ചോദ്യം
ഇനി ബിദ്അതുകാർ അതിവ്യാപകമായി കട്ടുമുറിച്ചു പ്രചരിപ്പിക്കുന്ന ശറഹു മുഹദ്ദബിലെ ഒരു ഇബാറത് കൂടി കാണാം
وَأَمَّا الْقِيَاسُ عَلَى الصَّلَاةِ فَلَا يَصِحُّ لِأَنَّهَا تَفْسُدُ بِالْكَلَامِ بِخِلَافِ الْخُطْبَةِ(شرح المهذب :٤/٢٥٢(
“ഖുതുബയെ നിസ്കാരവുമായി ഖിയാസാക്കുന്നത് (താര തമ്യപ്പെടുത്തുന്നത്) ശരിയല്ല. കാരണം നിസ്കാരം സംസാരം കൊണ്ട് ബാത്തിലാവും. ഖുതുബ ബാത്വിലാവില്ല.”
മറുപടി
ഈ വാക്കിന്റെ പ്രയോഗത്തിൽ നിന്ന് തന്നെ ഖുതുബയും സംസാരവും ഒന്നല്ലെന്ന ആശയം കൃത്യമാണ്. ‘സംസാരം കൊണ്ട് ബാങ്ക് ബാത്വിലാവില്ലെന്ന്’ ഇമാം ശാഫിഈ ﵀ ഉമ്മിൽ പറഞ്ഞത് ആ സംസാരം ബാങ്കിൽ പെട്ടതല്ല എന്നതറിയിക്കുന്നത് പോലെ ഈ സംസാരം ഖുതുബയിൽ പെട്ടതുമല്ലെന്ന് ‘ബാത്വിലാവില്ല’ എന്ന പദത്തിൽ നിന്ന് തന്നെ വ്യക്തമാകും. ഈ സംസാരം ഖുതുബ തന്നെയാണെങ്കിൽ പിന്നെ അത് ഖുതുബക്കിടയിൽ സംഭവിച്ചാൽ ബാത്തിലാവില്ലെന്ന് പറയേണ്ടതില്ലല്ലോ!? പിന്നെ, ഇങ്ങനെ പ്രത്യേകം പറഞ്ഞത് നിസ്കാരത്തിന്റെയും ഖുതുബയുടെയും ശർത്ത് വ്യത്യാസമുണ്ടെന്ന് പറയാനാണ്.
പുറമെ ഇവിടെ സംസാരം കൊണ്ടുദ്ധേശിക്കുന്നത് ഇമാം ശാഫിഈ ﵀ ഉമ്മിൽ പറഞ്ഞ അത്യാവശ്യ സംസാരമാണ്. അതിന് ഉദാഹരണം ഇമാം നവവി ﵀ ഇതേ കിതാബിൽ തന്നെ പറയുന്നത്(ശറഹുൽ മുഹദ്ദബ്:4/523) തേള് പാമ്പ് പോലുള്ള ജീവികൾ ഖുതുബക്കിടയിൽ കയറിവന്നാൽ ഉണർത്താമെന്നുള്ളതാണ്. നിസ്കാരത്തിനിടയിൽ ഇതുണർത്തിയാൽ നിസ്കാരം ബാത്വിലാകുമെന്നതിൽ സംശയമില്ല. എന്നാൽ ഈ ഉണർത്തൽ ഖതുബക്കിടയിലായാൽ ഖുതുബ ബാത്വിലാവില്ല. ഇതിനെ കുറിച്ചാണ് നിസ്കാരവും ഖുതുബയും തുല്യമല്ലെന്ന്’ പറഞ്ഞത്. കാരണം ഖുതുബക്ക് നിസ്കാരത്തെ പോലെ ഒരക്ഷരം പോലും സംസാരിക്കരുതെന്ന ശർത്വില്ല. പക്ഷെ മറ്റു സംസാരങ്ങൾ കൊണ്ട് ഖുതുബയുടെ തുടർച്ച മുറിഞ്ഞു പോവരുതെന്ന ശർഥ് ഖുതുബക്കുണ്ടെന്ന് വ്യക്തമായി മുമ്പ് പറഞ്ഞു. അത് പാലിക്കേണ്ടി വരും. അതായത് ആ സംസാരം ദീർഘിച്ചാൽ ഖുതുബയും ബാത്വിലാകു മെന്ന് സാരം.
ഇതിനെല്ലാം പുറമെ, ഖുതുബക്കിടയിലെ ഈ അത്യാവ ശ്യമായ ഉണർത്തൽ വെറും ആംഗ്യം കാണിക്കൽ (الْإِشَارَةِ) കൊണ്ട് തന്നെ സാധിക്കുമെങ്കില്‍ അതില്‍ ചുരുക്കലാണ് സുന്നത്തെന്ന് പോലും നവവി ഇമാം ﵀ ഉടനെ പറയുകയു ണ്ടായി.
لَكِنْ قَالُوا يُسْتَحَبُّ أَنْ يَقْتَصِرَ عَلَى الْإِشَارَةِ إنْ حَصَلَ بِهَا الْمَقْصُودُ (المجموع شرح المهذب 4/523)
അതായത് ഈ സംസാരം ഖുതുബയിൽ പെട്ടതാണെങ്കിൽ ശബ്ദം കൊണ്ട് 40 പേരെ കേൾപ്പിക്കേണ്ട ഖുതുബ ആംഗ്യം കാണിച്ചാൽ മതിയെന്ന് പറയുമെന്ന് ആർക്കെങ്കിലും ചിന്തിക്കാനാകുമോ!? ഈ വാക്കിൽ നിന്ന് വീണ്ടും ഈ പറഞ്ഞ സംസാരം മുഴുവനും വെറും ‘ഉണർത്തുക’ എന്ന അർത്ഥത്തിൽ മാത്രമാണെന്ന് മനസ്സിലാക്കാൻ വളരെ എളുപ്പമായി.
ചുരുക്കത്തിൽ ബിദ്അതുകാർ തെറ്റുദ്ധരിപ്പിക്കുന്ന ഇത്തരം ഇബാറതുകൾക്ക് കൃത്യമായി അർത്ഥം നൽകുമ്പേൾ ഖുതുബ പരിഭാഷ പാടില്ലെന്ന അഹ്ലുസ്സുന്നത്തിന്റെ ആശയമാണ് അതിലൂടെയെല്ലാം ഇമാമീങ്ങൾ സമർത്ഥിച്ചതെന്ന് ബോധ്യപ്പെടുന്നതാണ്.