Site-Logo
POST

ഭാഗം:05/

പരിഭാഷ പാടില്ല! ഇമാം ശാഫിഈ വ്യക്തമാക്കുന്നു

യാസീൻ കാമിൽ സഖാഫി കല്ലുവെട്ടുപാറ

|

21 Dec 2024

feature image

ചോദ്യം:15

നബി നിസ്കരിക്കാൻ കൽപ്പിച്ചില്ലേ.?

ഖുതുബക്കിടയിൽ കയറിവന്ന സ്വഹാബിയോട് നബി ﷺ തഹിയ്യത് നിസ്കകരിക്കാൻ കൽപ്പിച്ചിട്ടില്ലേ.!? 

أَخْبَرَنَا إبْرَاهِيمُ بْنُ سَعْدٍ عَنْ ابْنِ شِهَابٍ (قَالَ الشَّافِعِيُّ): وَحَدِيثُ جَابِرٍ وَأَبِي سَعِيدٍ «أَنَّ رَسُولَ اللَّهِ ﷺ قَالَ: لِرَجُلٍ دَخَلَ الْمَسْجِدَ وَهُوَ عَلَى الْمِنْبَرِ فَقَالَ أَصَلَّيْت؟ فَقَالَ: لَا فَقَالَ فَصَلِّ رَكْعَتَيْنِ»  

നബി ﷺ ഖുതുബ നിർവ്വഹിച്ചിരിക്കെ ഒരു സ്വഹാബി പള്ളിയി ലേക്ക് കയറിവന്നു. നബി ﷺ മിമ്പറിൽ നിന്ന് ചോദിച്ചു. നീ രണ്ട് റക്അത് നിസ്കരിച്ചോ? ഇല്ലെന്ന് പറഞ്ഞപ്പോൾ അവിടു ന്ന് രണ്ട് റക്അത് നിസ്കരിക്കാൻ കൽപ്പിച്ചു.
ഇതിൽ നിന്ന് ഖുതുബ സദസ്യർക്ക് വേണ്ടത് അപ്പപ്പോൾ പറഞ്ഞു കൊടുക്കുന്ന രീതിയല്ലെ വേണ്ടത്!?

മറുപടി

അതെ ഇതറിയിക്കുന്നത് സദസ്യരോട് അത്യാവശ്യമായി ഉണർത്തേണ്ട കാര്യങ്ങൾ അപ്പപ്പോൾ ഉണർത്തുന്നതിൽ പ്രശ്ന മില്ല എന്നു തന്നെയാണ്. അത് പാടില്ലെന്ന് ഇതുവരെ ആരും വാദിച്ചിട്ടുമില്ല. പക്ഷെ ആ ഉണർത്തുന്നത് ഖുതുബയായി പരിഗണിക്കുമോ ഇല്ലയോ എന്നാണ് ഇതുവരെ നടന്ന ചർച്ച. ഇമാം ശാഫിഈ ﵀ തന്നെ നമ്മെ പഠിപ്പിക്കുന്നത് അത് ഖുതു ബയല്ല, ഖുതുബക്കിടയിലുള്ള സംസാരം മാത്രമാണെന്നാണ്. അതുകൊണ്ടാണ് അവിടുന്ന് ഈ ഹദീസ് വിശദീകരിക്കാൻ വേണ്ടി “ഖുതുബക്കിടയിലുള്ള ഇമാമിന്റെ സംസാരം” എന്ന തലവാചകം തന്നെ നൽകിയത്. അതിലേക്ക് കടന്നു വരാം.
 

ചോദ്യം:16

ഇമാം ശാഫിഈ പറയുന്നു. 

قَالَ الشَّافِعِيُّ: وَلَا بَأْسَ أَنْ يَتَكَلَّمَ الرَّجُلُ فِي خُطْبَةِ الْجُمُعَةِ وَكُلِّ خُطْبَةٍ فِيمَا يَعْنِيهِ وَيَعْنِي غَيْرَهُ بِكَلَامِ النَّاسِ وَلَا أُحِبُّ أَنْ يَتَكَلَّمَ فِيمَا لَا يَعْنِيه وَلَا يَعْنِي النَّاسَ وَلَا بِمَا يُقَبَّحُ مِنْ الْكَلَامِ وَكُلُّ مَا أَجَزْت لَهُ أَنْ يَتَكَلَّمَ بِهِ، أَوْ كَرِهْته فَلَا يُفْسِدُ خُطْبَتَهُ وَلَا صَلَاتَهُ

‘ജനങ്ങൾക്ക് അത്യാവശ്യമായ  വല്ലതും ജുമുഅ ഖുതുബ ക്കോ  മറ്റു ഖുതുബകൾക്കോ ഇടയിൽ ജനങ്ങളുടെ ഭാഷ യിൽ  സംസാരിക്കുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ല. ഖത്തീബിനോ ജനങ്ങൾക്കോ ആവശ്യമില്ലാത്തതും മോശമായതും ഖുതുബക്കിടയിൽ സംസാരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. സംസാരിക്കൽ അനുവദിനീയമായതോ അല്ലാത്തതോ ആയ ഒന്നുകൊണ്ടും ഖുതുബയോ നിസ്കാരമോ ബാത്തിലാവുക യില്ല.’ (അൽ ഉമ്മ്:1/231)
ഇമാം ശാഫിഈ ﵀ ഈ വാക്കുകൾ ഖുതുബ പരിഭാഷ പ്പെടുത്താമെന്നല്ലെ അറിയിക്കുന്നത്.?

മറുപടി   

ഇമാം ശാഫിഈ ﵀ വിന്റെ ഈ വരികൾ ഖുതുബ പരിഭാഷ പാടില്ലെന്നതിന്ന് വ്യക്തമായ തെളിവാണ്. ഇമാം ശാഫിഈ ﵀ ഇതിന് നൽകിയ ഹെഡ്ഡിങ്ങിൽ പോലും ഈകാര്യം വ്യക്തമാണ്. ഉമ്മിലെ ഇതിന്റെ തലവാചകം كَلَامُ الْإِمَامِ فِي الْخُطْبَةِ “ഖുതുബക്കിടയിലുള്ള ഇമാമിന്റെ സംസാരം’എന്നതാണ്. ഖുതുബക്കിടയിലുള്ള സംസാരം എന്ന് പറയണമെങ്കിൽ അതി നർത്ഥം ആ സംസാരം ഖുതുബയിൽ പെട്ടതല്ല എന്നത് വ്യക്തമാണ്. ബാങ്കിനിടയിലുള്ള സംസാരമെന്ന് പറഞ്ഞാൽ ആ സംസാരം ബാങ്കിൽ പെട്ടതാണോ.? ഒരിക്കലുമല്ല.

ബാങ്കിന്റെ ചർച്ചയിൽ ഇതേ തലവാചകത്തിലുള്ള ഒരു അദ്ധ്യായം ഇമാം ശാഫിഈ ﵀ ഈ കിതാബിൽ തന്നെ കൊണ്ടുവരുന്നുണ്ട്. بَابُ الْكَلَامِ فِي الْأَذَانِ ‘ബാങ്കിനിടയിലെ സംസാരം’  എന്നാണ് ഉമ്മിലെ അതിന്റയും ഹെഡ്ഡിങ്. ഈ സംസാരം ബാങ്കിൽ പെട്ടതാണോ!? അല്ല എന്നത് ഉറപ്പാണ്. ചുരുക്കത്തിൽ ഖുതുബക്കിടയിലും ബാങ്കിനിടയിലും ഉള്ള സംസാരം എന്ന തല വാചകങ്ങൾ തന്നെ കൃത്യമായി പറയുന്നത്. ആ സംസാരം ബാങ്കിലോ ഖുതുബയിലോ പെട്ടതല്ല എന്ന യാഥാർത്ഥ്യമാണ്.  

ഇനി ഈ രണ്ട് അധ്യായത്തിലും പറയുന്ന കാര്യവും ഒന്ന് തന്നെയാണ്. ഖുതുബക്കും ബാങ്കിനുമെല്ലാം ഇടയിൽ അത്യാവശ്യ കാര്യങ്ങൾ സംസാരിച്ചാൽ അത് കാരണം ഖുതുബയോ ബാങ്കോ  ബാത്വിലാവുകയില്ല. പക്ഷെ രണ്ടിനുമുള്ള മറ്റൊരു ശർത്വായ മുവാലാത്ത് മുറിഞ്ഞു പോകാൻ പാടില്ല എന്നാണ് രണ്ട് അദ്ധ്യായത്തിലും പറയുന്നത്. 

ഇനി ഈ അധ്യായത്തിലെ ഇബാറത് വളരെ കൃത്യമായി തന്നെ ഖുതുബ പരിഭാഷ പാടില്ലെന്നാണ് പഠിപ്പിക്കുന്നത്. ജനങ്ങളുടെ ഭാഷയല്ല ഖുതുബയുടെ ഭാഷ എന്ന് ഇത്ര മാത്രം വ്യക്തമാക്കുന്ന ഇബാറത് വേറെയുണ്ടാകില്ല. വിശദമായി ഇമാം ശാഫിഈ ﵀ വിന്റെ ഓരോ വാക്കുകളും ചർച്ച ചെയ്യാം..

وَلَا بَأْسَ أَنْ يَتَكَلَّمَ الرَّجُلُ بِكَلَامِ النَّاسِ.... فِي خُطْبَةِ الْجُمُعَةِ

“ഖത്വീബ് അത്യാവശ്യമായ കാര്യങ്ങൾ ഖുതുബക്കിടയിൽ ജനങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നത് പ്രശ്നമുള്ളതല്ല.”
ഇതിൽ നിന്ന് ഖുതുബയുടെ ഭാഷയും ജനങ്ങളുടെ ഭാഷ യും രണ്ടും വേറെയാണെന്നത് വളരെ വ്യക്തമാണ്. ബാങ്കിനിടയിലുള്ള ജനങ്ങളുടെ ഭാഷയിലെ സംസാരം എന്ന് പറഞ്ഞാൽ ബാങ്ക് ജനങ്ങളുടെ ഭാഷയിലല്ല എന്നത് എത്രമാത്രം വ്യക്തമാണ്.!? പിന്നെ ഖുതുബയുടെ ഭാഷ എന്താണെന്ന ചോദ്യത്തിനുള്ള മറുപടി ശറഅ് നിശ്ചയിച്ച ഭാഷ എന്നതാണ്. അത് തന്നെയാണ് നിസ്കാരത്തിന്റെയും ഭാഷ. അത് അറബിയാണെന്നതിൽ സംശയവുമില്ല. 
ഈ സത്യമാണ് പഴയ കാലത്ത് ഒരു വാദപ്രതിവാദത്തിൽ സുന്നികളുടെ പണ്ഡിതൻ. (ഇ.കെ ഹസൻ മുസ്ലിയാർ ആയിരിക്കാം) “നബി ﷺ ഖുതുബയോതിയത് മാതൃഭാഷയിലല്ലേ.?”  എന്ന ചോദ്യത്തിന് ഉടനെ “അല്ല, അറബിയിലാണ്” എന്ന മറുപടി നൽകിയാണ് വിജയിച്ചതെന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. കാരണം അറബി സംസാരിക്കുന്ന ഇമാം ശാഫിഈ ﵀ വാണ് ഖുതുബയുടെ ഭാഷയും ജനങ്ങളുടെ ഭാഷയും രണ്ടാക്കി വേർത്തിരിച്ചത്. 
ഇമാം ശാഫിഈ ﵀ വിന്റെ ബാക്കി ഇബാറത്ത് കൂടെ ശ്രദ്ധിച്ചാൽ ഇത്രയും പറഞ്ഞത് വളരെ ശരിയാണെന്നത് വീണ്ടും മനസ്സിലാകും:

وَكُلُّ مَا أَجَزْت لَهُ أَنْ يَتَكَلَّمَ بِهِ، أَوْ كَرِهْته فَلَا يُفْسِدُ خُطْبَتَهُ وَلَا صَلَاتَهُ

സംസാരിക്കൽ അനുവദിനീയമായതോ അല്ലാത്തതോ ആയ ഒന്നുകൊണ്ടും ഖുതുബയോ നിസ്കാരമോ ബാത്തിലാവുകയില്ല.’ (അൽ ഉമ്മ്.1/231)
ഇമാം ശാഫിഈ ﵀ അനുവദിക്കപ്പെട്ടതാണെന്ന് പറഞ്ഞ സംസാരവും ഖുതുബയും ഒന്നാണെങ്കിൽ ഈ സംസാരം കൊണ്ട് ഖുത്വുബ ബാത്വിലാകില്ലെന്ന് പറയേണ്ടതുണ്ടോ.!? ഖുതുബ കൊണ്ട് ഖുതുബ ബാത്വിലാകില്ലെന്ന നിരർത്ഥകമായ ആശയം ഇമാംശാഫിഈ ﵀ പറയുമോ!? ചുരുക്കത്തിൽ ഈ തലവാചകം മുതൽ അവസാനം വരെ ഇമാം ശാഫി ﵀ പറഞ്ഞു വെക്കുന്നത്. ഖുതുബയിൽ പെടാത്ത മറ്റു സംസാരത്തെ കുറിച്ചാണ്. ഇതേ രൂപത്തിൽ തന്നയാണ് ബാങ്കിനിടയിൽ പറയുന്ന സംസാരംകൊണ്ട് ബാങ്ക് മുറിഞ്ഞു പോകില്ലെന്ന ആശയവും അവിടുന്ന് പറഞ്ഞത്. 

പരിഭാഷയെ ഖുതുബയായിട്ടാണ് ഇമാം ശാഫിഈ ﵀ കണക്കാക്കുന്നതെങ്കിൽ അവിടുന്ന് തന്റെ കിതാബിൽ ‘അത്യാവശ്യമായത് ഖുതുബക്കിടയിൽ ജനങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നത് പ്രശ്നമല്ല’ എന്ന വാക്കല്ല പ്രയോഗിക്കേണ്ടി യിരുന്നത്. ‘ഖുതുബ ജനങ്ങളുടെ ഭാഷയിലാവൽ പ്രശ്നമില്ലെന്നാണ് പറയേണ്ടിയിരുന്നത്. രണ്ടു പ്രയോഗവും ഖുതുബയി ൽ ആ സംസാരം പെട്ടതാണോ അല്ലയോ എന്ന നിലയിൽ വലിയ വ്യത്യാസമുണ്ട്.’ ബാങ്കിനിടയിൽ ജനങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നത് പ്രശ്നമില്ലെന്നതും ബാങ്ക് ജനങ്ങളുടെ ഭാഷയിലാവൽ പ്രശ്നമില്ലെന്നതും എത്രമാത്രം അന്തരമുണ്ട്.!? ഈ അന്തരം ഏതൊരാൾക്കും തിരിച്ചറിയാൻ കഴിയുന്ന കാര്യവുമാണ്. അതറിഞ്ഞതു കൊണ്ടാണ് ശാഫിഈ മദ്ഹബിലെ മുഴുവൻ ഇമാമീങ്ങളും നിസ്സംശയം ഖുതുബ അറബിയിലായിരിക്കൽ ശർഥാണെന്ന് രേഖപ്പെടുത്തിയത്.  

ഇനി ഇമാം ശാഫിഈ ﵀ ഇങ്ങനെയൊരു ചർച്ച കൊണ്ടു വന്നതിന്റെ ആവശ്യം ഖുതുബക്കും ബാങ്കിനും നിസ്കാരത്തെ പോലെ അതിൽ പെടാത്ത വാക്കുകൾ സംസാരിച്ചാൽ ബാ ത്വിലാകുമെന്ന നിയമം ഇല്ല എന്നത് അറിയിക്കാനാണ്. നിസ്കാരത്തിൽ പെടാത്ത അർത്ഥമുള്ള രണ്ടക്ഷരം പറഞ്ഞാൽ പോലും നിസ്കാരം ബാത്വിലാകും. ഖുതുബയിലും ബാങ്കിലും അങ്ങനെയൊരു കാര്യം ഇല്ല എന്നതാണ്. ഇതും അറിയിക്കുന്നത് പരിഭാഷപ്പെടുത്തുന്നത് ഖുതുബയിൽ പെട്ടതല്ല എന്നത് തന്നെയാണ്. 

ഇനി ഈ അനുവദിക്കപ്പെട്ട അത്യാവശ്യ സംസാരം എന്താണെന്ന് ഇമാം നവവി ﵀ പോലുള്ളവർ വിശദീകരിക്കുന്നുണ്ട്. തേള്, പാമ്പ് പോലുള്ള ജീവികൾ ഖുതുബക്കിടയിൽ കയറിവന്നാൽ അത് അറിയാത്തവരെ ഉണർത്തിയാൽ ഖുതു ബ ബാത്വിലാവില്ലെന്നാണ് ഇമാം ശാഫിഈ ﵀ പറഞ്ഞത്. അത് നിസ്കാരത്തിലായാൽ ബാത്വിലാകുമെന്ന വ്യത്യാസം മനസ്സിലാക്കിത്തരാനാണ് ഈ ചർച്ച തന്നെ. (വിശദമായി ഇബാറ ത്ത് സഹിതം ശേഷം വരുന്നുണ്ട്)

ചുരുക്കത്തിൽ ഇമാം ശാഫിഈ വിന്റെ ഇബാറത്തിൽ നിന്ന് വ്യക്തമായി ലഭിക്കുന്ന ആശയങ്ങൾ താഴെ ചേർക്കുന്നു

•    ബാങ്ക് പോലെതന്നെ ഖുതുബക്കിടയിലും ജനങ്ങളുടെ ഭാഷയിൽ അത്യാവശ്യമുള്ള കാര്യങ്ങൾ ഉണർത്താം.
•    ഇതിൽ നിന്ന് തന്നെ ഖുതുബയും ആ സംസാരവും രണ്ടും രണ്ടാണ്, ഖുതുബയിലോ ബാങ്കിലോ ഉൾപ്പെട്ട തല്ല ആ സംസാരം എന്നത് വ്യക്തം.
•    നിസ്കാരം ബാത്വിലാകുന്നത് പോലെ ഇത്തരം സംസാരം ഖുതുബയെ ബാത്വിലാക്കുകയില്ല. പക്ഷെ, ഈ അത്യാ വശ്യമുള്ള സംസാരം ഖുതുബയുടെയും ബാങ്കിന്റെയും മറ്റൊരു ശർത്വായ മുവാലാത്തിനെ (തുടർച്ചയെ) ബാധി ക്കാത്ത വിധമായിരിക്കണം. ബാധിച്ചാൽ രണ്ടും ബാത്വി ലായിപ്പോകും. തുടക്കം മുതൽ തന്നെ ഓതേണ്ടി /വിളി ക്കേണ്ടി വരും.

ഇതാണ് ഇമാം ശാഫിഈ ﵀ പറഞ്ഞതെന്ന് സകല ഇമാമീങ്ങൾക്കും ബോധ്യപ്പെട്ടതാണ്. അവരെല്ലാവരും ഈ വാക്കിനെ ഈ അർത്ഥത്തിലാണ് വ്യാഖ്യാനിച്ചതും. ആ ചർച്ചയിലേക്ക് വരാം. 

ഖുതുബക്കിടയിലെ സംസാരം പിന്നെന്ത്!? / ഭാഗം:06

Related Posts