ബലാബലം പരിഗണിച്ചു കൊണ്ട് സ്വഹീഹ്, ളഈഫ് തുടങ്ങി വ്യത്യസ്ത ഇനങ്ങളായി ഹദീസുകൾ തരം തിരിയുന്നുണ്ട്. പ്രസ്തുത ഇനങ്ങൾ വ്യത്യസ്ത നിബന്ധനകൾക്ക് വിധേയമായി കൂടുതൽ വികസിക്കുന്നുമുണ്ട്.
(ഉദാ: ളഈഫായ ഹദീസുകൾ തന്നെ ബലഹീനത പരിഹരിക്കപ്പെടുന്നതും, അല്ലാത്തതും ഉള്ളത് പോലെ)
ളഈഫുകളിൽ തന്നെ മറ്റുള്ള അനേകം നിവേദനങ്ങൾ കൊണ്ട് ബലഹീനത പരിഹരിക്കപ്പെടുന്ന ഹദീസുകൾ സ്വീകാര്യ യോഗ്യമാണ്. എന്നാൽ, ബലഹീനത പരിഹരിക്കപ്പെടാത്തവ (അനേകം നിവേദനങ്ങൾ ഉണ്ടെങ്കിൽ തന്നെയും) സ്വീകരിക്കുന്നതിൽ, നിശ്ചിത വിഷയത്തിന് ആധാരമാക്കുന്നതിൽ പരിമിതികളുണ്ട്.
അവകളെ താരതമ്യേന ചില വിഷയങ്ങളിൽ മാത്രമാണ് തെളിവിനായി സ്വീകരിക്കാൻ സാധിക്കുകയുള്ളൂ.¹
നടേ പരാമർശിച്ച രണ്ടിനം ളഈഫായ ഹദീസുകളും ഏതൊക്കെ വിഷയത്തിൽ തെളിവായി സ്വീകരിക്കാം?
ഫളാഇലുൽ അഅ്മാലുകളിൽ മേൽ പറഞ്ഞ രണ്ടിനം ഹദീസുകളെയും ആധാരമാക്കാവുന്നതാണ്.
എന്നാൽ, മൂന്ന് സ്ഥലങ്ങളിൽ ബലഹീനത പരിഹരിക്കപ്പെടാത്ത ളഈഫായ ഹദീസുകൾ തെളിവിന് യോഗ്യമല്ല.
(1) വിശ്വാസപരമായ കാര്യങ്ങൾ.
കാരണം, വിശ്വാസ കാര്യങ്ങളിൽ “ഉറപ്പ്” ലഭിക്കൽ നിർബന്ധമാണ്.
(2) ഹലാൽ / ഹറാം തുടങ്ങിയ വിധിവിലക്കുകൾ
ഇവ കൊണ്ട് സ്ഥാപിക്കപ്പെടില്ല. അവകൾക്ക് ശക്തമായ തെളിവുകൾ ആവശ്യമായതിനാലാണിത്. അതേ സമയം, ഒരു കാര്യം കറാഹത്താണെന്ന് ഇത്തരം ഹദീസുകളിലൂടെ ലഭിക്കുന്നുവെങ്കിൽ സൂക്ഷ്മതയെന്നോളം ആ കാര്യം ഒഴിവാക്കൽ സുന്നത്താവുമെന്ന് പണ്ഡിതർ വിശദീകരിക്കുന്നു.²
(3) ഖുർആൻ വിശദീകരണത്തിന് ഇത്തരം ബലഹീനത പരിഹരിക്കപ്പെടാത്ത ളഈഫായ ഹദീസുകൾ സ്വീകാര്യ യോഗ്യമല്ല.³
പ്രസ്തുത മൂന്ന് സ്ഥലങ്ങളിലും ബലഹീനത പരിഹരിക്കപ്പെടുന്ന ഹദീസുകൾ തെളിവിഞ്ഞു പറ്റും എന്നത് ചേർത്തി വായിക്കുക..
എന്താണ് ഫളാഇലുൽ അഅ്മാൽ?
മേൽ വിശദീകരണത്തിൽ നിന്നും വ്യക്തമായത് പോലെ വിശ്വാസ കാര്യങ്ങൾ, ഹലാൽ/ ഹറാം തുടങ്ങിയ വിധിവിലക്കുകൾ, ഖുർആൻ വ്യാഖ്യാനം എന്നിവ അല്ലാത്തതാണ് ഫളാഇലുൽ അഅ്മാൽ.
ബലഹീനത പരിഹരിക്കപ്പെടാത്ത ളഈഫായ ഹദീസുകൾ തന്നെ നിരുപാധികം ഫളാഇലുൽ അഅ്മാലുകൾക്ക് തെളിവായി പറയാമോ?
ഇല്ല. അവിടെ മൂന്ന് നിബന്ധനകളുണ്ട്.
(1) അവ ശക്തിയായ ബലഹീനതയുള്ളതോ, മൗളൂഓ ആവാതിരിക്കുക. (ഒരു ഹദീസിന് ഈ രണ്ട് വിശേഷങ്ങൾ നൽകാൻ കൃത്യമായ നിബന്ധനകളുണ്ട്)
(2) അവയിൽ പരാമർശിച്ച വിഷയം സ്ഥിരപ്പെട്ട ഒരടിസ്ഥാനത്തിന്റെ/വിശാലാർത്ഥത്തിന്റെ പരിധിയിൽ വരുന്നത്താവുക.
(3) അവയെ സമീപിക്കുന്നത് സൂക്ഷ്മത എന്ന നിലക്കാവണം. മറിച്ച്, തിരുനബിയിൽ ﷺ നിന്നും ഈ നിവേദനം കുറ്റമറ്റ നിലക്ക് ലഭിച്ചതാണ് എന്ന വിശ്വാസം പാടുള്ളതല്ല.⁴
ളഈഫായ ഹദീസുകൾ ഫളാഇലുൽ അഅ്മാലിൽ തെളിവിന് യോഗ്യമാണെന്ന് പറയുന്നത് കൊണ്ടുള്ള വിപക്ഷ എന്താണ്?
ബലഹീനത പരിഹരിക്കപ്പെടാത്ത ളഈഫായ ഹദീസുകളെ ചില സുന്നത്തുകൾക്ക് ആധാരമായി ഉദ്ധരിക്കാറുണ്ടല്ലോ?
മുമ്പ് നാം വിശദീകരിച്ചത് പോലെ, പ്രസ്തുത ളഈഫായ ഹദീസുകൾ ആധാരമാക്കണമെങ്കിൽ അവയിൽ പരാമർശിച്ച വിഷയം സ്ഥിരപ്പെട്ട ഒരടിസ്ഥാനത്തിന്റെ/വിശാലാർത്ഥത്തിന്റെ പരിധിയിൽ വരുന്നതാവണം. അത്തരത്തിലാവുമ്പോൾ ളഈഫായ ഹദീസുകൾ കൊണ്ട് സ്ഥിരപ്പെടുന്ന “സുന്നത്ത്’’ എന്ന വിധി ആ ഒരടിസ്ഥാനത്തെ അല്ലെങ്കിൽ വിശാലാർത്ഥത്തെ പരിഗണിച്ചാണ്.
ഉദാഹരണത്തിന്, സൂക്ഷ്മത പാലിക്കുക എന്നത് ദീനിൽ സ്ഥിരപ്പെട്ട പ്രധാനമായൊരു അടിസ്ഥാനമാണ്. ളഈഫായ ഹദീസാണെങ്കിൽ തന്നെയും, അവ നമുക്ക് ലഭിക്കുന്നത്തോടു കൂടെ അതിൽ പരാമർശിക്കപ്പെട്ട വിഷയം സുന്നത് ആണോ അല്ലയോ എന്നതിൽ തീർപ്പ് കൽപ്പിക്കാൻ നമുക്ക് സാധിക്കാതെ വന്നുകഴിഞ്ഞാൽ സ്വഭാവികമായും ആ ഹദീസിന്റെ ഉള്ളടക്കം അനുസരിച്ചുള്ള കർമ്മമാണ് അവിടെ സൂക്ഷ്മത. സൂക്ഷ്മത പാലിക്കൽ വിശുദ്ധ ദീനുൽ ഇസ്‌ലാമിൽ അഭിലഷണീയമായ (സുന്നത്ത്) കാര്യമാണെന്നത് അവിതർക്കിതവുമാണ്.⁵ ⁶
പണ്ഡിത സാക്ഷ്യങ്ങൾ
ളഈഫായ ഹദീസുകളെ ഫളാഇലുൽ അഅ്മാലുകളിൽ തെളിവിനായി ഉപയോഗിക്കാം എന്നതിൽ പണ്ഡിത മഹത്തുക്കൾക്ക് ഏകഭിപ്രായമാണെന്ന് ഇമാം ഇബ്നുൽ ഹജർ ﵀ പ്രസ്ഥാവിക്കുന്നുണ്ട്.⁷
ഫളാഇലുൽ അഅ്മാലുകളിൽ ളഈഫായ ഹദീസുകൾ മതിയാവുമെന്ന് പറഞ്ഞ പണ്ഡിതരിൽ പ്രമുഖരെ ഇവിടെ ചേർക്കുന്നു:⁸
• ഇമാം സുഫ് യാനു സൌരീ ﵀
വിയോഗം: ഹി.161
• ഇമാം ഇബ്നുൽ മുബാറക് (റ)
ഹി.181
• ഇമാം സുഫ് യാനു ബ്നു ഉയയ്ന (റ)
ഹി.198
• ഇമാം ഇബ്നുൽ മഹ്ദീ ﵀
മാലിക്കി, ഹി.198
• ഇമാം അഹ്‌മദ് ബിൻ ഹമ്പൽ ﵀
ഹി.241
• ഇമാം അബൂ സകരിയ്യ അംമ്പരീ ﵀
ഹി.344
• ഇമാം ഇബ്നു അബ്‌ദുൽ ബറ് ﵀
മാലികീ, ഹി.463
• ഇമാം നവവി (റ)
ശാഫിഈ, ഹി.676
• ഇമാം ശിഹാബുദ്ധീൻ റംലി ﵀
ശാഫിഈ, ഹി.957
• ഇമാം ഇബ്നുൽ ഹജർ ﵀
ശാഫിഈ, ഹി. 974
¹ تدريب الراوي شرح تقريب الإمام النووي
للإمام السيوطي: ج١-ص١٩٤
² الاذكار للإمام النووي
³ تدريب الراوي شرح تقريب الإمام النووي
للإمام السيوطي: ج١-ص٣٥٠
⁴ القول البديع في الصلاة على الحبيب الشفيع
للإمام السخاوي: ج١/ص٢٥٥
ഇമാം സഖാവി ﵀ തന്റെ ഗുരുവായ ഇമാം ഇബ്നുൽ ഹജർ അസ്ഖലാനി ﵀ യിൽ നിന്നാണ് ഈ നിബന്ധനകൾ ഉദ്ധരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
⁵ الاذكار للإمام النووي
⁶ المنهل اللطيف في احكام الحديث الضعيف
السيد عباس المالكي: ٢٤
⁷ الفتح المبين شرح الاربعين
للإمام ابن حجر الهيتمي :ص١٠٧، ١٠٩
⁸ فتح المغيث بشرح الفية الحديث
للإمام السخاوي