ഹിജ്റ 164 (780 സി ഇ), റബീഉൽ അവ്വലിൽ ബാഗ്ദാദിലെ ബനു ശൈബാൻ കുടുംബത്തിൽ ജനനം. പിതാവ് ജന്മത്തിനു മുമ്പേ ഇഹലോകവാസം വെടിഞ്ഞിരുന്നു. മാതൃസംരക്ഷണയിലായിരുന്നു വളർന്നത്. മകന് സർവ്വവിജ്ഞാനീയ മേഖലകളിലും പ്രാവീണ്യം നേടാൻ ആവശ്യമായ എല്ലാ പിന്തുണയും അവർ നൽകി. ചെറുപ്രായത്തിൽ തന്നെ ഖുർആൻ ഹൃദിസ്ഥമാക്കിയിരുന്നു. ഇമാം അബൂഹനീഫ ﵀ യുടെ പ്രധാന ശിഷ്യനും അബ്ബാസി ഭരണകൂടത്തിന്റെ ചീഫ് ജസ്റ്റിസുമായിരുന്ന ശൈഖ് അബൂ യൂസുഫായിരുന്നു ആദ്യകാല ഗുരു. നാലുവർഷം അദ്ദേഹത്തിനു കീഴിൽ പഠനം തുടർന്നു. ഗുരുവിൽ നിന്ന് കേൾക്കുന്നതെല്ലാം എഴുതി സൂക്ഷിക്കുക അഹ്മദ്ദ് ബ്ൻ ഹമ്പലിന്റെ പതിവായിരുന്നു.
ഇമാം ഹഷീം ഇബ്നു ബഷീർ അസുലമിയായിരുന്നു മറ്റൊരു ഗുരുനാഥൻ. ബാഗ്ദാദിലെ ഏറ്റവും മികച്ച ഹദീസ് പണ്ഡിതനായിരുന്നു അദ്ദേഹം. കൂടാതെ, പ്രഗൽഭനായ ഏത് പണ്ഡിതൻ ബാഗ്ദാദിലെത്തിയാലും അവരിൽനിന്ന് അറിവ് സമ്പാദിക്കുക ഇമാം അഹമ്മദ് ബ്ൻ ഹമ്പലിന്റെ സവിശേഷതയായിരുന്നു. നഈമു ബ്നു ഹമ്മാദ്, അബ്ദുറഹ്മാൻ ഇബ്ൻ മഹ്ദി, ഉമൈറുബിനു അബ്ദുല്ല തുടങ്ങിയ പണ്ഡിതന്മാരിൽ നിന്ന് അപ്രകാരം ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്.
ഹദീസ് ശേഖരണാർത്ഥം നിരന്തര യാത്രകൾ നടത്തിയിട്ടുണ്ട് ഇമാം. എല്ലാവിധ പ്രതിസന്ധികളും സാമ്പത്തിക ബാധ്യതകളും അവഗണിച്ചായിരുന്നു അത്. ഹിജ്റ 186ൽ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു തുടക്കം. ബസ്വറ, കൂഫ, യമൻ, മക്ക, മദീന തുടങ്ങിയ പ്രദേശങ്ങൾ ഹദീസ് ശേഖരണത്തിന്റെ ഭാഗമായി സന്ദർശിച്ചവയാണ്. യഹ്‌യ ബ്ൻ സൈദ് അൽ കത്താൻ, അബു ദാവൂദ് അത്തയാലിസി, വകീഉ ബ്നു ജർറാഹ്, അബു മുആവിയ അദ്ദരീർ, സുഫിയാനുബിനു ഉയൈന, ഇമാം ശാഫിഈ തുടങ്ങിയ മഹാരഥന്മാരെ ഇമാം അഹ്മദ് ബ്ൻ ഹമ്പൽ ഇത്തരം യാത്രകളിൽ സന്ദർശിക്കുകയും അവരിൽ നിന്ന് ഹദീസ് ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്.
കർമശാസ്ത്രത്തിൽ ഇമാം ശാഫിഈ ﵀ ആയിരുന്നു പ്രധാന ഗുരു. ഹദീസ് മനപ്പാഠമാക്കുന്നതിലും മതവിജ്ഞാനീയങ്ങൾ അഭ്യസിക്കുന്നതിലും അഹ്‌മദ് ബ്നു ഹമ്പലിനേക്കാൾ പ്രാവീണ്യമുള്ള മറ്റൊരാൾ ബാഗ്ദാദിലില്ലെന്ന് ഇമാം ശാഫിഈ ﵀ തൻ്റെ ശിഷ്യനെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. ഹദീസ് അന്വേഷണങ്ങളോടുള്ള അതീവ താത്പര്യം എല്ലാ പ്രയാസങ്ങളെയും തരണം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അഗാധജ്ഞാനവും പണ്ഡിതന്മാർക്കിടയിലെ ഉന്നത സ്ഥാനവുമൊന്നും അതിനു തടസ്സമായില്ല. വിനയാന്വിതനായി ഒരു വിദ്യാർത്ഥിയെ പോലെ ഇമാം മറ്റു പണ്ഡിതന്മാരുടെ ക്ലാസുകളിൽ പങ്കെടുത്തു. മഷിക്കുപ്പി പിടിച്ച്, സദാ പഠന സപര്യയിൽ മുഴുകിയിരിക്കുന്ന ഇമാമിനോട് ഒരാൾ പറഞ്ഞു. “അബൂ അബ്ദുല്ലാ, വിശ്വാസികളുടെ നേതാവായിട്ടും അങ്ങ്, ഇതര വിദ്യാർത്ഥികൾക്കിടയിൽ ഇരിക്കുകയാണല്ലോ”. ഇത് കേട്ടപ്പോൾ അവിടുത്തെ പ്രതികരണം ഇപ്രകാരമായിരുന്നു. “ഈ മഷിക്കുപ്പി പിടിച്ചു തന്നെയായിരിക്കും ഞാനെന്റെ ഖബറിടത്തിലേക്ക് പോവുക”.
ഹിജ്റ 204ൽ, അഥവാ ഇമാം ശാഫിഈ വഫാത്തായ വർഷത്തിലായിരുന്നു ഇമാം അഹ്മദ് ബാഗ്ദാദിൽ അധ്യാപകനായും മുഫ്തിയായും സേവനം ആരംഭിക്കുന്നത്. ഉൽകൃഷ്ടനായ മുൻഗാമിക്കൊത്ത പിൻഗാമിയായിരുന്നു ഇമാം. രണ്ട് ഘട്ടങ്ങളിലായിരുന്നു ക്ലാസുകൾ. ഒന്ന്, വീട്ടിൽ വച്ച്. ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാർക്ക് വേണ്ടിയായിരുന്നു അത്. രണ്ട്, അസ്വർ നിസ്കാരാനന്തരം പള്ളിയിൽ വെച്ച് പൊതുജനങ്ങൾക്കും. ഹൃദ്യമായിരുന്നു വിദ്യാർത്ഥികളോടുള്ള ഇമാമിന്റെ പെരുമാറ്റം. അത്യാദരവോടെയാണ് ഹദീസുകൾ നിവേദനം ചെയ്യുക. അതി സൂക്ഷ്മമായിരുന്നു അദ്ദേഹത്തിൻ്റെ ഓർമ്മശക്തി.
10 ലക്ഷത്തോളം ഹദീസുകൾ മനപ്പാഠമായിരുന്നു ഇമാം അഹ്മദിന്. ശിഷ്യഗണങ്ങൾ ഇമാമിൽ നിന്ന് വിദ്യ നുകരുകയും അത് ലോകവ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. അബൂബക്കർ അൽ മറൂസി ആയിരുന്നു ശിഷ്യരിൽ പ്രധാനി. “എന്നിൽ നിന്ന് എന്താണോ അബൂബക്കർ മറൂസി നിവേദനം ചെയ്തത് അവയെല്ലാം ഞാൻ പറഞ്ഞത് തന്നെയാണ്” എന്ന് ഇമാം അദ്ദേഹത്തെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. ഇമാമിൻറെ ഫത്തുവകളും കർമശാസ്ത്ര അഭിപ്രായങ്ങളും ക്രോഡീകരിക്കാൻ വേണ്ടി നിരന്തര യാത്രകൾ നടത്തിയവരാണ് അബൂബക്കർ അൽ ഖല്ലാൽ. അവർ സമാഹരിച്ച് അദ്ദേഹം അൽ ജാമിഉൽ കബീർ എന്ന ഗ്രന്ഥം തയ്യാറാക്കിയിട്ടുണ്ട്.
അബുൽ ഖാസിം അൽ ഖിറഖി ജാമിഉൽ കബീറിനെ സംഗ്രഹിക്കുകയും മുഖ്തസ്വർ അൽ
ഖിറഖി എന്ന പേരിൽ ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തിട്ടുണ്ട്. ഹമ്പലി മദ്ഹബിലെ പണ്ഡിതന്മാർക്കിടയിൽ ഏറ്റവും കൂടുതൽ അവലംബിക്കപ്പെടുന്ന ഗ്രന്ഥമാണത്. 300 ൽ അധികം വ്യാഖ്യാനങ്ങളുണ്ട് പ്രസ്തുത ഗ്രന്ഥത്തിന്. ഖുദാമ അൽ മഖ്ദിസിയുടെ അൽ മുഗ്നിയാണ് അവയിൽ അറിയപ്പെട്ടത്.
വിചാരണ
ജീവിതത്തിൽ കടുത്ത അഗ്നി പരീക്ഷണങ്ങൾക്ക് വിധേയനാകേണ്ടി വന്നിട്ടുണ്ട് ഇമാം അഹ്മദ് ബ്ൻ ഹമ്പൽ ﵀ ന്. ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്ന മുഅതസിലീ വാദം അംഗീകരിക്കാത്തതിന്റെ പേരിലായിരുന്നു അത്. അബ്ബാസി ഭരണാധികാരി ഖലീഫ അൽ മഅമൂനാണ് ഇമാമിനെ വിചാരണ ചെയ്യാൻ ഉത്തരവിട്ടത്. അങ്ങനെ ബന്ധനസ്ഥനാക്കി ഖലീഫക്ക് മുന്നിലേക്ക് ആനയിക്കപ്പെട്ടു. വിചാരണക്കിടെ സതീർത്യനായ മുഹമ്മദ് ബിൻ നൂഹ് പീഢനം സഹിക്കവയ്യാതെ മരണമടഞ്ഞു. “ജനങ്ങൾ റോൾ മോഡൽ ആയി വീക്ഷിക്കുന്ന വ്യക്തിയാണ് അങ്ങ്. വിചാരണയ്ക്കിടെ അങ്ങ് എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് വീക്ഷിക്കുകയാണവർ. അതുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുക, അവനെയോർത്ത് ധീരതയോടെ നിലകൊള്ളുക”. മരണവേളയിൽ മുഹമ്മദ് ബ്ൻ നൂഹ് ഇമാമിന് നൽകിയ നിർദ്ദേശമാണിത്.
രണ്ടുവർഷത്തോളമാണ് ഇമാമിന് ജയിൽവാസം അനുഷ്ഠിക്കേണ്ടി വന്നത്. തുടർന്ന് ഖലീഫ മുഅതസിമിന്റെ സന്നിധിയിൽ ഹാജരാക്കി. മഅമൂന്റെ സഹോദരനായിരുന്നു അദ്ദേഹം. തങ്ങളുടെ വാദത്തിന് അനുകൂലമായി ഒരു വാക്ക് ഇമാമിൽ നിന്ന് ലഭിക്കാൻ ഖലീഫയും കൂട്ടരും കിണഞ്ഞ് പരിശ്രമിച്ചു. അവർ പല വശീകരണ തന്ത്രങ്ങളും പ്രയോഗിച്ചു. പക്ഷേ ഫലമുണ്ടായില്ല. ഖുർആൻ സൃഷ്ടിയാണോ എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് അത് അല്ലാഹുവിന്റെ വാക്കാണ് എന്നായിരുന്നു പ്രതികരണം. കളിയടങ്ങാതെ അവർ ഇമാമിനെ തല കീഴായി തൂക്കുകയും ശക്തിയായി പ്രഹരിക്കുകയും ചെയ്തു. ഒടുവിൽ ഇമാം ബോധരഹിതനായപ്പോഴാണ് വീട്ടിലേക്ക് പോകാൻ അനുവദിച്ചത്.
ശേഷം അധികാരമേറ്റെടുത്ത ഖലീഫ അൽ വാതിഖിന്റെ കാലത്ത്, ഇമാമിനെ ജനങ്ങളെ അഭിമുഖീകരിക്കുന്നതിൽ നിന്ന് വിലക്കുകയും പ്രാർത്ഥനയ്ക്ക് മാത്രമല്ലാതെ പുറത്തിറങ്ങരുതെന്ന് ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു. ഖലീഫ അൽ മുതവക്കിലിന്റെ കാലത്താണ് സാഹചര്യങ്ങൾക്ക് മാറ്റം വന്നത്. അദ്ദേഹം ഖുർആൻ സൃഷ്ടിയാണെന്ന വാദത്തെ എതിർക്കുകയും ഇമാമിന് എല്ലാവിധ ആദരവുകളും നൽകുകയും ചെയ്തു. അങ്ങനെ ഇമാം ബാഗ്ദാദിൽ തൻറെ അധ്യാപനം പുനരാരംഭിച്ചു.
അൽ മുസ്നദാണ് ഇമാമിന്റെ സുപ്രധാന രചന. ഹദീസ് മേഖലയിലെ ഏറ്റവും വലിയ രചനയാണിത്. ഇമാമിന് ലഭിച്ച 75,000 ഹദീസുകളിൽ നിന്ന് തെരഞ്ഞെടുത്ത 40000 ഹദീസുകളാണ് മുസ്നദിലുള്ളത്. 36ആം വയസ്സിലായിരുന്നു അതിന്റെ രചനക്ക് തുടക്കം കുറിച്ചത്. സുഹ്ദ്, അസ്സുന്ന, അൽ വറാ വൽ ഈമാൻ, അൽ മസാഇൽ, ഫളാഇലു സ്വഹാബ തുടങ്ങിയ മറ്റു രചനകളും ഏറെ വായനകൾക്ക് വിധേയമാക്കപ്പെട്ട ഗ്രന്ഥങ്ങളാണ്. ഹി. 241/855 CE റബീഉൽ അവ്വൽ 12ന് എഴുപത്തേഴാം വയസിലാണ് ഇമാം അഹ്മദ് ബ്ൻ ഹമ്പൽ ﵀ വിട പറഞ്ഞത്. ബാഗ്ദാദിൽ തന്നെയാണ് ഖബ്ർ.