ഒരു ഇസ്‌ലാമിക രാഷ്ട്രം കിട്ടിയാൽ അവിടേക്ക് താമസം മാറ്റി ഇന്ത്യയിലെ ശിർക്കീ ജീവിതത്തിൽ നിന്ന് രക്ഷപ്പെടണം എന്ന കലശലായ ആഗ്രഹം ജമാഅത്തെ ഇസ്‌ലാമിക്കാർക്ക് ഇല്ലാതിരിക്കുമോ? “ഏറെ താമസിയാതെ ആ വിപ്ലവകാരി (ഹാജി സാഹിബ് ) പഠാൻ കോട്ടിലെ ദാറുൽ ഇസ്‌ലാമിലെത്തി. അദ്ദേഹം തന്റെ സുഹൃത്ത് മഞ്ചേരി കെ കെ അലിക്ക് അയച്ച എഴുത്തിൽ വിവരിക്കുന്നതിങ്ങനെയാണ്. ഇതൊരു കൊച്ചു ഇസ്‌ലാമിക രാഷ്ട്രമാണ്. ഇവിടെ പള്ളിയുണ്ട് പഠന മുറിയും ഓഫീസും ഗ്രന്ഥശാലയും ആശുപത്രിയുമെല്ലാമുണ്ട്. സകലതും നിയന്ത്രിക്കുന്നത് ജമാഅത്ത് പ്രവർത്തകരാണ്. വിശാലമായ ഒരു പ്രദേശമാണിത്. വിവിധ ഭാഷകളും വ്യത്യസ്ത വേഷക്കാരും ഒത്തുകൂടിയിരിക്കുന്നു. ചിലരെല്ലാം കുടുംബ സമേതം താമസമാണ്. ഈ രാഷ്ട്രത്തിലെ ഖലീഫ മൗലാനാ മൗദൂദി സാഹിബാണ്”.
ഇന്ത്യയിലെ മലിന സാമ്പത്തിക വ്യവസ്ഥിതിയിൽ എങ്ങനെ ജീവിക്കണം എന്ന ചോദ്യത്തിന് ഹാജി സാഹിബ് നൽകുന്ന മറുപടി. “ഇൻന്ത്യ നജസ് കലർന്ന കുളമാണ്. നമുക്കൊന്നിച്ചു നീന്താം. കരയിലെത്തുന്നതു വരെ ദാഹശമനത്തിന് ഇതിലെ വെള്ളം തന്നെ കുടിക്കാം. ഇവിടത്തെ വ്യവസ്ഥിതി അനിസ്‌ലാമികമാണ്. അതു മാറ്റാൻ നമുക്ക് കഠിനാധ്വാനം ചെയ്യാം.”
(കടപ്പാട് : ശൈഖ് മുഹമ്മദ് കാരക്കുന്ന് . ഇസ്‌ലാമിക പ്രസ്ഥാനം മുന്നിൽ നടന്നവർ)
കേരളത്തിലെ മൗദൂദി ചിന്തകളുടെ ആശാനാണ് ഹാജിസാഹിബ്. ജമാഅത്തെ ഇസ്‌ലാമിയെയും മൗദൂദിയെയും ഇത്രമേൽ നന്നായി പഠിക്കുകയും ബോധിക്കുകയും ചെയ്തത് മറ്റാർക്കായിരിക്കും. ഉണ്ടാക്കിയ ഇസ്‌ലാമിക രാഷ്ട്രം വലിച്ചെറിഞ്ഞ് മൗദൂദി സാഹിബ് എന്ന ഖലീഫ പാക്കിസ്ഥാനിലേക്ക് വണ്ടി കയറി. കയ്യിൽ കിട്ടിയ ഒരു രാഷ്ട്രം തന്നെ നാമാവശേഷമായി എന്ന് മനസിലാക്കുന്നു. ജമാഅത്തെ ഇസ്‌ലാമി പുറത്തിറക്കിയ ചരിത്ര പുസ്തകത്തിൽ നിന്ന് നമുക്ക് അടുത്ത ഖലീഫയെ തെരഞ്ഞടുത്തതിന്റെ മാതൃകയൊന്നും കാണാൻ സാധിച്ചിട്ടില്ല. ഇസ്‌ലാമിക രാഷ്ട്രത്തിലെ ജനങ്ങൾ അനാഥമായി എന്നു മനസിലാക്കുക.
ഇനിയും ലോകത്തിന്റെ ഏതോ കോണിൽ പഠാൻ കോട്ടു മോഡൽ ഒരു ഇസ്‌ലാമിക രാഷ്ട്ര നിർമിതി തന്നെയായിരിക്കും കേരളത്തിലെ ജമാഅത്തുകാരും സ്വപ്നം കാണുന്നുണ്ടാവുക. അതിനു വേണ്ടി പ്രവർത്തിക്കൽ നിർബന്ധ ബാധ്യതയാണെന്നാണല്ലോ അവരുടെ വിശ്വാസം. അവരതിനു വേണ്ടി പ്രവർത്തിക്കുന്നുണ്ടാവണം. പിന്നീട് അതിന്റെ അതിർത്തികൾ വികസിച്ചു വികസിച്ചു വരുമായിരിക്കും. ജമാഅത്തുകാർ വികസിപ്പിച്ചു വികസിപ്പിച്ചു വിശാലമാക്കുമായിരിക്കും. അതിനു വേണ്ടിയാണല്ലോ പ്രസ്ഥാനത്തിന്റെ നയനിലപാടുകൾ രൂപപ്പെടുത്തുന്നത്. ഒടുവിലത് ഒരു മഹാരാജ്യമായി വരും. അവിടെ അല്ലാഹുവിന്റെ ഭരണം നടത്താൻ ജമാഅത്ത് അമീർ അധികാരം കയ്യാളും. അപ്പോഴാണല്ലോ ജമാഅത്തുകാരുടെ
വിശ്വാസം പൂർണമാവുക. ആരാധനകൾക്ക് ഫലസിദ്ധി കൈവരിക.
ചോദ്യം ഇതാണ്.
ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഒരു(മൗദൂദി ) ഇസ്‌ലാമിക രാഷ്ട്ര സാധ്യത ഉറപ്പായാൽ ജമാഅത്തുകാർ അങ്ങോട്ട് വാഹനം കയറുമോ? ആ രാഷ്ട്ര നിർമ്മിതിയിൽ കേരളത്തിലെ ജമാഅത്തുകാർ പങ്കാളിയാവുമോ? വണ്ടി കയറില്ല, പങ്കാളിയാവില്ല എന്നാണ് ഉത്തരമെങ്കിൽ എന്തു കൊണ്ടാണത്?
ചൂണ്ടിക:- യഥാർഥത്തിൽ ഐ എസ് എന്ന മത രാഷ്ട്രവാദ വിശ്വാസികൾ അല്പം ചില അലമ്പു പണികൾ ചെയ്തിരുന്നില്ലെങ്കിൽ ജമാഅത്തെ ഇസ്‌ലാമിക്ക് അവർ സ്വീകാര്യമാവില്ലായിരുന്നോ? അവരും ലോകത്തെ മറ്റു മതരാഷ്ട്ര വാദികളും തമ്മിലുള്ള ആശയപരമായ അന്തരമെന്താണ് എന്ന് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഒരു മതരാഷ്ട്രം നിർമിക്കൽ തങ്ങളുടെ ബാധ്യതയാണെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയല്ലേ മതരാഷ്ട്രവാദ വിശ്വാസികൾ ഐ എസ്സിൽ ലെത്തിയിട്ടുണ്ടാവുക. ശിർക്കിൽ നിന്ന് രക്ഷപ്പെടുക എന്നത് അവരെ മുന്നോട്ടു നയിച്ച പ്രധാന കാര്യം തന്നെയല്ലേ? താഗൂത്തി സംവിധാനത്തിന് പകരം അല്ലാഹുവിന്റെ ഭരണം സ്ഥാപിക്കാൻ തന്നെയല്ലേ അവരുടെയും പടപ്പുറപ്പാട്?
മതരാഷ്ടവാദം എങ്ങനെയാണ് ഉമ്മത്തിനെ അനാഥമാക്കുന്നതെന്ന് ഐ എസ്സിൽ നിന്നും പഠിക്കാനുണ്ട്.
-മജീദ് അരിയല്ലൂർ