ജമാഅത്തെ ഇസ്‌ലാമിയുടെ ആധികാരികപ്രമാണമായി അവർ ഗണിക്കുന്നത് മൗദൂദിയുടെ ഗ്രന്ഥങ്ങളാണെന്നു സുന്നീ പണ്ഡിതന്മാർ പറയുന്നതു ശരിയല്ലെന്നു സ്ഥാപിക്കാൻ ചിലർ ശ്രമിച്ചു കാണുന്നു. അതോടൊപ്പം ഖുർആനും സുന്നത്തും മാത്രമാണു തങ്ങളുടെ ആദർശമായി സ്വീകരിക്കുന്നതെന്ന് ഇന്ത്യൻ ‘ജമാഅത്തെ ഇസ്‌ലാമി ഭരണഘടന’യും ‘ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യവും മാർഗവും’ എന്ന പുസ്തകവും ഉദ്ധരിച്ച് അവർ സമർത്ഥിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. സുന്നീ പണ്ഡിതന്മാരുടെ വിമർശനത്തിന്റെ മുഖ്യമായ വശം അതുവഴി അവർ വിസ്മൃതിയിലാക്കി. കിതാബ്, സുന്നത്ത് എന്ന തത്വം പറഞ്ഞു യുവഹൃദയത്തെ ആകർഷിക്കുകയാണു പരിപാടിയെന്നു വ്യക്തം. ഭരണഘടന സംശുദ്ധമാണെന്നു വരുത്തിത്തീർക്കലും അതിന്റെ മറവിൽ നടന്നുവല്ലോ?
പണ്ഡിതന്മാർ ജമാഅത്തെ ഇസ്‌ലാമിയെ വിലയിരുത്തിയത് യഥാർത്ഥത്തിൽ ഒന്നാമതായി സ്ഥാപകനേതാവിന്റെ ദീനിയ്യായ കഴിവുകേടും പിഴച്ച വാദങ്ങളും രണ്ടാമതായി നിയമാവലിയുടെ നവീനതയും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിനെതിരെയുള്ള ഖണ്ഡനങ്ങളും കണക്കിലെടുത്തുകൊണ്ടു തന്നെയാണ്.
തങ്ങളുടെ തെളിവ് ഖുർആനും സുന്നത്തുമാണെന്ന് എല്ലാവരും പറയും. പക്ഷേ, അതിനെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതാണു പരിശോധിക്കേണ്ടത്. മൗദൂദി വ്യാഖ്യാനിച്ച രൂപത്തിൽ ഖുർആൻ, സുന്നത്തിനെ തെളിവായി എടുക്കുന്നവരാണ് ജമാഅത്തുകാർ. അപ്പോൾ ആധികാരികതെളിവ് മൗദൂദി ഗ്രന്ഥങ്ങളാണെന്നു വിമർശകർ പറഞ്ഞതിലെന്താണു തെറ്റ്?. കൂടാതെ ജമാഅത്തെ ഇസ്‌ലാമിയുടെ വാദം പിഴച്ചതാണെന്നതിനു മറുപടിക്കാരുടെ ഗ്രന്ഥം തന്നെ വ്യക്തമായ തെളിവാണ്. അജ്ഞരുടെ ബുദ്ധിയെ വശത്താക്കാൻ അദ്ദേഹം കുറേ മധുരവാക്കുകൾ എഴുതിക്കൂട്ടിയിട്ടുണ്ടെങ്കിലും നിഷ്പക്ഷബുദ്ധ്യാ വിലയിരുത്തുന്നവർക്ക് അതിലെ പരാമർശങ്ങൾ ഇസ്‌ലാമുമായി എത്രമാത്രം അകന്നതാണെന്നു വ്യക്തമാവും.
ജമാഅത്തെ ഇസ്ലാമിയുടെ നിയമാവലി ഖണ്ഡിക മൂന്നിൽ ഇപ്രകാരം പറയുന്നതായി മറുപടിക്കാരൻ തന്നെ വ്യക്തമാക്കിയതാണ്: “റസൂൽ ﷺ യെ അല്ലാതെ യാതൊരു മനുഷ്യനെയും സത്യത്തിന്റെ മാനദണ്ഡമാക്കാതിരിക്കുകയും മറ്റൊരാളെയും വിമർശന നിരൂപണത്തിന്നതീതമായി ഗണിക്കാതിരിക്കുകയും യാതൊരാളുടെയും മാനസികാടിമത്തത്തിൽ കുടുങ്ങാതിരിക്കുകയും ചെയ്യുക. ഇത് ശഹാദത്ത് കലിമയുടെ രണ്ടാം വചനത്തിന്റെ അവിഭാജ്യഘടകമായിട്ടാണു രേഖപ്പെടുത്തിയിരിക്കുന്നത്. അപ്പോൾ റസൂൽ ﷺ യെ അല്ലാതെ മറ്റു നബിമാരെയോ സ്വഹാബത്തിനെയോപോലും സത്യത്തിന്റെ മാനദണ്ഡമാക്കുകയോ അവരെ വിമർശനാതീതരായി ഗണിക്കുകയോ ചെയ്യാതിരുന്നാൽ മാത്രമേ ശഹാദത്ത് കലിമ പൂർത്തിയാവുകയും അവരുടെ ഭാഷയിൽ സാക്ഷാൽ ഇസ്‌ലാമിക ജമാഅത്തിൽ അംഗത്വം ലഭിക്കുകയും ചെയ്യുകയുള്ളൂവെന്നു വ്യക്തം. ഈ ആദർശം അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന് കടകവിരുദ്ധമാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? അതിനു കിതാബിന്റെയും സുന്നത്തിന്റെയും പരിവേഷം നൽകി, കിതാബും സുന്നത്തുമാണു തങ്ങളുടെ ആദർശമെന്നു വാദിക്കുന്നതു ശരിയല്ല. ഇതേ കാരണം പറഞ്ഞുതന്നെയാണ് ഈ പാർട്ടി സുന്നത്ത് ജമാഅത്തിനു പുറത്താണെന്നു വെല്ലൂർ ബാഖിയാതുസ്സ്വാലിഹാതിലെ ആലിമീങ്ങളും വടക്കെ ഇന്ത്യയിലെ പ്രധാനപണ്ഡിതന്മാരും ഫത് വി നൽകാൻ കാരണം.
സ്വഹാബത്തിനെ പ്രശംസിച്ചുകൊണ്ട് വിശുദ്ധ ഖുർആനിൽ നിരവധി ആയത്തുകൾ അവതരിച്ചിട്ടുള്ളത് മുസ്‌ലിംകൾക്ക് അജ്ഞാതമല്ല. റസൂൽ ﷺ പറയുന്നു: “എന്റെ സ്വഹാബാക്കൾ നക്ഷത്ര തുല്യരത്രെ. അവരിൽ ആരെ അനുകരിച്ചാലും നിങ്ങൾ സന്മാർഗത്തിലാകും.” വീണ്ടും അവിടുന്ന് അരുളുകയുണ്ടായി: “നൂറ്റാണ്ടുകളിൽ ഉത്തമർ എന്റെ നൂറ്റാണ്ടുകാരാണ്. പ്രസ്തുത ഹദീസ് മുതവാതിർ ആവാൻ അടുത്തിരിക്കുന്നു. ചിലർ മുതവാതിർ ആണെന്നു പറഞ്ഞിട്ടുമുണ്ട്(Ibid).
അബൂസുർഅത്തുർറാസി(റ) പറയുന്നു: റസൂൽ ﷺ യുടെ സ്വഹാബാക്കളിൽ ഒരാളെ ഒരു മനുഷ്യൻ നിന്ദിക്കുന്നതായി നീ കണ്ടാൽ സിൻദീഖ്(മതമത്സരി) ആണെന്നു നീ മനസ്സിലാക്കുക. എന്തുകൊണ്ടെന്നാൽ, വിശുദ്ധ ഖുർആനും റസൂൽ ﷺ കൊണ്ടുവന്നതുമെല്ലാം സത്യമാണ്. അവ മുഴുവൻ നമുക്കു കാണിച്ചുതന്നത് സ്വഹാബാക്കളാണ്. അത്തരക്കാർ സ്വഹാബത്തിനെയും സുന്നത്തിനെയും നിഷ്ഫലമാക്കാനായി നമ്മുടെ ഔദ്യോഗിക സാക്ഷികളെ അപരാധപ്പെടുത്താൻ ഉദ്ദേശിക്കുകയാണ്. അവരാണ് യഥാർത്ഥത്തിൽ അപരാധത്തിനർഹർ
(ഇസാബ: 1/11). സ്വഹാബികൾ മുഴുവ നീതിമാന്മാരാണ്. അവരെക്കുറിച്ചു നിരൂപണം പാടില്ല എന്നു കൂടി ഇസാബ തുടർന്നെഴുതിയതായും കാണാം. ആകയാൽ സ്വഹാബികളടക്കമുള്ള മുൻഗാമികളെ തള്ളിപ്പറയുകയും അവരെ വിമർശന വിധേയരാക്കണമെന്നു വിശ്വസിക്കുകയും ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും സ്വയം വ്യാഖ്യാനം നൽകി നേരിട്ട് എല്ലാം പിടിച്ചെടുക്കൽ ആദർശമാക്കി അംഗീകരിക്കുകയും അതു വിശ്വാസത്തിന്റെ അംശമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു പാർട്ടി നവീനമതം സ്ഥാപിച്ചവരാണെന്നു പറയുമ്പോൾ വിറളിയെടുത്തിട്ടെന്തു കാര്യം!.
തുടർന്ന് ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യം മാർഗം’ എന്ന പുസ്തകത്തിലെ ഉദ്ധരണി ചേർത്തുകൊണ്ട് മറുപടിക്കാരൻ ഒന്നുകൂടി സ്ഥിരീകരിക്കുന്നു. അദ്ദേഹം പറയുന്നു: “ദീനിൽ വല്ലതും കുറക്കാനോ കൂട്ടാനോ ഞങ്ങളാഗ്രഹിക്കുന്നില്ല; അങ്ങനെ ചെയ്തിട്ടുമില്ല. ഖുർആനെയും സുന്നത്തിനെയും ഞങ്ങളുടെ വാക്കിനും പ്രവർത്തിക്കുമുള്ള സാക്ഷാൽ അവലംബമായി ഞങ്ങൾ അംഗീകരിക്കുന്നു. ഞങ്ങളുടെ അറിവും ബുദ്ധിയും അനുസരിച്ചു ഞങ്ങൾക്കു വേണ്ടതെല്ലാം അവയിൽ നിന്നു തന്നെയാണു ഞങ്ങൾ കരസ്ഥമാക്കിയത്” (സുന്നീ വിമർശനങ്ങൾക്കു മറുപടി പുറം: 30).
ഞങ്ങളുടെ അറിവും ബുദ്ധിയുമനുസരിച്ച് ഞങ്ങൾക്കുവേണ്ടതെല്ലാം അവയിൽ (ഖുർആനിലും സുന്നത്തിലും) നിന്നുതന്നെയാണു ഞങ്ങൾ കരസ്ഥമാക്കുന്നത്. ഈ വീക്ഷണം സ്വീകരിച്ച പാർട്ടി ആയതുകൊണ്ടുതന്നെയാണ് സുന്നത്ത് ജമാഅത്തിനു പുറത്താണെന്നു പണ്ഡിതന്മാർ തീരുമാനിച്ചതും. “അഹ്‌ലുസ്സുന്നത്തി വൽ ജമാഅ” എന്നാൽ റസൂൽ ﷺ യുടെ സുന്നത്തും ഖുലഫാഉർറാശിദുകളുടെ കാലഘട്ടത്തിലെ സ്വാഹാബാക്കളുടെ തീരുമാനങ്ങളും ഉൾകൊള്ളുന്നവർ എന്നാണു വിവക്ഷ. ആ പാത പിൻപറ്റൽ സത്യ
നിർബന്ധവുമാണ്. അക്കാര്യം ഗൗസുൽ അഅ്ളം അബ്ദുൽഖാദിർ ജീലാനി(ഖ.സി) തുടങ്ങിയ മഹാന്മാർ സവിസ്തരം പ്രസ്താവിച്ചതുമാണ് (ഗുൻയത്ത്: 1/90).
ഇവിടെ മറുപടിക്കാരൻ ‘ഞങ്ങൾ’ എന്ന് പറയുന്നത് അവരിലെ പണ്ഡിതന്മാരെ ഉദ്ദേശിച്ചാണ് എന്നു പറഞ്ഞൊഴിയാൻ നിർവാഹമില്ല. കാരണം പാർട്ടി മുഖപത്രമായ ‘പ്രബോധനം’ അവരുടെ ആദർശത്തെക്കുറിച്ചു പ്രസ്താവിക്കുന്നതിപ്രകാരമാണ്: “മദ്ഹബ് ഒഴിവാക്കി ഖുർആൻ, സുന്നത്ത് ആധാരമാക്കാൻ എല്ലാവരെയും പാകപ്പെടുത്തലാണ് ജമാഅത്തിന്റെ ഉദ്ദേശ്യം” (പ്രബോധനം: 7/38).
ആകയാൽ, മദ്ഹബിന്റെ ഇമാമുകളെയോ സ്വഹാബികളെയോ സത്യത്തിന്റെ മാനദണ്ഡമോ വിമർശനാതീതരോ ആക്കാത്തവരും അവരുടെ മാനസിക അടിമത്തമോ വിധേയത്വമോ സ്വീകരിക്കാത്തവരുമാണ് ജമാഅത്തുകാർ എന്ന് മറുപടിക്കാരന്റെ ഏറ്റുപറച്ചിലും അവരുടെ നിയമാവലിയും വ്യക്തമാക്കിയ സ്ഥിതിക്ക് മുസ്‌ലിം സമുദായത്തിന്റെ പേരിൽ പുതുനിർമിതവും നവീനവുമായ മദ്ഹബാണു ജമാഅത്തെ ഇസ്‌ലാമിയെന്നു വ്യക്തമായി. ഈ ആദർശം ഉറപ്പിച്ചശേഷം ജമാഅത്തെ ഇസ്‌ലാമി പ്രത്യേക മദ്ഹബല്ല എന്നു പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്നതെന്തിനാണ്?.
മൗദൂദിയുടെ പല അഭിപ്രായങ്ങളും ജമാഅത്തുകാർ അംഗീകരിച്ചിട്ടുണ്ടെങ്കിൽ അത് മൗദൂദി പറഞ്ഞിരിക്കുന്നു എന്നതുകൊണ്ടല്ല, സംഗതി ശ്രദ്ധേയവും ഖുർആനിനും സുന്നത്തിനും യോജിക്കുന്നതുമാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ് എന്നു മറുപടിക്കാരൻ ന്യായീകരിക്കുന്നു (സുന്നീ വിമർശനങ്ങൾക്കു മറുപടി- പേജ്: 30). അപ്പോൾ അല്പജ്ഞാനിയായ മൗദൂദി പറഞ്ഞത് ഖുർആനിനും സുന്നത്തിനും യോജിച്ചതാണോ അല്ലേ എന്ന് അതിനേക്കാൾ വിവരം കുറഞ്ഞ അനുയായികൾ പരിശോധിക്കുമെന്നർത്ഥം. അങ്ങ നെ ഓരോ പാമരനും ഖുർആൻ സുന്നത്തിൽനിന്നു നേരിട്ടു സ്വയേ ഷ്ടം വിധികൾ കണ്ടുപിടിക്കുക എന്നതാണു ജമാഅത്ത് താത്പര്യം. ഇതു മതം പൊളിക്കലാണ്.
(നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ ജമാഅത്തെ ഇസ്‌ലാമി മറുപടിക്ക് മറുപടി എന്ന ഗ്രന്ഥത്തിൽ നിന്നും)