ് എന്ന പരിഗണനയില്‍ വാങ്ങിവെക്കരുത്.
> വീട്ടില്‍ ലഭിച്ച അരിയുടെ ഉടമവകാശം വീട്ടുകാരനായത് കൊണ്ട് അത് മറ്റൊരാള്‍ക്ക് സകാതായി നല്‍കുന്നതില്‍ തെറ്റില്ല.
> ജോലിയുള്ളവരോ ഗള്‍ഫുകാരോ ആയ വലിയ മക്കളുടെയും അവരുടെ ഭാര്യ സന്താനങ്ങളുടേയും സകാത് അവരിലാണ് നിര്‍ബന്ധം എന്നതിനാല്‍ മറ്റൊരാള്‍ അത് ചെയ്യുമ്പോള്‍ പ്രത്യേകം വകാലത്ത് വേണം.
> മറ്റൊരാളെ ഏല്‍പിക്കുമ്പോള്‍ നിയ്യത്തിന്റെ കാര്യം വിട്ട്പോകരുത്. അതും വകാലത്ത് ഏല്‍പിക്കുകയോ സ്വന്തമായി കരുതുകയോ വേണം. കേവലം വകാലത്തില്‍ നിയ്യത്ത് പെടില്ലല്ലോ.
> സർക്കാർ വകയായോ മറ്റോ നമുക്ക് സൗജന്യമായി കിട്ടിയ അരിയും സകാത് വിതരണത്തിന് പറ്റും. പക്ഷെ ഏറ്റവും മുന്തിയ ഇനം നൽകലാണ് ഉത്തമം.