നല്ല ''ബിദ്അതോ''?
ബിദ്അതിനെ നല്ലത്/മോശമായത് (ഹസനത്/സയ്യിഅത്) എന്നിങ്ങനെ വേർതിരിക്കുന്നത് ചിലർ നിരൂപിക്കാറുണ്ട്.
ചിലപ്പോയൊക്കെ ഇത്തരം വേർതിരിവിനെ അംഗീകരിക്കുന്നവരെ ശക്തമായ ഭാഷയിൽ എതിർക്കുകയോ, കാപട്യം കൊണ്ടും വഴികേട് കൊണ്ടും കട്ടായം പറയുന്നവരും ഉണ്ട്.
''എല്ലാ ബിദ്അതും വഴികേടിലാണ്" എന്ന് തിരുനബി ﷺ അധ്യാപനം ചെയ്തിട്ടുണ്ടല്ലോ?.
തിരുനബിയുടെ ﷺ ഈ വാക്ക് വിശാലാർത്ഥത്തിൽ ആണെന്ന് ആർക്കാണ് മനസ്സിലാവാത്തത്?. ഏതെങ്കിലും ഒരു ബിദ്അത് നല്ലതാണെന്ന് ആരെങ്കിലും ഈ വാക്കിൽ നിന്നും ഗ്രഹിക്കുമോ?.
ഇതൊക്കെയാണ് അത്തരക്കാരുടെ ന്യായങ്ങൾ...
തീർന്നില്ല. ഇനിയുമുണ്ട് ന്യായങ്ങൾ.
അവർ ചോദിക്കും: "എല്ലാ ബിദ്അതും വഴികേടിലാണ്" എന്ന് തിരുനബി ﷺ പറഞ്ഞിരിക്കെ ഒരു മുജ്തഹിദിന്, അല്ലെങ്കിൽ ഒരു പണ്ഡിതന് ചില ബിദ്അത് വഴികേടിലും, ചിലത് നല്ലതും, മറ്റു ചിലത് മോശവും ആണെന്ന് വിശദീകരിക്കാൻ എങ്ങനെ സാധിക്കും?!
നോക്കൂ, എന്താണ് ഇത്തരം ചോദ്യ ശരങ്ങളുടെ പരിണിത ഫലം?
അനേകം സാധാരണക്കാർ തെറ്റുദ്ധരിക്കും. ഇത്തരം ആരോപണങ്ങൾ കൊണ്ട് അട്ടഹസിക്കുന്നവരോടൊപ്പം അവരും ചേരും. അങ്ങനെ, പൂർണ്ണാർത്ഥത്തിൽ ഒരു വിരോധിയായി മാറും.
ഇസ്‌ലാമിന്റെ ആത്മാവിനെ ദൂരെ നിന്നു പോലും അനുഭവിക്കാത്ത സാധാരക്കാരാണ് ഇതിൽ പെടുന്നത് എന്നതാണ് ശ്രദ്ധേയം.
ഇങ്ങനെയൊരു നിരർത്ഥകമായ വാദത്തിൽ അധിക കാലം ഇത്തരക്കാർ തുടരും എന്ന് കരുതുന്നുണ്ടോ? അവർക്ക് അതിന് സാധ്യമല്ല. ജീവിത യാത്രയിൽ ഇത്തരക്കാർ അഭിമുഖീകരിക്കേണ്ടി വരുന്ന പല വിഷയങ്ങളെയും സുഖകരമായി സമീപിക്കാൻ പുതിയൊരു വാദഗതി അവർ തന്നെ മെനഞ്ഞെടുക്കേണ്ടി വരും. ഈ ''പുതിയ വാദഗതി'' യുടെ പ്രത്യേകത എന്താണ്? അതില്ലായെങ്കിൽ അവർക്ക് നല്ല ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കാൻ, പുതിയ താമസ സൗകര്യം ഉണ്ടാക്കാൻ, ഭംഗിയുള്ള വസ്ത്രം ധരിക്കാൻ, ഇണയോടൊപ്പം ജീവിക്കാൻ, സർവ്വതിനോടുമുള്ള ആദാനപ്രധാനം നടത്താൻ സാധിക്കുകയെയില്ല.
അഥവാ, ബിദ്അത് ദീനുമായി ബന്ധപ്പെട്ടതും, ദുനിയാവുമായി ബന്ധപ്പെട്ടതുമുണ്ട് (ദീനിയ്യ്/ ദുന്യവിയ്യ്) എന്നതാണ് ആ വാദഗതി.
സുബ്ഹാനല്ലാഹ്! ഇത്തരക്കാർക്ക് ബിദ്അതിനെ ദീനിയ്യ്/ ദുന്യവിയ്യ് എന്ന് വേർതിരിക്കാൻ എങ്ങനെ സാധിക്കുന്നു? എന്താണ് അതിന്റെ ആധാരം? ഏറ്റവും കുറഞ്ഞത് ദീനിയ്യ്/ ദുന്യവിയ്യ് എന്ന നാമകരണം പോലും അവരുടെ വകയല്ലെ?!
ഒരു പക്ഷെ, തിരുനബിയുടെ ﷺ കാലം മുതൽക്കു തന്നെ ദീനിയ്യായതും, ദുന്യവിയ്യായതുമായ ബിദ്അതുകളെ നമുക്ക് കാണാൻ കഴിയുമെങ്കിലും ഈ നാമകരണം ആ കാലത്തിൽ കണ്ടെത്തുവാൻ ഒരിക്കലും കഴിയുകയില്ല.
അപ്പോൾ, ഈ വേർതിവിന്റെയും നാമകരണത്തിന്റെയും അടിസ്ഥാനം എന്താണ്?
ബിദ്അതിനെ നല്ലത്/മോശമായത് എന്നിങ്ങനെ വിശദീകരിച്ചവരോട് എന്ത് ചോദ്യമാണോ എതിർപക്ഷക്കാർ ചോദിച്ചത്, അതേ ചോദ്യങ്ങൾ അവരും നേരിടേണ്ടി വരും എന്ന് സാരം.
ആകയാൽ, ഇത്തരം സംശയങ്ങളെയും തെറ്റുദ്ധരിപ്പിക്കലുകളെയും ദൂരീകരിക്കുന്ന ഒരു വിശദീകരണം ഇവിടം ആവശ്യമാണ്.
നോക്കൂ, തിരുനബിയിലൂടെ ﷺ
''എല്ലാ ബിദ്അതും വഴികേടിലാണ്'' എന്ന് നമ്മോട് സംവദിച്ചത് അല്ലാഹുവാണ്. ഇസ്‌ലാം ദീനിന്റെ ഭാഗമായ ഈ സംവേദനത്തെ, തിരുനബിയുടേത് ﷺ തന്നെ മറ്റു അധ്യാപനങ്ങളോട് ചേർത്തു വച്ചു കൊണ്ട് വേണം നാം അളക്കേണ്ടത്.
ബിദ്അത് കൊണ്ടുള്ള താല്പര്യം മുൻ മാതൃകയില്ലാതെ പുതുതായി ചേർത്തത്/ ഉണ്ടാക്കിയത് എന്നതാണെന്ന് മനസ്സിലാക്കുമ്പോൾ, ''ദീനിൽ'' പുതുതായി ചേർത്ത് / ഉണ്ടാക്കി അവകൾ തിരുനബിലേക്ക് ﷺ ചേർക്കപ്പെടുന്ന അവസ്ഥ ഉടലെടുക്കുന്നതാണ് ആക്ഷേപാർഹമായതെന്ന് ബോധ്യമാവും.
ഈയൊരു അവസ്ഥയെ തൊട്ടാണല്ലോ തിരുനബി ﷺ നമ്മെ അകറ്റിയത്, അവിടുന്ന് പറഞ്ഞു: '' ഈ ദീനിൽ പെടാത്ത വല്ലതും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്."
അപ്പോൾ എന്താണ് മാനദണ്ഡം.?
''ഈ ദീനിൽ പെട്ടത്/ പെടാത്തത്" എന്നതാണ് മാനദണ്ഡം.
അതു കൊണ്ട് തന്നെ, ബിദ്അത് ഹസനത്/സയ്യിഅത് എന്നത് കൊണ്ട് നമ്മുടെ താല്പര്യം ഭാഷാപരമായ ബിദ്അത് മാത്രമാണ്. അഥവാ, പുതുതായി ചേർത്തത് / ഉണ്ടാക്കിയത് എന്ന് മാത്രമാണ് അതിനർത്ഥം. ''ദീനിൽ'' എന്ന ഉപാധി ഇവിടെയില്ല. പരിപൂർണ്ണമായ ഈ ദീനിൽ പുതുതായി ചേർക്കൽ / ഉണ്ടാക്കൽ എന്ന ശറഇയ്യായ ബിദ്അത് വഴികേടും, ആക്ഷേപാർഹവും, തള്ളപ്പെടേണ്ടതാണെന്നും ആണെന്നതിൽ ആർക്കാണ് സംശയം?
എതിർ കക്ഷികൾ ഈ അർത്ഥ തലങ്ങളെ കൃത്യമായി മനസ്സിലാക്കിയെങ്കിൽ...
സയ്യിദ് മുഹമ്മദ് ബിൻ അലവീ മാലികീ മക്കിയുടെ (റ) ''മഫാഹീമു യജിബു അൻ തുസ്വഹഹ'' എന്ന രചനയിൽ നിന്നും.