1941 ആഗസ്റ്റ് 26നാണ് നവീന വാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി ലാഹോറിൽ പ്രവർത്തനമാരംഭിക്കുന്നത്. സ്ഥാപകൻ അബുൽ അഅ്ലാ മൗദൂദി. 1903 മുതൽ 1979 വരെയാണ് അദ്ദേഹത്തിന്റെ ജീവിതകാലം. പിതാവ് അഹ്മദ് ഹസൻ മൗദൂദി. മതഭക്തനും നിയമ വിദഗ്ധനുമായിരുന്നു അഹ്മദ് ഹസൻ. ശൈഖ് ഖുതുബുദ്ധീൻ മൗദൂദിയിലാണ് പിതൃപരമ്പര
ചെന്നു ചേരുന്നത്. അവരിൽ പലരും ചിശ്തി ആത്മീയ സരണിയിലെ വഴികാട്ടികളായിരുന്നു.
കുടുംബത്തിൽ നിന്ന് തന്നെയായിരുന്നു പ്രാഥമിക വിദ്യഭ്യാസം. തുടർന്ന് ഔറംഗാബാദിലെ സെക്കണ്ടറി മദ്റസയിലും ഹൈദരാബാദ് ദാറുൽ ഉലൂം മദ്റസയിലും പഠനം നടത്തി. മൗലവി ആലിം കോഴ്സിന് ചേർന്നിരുന്നെങ്കിലും പൂർത്തീകരിക്കാനായില്ല. 1920ൽ പിതാവ് പക്ഷാഘാതം പിടിപെട്ട് ഇഹലോക വാസം വെടിഞ്ഞു. സാമ്പത്തിക പ്രയാസം രൂക്ഷമായതോടെ ഉപജീവനത്തിനായി പത്രപ്രവർത്തന മേഖലയിലേക്ക് തിരിഞ്ഞു. യുക്തിവാദിയായ നയാസ് ഫത്ത്ഹ്പൂരിയായിരുന്നു ഗുരുനാഥൻ.
താജ്, മദീന, മുസ്‌ലിം, ജംഇയ്യത്ത് തുടങ്ങിയ പത്രങ്ങളിലായിരുന്നു ആദ്യകാല സേവനം. 1932ൽ തർജുമാനുൽ ഖുർആൻ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി. മൗദൂദി തന്റെ വികല ആശയങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയത് അതുമുതലാണ്. അതോടെ അദ്ദേഹം പാരമ്പര്യ മുസ്‌ലിം പണ്ഡിതന്മാരുടെ ശക്തമായ വിമർശനത്തിന് ഇരയായി. ഒമ്പത് വർഷങ്ങൾക്കുശേഷം 1941ലാണ് പ്രസ്തുത ആശയങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി ജമാഅത്തെ ഇസ്‌ലാമി രൂപവൽക്കരിക്കുന്നത്. 75 പേർ മാത്രമായിരുന്നു ആദ്യകാല അംഗങ്ങൾ. ശഹാദത്ത് കലിമ ചൊല്ലിയായിരുന്നു സംഘടനയുടെ പ്രഖ്യാപനം.
പാരമ്പര്യ മൂല്യങ്ങളെയെല്ലാം നിരാകരിച്ചായിരുന്നു മൗദൂദിയുടെ പാർട്ടി പ്രഖ്യാപനം. “വിമർശന നിരീക്ഷണത്തിനുള്ള യോഗ്യത കൈവന്ന ശേഷം ഞാൻ ആദ്യമായി ചെയ്തത് എനിക്ക് അനന്തരമായി ലഭിച്ച നിർജ്ജീവമാകുന്ന മാലയെ എന്റെ കഴുത്തിൽ നിന്ന് പൊട്ടിച്ചെറിയുകയെന്നതാണ്. അതിനാൽ യഥാർത്ഥത്തിൽ ഞാനൊരു നവ മുസ്‌ലിമാണ്. (പ്രബോധനം: 2-1). വ്യക്തിഗത ദുർവ്യാഖ്യാനങ്ങളായിരുന്നു മൗദൂദി ആശയങ്ങളുടെ അടിത്തറ.
“കർമശാസ്ത്രത്തിലും വിശ്വാസ ശാസ്ത്രത്തിലും എനിക്ക് ഒരു പ്രത്യേക മാർഗമുണ്ട്. ആ മാർഗ്ഗം ഞാൻ സ്വന്തം ഗവേഷണമനുസരിച്ച് കൈക്കൊണ്ടതാണ്’
(പ്രബോധനം: 1-1)
മൗദൂദിയൻ സിദ്ധാന്തമനുസരിച്ച് വോട്ട് ചെയ്യാനോ, ഉദ്യോഗം സ്വീകരിക്കാനോ പാടില്ലായിരുന്നു. പക്ഷെ, അതെല്ലാം കാലാനുസൃതമായി മാറ്റുന്നതിനാണ് ചരിത്രം സാക്ഷിയായത്. ഒടുവിൽ രാഷ്ട്രീയപാർട്ടികൾ രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ ജമാഅത്തുകാർ മത്സരിക്കുന്ന സാഹചര്യം വരെയുണ്ടായി. വികലമായിരുന്നു മൗദൂദിയൻ ആശയങ്ങൾ. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളെ പോലും അവ നിരാകരിച്ചു. ഈമാൻ കാര്യങ്ങളിൽ വിധിവിലക്കുകളിലുള്ള വിശ്വാസം, പ്രവാചകന്മാരുടെ പാപസുരക്ഷിതത്വം, മലക്കുകളുടെ സവിശേഷതകൾ, വിശുദ്ധ ഖുർആൻ വ്യാഖ്യാനം, ആരാധന തുടങ്ങിയ വിഷയങ്ങളിലെല്ലാം മൗദൂദി മതവിരുദ്ധമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. തവസ്സുൽ, ഇസ്തിഗാസ, ബറക്കത്തെടുക്കൽ, തസ്വവുഫ്, തുടങ്ങി പല അംഗീകൃതകാര്യങ്ങളിലും അദ്ദേഹ ത്തിന് എതിർപ്പും ശിർക്ക് ആരോപണവുമുണ്ട്.
സ്വതന്ത്രഗവേഷണം നടത്താനുള്ള യാതൊരു യോഗ്യതയും മൗദൂദി കൈവരിച്ചിരുന്നില്ലെന്നതാണ് വസ്തുത. പാക്കിസ്ഥാനിലെ പ്രമുഖ ബുദ്ധിജീവികളിലൊരാളെന്ന് ജമാഅത്തുകാർ തന്നെ വിശേഷിപ്പിക്കാറുള്ള ഡോ ഇഷ്തിയാഖ് ഹുസൈൻ ഖുറൈശി പറയുന്നതുകാണുക:- “മൗദൂദി പാരമ്പര്യ സമ്പ്രദായത്തിൽ വിദ്യാഭ്യാസം നേടിയ വ്യക്തിയായിരുന്നില്ല. പാഠശാലയിലോ പാശ്ചാത്യൻ രീതിയിലുള്ള വിദ്യാലയങ്ങളിലോ ചേർന്നു പഠിച്ചിട്ടില്ല അദ്ദേഹം. വിദ്യാഭ്യാസം അവഗണിക്കപ്പെട്ടു എന്നല്ല ഇതിനർത്ഥം. അസാധാരണമായ ബുദ്ധി വൈഭത്തോടൊപ്പം തന്നെ പ്രാഥമിക ഘട്ടത്തിൽ ഒരു വിടവ് തീർച്ചയായും ഉണ്ടായിരുന്നു (പ്രബോധനം, ജമാഅത്തെ ഇസ്‌ലാമി, അമ്പതാം വാർഷികപതിപ്പ് 1992, പേ: 117).
അൽഉസ്താദുൽ മൗദൂദി എന്ന ഗ്രന്ഥത്തിൽ മുഹമ്മദ് യൂസുഫ് അൽബന്നൂരി പറയുന്നു: “അടിസ്ഥാനപരമായി നോക്കിയാൽ മൗദൂദി ശറഇയ്യായ ഇൽമുകൾ യോഗ്യരായ വ്യക്തികളിൽനിന്ന് സമ്പാദിച്ചിട്ടില്ല. അറബിഭാഷാ വിജ്ഞാനം അതിന്റെ യഥാവിധി അഭ്യസിച്ചിട്ടില്ല. മതപരമായി അഗാധജ്ഞാനമുള്ള പണ്ഡിതരുമായി സമ്പർക്കം ലഭിച്ചിട്ടില്ല. പ്രാഥമിക പഠനങ്ങൾ മാത്രം നടത്തുകയും സ്വന്തം ബുദ്ധിയും പുസ്തകപാരായണവും കൈമുതലാക്കി മുന്നോട്ട് നീങ്ങുകയുമാണദ്ദേഹം ചെയ്തത്. അറബിയിൽ രചന നടത്തുവാനോ സംസാരിക്കുവാനോ പാരായണം ചെയ്യാനോ ഉള്ള നൈപുണ്യം അദ്ദേഹത്തിനില്ല. ചെറിയ തോതിലുള്ള കഴിവ് മാത്രമേയുള്ളൂ. അദ്ദേഹത്തിന്റേതായി പ്രത്യക്ഷപ്പെട്ട അറബി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചതല്ല. ഉറുദുവിലുള്ള തന്റെ ഗ്രന്ഥങ്ങൾ ശൈഖ് മസ്ഊദ് ആലം നദ്‌വിയും തന്റെ ശിഷ്യന്മാരും അറബിയിലേക്ക് ഭാഷാന്തരം ചെയ്തതാണ്. അറബിഗ്രന്ഥങ്ങളുടെ മുകളിൽ തഅ്ലീഫുൽ മൗദൂദി (മൗദൂദിയുടെ രചന) എന്നെഴുതുന്നത് പ്രചാരണത്തിനുവേണ്ടിയും വാദം സ്ഥാപിക്കാൻ വേണ്ടിയുമാണ്. ഇത് കണ്ട മുസ്‌ലിംകൾ പ്രത്യേകിച്ച് സഊദി അറേബ്യയിലും മറ്റു അറബ് രാജ്യങ്ങളിലുമുള്ള പണ്ഡിതന്മാർ മൗദൂദി സ്വയം രചിച്ചതാണെന്നും അറബി സാഹിത്യത്തിൽ തിളക്കമുള്ള മികച്ച ശൈലിയുടെ വക്താവാണ് മൗദൂദിയെന്നും തെറ്റുദ്ധരിച്ചു” (അൽ ഉസ്താദുൽ മൗദൂദി പേ: 10).
കറാച്ചിയിൽ നിന്നും പുറപ്പെടുന്ന പ്രസിദ്ധ അറബി മാസികയായ അൽ അറബ് 1384 ജുമാദൽ ഊലാ, ഉഖ്റാ ലക്കം കാണുക. ” മൗലാനാ മൗദൂദി തന്റെ ഉറുദു സംസ്കാരം കെട്ടിപ്പടുക്കുകയും ഉറുദു ഭാഷയിൽ അദ്ദേഹത്തിന്റെ വിജ്ഞാനം പ്രചരിപ്പിക്കുകയും ചെയ്യുന്നു. അറബിഭാഷ അദ്ദേഹത്തിനറിയില്ല. ഒരു ശരിയായ വാചകം അറബി ഭാഷയിൽ സംസാരിക്കാൻ അദ്ദേഹത്തിനു സാധ്യമല്ല (24-3,4).
ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുർആനും തിരുസുന്നത്തും അറബി സാഹിത്യത്തിന്റെ ഏറ്റവും ഉന്നതമായ വിതാനത്തിലുള്ളവയാണ്. അവ നിർദ്ധാരണം ചെയ്യാൻ ഒരു ഗവേഷകന് അറബിഭാഷാ പാണ്ഡിത്യം അനിവാര്യമാണ്. അത്തരമൊരു ശേഷിയില്ലാത്ത മൗദൂദിക്ക് എങ്ങനെയാണ് ഖുർആനിലും തിരുസുന്നത്തിലും ഗവേഷണം നടത്താൻ സാധിക്കുക?!.
ഗവേഷണ യോഗ്യതയില്ലാത്തവർ അത് നിർവഹിക്കുന്നത് ശിക്ഷാർഹമാണെന്ന് ഹദീസുകളിൽ നിന്ന് വ്യക്തമാണ്.
യൂസുഫുൽ ബന്നൂരി എഴുതുന്നു:
“മൗദൂദിയുടെ ഉറുദു ഗ്രന്ഥങ്ങളിലുള്ള വിപൽക്കരമായ ആശയങ്ങളും അസത്യങ്ങളും – വിശുദ്ധ സ്വഹാബാക്കളുടെ മേലുള്ള ആക്ഷേപസ്വരങ്ങളും ഖലീഫ ഉസ്മാൻ (റ)വിനെ ഇകഴ്ത്തിയതും ശരീഅത്തിന്റെ സാങ്കേതിക പ്രയോഗങ്ങളിലും ഖുർആൻ ആയത്തുകളുടെ സാരാംശങ്ങളിലുള്ള മാറ്റത്തിരുത്തലുകളും മുൻഗാമികളും പിൻഗാമികളുമായ സ്വലഫുസ്വാലിഹീങ്ങളെ തള്ളിപ്പറഞ്ഞതും സഊദി അറേബ്യയിലുള്ള പണ്ഡിതന്മാർ അറിഞ്ഞിരുന്നുവെങ്കിൽ മൗദൂദിയെ വന്ദിക്കുന്നതിൽ നിന്ന് ആദ്യം വിട്ടുനിൽക്കുക അവരായിരിക്കും. മൗദൂദിയുടെ വിശ്വാസത്തെ എതിർക്കുന്നതിൽ അവർ മുൻപന്തിയിൽ ഉണ്ടായിരിക്കും. എന്നാൽ ഇതിനെ സംബന്ധിച്ച് അവർക്കറിയില്ല. കാരണം അറബിയിലേക്ക് മാറ്റം ചെയ്യപ്പെടുന്ന മൗദൂദി ഗ്രന്ഥങ്ങളിൽ നിന്ന് മനപൂർവ്വം ഇതൊഴിവാക്കപ്പെടുന്നു. അവരുടെ മുന്നിൽ മാന്യത ചമയാനും ബഹുമാനിക്കപ്പെടാനും വേണ്ടി അവർക്കനുയോജ്യമായ മൗദൂദി സൂക്തങ്ങൾ മാത്രമേ വിവർ ത്തനം ചെയ്യപ്പെടുന്നുള്ളൂ” (അൽ ഉസ്താദുൽ മൗദൂദി പേ: 14)
ജമാഅത്തെ ഇസ്‌ലാമിക്കാർ അവരുടെ ആദർശത്തെക്കുറിച്ച് പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്;
“മദ്ഹബ് ഒഴിവാക്കി ഖുർആൻ, സുന്നത്ത് ആധാരമാക്കാൻ എല്ലാവരെയും പാകപ്പെടുത്തലാണ് ജമാഅത്തിന്റെ ഉദ്ദേശ്യം”
(പ്രബോധനം: 7-38). മദ്ഹബുകൾ വിശുദ്ധ ഖുർആനിനും തിരുസുന്നത്തിനും എതിരായ ഒന്നാണെന്നാണ് പ്രസ്തുത പരാമർശം സൂചിപ്പിക്കുന്നത്. ഇത് തീർത്തും തെറ്റാണ്. വിശുദ്ധ ഖുർആനും തിരുസുന്നത്തും സ്വീകരിക്കുന്നതിന്റെ പ്രായോഗികവശം മാത്രമാണ് മദ്ഹബ് സ്വീകരിക്കൽ, അറബിഭാഷാ പാണ്ഡിത്യമില്ലാത്ത സാധാരണക്കാർ ഗവേഷണം നടത്തിയാൽ അതിന്റെ ഫലം എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
പ്രവാചകന്മാർക്ക് തെറ്റുകൾ സംഭവിക്കാമെന്നതും മൗദൂദിയുടെ വാദങ്ങളിലൊന്നാണ്. തഫ്ഹീമാത്ത് 2-43ൽ മൗദൂദി പറയുന്നു. “അല്ലാഹു പ്രവാചകന്മാരിൽ നിന്ന് ചില സമയങ്ങളിൽ ഉദ്ദേശ്യപൂർവ്വം സ്വന്തം സംരക്ഷണം ഉയർത്തി ഒന്നോ രണ്ടോ തെറ്റുകൾ സംഭവിക്കാൻ അനുവദിക്കുന്നു”. എന്നാൽ ‘ലഗ്സിഷ്’ എന്ന പദമാണ് ഇവിടെ മൗദൂദി ഉപയോഗിച്ചതെന്നും അത് “സല്ലത്ത്’ എന്ന അറബിപദത്തിന്റെ സ്ഥാനത്താണെന്നും മൗദൂദികൾ ന്യായീകരിക്കാറുണ്ട്. എന്നാൽ ഈ പദത്തിന് വഴിതെറ്റുക, തെറ്റ് എന്നിങ്ങനെയുള്ള അർത്ഥങ്ങളാണ് ഫൈറൂസുല്ലുഗാത്, കരീമുല്ലുഗാത് തുടങ്ങിയ ഉറുദു ഡിക്ഷനറികൾ നൽകിയിട്ടുള്ളത്. മാത്രമല്ല പിഴവുകളാണ് ഉദ്ദേശമെങ്കിൽ അതിനായി സംരക്ഷണം ഉയർത്തേണ്ട ആവശ്യമെന്താണ്?. അല്ലാഹു സംരക്ഷണം ഉയർത്തിയ ശേഷം ചെയ്യുന്നത് തെറ്റല്ലാതിരിക്കാൻ നിർവാഹമില്ലെന്ന് സാമാന്യബുദ്ധിക്ക് പോലും മനസ്സിലാക്കാൻ കഴിയുന്ന ഒന്നാണ്. മാത്രമല്ല പ്രവാചകന്മാർ മനുഷ്യരാണെന്ന് തിരിച്ചറിയാൻ വേണ്ടിയാണ് ഇപ്രകാരം ‘ലഗ്സിഷ്’ പ്രവർത്തിപ്പിക്കുന്നത് എന്നുകൂടി മൗദൂദി വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ പ്രവാചകൻമാർ തെറ്റുകൾ ചെയ്തില്ലെങ്കിൽ അവർ അല്ലാഹുവാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം!.
ജനനം, മരണം, ഭക്ഷണം കഴിക്കുക, കുടിക്കുക, വിവാഹം ചെയ്യുക, സന്താനോത്പാദനം ഇവയൊന്നും പ്രവാചകന്മാർ മനുഷ്യരാണെന്ന് ധരിക്കാൻ പര്യാപ്തമല്ലെന്നും തെറ്റ് ചെയ്യൽ മാത്രമാണ് മനുഷ്യനാണെന്ന് ധരിക്കാനുള്ള ഏകമാർഗം എന്നുമാണ് മൗദൂദിയുടെ ഈ വാദത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുക. എത്ര വിചിത്രമായ നിലപാടാണിത്. മാത്രമല്ല, പാപം വഴികേട്, മഅ്സ്വിയത് തുടങ്ങിയ പ്രയോഗങ്ങളും അമ്പിയാക്കളെക്കുറിച്ച് മൗദൂദി നടത്തിയിട്ടുണ്ട്. “മിക്ക സമയത്തും അമ്പിയാക്കൾക്ക് കൂടി ദുർമന്ത്ര മനസ്സിന്റെ വഴികേട് അനുഭവപ്പെട്ടിരുന്നു”(തഫ്ഹീമാത്, 1.74).
“ആദം നബി ﵇ മിന്റെ നഫ്സെ ശരീറിന്റെ(ദുർമന്ത്രകമനസ്)ന്റെ ബന്ധനം അയയുകയും അദ്ദേഹം അനുസരണമെന്ന ഉന്നത പദവിയിൽ നിന്നും മഅ്സ്വിയത്തിൽ ചെന്ന് പതിക്കുകയും ചെയ്തു” (തഫ്ഹീമുൽ ഖുർആൻ, പേ 31-133). “നൂഹ് നബി ﵇ ജാഹിലിയ്യത്തിൽ അകപ്പെട്ടു. പിന്നീട് ഉണർത്തപ്പെട്ടപ്പോൾ അദ്ദേഹം ഇസ്‌ലാമിന്റെ നേട്ടത്തിന്റെ ചിന്തയിലേക്ക് തിരിച്ചു വന്നു” (തഫ്ഹീമുൽ ഖുർആൻ: 3-133). “സത്യസന്ധമായി ഭരണം നടത്തുന്ന ഒരു അനുസരണയുള്ള അടിമക്ക് യോജിക്കാത്തതും സ്വന്തം ശരീരേച്ഛക്ക് അനുസൃതമായതുമായ പ്രവർത്തനമാണ് ദാവൂദ് ﵇ മിൽ നിന്നുണ്ടായത്’ (തഫ്ഹീമുൽ ഖുർആൻ: 2-327).
“രിസാലത്തിന്റെ കടമ നിർവ്വഹിക്കുന്നതിൽ വലിയ തെറ്റ് യൂനുസ് ﵇ മിൽ നിന്ന് സംഭ വിച്ചിട്ടുണ്ട്” (തഫ്ഹീമുൽ ഖുർആൻ: 2-312). “നബി ആയതിന് ശേഷമുള്ള പാപസുരക്ഷിതത്വം പ്രവാചകത്വ ലബ്ധിക്ക് മുമ്പുണ്ടാവുകയില്ല. നബി ആവുന്നതിനു മുമ്പ് മൂസാ ﵇ വൻകൂറ്റം ചെയ്തിട്ടുണ്ട്. അഥവാ അദ്ദേഹം ഒരാളെ കൊന്നു കളഞ്ഞു” (റസാഇൽ വമസാഇൽ: 1-25).
മൗദൂദിയുടെ അതേവാദമാണ് ആധുനിക ജമാഅത്തുകാരും അവതരിപ്പിക്കുന്നത്. ബോധനത്തിൽ നിന്നു വായിക്കുക.
“പ്രവാചകന്മാർ മനുഷ്യരാണ്. തെറ്റുകൾ അവർക്കും സംഭവിക്കാം. സംഭവിച്ചാൽ ഉടനെ അല്ലാഹു അത് തിരുത്തിക്കൊടുക്കും” (ബോധനം: നവംബർ – ഡിസംബർ 2008, പേ. 68)
എന്നാൽ, അമ്പിയാക്കളിൽ നിന്ന് ചെറുതും വലുതുമായ യാതൊരു തെറ്റും പ്രവാചകത്വത്തിനു മുമ്പും ശേഷവും മനഃപൂർവ്വവും അല്ലാതെയും ഉണ്ടാവുകയില്ലെന്നതാണ് ശരിയായ വീക്ഷണം.