ഹനഫി മദ്ഹബിന്റെ സ്ഥാപകനും വിശ്വത കർമ്മ ശാസ്ത്ര വിദഗ്ധനുമാണ് ഇമാം അബൂഹനീഫ ﵀. നുഅമാനുബ്നു സാബിത് ഇബ്നു സൂത്വാ ഇബ്നു മർസുബാൻ എന്നാണ് പൂർണ്ണ നാമം.
ഹി. 80ൽ കൂഫയിയിൽ ജനിച്ചു. ഹി. 70ൽ ആണെന്നും അഭിപ്രായമുണ്ട്.
പേർഷ്യൻ വംശജരായിരുന്നു അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ. ഇമാമിന്റെ പിതാവ് സാബിത്(റ) കുട്ടിക്കാലത്ത് പിതാവിനൊപ്പം അലി(റ) സന്ദർശിക്കുകയും സ്നേഹസമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. പാരമ്പര്യമായി സമ്പന്നരും കച്ചവടക്കാരുമായിരുന്നു കുടുംബം.
കൂഫയിൽ തന്നെയായിരുന്നു ബാല്യകാലം ചെലവഴിച്ചത്. പിതാവിന്റെ മേൽനോട്ടത്തിൽ ഖുർആൻ മനപ്പാഠമാക്കി. പിന്നീട് പട്ടുവസ്ത്ര വ്യാപാര രംഗത്തേക്ക് തിരിഞ്ഞു. മാതൃകാപരമായിരുന്നു ഇമാമിന്റെ വ്യാപാര ശൈലി. ഉദാരമനസ്കനും സൽസ്വഭാവിയുമായിരുന്നു അദ്ദേഹം.
ഒരു ദിവസം ഇമാം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിനിടെയാണ് ഇമാം ശാബി അതുവഴി വന്നത്. അദ്ദേഹം ചോദിച്ചു: നിങ്ങൾ ഒഴിവുസമയങ്ങളിൽ എന്താണ് ചെയ്യാറുള്ളത്?. ‘ഞാൻ മാർക്കറ്റിലേക്കും അവിടെനിന്ന് കടയിലേക്കും പോകും’. ഇമാം പ്രതികരിച്ചു. ‘ഇവിടെ ധാരാളം പണ്ഡിതന്മാരുണ്ട്. അവരെ നീ ഉപയോഗപ്പെടുത്താറുണ്ടോ?’. ഇല്ല. ‘നീ അതി സമർത്ഥനാണ്. തീർച്ചയായും നീ നിൻറെ സമയം മതപഠനത്തിനു വേണ്ടി ഉപയോഗപ്പെടുത്തണം’. ഇമാം ശാബി ഉപദേശിച്ചു.
അബു ഹനീഫ ഇമാമിന്റെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു അത്. ഇമാം ശാബിയുടെ നിർദ്ദേശം സ്വീകരിച്ച് അദ്ദേഹം മതപഠന മേഖലയിൽ സജീവമായി. വിശ്വാസപ്രമാണങ്ങൾ പഠിക്കുകയായിരുന്നു ആദ്യഘട്ടം. തുടർന്ന്, കർമശാസ്ത്രം അഭ്യസിക്കാനാരംഭിച്ചു. ഹമ്മാദുബിനു സുലൈമാൻ(റ) ആയിരുന്നു ഗുരുനാഥൻ. ഒഴിവു ദിവസങ്ങളിൽ ഇഷാ മഗരിബിനിടയിൽ ഇമാം ഗുരുസവിധത്തിൽ എത്തി. 18 വർഷക്കാലം ഈ പതിവ് തുടർന്നു. ഗുരുവിൻറെ വിയോഗാനന്തരം പണ്ഡിതന്മാരെല്ലാം ചേർന്ന് ഇമാം അബു ഹനീഫ ﵀ യെ കൂഫയിലെ മദ്റസയുടെ തലവനായി നിയമിച്ചു.
കൂഫയിലെയും ബസ്വറയിലെയും പഠനത്തിനുശേഷം ഇമാം മക്കയിലെത്തി. വിശുദ്ധ ഹറമിൽ വെച്ച് അദ്ദേഹം അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)ന്റെ ശിഷ്യനായ അത്വാഉ ബ്നു റബാഹ്(റ)നെ സമീപിച്ച് ഹദീസ് വിജ്ഞാനീയത്തിൽ പ്രാവീണ്യം നേടി.
ഇമാം 4000 ത്തിലധികം പണ്ഡിതന്മാരിൽ നിന്ന് അറിവ് നുകർന്നിട്ടുണ്ട്. അവരിൽ ഏഴുപേർ സ്വഹാബികളായിരുന്നു എന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. 93 പേർ താബിഉകളും. 55 തവണയാണ് ഇമാം ഹജ്ജ് നിർവഹിച്ചത്.
പ്രധാന ഗുരുനാഥന്മാർ
1. അബ്ദുല്ലാഹി ബ്നു മസ്ഊദ്(റ)
2. ഇബ്റാഹീം അൽ നഖഇ(റ)
3. ആമിർ ബ്ൻ അൽ ശാബി(റ)
4. ഇമാം ഹമ്മാദ് ബ്നു സുലൈമാൻ(റ)
5. അത്വാഉ ബ്നു റബാഹ്(റ)
6. ഖത്വാദതുബ്നു നുഅ്മാൻ(റ)
7. റബീഅ ബ്നു അബ്ദു റഹ്മാൻ(റ)
പ്രധാന ശിഷ്യന്മാർ
ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട് ഇമാമവർകൾക്ക്. അവരിൽ 28 പേർ വിവിധ നഗരങ്ങളിലെ ജഡ്ജിമാരായിരുന്നു.
1. ഇമാം അബൂ യൂസുഫ് ﵀
2. ഇമാം മുഹമ്മദ് ബ്ൻ ഹസൻ ശൈബാനി ﵀
3. ഇമാം ള്വുഫർ ﵀
4. ഇമാം മാലികു ബ്നു മിഗ്‌വാൽ ﵀
5. ഇമാം ദാവൂദു ത്വാഇ ﵀
6. ഇമാം മൻദിൽ ബ്ൻ അലി ﵀
7. ഇമാം അബൂ ഇസ്മഅ ﵀
8. ഇമാം ഹിബ്ബാൻ ബ്ൻ അലി ﵀
9. ഇമാം സുഹൈറു ബ്നു മുആവിയ ﵀
പ്രധാന രചനകൾ
1. അൽ ഫിഖ്ഹുൽ അക്ബർ
2. കിതാബു റദ്ദ് അലൽ ഖദ്‌രിയ്യ
3. അൽ ആലിമു വമുതഅല്ലിം
4. അൽ ഫിഖ്ഹ് അൽ അബ്സാത്വ്
5. കിതാബു ഇഖ്തിലാഫു സ്വഹാബ
6. കിതാബ് അൽ ജാമി
7. കിതാബ് അൽ ഔസാത്വ്
8. കിതാബ് അസ്സൈർ
9. രിസാല അബൂ ഹനീഫ ഇലാ ഉസ്മാൻ അൽ ബൈതി
10. വസ്വിയ്യ ഇമാം അബൂ ഹനീഫ ഫി
തൗഹീദ്
സ്വഹാബാക്കളുമായുള്ള
സഹവാസം
താബിഈ പണ്ഡിതനാണ് ഇമാം അബൂ ഹനീഫ ﵀ എന്നത് അവിതർക്കിതമാണ്. പല സ്വഹാബികളെയും ഇമാം നേരിൽ കണ്ടതിന്റെ സാക്ഷ്യങ്ങൾ ചരിത്രഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അനസുബ്നു മാലിക്(റ), അബൂ ത്വുഫൈൽ ഇബ്നു വാസ്വില(റ), അബ്ദുല്ലാഹിബിനു അബു ഔഫ(റ),
സുഹൈല്ബ്നു സഅദ് അൽ സൈദി(റ) തുടങ്ങിയവർ അവരിൽ ചിലരാണ്.
ഭരണാധികാരികളോടുള്ള
സമീപനം
ജനകീയനായിരുന്നു ഇമാം അബു ഹനീഫ ﵀. അദ്ദേഹത്തിലേക്ക് ഭരണാധികാരികളുടെ ശ്രദ്ധ തിരിയാനിത് കാരണമായി. ഉന്നതമായ പല ജോലികളും അവർ വാഗ്ദാനം ചെയ്തു. ഗവർണറായിരുന്ന മറുവാനുബ്നു മുഹമ്മദ് ചീഫ് ജസ്റ്റിസ്, ബൈത്തുൽമാൽ സംരക്ഷകനായും തെരഞ്ഞെടുത്തെങ്കിലും ഇമാം ആ പദവികൾ നിരസിച്ചു. എടി 763ല്‍ അബൂജഅഫർ അബ്ദുല്ലാഹിബ്നു മുഹമ്മദ് അൽ മൻസൂർ ഖാളിയായി നിയമിച്ചെങ്കിലും തലസ്ഥാനത്ത് നീതിപൂർവ്വം പ്രവർത്തിക്കാനാകില്ലെന്ന് കണ്ട് ഇമാം പിന്മാറി. പ്രസ്തുത പദവിക്ക് അർഹനല്ലെന്നായിരുന്നു മറുപടി.
ഇത് ഖലീഫക്ക് രസിച്ചില്ല. അങ്ങനെ ഹിജ്റ 146ൽ ഇമാം അബൂ ഹനീഫയെ ജയിലിലടക്കാനും ചാട്ടവാർ പ്രഹരത്തിന് വിധേയമാക്കാനും ഖലീഫ ഉത്തരവിട്ടു. പല ദിവസങ്ങളിലായി 110ലേറെ ചാട്ടവാറടികളാണ് ഇപ്രകാരം ഇമാമിന് ഏറ്റുവാങ്ങേണ്ടി വന്നത്. അതേത്തുടർന്ന് അദ്ദേഹം ഹിജ്റ 150ൽ ഇഹലോകവാസം വെടിഞ്ഞു. സുജൂദിൽ ആയിരിക്കുകയായിരുന്നു അന്ത്യ യാത്ര. ബാഗ്ദാദിൽ വച്ചായിരുന്നു അത്. വൻജനാവലി മരണാനന്തര കർമ്മങ്ങളിൽ പങ്കെടുത്തു. ബാഗ്ദാദിലെ അൽ ഖൈസരാൻ ഖബർസ്ഥാനിനാണ് ഖബർ. ഇന്ന് ആ പ്രദേശം ഇമാമിനോടുള്ള സ്മരണാർത്ഥം അൽ കാള്വിമിയ്യ എന്ന പേരിലാണ് അറിയപ്പെടുന്നത്.