പ്രശസ്തമായ തിരുനബി കീർത്തന സമാഹാരമാണ് മൻഖൂസ് മൗലിദ്. ലളിതവും സരളവുമായി പാരായണം ചെയ്യാവുന്നതും മധുര മനോഹരമായി ആസ്വദിക്കാവുന്നതുമായ അനുഗ്രഹീത രചനയാണിത്. മുസ്‌ലിം കൈരളിയുടെ മക്കയായ പൊന്നാനിയുടെ വരദാനമാണത്. ഭുവന വിശ്രുതനായ ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ സവിശേഷ സംഭാവന. ആത്മീയതയും ആദർശവും ആസ്വാദനവും ആശ്വാസവുമെല്ലാം ലഭിക്കുന്നതിന് പാരായണം ചെയ്യുന്ന തിരുകീർത്തനം. കേരളീയ മുസ്‌ലിംകൾ അവരുടെ സന്തോഷ-സവിശേഷ സുദിനങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും സാർവത്രികമായി ഓതിവരുന്നതിനാൽ മൻഖൂസ് മൗലിദ് ഇതിനകം കേരളീയരുടെ സ്വന്തം മൗലിദായി മാറിക്കഴിഞ്ഞു. മുസ്‌ലിം ഭവനങ്ങളിലെ നിത്യസാന്നിധ്യമാണിന്നിത്. മലയാളി സാധാരണക്കാരും കുട്ടികളും ആബാലവൃദ്ധം ജനങ്ങളും നിരന്തരം ഓതിക്കൊണ്ടിരിക്കുന്നതാണിതിന് കാരണം.
പ്രശ്നപരിഹാരത്തിനും രോഗശമനത്തിനും അനുഗ്രഹ വർഷത്തിനും ഐശ്വര്യം ലഭിക്കുന്നതിനും മറ്റും ധാരാളമായി ഓതിക്കൊണ്ടിരിക്കുന്നു. വിവാഹം, വീട് നിർമാണം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ, നബിദിനാഘോഷം, ഉറൂസുകൾ, വിശേഷങ്ങൾ തുടങ്ങി നിരവധി സന്ദർഭങ്ങളിൽ ഈ മൗലിദാണ് ഏറ്റവും കൂടുതൽ പാരായണം ചെയ്യാറുള്ളത്. വീടുകളിലും പള്ളി മദ്രസകളിലും മുസ്‌ലിം
സ്ഥാപനങ്ങളിലുമെല്ലാം ധാരാളമായി ഓതിവരുന്നു. റബീഉൽ അവ്വൽ ഒന്നിനു തുടങ്ങി റബീഉൽ ആഖർ 11 (ജീലാനി ദിനം) വരെ എല്ലാ ദിവസങ്ങളിലും പാരായണം ചെയ്യപ്പെടുന്നു. റബീഉൽ അവ്വൽ ഒന്നുമുതൽ 12 വരെ മിക്ക സ്ഥലങ്ങളിലും ഓതാറുണ്ട്. വിപുലമായ മൗലിദ് മജ്ലിസ് അധിക വീടുകളിലും നടക്കാതിരിക്കില്ല. മനപ്പാഠമാക്കിയും നേർച്ചയാക്കിയും പ്രതിസന്ധികളിൽ നിന്നും
മഹാമാരികളിൽ നിന്നുമുള്ള മോചനത്തിന് ഏറെ ഗുണപ്രദമാണെന്ന് അനേകമനേകം അനുഭവങ്ങൾ സാക്ഷിയാണ്.
രചയിതാവ്
വൈജ്ഞാനിക കേരളത്തിന്റെ പിതാവും വിവിധ വിജ്ഞാനശാഖകളിൽ അഗ്രേസരനുമായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ രചിച്ചതാണെന്നാണ് പ്രബലാഭിപ്രായം. അക്കാലത്ത് പ്രചാരത്തിലുള്ള വിവിധ കീർത്തന കൃതികൾ പരിശോധിച്ച് സംഗ്രഹിച്ചത് കൊണ്ടാണ് മൻഖൂസ്, അഥവാ ചുരുക്കപ്പെട്ടത് എന്ന പേരുവന്നത്.
അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദായിരുന്ന വിശ്വപ്രസിദ്ധ പണ്ഡിതൻ ഇമാം ഗസാലിയുടെ സുബ്ഹാന മൗലിദിന്റെ സംഗ്രഹമാണെന്നും അഭിപ്രായമുണ്ട്. അതിൽ നിന്നാണ് അഹ്‌യാ റബീഅൽ ഖൽബി എന്ന പദ്യഭാഗം എടുത്തത്.
മൻഖൂസിലെ ഇമാം ഗസ്സാലി(റ) പ്രാർത്ഥനയായി ചൊല്ലിയ വരികൾ പഴയ കോപ്പിയുടെ അവസാനത്തിൽ ഉണ്ടായിരുന്നു. ഭുവന വിശ്രുതനും ദാർശനിക പണ്ഡിതനുമായ ഇബ്നു ഹജറിൽ ഹൈതമി(റ)യുടെ ഹുജ്ജതുല്ലാഹി അലൽആലമീൻ എന്ന വലിയ മൗലിദ് തന്റെ ശിഷ്യൻ സൈനുദ്ദീൻ മഖ്ദൂം ചുരുക്കിയതാണെന്ന അഭിപ്രായവും നിലനിൽക്കുന്നുണ്ട്. പൊന്നാനി ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി പുറത്തിറക്കിയ മുഖ്ദൂമും പൊന്നാനിയും എന്ന ഗ്രന്ഥത്തിൽ ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ രചനയാണ് മൻഖൂസ് മൗലിദെന്ന് വ്യക്തമായി പറയുന്നുണ്ട്. (മഖ്ദൂമും പൊന്നാനിയും, പേ. 70).
വലിയ മഖ്ദൂമിന്റെ രചനയായതിനാലാവണം ഈ മൗലിദിന് കേരളത്തിൽ കൂടുതൽ പ്രചാരം നേടാൻ കഴിഞ്ഞത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും അറേബ്യയിൽ പോലും മൻഖൂസ് മൗലിദ് ഓതുന്നുണ്ട്.
രചനാ പശ്ചാത്തലം
ഹിജ്റ 910-ൽ പൊന്നാനിയിലും പരിസരത്തും പ്ലേഗ് എന്ന മഹാമാരി വ്യാപിക്കുകയും കൂട്ടമരണം സംഭവിക്കുകയും ചെയ്തു. മയ്യിത്തു സംസ്കരിക്കാൻ പോലും സാധിക്കാത്തവിധം ദാരുണമായ അവസ്ഥയുണ്ടായി. ജനം ഭയവിഹ്വലരായി ആത്മീയ നേതാവായ മഖ്ദൂമിനെ സമീപിച്ചു പരിഹാരം തേടി. ആ രോഗശമനത്തിന് പ്രത്യേകമായി രചിച്ചതാണ് മൻഖൂസ് മൗലിദ്. വീടുകൾ തോറും ഇത് ചൊല്ലി പ്രാർത്ഥന നടത്താനും ഭക്ഷണം നൽകാനും മഹാൻ നിർദേശിച്ചു. ജനം അത് സ്വീകരിച്ചു നടപ്പിലാക്കുകയും രോഗം അപ്രത്യക്ഷമാവുകയും ചെയ്തു. ജനജീവിതം അതിവേഗം സാധാരണ നിലയിലായി. അന്നുമുതൽ കേരളത്തിൽ പകർച്ചവ്യാധികൾ, സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുന്ന സ്ഥലങ്ങളിലെല്ലാം പ്രധാന പരിഹാരം മൻഖൂസ് മൗലിദായിരുന്നു (മഖ്ദൂം ചരിത്രം. വിഎം അബുൽ ഹസൻ പൊന്നാനി).
പിൽക്കാലത്ത് വൈദ്യചികിത്സ പ്രചാരം നേടിയപ്പോഴും ചികിത്സയോടൊപ്പം വളരെ പ്രാധാന്യത്തോടെ മൗലിദ് സദസ്സുകളും സംഘടിപ്പിക്കുന്നത് സാർവത്രികമായി. 1956-57 കാലഘട്ടത്തിൽ ബാലുശ്ശേരിക്കടുത്ത എരമംഗലം പ്രദേശത്ത് വസൂരി ബാധിച്ചുള്ള മരണം വ്യാപിച്ചു. നാട്ടുകാർ ഒന്നിച്ച് മൻഖൂസ് ചൊല്ലി പാതിരാ സമയത്ത് നാടുചുറ്റിയപ്പോൾ രോഗശമനം ലഭിച്ചത് പ്രായമുള്ളവർ ഇന്നും മറന്നിരിക്കില്ല. ശൈഖ് ഉമർ ഖാസി(റ)യുടെ നിർദേശപ്രകാരം മലപ്പുറം ജില്ലയിലെ താനൂർ പ്രദേശത്തു തുടർന്നുവ രുന്ന നാട്ടുമൗലിദും മുണ്ട മഹല്ലിൽ തിങ്കളാഴ്ച രാവുകളിൽ നടക്കുന്ന മൗലിദും ബീരാൻ ഉപ്പാപ്പയുടെ നിശ്ചിത എണ്ണം മൻഖൂസ് മൗലിദുമൊക്കെ പ്രതിസന്ധിഘട്ടങ്ങളെയും മഹാമാരികളെയും പ്രതിരോധിക്കാൻ സമൂഹത്തെ സഹായിച്ചിട്ടുണ്ട്.
കോഴിക്കോട് പട്ടണ പരിസരങ്ങളിൽ പകർച്ചവ്യാധികൾ മരണം വിതച്ചപ്പോഴും മഹാത്മാക്കളുടെ നേതൃത്വത്തിൽ ദിവസങ്ങളോളം നീണ്ടുനിന്ന മൻഖൂസ് മൗലിദ് മജ്ലിസുകൾ സംഘടിപ്പിച്ചിരുന്നു. അതിൽ ജാതിമത ഭേദമന്യേ പങ്കെടുത്ത വർക്കെല്ലാം ആശ്വാസം ലഭിച്ചതനുഭവം.
പള്ളി നിർമാണവുമായി ബന്ധപ്പെട്ടും ഇതിന്റെ രചനാ പശ്ചാത്തലം പറയപ്പെടുന്നുണ്ട്. ഹിജ്റ 894-ൽ പൊന്നാനി വലിയ ജുമുഅത്ത് പള്ളി നിർമിക്കുമ്പോൾ ചില പ്രയാസങ്ങൾ നേരിട്ടു. അത് പരിഹരിക്കുന്നതിനായി മൻഖൂസ് മൗലിദിന്റെ അവസാനത്തിലുള്ള തവസ്സുൽ ബൈത്ത് ചൊല്ലി പ്രാർത്ഥിച്ചു. ഉടൻ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. ഈ സംഭവം പുതിയാപ്പിള അബ്ദുറഹിമാൻ മുസ്‌ലിയാർ ഹിജ്റ 1370 കാലത്ത് ഉദ്ധരിക്കുന്നുണ്ട് (ഇഹ്തിദാഉന്നുസ്വൂസ് അലാ ഖിറാഅതിൽ മൻഖൂസ്, പേ. 2).
അതിഗുരുതരമായ പ്രതിസന്ധി തരണം ചെയ്യാൻ വേണ്ടിയായിരുന്നു ഈ മൗലിദിന്റെ രചന എന്നതിന് കൃത്യമായ ചില സൂചനാ പ്രയോഗങ്ങൾ മൻഖൂസ് മൗലിദിൽ
തന്നെയുണ്ട്. ഖദ് ഹല്ല ബീ മാ ഖദ് അലിംത മിനൽ അദാ… (അസഹനീയമായ ചില ബുദ്ധിമുട്ടുകൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു) എന്ന പരാമർശവും അവസാന പ്രാർത്ഥനയിലെ വബാഅ്, ത്വാഊൻ, അസ്ഖാം, ഹാദസ്സുമ്മ നാഖിഅ് പോലെയുള്ള പ്രത്യേക രോഗങ്ങളുടെ പേരുകൾ എടുത്തുപറയുന്ന ശൈലിയും ഉദാഹരണം. പ്രശസ്ത ഗ്രന്ഥകാരനും പണ്ഡിതനുമായ വൈലത്തൂർ ബാവ മുസ്‌ലിയാർ ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട് (Ibid പേ. 3).
സവിശേഷതകൾ
മറ്റ് മൗലിദുകളിൽ നിന്നു വ്യത്യസ്തമായി മൻഖൂസ് മൗലിദിന് ഒട്ടേറെ സവിശേഷതകളുണ്ട്. വാക്കുകൾക്കും വർണനകൾക്കും അതീതമായ അനുഭവിച്ചറിഞ്ഞ നേട്ടങ്ങളുമുണ്ട്. ലളിതവും ആശയസമ്പുഷ്ടവുമാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. വളരെ ചുരുങ്ങിയ പദപ്രയോഗങ്ങളിൽ ഗഹനമായ ആശയങ്ങൾ ഉൾക്കൊള്ളുന്നു. ഓരോ പദപ്രയോഗവും അവ ഉൾക്കൊള്ളുന്ന ആശയങ്ങളും സാഹിത്യപരമായ ഗുണവിശേഷങ്ങളും ആദ്യന്തം നിറഞ്ഞുനിൽക്കുന്ന സൗന്ദര്യവും ആകർഷണീയതയും ആരെയും അമ്പരപ്പിക്കുന്നതാണ്. ഓരോ ആശയവും പ്രകാശിപ്പിക്കാൻ തിരഞ്ഞെടുത്ത പദങ്ങളും വാക്കുകളും ഘടനയും സംവിധാനവും ഏറ്റവും ഉയർന്നതാണ്. ആധുനിക സംഗീതാസ്വാദകരെപോലും ആശ്ചര്യപ്പെടുത്തുന്ന മാസ്മരികതയും താളാത്മകതയും നിറഞ്ഞു നിൽക്കുന്നതുമാണ്.
തിരുനബി ﷺ കയെ മദീനയിലേക്ക് വരവേറ്റുകൊണ്ട് സ്വഹാബികൾ പാടിയ “ത്വലഅൽ ബദ്റു അലൈനാ… (ഞങ്ങളിൽ പൂർണ ചന്ദ്രൻ ഉദിച്ചു എന്നതിനെ അനുസ്മരിപ്പിക്കുന്നതാണ് മൻഖൂസ് മൗലിദിന്റെ തുടക്കം. സുബ്ഹാനല്ലദീ അത്‌ലഅ ഫീ ശഹരി റബീഇൽ അവ്വലി ഖമറ നബിയ്യിൽ ഹുദാ…’ (റബീഉൽ അവ്വലിൽ സന്മാർഗത്തിന്റെ പ്രവാചകനെ ഉദിപ്പിച്ച അല്ലാഹു എത്ര പരിശുദ്ധൻ).
തിരുനബി ﷺ യെകുറിച്ച് പിൽക്കാലങ്ങളിൽ വിരചിതമായ പ്രകീർത്തനങ്ങളിലും കവിതകളിലുമെല്ലാം പൂർണ്ണചന്ദ്രൻ ഉദിച്ചുയർന്നു എന്ന പ്രയോഗം കാണാം. മുത്തുനബിയുടെ ആസ്ഥാന കവിയും പ്രതിരോധ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ഹസ്സാനുബ്നു സാബിതി(റ)ന്റെ കവിതയിൽ ബദ്ർ എന്ന പ്രയോഗം ഈ അർത്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. പ്രവാചക പ്രേമിയായ വിശ്വകവി ഇമാം ബൂസ്വീരി(റ)യുടെ ബുർദയിലും പൗർണമിയുടെ സൗന്ദര്യം അനാവരണം ചെയ്യുന്നുണ്ട്. “സിറാജുൻ മുനീർ (പ്രകാശിക്കുന്ന ദീപം) എന്നു വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചിട്ടുണ്ടല്ലോ. മൻഖൂസ് മൗലിദിൽ മഖ്ദൂം(റ) വർണിച്ചതും ഈ ആശയം അരക്കിട്ടുറപ്പിക്കും വിധംതന്നെയാണ്. (അൽ ബുൻയാനുൽ മർസൂസ് ഫീ ശർഹി മൗലിദിൽ മൻഖൂസ് കാണുക).
“ഇന്ന ബൈതൻ അൻത സാകിനുഹു/ ലൈസ മുഹ്താജൻ ഇലസ്സുറുജി (അങ്ങ് വസിക്കുന്ന ഭവനത്തിൽ വിളക്കിന്റെ ആവശ്യമേയില്ല) എന്ന പ്രസിദ്ധമായ വരി തിരുനബി ﷺ പ്രസരിപ്പിക്കുന്ന ജ്ഞാന ദീപ്തിയോടൊപ്പം അവിടുത്തെ ശരീര സൗന്ദര്യത്തെ കൂടിയാണ് പ്രകീർത്തിക്കുന്നത്. നബി ﷺ താമസിക്കുന്ന മുറിയിൽ സൂചിവീണുപോയാൽ പോലും വിളക്ക് ഇല്ലാതെ ഏത് കൂരിരുട്ടിലും കണ്ടെത്താൻ കഴിയുമായിരുന്നുവെന്ന് ആഇശ ﵂ പറയുന്നുണ്ട്. പുണ്യനബി ﷺ യുടെ തിരുമുഖത്ത് കത്തി പ്രകാശിക്കുന്ന സൂര്യൻ കറങ്ങുന്നതുപോലെ അനുഭവപ്പെടാറുണ്ട് എന്ന അനുചരന്മാരുടെ അഭിപ്രായവും ഇവിടെ ശ്രദ്ധേയമാണ്. ‘സിറാജൻ മുനീറാ’ എന്ന ഖുർആന്റെയും ഖമറൻ മുനീറാ’ എന്ന മൻഖൂസ് മൗലിദിന്റെയും പ്രയോഗം തിരുനബി പ്രകാശത്തെക്കുറിച്ചുള്ള നിരവധി ഹദീസുകളും നബി മഹത്ത്വത്തിന്റെ പൂർണതയാണ് തെളിയിക്കുന്നത്.
അഹ്‌ലുസ്സുന്നയുടെ ആശയാദർശങ്ങൾ വളരെ മനോഹരമായി ഈ മൗലിദിൽ ഗ്രന്ഥകാരൻ ഉൾകൊള്ളിച്ചിട്ടുണ്ട്. മതവിരോധികളും പരിഷ്കരണ ഇസ്‌ലാമിസ്റ്റുകളും നിരന്തരം വിമർശിച്ചു കൊണ്ടിരിക്കുന്ന വീക്ഷണങ്ങളായ തവസ്സുൽ ഇസ്തിഗാസ, ശഫാഅത്ത്, മരണപ്പെട്ട മഹാത്മാക്കളോട് സഹായം തേടൽ തുടങ്ങിയ വിഷയങ്ങളെല്ലാം മൗലിദ് പരാമർശിക്കുന്നുണ്ട്.
പാരായണം ചെയ്യുന്നവരെ സ്നേഹാനുരാഗത്തിന്റെ പതയിലെത്തിക്കുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മധുരിക്കുന്ന മഹബ്ബതിന്റെ പ്രകാശനമാണ് ഇത്. ചുരുങ്ങിയ സമയത്തിനകം ആർക്കും എളുപ്പത്തിൽ ആസ്വദിച്ച് ഓതാൻ സാധിക്കും വിധത്തിലാണ് ഇതിന്റെ സംവിധാനം. പദ്യ-ഗദ്യ സമ്മിശ്ര രീതിയിലുള്ള ലളിതവും സരളവുമായ ഘടനാ സംവിധാനം അത്യധികം ആകർഷകമാണ്. അറബി അറിയാത്ത സാധാരണക്കാരുടെ മനസ്സിൽ പോലും പ്രവാചകാനുരാഗവും ആത്മീയ ചൈതന്യവും സൃഷ്ടിച്ചു നിലനിർത്തുന്നതിനും വർധിപ്പിക്കുന്നതിനും സഹായകമാകുന്നതാണ് ഇതിന്റെ പാരായണം. അഞ്ച് ശൈലിയിലുള്ള പദ്യ സമാഹാരങ്ങളും ഗദ്യങ്ങളും 55 വരി കവിതകളും അഞ്ച് ജവാബ് ബൈത്തുകളും അടങ്ങുന്നതാണ് മൻഖൂസ് മൗലിദ്.
വിമർശനസ്വരങ്ങൾ
ഇസ്‌ലാം വിരോധികളും വിമർശകരും ഏറ്റവും കൂടുതൽ കടന്നാക്രമണം നടത്തുന്ന മൗലിദ് മൻഖൂസായിരിക്കും. ഗുണഭോക്താക്കളെ പോലെ വിമർശകരും കൂടുതൽ ഉണ്ടെന്നത് മൗലിദിന്റെ മറ്റൊരു പ്രത്യേകതയായി കാണാം. സത്യത്തിൽ മതപരമായ അജ്ഞതയാണ് വിമർശനത്തിന്റെ പ്രധാന കാരണം. അടക്കാനാവാത്ത പ്രവാചക പ്രേമത്തിന്റെ അതി ശക്തമായ കുത്തൊഴുക്കിൽ മുത്ത് നബിയോട് പാപമോചനത്തിനായി ഇസ്തിശ്ഫാഅ് നടത്തുന്നുവെന്നതാണ് പ്രധാന ആരോപണം. ഇങ്ങനെ ശിപാർശ ആവശ്യപ്പെടൽ ബഹുദൈവാരാധനയായ ശി ർക്കാണെന്നാണ് പുതിയ ഗവേഷണം. തികച്ചും ഇസ്‌ലാമിക വിരുദ്ധമായ ആരോപണമാണിത്. മൻഖൂസ് മൗലിദിലെ “ഇർതകബ്തു അലൽ ഖത്വാ… (ഞാൻ അറ്റമില്ലാത്ത അത്രയും തെറ്റുകൾ ചെയ്തു പോയി നബിയേ, പ്രവാചകന്മാരിൽ അത്യുത്തമരും എന്റെ നേതാവുമായ നബിയേ, അങ്ങയോട് ഞാൻ അന്യായം ബോധിപ്പിക്കുന്നു) എന്ന പ്രയോഗമാണ് ഏറെ വിമർശിക്കപ്പെടുന്നത്. മൻഖൂസ് മൗലിദ് ക്രോഡീകരിച്ചത് തന്നെ തിരുനബി ﷺ യുടെ മദ്ഹ് വസ്വീലയാക്കി രോഗശമനം തേടാൻ വേണ്ടിയാണ്. ഇസ്തിശ്ഫാഅ് നടത്താനാണ്. ഇത് ഖുർആനും സുന്നത്തും പ്രോത്സാഹിപ്പിക്കുന്നതാണ്.
അല്ലാഹു പറയുന്നു; അവർ സ്വശരീരങ്ങളോട് അക്രമം പ്രവർത്തിച്ചു നബിയെ സമീപിക്കുകയും അല്ലാഹുവോട് പാപമോചനം തേടുകയും പ്രവാ ചകർ അവർക്ക് വേണ്ടി പാപ മോചനത്തിന് ശിപാർശ നടത്തുകയും ചെയ്താൽ പാപം പൊറുക്കുന്നവനായും കരുണാമയനായും അല്ലാഹുവെ അവർ എത്തിക്കുമായിരുന്നു (അന്നിസാഅ് 64). പാപം പൊറുക്കാൻ തിരുനബിയെ മുൻനിർത്തി അല്ലാഹുവോട് തേടാനാണ് ഖുർആൻ പറയുന്നത്. അതു കൊണ്ടുതന്നെ നബിയോട് ശഫാഅത്ത് തേടുന്നവർ മുശ്‌രിക്കാണെന്നു വാദിക്കുന്നത് ഖുർആൻ നിഷേധമാണ്. ഇസ്‌ലാമിക പ്രമാണങ്ങളെ തള്ളുകയാണ് ഇത്തരക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. സ്വഹാബിമാർ മുതൽ ഇതുവ രെയുള്ള മഹാപണ്ഡിതന്മാരെല്ലാം റസൂൽ ﷺ യുടെ ശിപാർശ പ്രതീക്ഷിച്ചു തേടുന്നവരാണ്.
ഇമാം റാസി(റ) പറയുന്നു. ദോഷികളായ അനുയായികൾക്കു വേണ്ടി തിരുനബി ﷺ അല്ലാഹുവോട് ശിപാർശ ചെയ്യുമെന്നും നാഥൻ അതു സ്വീകരിക്കുമെന്നുമാണ് മേൽ ആയത്ത് വ്യക്തമാക്കുന്നത് (തഫ്സീറുൽ കബീർ 3/500). ഈ ആയത്ത് തവസ്സലും ശഫാഅത്തും പഠിപ്പിക്കുന്നുണ്ടെന്ന് ഇമാം നസാഈ(റ), ഖുർതുബി(റ), ഇബ്നു കസീർ, ഇബ്നു ഹജർ(റ), ഇമാം സുയൂതി (റ), സുബ്കി(റ), സുംഹൂദി തുടങ്ങി ഒട്ടേറെ പണ്ഡിതന്മാർ വ്യക്തമായി പറയുന്നുണ്ട്. തിരുനബി ﷺ യോട് അക്രമം പ്രവർത്തിച്ചവരോടാണ് നബിയെ സമീപിക്കാൻ പറഞ്ഞതെന്നും പിൽക്കാലത്തുള്ളവർക്ക് അത് ബാധകമല്ലെന്നും പറയുന്നത് ഒരിക്കലും ശരിയല്ല. ഇമാം റാസി(റ)യെ തന്നെ ഉദ്ധരിക്കട്ടെ. ആയത്തുകളുടെ അവതരണ പശ്ചാത്തലം അനുസരിച്ചല്ല, മറിച്ച് അതിന്റെ അർത്ഥ വ്യാപ്തിയനുസരിച്ചാണ് പരിഗ ണിക്കപ്പെടുക.’ രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി(റ) വിശദീകരിക്കുന്നു. തിരുനബി ﷺ വിഷമഘട്ടങ്ങളിൽ അഭയം തേടിയെത്തുന്നവർക്ക് അത്താണിയാണ്. അവരുടെ പ്രതിസന്ധികൾ ഏറ്റെടുത്ത് സഹായിക്കുന്ന നേതാവുമാണ് (ശറഹു മുസ്‌ലിം).
പരലോകത്തെ ശഫാഅത്ത് സംബന്ധിച്ച് തിരുനബി ﷺ പറയുന്നു: എല്ലാ പ്രവാചകരെയും സമീപിച്ച് നിരാശരായ ജനങ്ങൾ അവസാനം എന്നെ സമീപിച്ച് ശിപാർശക്ക് ആവശ്യപ്പെടും. അങ്ങനെ അല്ലാഹുവോട് ഞാൻ ശിപാർശ ചെയ്യും. അപ്പോൾ ഒരു വിഭാഗത്തെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്താൻ നാഥൻ എനിക്കനുവാദം നൽകും. ഞാൻ അവരെ രക്ഷപ്പെടുത്തുകയും ചെയ്യും (ബുഖാരി, മുസ്‌ലിം). ഇങ്ങനെ പല വിഭാഗത്തെയും പല തവണയായി രക്ഷപ്പെടുത്താൻ റസൂൽ ﷺ ശിപാർശ ചെയ്യുമെന്നും അല്ലാഹു വീണ്ടും ശിപാർശക്ക് അധികാരം നൽകുമെന്നും അവിടുന്ന് അതുപയോഗപ്പെടുത്തി അനവധി പേരെ രക്ഷപ്പെടുത്തുമെന്നും ധാരാളം ഹദീസുകളിൽ വന്നിട്ടുണ്ട്. “എന്റെ സമുദായത്തിൽപെട്ട ഒരാളെങ്കിലും നരകത്തിൽ വെന്തുരുകുന്ന കാലത്തോളം നീ എനിക്ക് എന്തുതന്നാലും, എത്ര തന്നാലും ഞാൻ തൃപ്തനല്ലെന്നുവരെ നബി ﷺ പരലോകത്ത് വെച്ചു പറയുമെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്.
മറ്റു ചില വിമർശനങ്ങൾ കൂടി ഈ മൗലിദിന് നേരെ ഉന്നയിക്കാറുണ്ട്. അവക്കുള്ള മറുപടികൾ അന്യത്ര വിശദീകരിക്കപ്പെട്ടതുകൊണ്ട് ഇവിടെ ചേർക്കുന്നില്ല. ചുരുക്കത്തിൽ, നബിസ്നേഹത്തിന്റെ ഹൃദയം തുളുമ്പുന്ന അക്ഷരക്കൂട്ടങ്ങളാണ് മൻഖൂസെന്ന ഈ ചെറുകൃതി. സമുദായത്തിന്റെ ഇതപര്യന്തമുള്ള ചലനത്തിൽ വഴിവെളിച്ചമായി മൻഖൂസ് മൗലിദ് എന്നും ജ്വലിച്ചു നിന്നിട്ടുണ്ട്. ഇനിയും അതു തുടരും.