ഇന്ത്യൻ ജനാതിപത്യ സംവിധാനത്തോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. നിലവിൽ വെൽഫയർ പാർട്ടി രൂപീകരിച്ച് അവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിലും അടിസ്ഥാന പരമായി ജമാഅത്തെ ഇസ്‌ലാമിയും മൗദൂദിയും ജനാതിപത്യ വിരുദ്ധരാണ് എന്നതാണ് യാഥാർഥ്യം. മാതാരാഷ്ട്രം മാത്രമാണ് അവർ അംഗീകരിക്കുന്ന ഭരണ വ്യവസ്ഥ. അല്ലാത്തവയെല്ലാം താഗൂത്തികളുടേതാണ്. പൈശാചികമാണ്.
ജനാതിപത്യ വ്യവസ്ഥക്ക് കീഴിലുള്ള പ്രക്രിയകളൊന്നും ജമാഅത്തെ ഇസ്‌ലാമി അംഗീകരിക്കാൻ തയാറായിരുന്നില്ല. ഇലക്ഷനിൽ പോലും മത്സരിക്കരുതെന്നും വോട്ട് ചെയ്യരുതെന്നും ജമാഅത് നേതാക്കൾ അണികളോട് ആക്ഞ്ജാപിച്ചു. അഖിലേന്ത്യാ അമീർ എഴുതുന്നത് കാണുക: “നമ്മുടെ അഭിപ്രായത്തിൽ ഇന്നു മുസ്‌ലിംകൾ ചെയ്യേണ്ട ശരിയായ പ്രവൃത്തി തിരഞ്ഞെടുപ്പിൽ നിന്ന് അവർ തികച്ചും വിട്ട് നിൽക്കുക എന്ന നിഷേധാത്മകതയിൽ നിന്നാണാരംഭിക്കുന്നത്. അവർ സ്വയം സ്ഥാനാർത്ഥികളായി നിൽക്കുകയോ ഇതര സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യുകയോ അരുത്. യഥാർത്ഥ വഴികളിൽകൂടി ചലിക്കാനുള്ള ഒന്നാമത്തെ കാലടിയാണിത്“ (പ്രബോധനം 1956 ജൂലൈ, പേ 35).
അമീർ മാത്രമല്ല സാക്ഷാൽ അബുൽ അഅലാ മൗദൂദിയും ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. “തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും അസംബ്ലിയിൽ പോകുന്നതും ഒരനിസ്‌ലാമിക ഭരണവ്യവസ്ഥക്ക് കീഴിൽ ഒരു മതേതര ജനാധിപത്യ സ്റ്റേറ്റ് സ്ഥാപിക്കാനാണെങ്കിൽ അത് നമ്മുടെ തൗഹീദിനും ആദർശത്തിനും മതത്തിനും വിരുദ്ധമായിരിക്കും“(ചോദ്യേത്തരങ്ങൾ/ പേ 357).
ഇതുപോലെയുള്ള നിരവധി പരാമർശങ്ങൾ ജമാഅത് സാഹിത്യങ്ങളിൽ ഇനിയുമുണ്ട്. അവയിൽ ചിലത് ചുവടെ ചേർക്കുന്നു.
- “അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പിൽ ഭാഗഭാക്കാവുന്നത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു” (പ്രബോധനം, 1970, ജൂലൈ).
- “ഇന്നത്തെ മതേതര ഭൗതിക രാഷ്ട്രത്തിൽ സ്ഥാനാർത്ഥിയായി നിൽക്കാനോ വോട്ട് രേഖപ്പെടുത്താൻ തന്നയുമോ നിവൃത്തിയില്ല”(പ്രബോധനം, 1957 നവംബർ 10).
- “ജമാഅത്തെ ഇസ്‌ലാമി ഏതെങ്കിലും തിരഞ്ഞെടുപ്പിൽ പങ്കെടുക്കുകയോ സ്ഥാനാർഥികളെ നിർത്തുകയോ ഏതെങ്കിലും സംഘടനയെയോ സ്ഥാനാർത്ഥികളെ യോ പിന്താങ്ങുകയോ ചെയ്‌ത ഒരൊറ്റസംഭവവുമില്ല. അതിന് അതിന്റെ മുഴുവൻ ചരിത്രവും സാക്ഷിയാണ്” (ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി എന്ത് എന്തല്ല?, പേ: 24).
- “നമ്മുടെ നാട് അംഗീകരിച്ച രാഷ്ട്രീയവ്യവസ്ഥയിൽ നിയമനിർമാണത്തിന്റെ പരമാധികാരം ജനങ്ങൾക്കാണ്. അഥവാ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്കാണ്. അതിനാൽ ഇവിടെ നിലനില്ക്കുന്ന വ്യവസ്ഥ അനിസ്‌ലാമികമാണ്. അഥവാ ജാഹിലിയ്യത്താണ്“ (ശൈഖ് മുഹമ്മദ് കാരക്കുന്ന്, പ്രബോധനം -2006 മെയ് 20, പേജ് 29).
- “ലാ ഇലാഹ ഇല്ലല്ലാ മുഹമ്മദ് റസുലുല്ല എന്ന അടിസ്ഥാന വാക്യത്തിൽ വിശ്വസിക്കുന്ന ഒരു മുസ്‌ലിം നിയമനിർമാണാധികാരം അല്ലാഹുവിന്റെ മാത്രം അവകാശമാണെന്നു മനസിലാക്കേണ്ടിയിരിക്കുന്നു. എന്നിരിക്കെ മനുഷ്യന് സ്വതന്ത്രമായ നിയമനിർമാണാധികാരം നൽകുകയും കിതാബിനെയും സുന്നത്തിനെയും പാടെ അവഗണിച്ചുകൊണ്ട് അവകാശം ഉപയോഗപ്പെടുത്തുകയും അത്രയുമല്ല, അല്ലാഹുവെ പരസ്യമായി പരിഹസിക്കുക കൂടിചെയ്യുന്ന ഒരു നിയമനിർമാണ സഭയിൽ മെമ്പറാകുകയോ അതിലേക്കുള്ള സ്ഥാനാർത്ഥികളെ സഹായിക്കുകയോ ചെയ്യാൻ ഒരു മുസ്‌ലിമിന് നിവൃത്തിയില്ല. സ്വയം സ്ഥാനാർത്ഥികളായി നിൽക്കാതെ വോട്ട് ഉപയോഗിക്കലും തെറ്റാണ് (പേ.61,62).
- “ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരംഗവും ഒരു എം. പി.യോ എം. എൽ. എ.യോ എന്നു വേണ്ട പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ല. ആകാൻ ശ്രമിച്ചിട്ടുമില്ല. രാഷ്ട്രീയ ലക്ഷ്യമായിരുന്നുവെങ്കിൽ ഇഖാമത്തുദ്ദീനിന് ശ്രമിക്കുന്നതിന് പകരം നിലവിലുള്ള ഏതെങ്കിലും ഒരു പാർട്ടിയുടെ മുദ്രാവാക്യമംഗീകരിച്ച് അവരോടൊപ്പം ചേരുകയാണ് വേണ്ടിയിരുന്നത്. എന്നാൽ നിലവിലുള്ള ഭരണ വ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാൻ നിർബന്ധിച്ച് ഏല്‌പിച്ചാൽ പോലും ജമാഅത്തതിന് തയ്യാറാവുകയില്ല“ (തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, ശൈഖ് മുഹമ്മദ് കാരക്കുന്ന്).