ചോദ്യം
‘ഖുതുബക്കിടയിലെ അത്യാവശ്യ സംസാരം’ എന്ന വാക്കിൽ നിന്ന് ആ സംസാരം ഖുതുബയല്ലെന്ന് വ്യക്തമായി. പിന്നെന്തിനെ കുറിച്ചാണ് സംസാരിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് പറഞ്ഞത്.!?
മറുപടി
ചോദ്യത്തിൽ നിന്ന് തന്നെ മറുപടി വ്യക്തമാണ്. ‘അത്യാ വശ്യ സംസാരത്തെ പറ്റി തന്നെയാണ് ഇവിടെ കുഴപ്പമില്ലെന്ന് പറഞ്ഞത്.’ അതിനുള്ള ഉദാഹരണം മുകളിലുദ്ധരിച്ച ഹദീസിൽ നിന്നും വ്യക്തമാണ്.
ഇതിനെല്ലാം പുറമെ ഖുതുബ എന്ന പദവും കലാം എന്ന പദവും അറബിയിൽ രണ്ടർത്ഥം നൽകുന്ന പദങ്ങളാണ്. മലയാളത്തിൽ ഇതിൽ എത്രത്തോളം വ്യത്യാസമുണ്ടെന്നറിയില്ല. എങ്കിലും “ഞാൻ അവനോട്” സംസാരിച്ചു എന്നേ പറയുകയുള്ളൂ.. ‘പ്രസംഗിച്ചു’വെന്ന് പറയാറില്ല. ഖുതുബക്കിടയിലെ സംസാരമെന്ന പ്രയോഗവും ഇതേ നിലക്ക് തന്നെ കാണണം. ഖതീബ് മിമ്പറിൽ കയറി പ്രസംഗിക്കുന്നതും സംസാരിക്കുന്നതും ശറഇന്റെ അടിസ്ഥാനത്തിൽ നല്ല വ്യത്യാസമുണ്ട്. ഇതു കൊണ്ടാണ് നമ്മുടെ മദ്ഹബിൽ തന്നെ ഖത്തീബിന് സംസാരം ഒഴിവാക്കൽ നിർബ്ബന്ധമാണെന്ന് വരെ അഭിപ്രായമുണ്ട്. അത് പ്രബലമല്ല. സംസാരം ഒഴിവാക്കൽ സുന്നത്തേയുള്ളൂ. ഇമാം നവവി ﵀ തന്നെ ഇത് പറയുന്നുണ്ട്.
وَفِي تَحْرِيمِ الْكَلَامِ عَلَى الْخَطِيبِ طَرِيقَانِ (أَحَدُهُمَا) عَلَى الْقَوْلَيْنِ (وَالثَّانِي) وَهُوَ الصَّحِيحُ وَبِهِ قَطَعَ الْجُمْهُورُ يُسْتَحَبُّ وَلَا يَحْرُمُ (المجموع شرح المهذب 4/523)
‘ഖത്തീബിന് കലാം പാടുണ്ടോ ഇല്ലയോ എന്ന വിശയത്തിൽ ശാഫിഈ മദ്ഹബിൽ രണ്ട് ത്വരീഖുണ്ട്.ഒന്ന്: മുകളിൽ സൂചിപ്പിച്ച രണ്ടഭിപ്രായമാണ് (ഖുതുബ കേൾക്കുന്നവർ ഖുതു ബക്കിടയിൽ സംസാരം ഒഴിവാക്കൽ നിർബ്ബന്ധമാണ്, അല്ല, സുന്നത്തേയുള്ളൂ എന്ന രണ്ടഭിപ്രായം) രണ്ട്: സംസാരിക്കാതിരിക്കൽ സുന്നത്തേയുള്ളൂ സംസാരക്കൽ ഹറാമില്ല. ഈ അഭി പ്രായമാണ് സ്വഹീഹായത്. ഭൂരിപക്ഷം പണ്ഡിതരും ഇത് തീർത്തു പറഞ്ഞിട്ടുണ്ട്.’ (മജ്മൂഅ്:4/523)
ഇതിൽ നിന്ന് സംസാരവും ഖുതുബയും രണ്ടും രണ്ടായി തന്നെയാണ് ഇമാമീങ്ങൾ കണ്ടിട്ടുള്ളതെന്ന് വീണ്ടും വ്യക്തമായി. കാരണം: ഖത്തീബ് സംസാരം ഒഴിവാക്കൽ നിർബ്ബന്ധമാണോ അല്ലയോ എന്നതാണ് ഈ ചർച്ച. സംസാരിക്കൽ ഹറാമാണെന്ന് പറഞ്ഞ പണ്ഡിതന്മാരും ഉണ്ട്. സംസാരവും ഖുതുബയും ഒന്നായിരുന്നുവെങ്കിൽ ഈയൊരു ചർച്ചക്ക് തന്നെ വല്ല പ്രാധാന്യവുമുണ്ടാകുമോ!?
ശേഷം ഖുതുബക്കിടയിൽ കലാം ഹറാമില്ലെന്നതിന് തെ ളിവായി ഇമാം നവവി ﵀ പറയുന്ന ഹദീസ് കാണുക:
لِلْأَحَادِيثِ الصَّحِيحَةُ أَنَّ رَسُولَ اللَّهِ ﷺ «تَكَلَّمَ فِي الْخُطْبَةِ» وَالْأَوْلَى أَنْ يُجِيبَ عَنْ ذَلِكَ بِأَنَّ كَلَامَهُ ﷺ كَانَ لِحَاجَةٍ (المجموع شرح المهذب 4/523)
സംസാരിക്കാതിരിക്കൽ സുന്നത്തേയുള്ളൂ എന്നതിന് “നബി ﷺ ഖുതുബയിൽ സംസാരിച്ചു” എന്ന സ്വഹീഹായ ഹദീസുണ്ടായതിന് വേണ്ടിയാണ്. ഈ ഹദീസിന് മറുപടി പറയാൻ ഏറ്റവും നല്ലത് ‘നബി ﷺയുടെ ഖുതുബക്കിടയിലെ സംസാരം ആവശ്യത്തിന് വേണ്ടിയായിരുന്നു’ എന്ന് പറയലാണ്. (മജ്മൂഅ്:4/523)
ഈ ഹദീസ് തന്നെ കാര്യമായി അറിയിക്കുന്നത്. ‘ഖുതുബക്കിടയിൽ നബി ﷺ സംസാരിച്ചുവെന്ന’ സംസാരവും ഖുതുബയും ഒരു നിലക്കും ഒന്നല്ല, എന്ന വ്യക്തമായ ആശയമാണ്. ഖുതുബ കേൾക്കുന്നവർ സംസാരം ഒഴിവാക്കൽ ശാഫിഈ മദ്ഹബിൽ സുന്നത്താണ്. നിർബ്ബന്ധമാണെന്നും അഭിപ്രായമുണ്ട്. ഖത്തീബിന്റെ സംസാരത്തിലും ഇതേ ഹുക്മ് തന്നെയാണ്. ഖത്തീബിനാകുമ്പോൾ സംസാരം ഊപേക്ഷിക്കൽ സുന്നത്തേയുള്ളൂ എന്ന അഭിപ്രായമേയുള്ളൂ (ഖത്ഇന്റെ ത്വരീഖ്) എന്ന് ഒരു വിഭാഗം പണ്ഡിതർ പറഞ്ഞിട്ടുണ്ടെന്ന വ്യത്യാസം മാത്രം.
ഇനി ഈ സംസാരം ഖുതുബയായി പരിഗണിക്കണമെങ്കിൽ അതിൽ ഖുതുബയുടെ ശർത്വും ഫർളും പാലിച്ചിട്ടുണ്ടായിരിക്കണം. സുജൂദ് ദീർഘിപ്പിക്കുമ്പോൾ അതിന്റെ ശർത്വ് പാലിച്ചാലേ ദീർഘിപ്പിച്ചത് സുജൂദായി പരിഗണിക്കുയുള്ളൂ എന്നത് പോലെ. പുറമെ, ഈ ചർച്ച മുഴുവൻ ഖുതുബയുടെ ശർത്വും ഫർളും പറഞ്ഞു തീരുമാനമാക്കിയതിനു ശേഷമാണ്. ഖുതുബ ഖുതുബയായി പരിഗണിക്കണമെങ്കിൽ അത് മുഴുവൻ അറബിയിലായിരിക്കണമെന്ന് അടച്ചു തൂർത്തു പറഞ്ഞ നവവി ഇമാമാണ് ﵀ അതേ കിതാബിൽ ഈ കാര്യവും പറയുന്നത്. വിശദമായി ഇത് മുമ്പ് വിശദീകരിക്കുകയും ചെയ്തു. അതായത് ഈ ശർത്തുകൾ പാലിച്ച ഖുതുബയിൽ ആവശ്യത്തിന് അറബിയടക്കമുള്ള ശർത്തോടു കൂടെയുള്ള സംസാരം കുഴപ്പമില്ലെന്നാണ് അവിടുന്ന് പറയുന്നത്. അതോടുകൂടെ സംസാരം ഒഴിവാക്കലാണ് സുന്നത്തെന്നും വ്യക്തമാക്കി. ഇതാണ് ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി ﵀ തന്റെ ഫത്ഹുൽ ബാരിയിൽ സംസാരം കൊണ്ട് തുർച്ചമുറിയി ല്ലെന്ന് പറഞ്ഞതിനർത്ഥം. അതായത് ഖുതുബയായി പരിഗണിക്കാൻ പറ്റുന്ന (ശർഥ് പാലിച്ച) സംസാരത്തെ കുറിച്ചാണെന്ന് സാരം.
ചുരുക്കത്തിൽ ഈ ചർച്ചക്ക് ഇവിടെ കാര്യമായി പ്രസക്തിയൊന്നുമില്ല. അത്രമാത്രം ഇതും പരിഭാഷ ഖുതുബയും ഒരു ബന്ധവുമില്ല. പക്ഷെ, ഈ ഇബാറത്തുകൾ മാത്രം മുറിച്ചെടുത്ത് ഖുതുബ പരിഭാഷയെയാണ് ഇമാം നവവി ﵀ പഠി പ്പിക്കുന്നതെന്ന് കളളം പറയുന്നതിൽ വഞ്ചിതരാവരുതെന്ന് ഉണർത്താനാണ് ഇത്രയും ഇബാറത്തുകളുടെ കെട്ടഴിച്ചു തന്നത്.
ഇനി ഇമാം നവവി ﵀ പറഞ്ഞത് നമുക്ക് പരിശോധിക്കാം. അവിടുത്തെ ഇബാറത്തിൽ നിന്ന് ഇമാം ശാഫിഈ ﵀ വിന്റെ ഉമ്മിൽ നിന്ന് നേരത്തെ ചർച്ച ചെയ്ത കാര്യവും വ്യക്തമായി വായിക്കാം.
قَالَ أَصْحَابُنَا وَهَذَا الْخِلَافُ فِي حَقِّ الْقَوْمِ وَالْإِمَامِ فِي كَلَامٍ لَا يَتَعَلَّقُ بِهِ غَرَضٌ مُهِمٌّ نَاجِزٌ فَلَوْ رَأَى أَعَمًى يَقَعُ فِي بِئْرٍ أَوْ عَقْرَبًا وَنَحْوَهَا تَدِبُّ إلَى إنْسَانٍ غَافِلٍ وَنَحْوِهِ فَأَنْذَرَهُ أَوْ عَلَّمَ إنْسَانًا خَيْرًا أَوْ نَهَاهُ عَنْ مُنْكَرٍ فَهَذَا لَيْسَ بِحَرَامٍ بِلَا خِلَافٍ نَصَّ عَلَيْهِ الشافِعِيُّ وَاتَّفَقَ عَلَيْهِ الْأَصْحَابُ عَلَى التَّصْرِيحِ بِهِ لَكِنْ قَالُوا يُسْتَحَبُّ أَنْ يَقْتَصِرَ عَلَى الْإِشَارَةِ إنْ حَصَلَ بِهَا الْمَقْصُودُ (المجموع شرح المهذب 4/523)
അന്ധന്‍ കിണറിലേക്ക് വീഴാന്‍ പോകുന്നതോ അശ്രദ്ധനായ ഒരാള്‍ക്ക് നേരെ തേളോ മറ്റോ ഇഴഞ്ഞ് വരുന്നതോ കണ്ട ഖത്വീബോ മറ്റു ജനങ്ങളോ (ഖുത്വുബക്കിടയില്‍) അവനു മുന്നറിയിപ്പ് നല്‍കുക, അല്ലെങ്കില്‍ ഒരാള്‍ക്ക് നല്ലത് പഠിപ്പിക്കുകയോ തിന്മ വിരോധിക്കുകയോ തുടങ്ങിയ അത്യാവശ്യമായ കാര്യങ്ങൾ ഖുതുബക്കിടയിൽ പറഞ്ഞാൽ അത് ഹറാമല്ല എന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. ഇത് ശാഫിഈ ﵀ വ്യക്തമാക്കുകയും അവിടുത്തെ അസ്‌ഹാബുകള്‍ ഏകോപിച്ച് പറഞ്ഞതുമാണ്. എങ്കിലും വെറും ആംഗ്യം കാണിക്കൽ (الْإِشَارَةِ) കൊണ്ട് തന്നെ ഉദ്ധിഷ്‌ട ലക്ഷ്യം സാധിക്കുമെങ്കില്‍ അതില്‍ പരിമിതപ്പെടുത്തലാണ് സുന്നത്ത്. (ശറഹുല്‍ മുഹദ്ദബ് 4/523)
വളരെ കൃത്യമായിട്ട് ഉദാഹരണമടക്കം പറഞ്ഞു കൊണ്ടാണ് ഇമാം നവവി ﵀ ഇത് വിശദീകരിക്കുന്നത്. ഇമാം ശാഫി ഈ ﵀ തന്റെ ഉമ്മിൽ പറഞ്ഞ, ബിദ്അതുകാർ തെറ്റുദ്ധരിപ്പിക്കുന്ന ഇബാറത്തിന്റെ അത്ഥവും ഉദ്ധേശ്യവും ജുമുഅക്കിടയിൽ അത്യാവശ്യമായി വല്ല പാമ്പ് തേള് പോലുള്ള ജിവികൾ കയറി വന്നാൽ അത് ജനങ്ങളുടെ ഭാഷയിൽ ഉണർത്തിയാൽ ഖുതുബ മുറിയുകയില്ലെന്നാണ് ഈ ഇബാറത്തിലൂടെ ഇമാം നവവി ﵀ പോലും വിശദീകരിക്കുന്നത്. അതായത് അത്തരം ഉണർത്തൽ ഖുതുബയിൽ പെടില്ലെന്നത് മുമ്പ് സമർത്ഥിച്ചത് വളരെ കൃത്യമാണെന്ന് ഇതിൽ നിന്ന് വീണ്ടും മനസ്സിലാക്കാം.
ഇനി ‘ഖുതുബക്കിടയിൽ ഒരാളെ നല്ലത് പഠിപ്പിക്കുക, ചീത്തത് തടയുക’ എന്ന് പറഞ്ഞതിന്റെ അർത്ഥവും ഇതേ ഗണത്തിൽ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയും. കാരണം അതിന്റെ ഉദാഹരണം ഇമാം ശാഫിഈ ﵀ ഉമ്മിൽ കൊടുത്തിരിക്കുന്നത് ഖുതുബക്കിടയിൽ കയറി വന്ന സ്വഹാബിയോട് തഹിയ്യത് നിസ്കരിക്കാൻ വേണ്ടി പറഞ്ഞ സംഭവമാണ്. ശേഷം ഇമാം ശാഫിഈ ﵀ ഇത്തരം സംസാരം ഖുതുബയിൽ പെട്ടതല്ലെന്ന വ്യക്തമാക്കും വിധമാണ് ഇതു കൊണ്ട് ഖുതുബ ബാത്തിലായിപ്പോവുകയൊന്നുമില്ലെന്ന് പറഞ്ഞത്, വിശദമായി മുമ്പ് വിശദീകരിച്ചിട്ടുണ്ട്.