ഉമർ ﵁ വിന്റെ കാലത്താണ് സഅദ് ബ്നു അബീവഖാസി(റ)ന്റെ നേതൃത്വത്തിൽ ഇറാഖ് ഇസ്‌ലാമികാധിപത്യത്തിൽ വരുന്നത്. ഹിജ്റ പതിനേഴിൽ ഉമർ ﵁ വിന്റെ നിർദ്ദേശാനുസരണം കൂഫ എന്ന പട്ടണം സ്ഥാപിതമായി. കൂഫയിലേക്ക് ഇസ്‌ലാമിക വിഷയങ്ങൾ പഠിപ്പിക്കാൻ ഉമർ ﵁ നിയോഗിച്ചത്. സ്വഹാബി പ്രമുഖരായ അബ്‌ദുല്ലാഹിബ്നു മസ്ഊദ് ﵁ നെയാണ്. ഇബ്നു ഉമ്മു അബ്ദ (അബ്‌ദുല്ലാഹിബ്നു മസ്ഊദ്) തൃപ്തിപ്പെടുന്നത് എന്തോ അത് എന്റെ ഉമ്മത്തിന് വേണ്ടി ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു എന്ന് നബി ﷺ അബ്ദുല്ലാഹിബ്നു മസ്ഊദ് ﵁ നെ സംബന്ധിച്ച് പറഞ്ഞിട്ടുണ്ട്.
ഖുർആൻ ഇവരിൽനിന്ന് പഠിക്കണമെന്ന് നബി ﷺ പ്രത്യേകം എടുത്തുപറഞ്ഞ നാല് പേരിൽ ഒരു വ്യക്തി അബ്‌ദുല്ലാഹിബ്നു മസ്ഊദ് ﵁ ആണ്. ഉസ്‌മാൻ ﵁ വിന്റെ ഭരണകാലഘട്ടത്തിൽ അവസാനം വരെ ഇബ്നുമസ്ഊദ് ﵁ കൂഫയിൽ ഇസ്‌ലാമിക വിജഞാന പ്രചാരകരായി വർത്തിച്ചു. നാലായിരത്തോളം പണ്ഡിതന്മാർ അന്ന് കൂഫയിലുണ്ടായിരുന്നതായി ചില ചരിത്രകാരന്മാർ പറഞ്ഞിട്ടുണ്ട്. സഅദുബ്‌നുമാലിക്, ഹുദൈഫ, അമ്മാർ, സൽമാൻ, അബൂമൂസ ﵃ തുടങ്ങിയവർ ഇബ്നുമസ്ഊദ് ﵁ വിന്റെ കൂടെ കൂഫയിൽ ജീവിച്ച സ്വഹാബി പ്രമുഖരാണ്.
കൂഫയിലെ സ്വഹാബി പ്രമുഖനായ അനസ് ബ്നു മാലിക്ക് ﵁ ന്റെ അവസാന കാലഘട്ടത്തിൽ ഹിജ്റ എൺപതാം വർഷമാണ് അബൂഹനീഫ ﵀ വിന്റെ ജനനം. നുഅമാൻ എന്നാണ് പേര്. സ്വഹാബിപ്രമുഖരായ അനസ് ﵁ നെ മഹാനവർകൾ കണ്ടിട്ടുണ്ട്. ഇക്കാരണത്താൽ അബൂഹനീഫ ﵀ താബിഈങ്ങളിൽ പെട്ട വ്യക്തിയാണെന്ന് ഇമാം നവവി ﵀ വിനെപോലുള്ള പല മഹാന്മാരും അഭിപ്രായപ്പെടുന്നു. സ്വഹാബിയുടെ കൂടെ ഒരുമിച്ചുകൂടിയ വ്യക്തിക്ക് തന്നെ താബിഅ എന്ന് പറയാമെന്നാണ് ഇമാം നവവി ﵀, ഇബ്നുസ്സലാഹ് തുടങ്ങിയ പണ്ഡിതരുടെ പക്ഷം. എന്നാൽ ദീർഘകാലം സ്വഹാബിയുമായി ഇടപഴകുമ്പോൾ മാത്രമെ ഒരാൾ താബിഅ ആവുകയുള്ളൂ എന്ന വീക്ഷണക്കാരാണ് മറ്റു ചില മഹാന്മാർ.
ഏതായാലും ധാരാളം താബിഉകളിൽ നിന്നും വിജ്ഞാനം നുകരാൻ ഭാഗ്യം ലഭിച്ചവരാണ് അബൂഹനീഫ ﵀. നാലായിരത്തോളം താബിഉകളിൽ പെട്ട മഹാന്മാർ അബൂഹനീഫ ﵀ വിന്റെ ഉസ്താദുമാരായി ഉണ്ടെന്ന് ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. ലൈസ്‌ബ്നു സഅദ്, മാലികുബ്‌നു അനസ് തുടങ്ങിയവർ അക്കൂട്ടത്തിൽ പെടുന്നു. അബൂഹനീഫ ﵀ ന്റെ കാലഘട്ടത്തിൽ മുജ്തഹിദുകൾ ധാരാളമുണ്ടായിരുന്നു. എന്നാൽ വിധികളുടെ ക്രോഡീകരണ രംഗത്ത് ശ്രദ്ധേയരായത് അബൂഹനീഫ ﵀ വാണ്. വരാനിരിക്കുന്ന ഓരോ സംഭവത്തെ പറ്റിയും കൂലങ്കശമായി ചിന്തിക്കുകയും ഖുർആനിൻറെയും ഹദീസിന്റെയും മുൻഗാമികളുടെ വിശദീകരണത്തിന്റെയും പാശ്ചാത്തലത്തിൽ വിധികൾ അവിടുന്ന് രേഖപ്പെടുത്തി വെക്കുകയും ചെയ്തു.
വിധികളുടെ ക്രോഡീകരണത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ഹദീസുകളുടെ രിവായത്തിന്റെ രംഗത്ത് അബൂഹനീഫ ഇമാമിന്റെ സേവനങ്ങൾ നമുക്ക് കൂടുതൽ ലഭ്യമായില്ല. എന്നാൽ ഇതിന്റെ മറവിൽ അബൂഹനീഫ ഇമാമിന് ഹദീസ് പാണ്ഡിത്യമില്ലെന്ന് ചില മദ്ഹബ് വിരോധികൾ ജൽപിക്കുന്നത് തികഞ്ഞ വിഡ്ഢിത്തമാണ്. അബൂബക്കർ സിദ്ദീഖ് ﵁ ൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ അബൂഹുറൈറയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അബൂബക്കർസിദ്ദീഖ് ﵁ വിൽ നിന്ന് ഇരുന്നൂറ്റി നാൽപത്തിരണ്ട് ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നാണ് തഹ്ദീബിൽ ഇമാം നവവി ﵀ വ്യക്തമാക്കുന്നത്. എന്നാൽ അബൂഹുറൈറ ﵁ അയ്യായിരത്തിലധികം ഹദീസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് ഹാഫിളുദ്ദഹബി പറഞ്ഞതായി ശദറാത്തുദ്ദഹബിൽ ഒന്നാം വാള്യം അറുപത്തിമൂന്നാം പേജിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അബൂബക്കർ സിദ്ദീഖ് ﵁ വിനെ ഇകഴ്ത്താൻ അബൂഹുറൈറ ﵁ വിന്റെ ഹദീസുകൾ ഉയർത്തിക്കാട്ടുന്നത് പോലെയാണ് മുഹദ്ദിസുകളെ മറപിടിച്ച് അബൂഹനീഫ ﵀ വിനെ ഇകഴ്ത്താനുള്ള ശ്രമം. ഹദീസിന്റെ വിഷയത്തിൽ ഇമാം അബൂഹനീഫ ﵀ വിന് മൂന്ന് മുസ്‌നദുകൾ ഉണ്ടായിരുന്നുവെന്നും അത് താൻ വായിച്ചിട്ടുണ്ടെന്നും ശഅറാനി ഇമാം ﵀ രേഖപ്പെടുത്തിയിട്ടുണ്ട്. (മീസാനുൽ കുബ്റ 3: 1/68)
ഇമാം അബൂഹനീഫ ﵀ നെയും അനുയായികളെയും സംബന്ധിച്ച് അസ്ഹാബു റഅയ് എന്ന പ്രയോഗം കിതാബുകളിൽ കാണാം. ഇതിന് സ്വന്തം അഭിപ്രായത്തിന്റെ വക്താക്കൾ എന്ന അർത്ഥം നൽകി തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കാറുണ്ട്. ഇജ്തിഹാദിനെ സൂചിപ്പിക്കുന്ന വാചകമാണ് റഅയ് എന്ന പദം. ഇത് പണ്ഡിതന്മാർ അവരെ ആക്ഷേപിക്കാൻ വേണ്ടി പ്രയോഗിച്ചതല്ല. ഇബ്നുഹജറുൽ ഹൈതമി ﵀ ഖൈറാതുൽ ഹിസാനിൽ വ്യക്തമാക്കുന്നത് കാണുക.
إعلم أنه يتعين عليك ان لا تفهم من أقوال العلماء عن أبي حنيفى وأصحابه أنهم أصحاب الرأي ان مرادهم بذلك تنقيصهم ولا نسبتهم إلي أنهم يقدمون رأيهم على سنة رسول الله صلي الله عليه وسلم ولا على قول أصحابه لأنهم براء من ذلك
നീ മനസ്സിലാക്കുക, അബൂഹനീഫ ﵀ വിനെയും അനുചരന്മാരെയും സംബന്ധിച്ച്
പണ്ഡിതന്മാർ അസ്ഹാബുറഅയ് എന്ന് പറയുന്നത് അവരെ ആക്ഷേപിക്കാനല്ല. അവർ റസൂലിൻ്റെ സുന്നത്തിനെക്കാളും സ്വഹാബത്തിന്റെ വാക്കുകളെക്കാളും അവരുടെ അഭിപ്രായങ്ങൾക്ക് മുൻഗണന നൽകുമെന്ന് മനസ്സിലാക്കാതിരിക്കൽ നിനക്ക് നിർബന്ധമാണ്. അവർ തീർച്ചയായും ഈ ആക്ഷേപത്തിൽ നിന്ന് മുക്തരാണ്.
ഇമാം അബൂഹനീഫ ﵀ വിന് മറ്റു പലർക്കുമില്ലാത്ത ധാരാളം പ്രത്യേകതകളുണ്ട്. ഫിഖ്ഹിന്റെ വിഷയത്തിൽ ആദ്യമായി ക്രോഡീകരണം നടത്തിയെന്നത് തന്നെ ചരിത്രത്തിലെ ഏറ്റവും വലിയയൊരു മാതൃകാപരമായ സേവനമാണ്. താബിഈങ്ങളിൽ പെട്ട മഹാന്മാർ ജീവിച്ചിരിക്കുമ്പോൾ തന്നെ അബൂഹനീഫ ﵀ ഫത്‌വ നൽകി മുജ്തഹിദായി രംഗത്ത് വരികയും വിഷയങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തിരുന്നു. ഇമാം ശാഫിഈ ﵀ വിന്റെ ഉസ്താദ് വകീഅ ﵀ ന്റെ മുന്നിൽ അബൂഹനീഫഇമാമിനെ സംബന്ധിച്ച് അബൂഹനീഫ പിഴച്ചുവെന്നർത്ഥം വരുന്ന വാചകം പ്രയോഗിച്ചപ്പോൾ വകീഅ ﵀ പറഞ്ഞു.
من يقول هكذا كالأنعام بل هم أضل سبيلا ഇങ്ങനെ പറയുന്നവർ മൃഗതുല്യരാണ്. അല്ല അതി നേക്കാൾ മാർഗ്ഗം പിഴച്ചവരാണ്.
ഇമാം ശാഫിഈ ﵀ അബൂ ഹനീഫ ﵀ നെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു.
الناس عيال في الفقه علي أبي حنيفة ഫിഖ്ഹിന്റെ വിഷയത്തിൽ സമൂഹം അബൂഹനീഫ ﵀ ന്റെ ആശ്രിതരാണ്. ഇമാം ശാഫിഈ ﵀ അബൂഹനീഫ ﵀ നെ വളരെയേറെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. ഇബ്‌നുഹജർ ﵀ ഖൈറാത്തുൽ ഹിസാനിൽ രേഖപ്പെടുത്തുന്നത് കാണുക.
منهم الإمام الشافعي رحمه الله لما كان ببغداد فإنه جاء عنه أنه قال إني لأتبرك بابي حنيفة وأجيئ إلى قبره فاذا عرضت لي حاجة صليت ركعتين وجئت إلى قبره فاسأل الله عنده فتقضى سريعا
ബഗ്ദാദിലായിരുന്ന സമയത്ത് ഇമാംശാഫിഈ ﵀ പറഞ്ഞു. ഞാൻ അബൂഹനീഫയുടെ ബറക്കത് എടുക്കാറുണ്ട്. അവിടുത്തെ ഖബറിങ്കലേക്ക് ഞാൻ പോകാറുണ്ട്. വല്ല ആവശ്യവും എനിക്കുണ്ടായാൽ രണ്ട് റക്അത്ത് നിസ്‌കരിച്ച് അബൂഹനീഫ ﵀ ന്റെ ഖബറിന്റെ അടുക്കൽ പോകും. അവിടെ വെച്ച് അല്ലാഹുവിനോട് ചോദിക്കും. വളരെ വേഗം ആവശ്യം നിർവ്വഹിക്കപ്പെടും (ഖൈറാത്തുൽ ഹിസാൻ)
അബൂഹനീഫ ﵀ ന്റെ മഹത്വം വിശദീകരിച്ച് ധാരാളം പണ്ഡിതന്മാർ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ശാഫിഈ മദ്ഹബു കാരനായ ഇമാം സുയൂഥി ﵀ വിന്റെ തബ്‌യീളുസ്സഹീഫ ബിമനാഖിബി അബീ ഹനീഫ, ഇമാം ഇബ്‌നുഹജർ ﵀ ന്റെ അൽഖൈറാത്തുൽ ഹിസാൻ തുടങ്ങിയവ പ്രസിദ്ധങ്ങളായ ഗ്രന്ഥങ്ങളാണ്.