യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഇടം നേടിയ ഒരു നഗരമാണ് ലാമു. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിലെ ലാമു ദ്വീപസമൂഹങ്ങൾ സ്വാഹിലി പാരമ്പര്യത്തെ ഏറ്റി നടക്കുന്നവരിൽ മുൻ പന്തിയിലുള്ളവരാണ്. പൊതുവേ സ്വാഹിലികൾ എന്നറിയപ്പെടുന്നത് സ്വാഹിലി ഭാഷ സംസാരിക്കുന്ന കെനിയ, ടാൻസാനിയ, കൊമോറോസ്, മയോട്ട, ഉഗാണ്ട, സൊമാലിയ, റുവാണ്ട തുടങ്ങിയ കിഴക്കനാഫ്രിക്കൻ രാജ്യങ്ങളിലെ വലിയ ഒരു വിഭാഗം മുസ്‌ലിംകളാണ്. തീരദേശത്തേത് എന്നർത്ഥം വരുന്ന അറബി പദമാണ് “സവാഹിലി”. ലാമു ദ്വീപിൽ ഈ വർഗ്ഗീകരണം കുറച്ച് കൂടി കടുപ്പമാണ്. അവിടെ സ്വാഹിലികൾ അവരെ സ്വയം ‘വോങ്ങ്വാന’ (പരിഷ്കൃതർ) എന്നാണ് പരിചയപ്പെടുത്തുന്നത്. പണ്ട് നടന്ന ആഭ്യന്തര യുദ്ധങ്ങളിൽ ജയിച്ചവർ വോങ്ങ്വാനകളും തോറ്റ് അടിമകളായവർ ഉശൻസികൾ എന്നും അറിയപ്പെട്ടു.
ഉശൻസികൾ വോങ്ങ്വാനകളുടെ കൈ ചുംബിക്കണം, ഉശൻസികളുടെ പുതുതായി ജനിക്കുന്ന മക്കൾക്ക് പോലും സമൂഹത്തിൽ ഉന്നതമായ പദവികൾ ലഭിക്കില്ല. കേരളത്തിലെ ഹൈന്ദവജാതിപ്പോരും മേൽകോയ്മയും കണ്ട് മടുത്ത വലിയ ഒരു ഹിന്ദു സമൂഹമാണ് ഇസ്‌ലാമിൽ സമത്വമുണ്ട് എന്ന് മനസ്സിലാക്കി പൊന്നാനിയിൽ വന്ന് തൊപ്പിയിട്ട മുസ്‌ലിമായത് എന്ന് കുമാരനാശാൻ തന്റെ ദുരവസ്ഥ എന്ന കവിതയിൽ പറയുന്നുണ്ട്. എന്നാൽ ലാമുവിൽ മുസ്‌ലിമായാൽ പോലും ഈ സമത്വമില്ലായിരുന്നു. അവരെ അടിമച്ചന്തയിൽ നിന്ന് വാങ്ങി മുസ്‌ലിമെങ്കിൽ ശഹാദത്തും നിസ്കാരവും മാത്രം അവർക്ക് പകർന്ന് നൽകി, ഇസ്‌ലാമിന്റെ ബാലപാഠങ്ങളൊന്നും അവർ അറിഞ്ഞില്ല. അവിടെ രാത്രി ഉറങ്ങാൻ പോലും അവർക്ക് അനുവാദമില്ലായിരുന്നു. ഇരുട്ട് മൂടിത്തുടങ്ങിയാൽ അവർ മലഞ്ചെരുവിലേക്ക് നീങ്ങണം, ആഫ്രിക്കൻ കാടുകളുടെ വന്യതയിൽ അവർ അന്തിയുറങ്ങി അതിരാവിലെ ജോലിക്കായി നാട്ടിലേക്ക് തന്നെ തിരിച്ച് വരും. ജുമുഅ നിസ്കാരത്തിന് പള്ളിയിലേക്ക് വരാൻ പോലും അവർക്ക് പറ്റിയിരുന്നില്ല, അവരുടെ നിസ്കാരങ്ങൾ അവരുടെ ചെറു കുടിലുകൾക്കുള്ളിൽ നിന്നുള്ള തേങ്ങലുകളിൽ ഒതുങ്ങി.
അങ്ങനെയിരിക്കെ 1866ൽ തിരുനബി പരമ്പരയിൽ പെട്ട പതിനെട്ട് വയസ്സുകാരനായ ഒരു യുവാവ് തന്റെ സുഖമില്ലാത്ത കാലുകൾക്കുള്ള മരുന്ന് തേടി കൊമോറോസിൽ നിന്ന് ലാമുവിലെത്തി. ശരീഫ് സ്വാലിഹ് ബിൻ അലവി ജമലുല്ലൈലി എന്ന വിജ്ഞാനദാഹിയായ ആ യുവാവിന്റെ മനസ്സ് ലാമുവിലെ മഹാപണ്ഡിതരുടെ മുന്നിലിരിക്കാൻ കൊതിച്ചു. ഹബീബ് അലി ബിൻ അബ്ദുല്ലാഹ് ജമലുല്ലൈലി, ശൈഖ് അബൂബകർ ബിൻ അഹ്മദ് മുആവി, ഹബീബ് അബൂബകർ ബിൻ അബ്ദുറഹ്മാൻ, സയ്യിദ് അഹ്ദൽ ബിൻ അബൂബകർ അഹ്ദൽ തുടങ്ങിയവർ അവരുടെ ലാമുവിലെ ഗുരുനാഥരായിരുന്നു.
പഠനം തുടങ്ങി നാളുകൾ പിന്നിട്ടപ്പോളാണ് ലാമുവിനെ ഗ്രസിച്ചിരിക്കുന്ന അയിത്തത്തെക്കുറിച്ച് അവിടുന്ന് അറിയുന്നത്. സയ്യിദുമാർ അടക്കമുളള വലിയൊരു സമൂഹം ഇതിനെ പിന്താങ്ങുകയും ചെയ്യുന്നു എന്നറിഞ്ഞപ്പോൾ ആ മനസ്സ് വല്ലാതെ വേദനിച്ചു. അടിമ വംശജരായ ബിലാൽ തങ്ങളെയും പേർഷ്യക്കാരനായ സൽമാൻ തങ്ങളെയും ഒരേ സ്ഥാനം നൽകി ആദരിച്ച ആദർശത്തിന്റെ പേരാണ് ഇസ്‌ലാം, നിറത്തിന്റെയും കുടുംബത്തിന്റെയും തൊഴിലിന്റെയും പേരിൽ ദീൻ ആരോടും വിവേചനം കാണിക്കുന്നില്ല. സത്യദീനിനെതിരായ ഈ നിലപാടുകളോട് ശരീഫ് സ്വാലിഹിന് ഒരു നിലക്കും ഒത്തുപോകാൻ കഴിഞ്ഞില്ല. ഇതിനെതിരെ പരസ്യമായി രംഗത്ത് വന്ന ഹബീബ് സ്വാലിഹിനോട് ഇതിന് മുതിരരുതെന്ന് അവർ സൗമ്യമായി പറഞ്ഞുനോക്കി. അവരിലെ സുന്ദരികളായ യുവതികളെ വേൾച്ചു തരാമെന്ന് അവർ പ്രലോഭിപ്പിച്ചു. എന്നാൽ സ്വദേശമായ കൊമോറോസിൽ നിന്ന് തന്നെയാണ് അവിടുന്ന് വിവാഹം കഴിച്ചത്. പിന്നെ അവരുടെ ആവശ്യങ്ങൾക്ക് ഭീഷണിയുടെ സ്വരമായി. അവർ താമസിക്കുന്ന സ്ഥലത്ത് നിന്ന് മഹാനരെ പുറത്താക്കി. തേങ്ങാവെട്ടുകാരായ ഒരുപറ്റം ഉശൻസികൾ താമസിച്ചിരുന്ന സ്ഥലമായിരുന്നു മഹനരുടെ പുതിയ താമസസ്ഥലം. അവരെപ്പോലെ ചെളിമണ്ണ് തേച്ച ചെറിയൊരു വീട് നിർമിച്ച് അവരോടൊത്ത് തൊഴിലെടുത്ത് അവർക്ക് ദീൻ പഠിപ്പിച്ചായി അവരുടെ പിന്നീടുള്ള ജീവിതം. അവർക്ക് നിസ്ക്കരിക്കാനായി മണ്ണ് കൊണ്ട് തേച്ച് ഓല കൊണ്ട് മെടഞ്ഞ ഒരു മസ്ജിദും അവർ ഉണ്ടാക്കി. മെല്ലെമെല്ലെ ഹബീബ് അവരുടെ ഹൃദയം കീഴടക്കുകയായിരുന്നു.
ജമാഅത്തിന് വരാത്തവരുടെ ലിസ്റ്റ് എടുത്ത് അവരെ ചീത്ത പറഞ്ഞില്ല, അവരോട് വീട്ടിൽ നിന്ന് ജമാഅത്ത് ആയി നിസ്കരിക്കണമെന്ന് ആളുകളെ പറഞ്ഞേൽപ്പിച്ചു. അവർ അങ്ങനെ സത്യദീനിന്റെ സൗന്ദര്യത്തെ അനുഭവിച്ച് തുടങ്ങി. മുതിർന്ന പലർക്കും തന്നെ ഖുർആൻ തെറ്റില്ലാതെ പാരായണം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ അവരെ ഓതിപ്പിച്ച് വഷളാക്കിയില്ല. ഓരോ നിസ്കാരശേഷവും മഹാനരോടൊപ്പം ഓതാൻ അവരോട് പറഞ്ഞു. കീറിപ്പിഞ്ഞിയ, അഴുക്ക് നിറഞ്ഞ വസ്ത്രങ്ങൾ ധരിച്ചവരെ കണ്ടാൽ അവിടുത്തെ വസ്ത്രം അവർക്ക് കൊടുത്ത് ഇത് തനിക്ക് ഇടാൻ കഴിയാത്ത അവസ്ഥയാണെന്ന് പറയും. അവരുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന ഒരു വാക്കോ പ്രവർത്തനമോ മഹാനരിൽ നിന്നും ഉണ്ടായില്ല. ഓരോ പ്രഭാതവും ഹബീബ് സ്വാലിഹ് തന്റെ മുറ്റം അടിച്ചുവാരുന്നത് കണ്ട നാട്ടുകാർ വൃത്തിയുടെയും ശുദ്ധിയുടെയും ഉപാസകരായി മാറി. തഖ്‌വയും വിനയവും ബുദ്ധിയും മേളിച്ച ഹബീബിന്റെ പ്രവർത്തനങ്ങൾ ആ നാടിന് പ്രകാശമേകി.
വോങ്ങ്വാനകൾ ഹബീബ് സ്വാലിഹിനെ പരിഹസിച്ചു കൊണ്ട് ‘ശരീഫു യാ വാഗമ’ (തേങ്ങാ വെട്ടുകാരുടെ സയ്യിദ്) എന്ന് വിളിച്ചു. നാട്ടുവൈദ്യവും കൈവശമുണ്ടായിരുന്ന മഹാനർ രോഗികൾക്ക് ശമനമേകി. രോഗികളെ പരിചരിക്കാൻ പോവുമ്പോൾ ആ വീട്ടിലെ കുട്ടികൾക്കുള്ള മധുരം കയ്യിൽ കരുതാനും അവിടുന്ന് മറന്നില്ല. മീലാദ് വേളകൾ ഏത് നാട്ടിലും എല്ലാ വ്യത്യാസങ്ങളും മറന്ന് മുസ്‌ലിം ഉമ്മത്തിന് ഒന്നായി കൊണ്ടാടാൻ ഉള്ള സമയമാണല്ലോ.
ഇനിയാണ് ഹബീബ് ആ നാട്ടിൽ കൊണ്ട് വന്ന ഏറ്റവും വലിയ വിപ്ലവം നമുക്ക് പറയാനുള്ളത്. ഉന്നതരുടെ വീടുകളിൽ മാത്രം ഒരു ചടങ്ങായി നടന്നിരുന്ന മൗലിദ് അവിടുന്ന് വമ്പിച്ച മീലാദാഘോഷമാക്കി മാറ്റി. ഓർക്കണം, 1891 ലെ റബീഉൽ അവ്വലിൽ ഹബീബ് തന്റെ കൊച്ചുകുടിലിൽ ആ ‘അപരിഷ്കൃതരെ’ വിളിച്ച് ഒരു മൗലിദ് നടത്തി. മജ്‌ലിസിൽ ഹബീബ് അവരോട് കൂടിയിരുന്നു. അതോട് കൂടി മസ്ജിദുരിയാള ഒരു വിദ്യാഭ്യാസസ്ഥാപനമായി മാറി. ദീൻ പഠിക്കുന്ന വിദ്യാർഥികൾക്ക് കിടന്നുറങ്ങാൻ ഒരു സ്ഥലവും ഹബീബ് നിർമിച്ചു. ഇത് കിഴക്കൻ ആഫ്രിക്കയിൽ ബ്രിട്ടീഷ് മിഷനറിമാർ സ്കൂളുകൾ സ്ഥാപിക്കാൻ എത്രയോ പതിറ്റാണ്ടുകൾക്ക് മുമ്പാണെന്ന് നമ്മൾ ഓർക്കണം.
എന്നത്തേയും പോലെ അപരിഷ്കൃതരുടെ മീലാദാഘോഷങ്ങൾ തകർക്കാൻ ഒരു ഉപജാപകസംഘം അവിടെയും ഉടലെടുത്തു. കള്ള് കുടിച്ച് മദോന്മത്തരായി അവർ മീലാദ് ജാഥ അലങ്കോലമാക്കാൻ ശ്രമിച്ചു. പക്ഷേ അവർ എന്തിനാണ് അവിടെ പോയതെന്ന് മറന്ന് പോയി, അവരും അതിന്റെ ഭാഗമായി മാറി. മഹാനരെ വീട് വളഞ്ഞ് കൊല്ലാനെത്തിയ ശത്രുക്കൾ കണ്ടത് ചുറ്റും കാവൽ നിൽക്കുന്ന വിഷ സർപ്പങ്ങളെയാണ്.
1911 ൽ എല്ലാവരും മീലാദ് ആഘോഷിക്കുന്ന വേളയിൽ ശത്രുക്കൾ അതേ രാത്രിയിൽ ഒരു വിവാഹസദ്യ നടത്തി. വിവാഹപ്പന്തൽ കാലിയായിരുന്നു. ഹബീബിന്റെ വിപ്ലവം വിജയിച്ച് തുടങ്ങിയിരുന്നു. മൗലിദിന് ചുറ്റും പങ്കെടുത്തിരുന്ന വീടുകൾക്ക് ശത്രുക്കൾ തീയിട്ടു. ആരോടും അനങ്ങരുതെന്ന് ഹബീബ് പറഞ്ഞു. അൽഭുതമെന്ന് പറയട്ടെ, ഒരു കാറ്റ് വന്ന് തീയെടുത്ത് പോയി, കത്തിനശിച്ചത് ശത്രുക്കളുടെ വീടുകളായിരുന്നു. അവർ ജീവനും കൊണ്ടോടി.
അങ്ങനെ ഹബീബ് സ്വാലിഹ് ലാമുവിന്റെ അനിഷേധ്യ നേതാവായി മാറി. സാൻസിബാറിലെ സുൽത്താൻ പോലും മഹാനറുടെ പൊരുത്തം തേടി അവിടെയെത്തി. കിഴക്കൻ ആഫ്രിക്ക കണ്ട ഏറ്റവും വലിയ മൗലിദ് മജ്‌ലിസ് ആയി അവരുടെ മജ്‌ലിസ് മാറി. അവിടുത്തെ വഫാത്തിന് ശേഷവും മക്കൾ ആ പാരമ്പര്യം തുടർന്ന് പോന്നു. ആ മസ്ജിദിൽ നിന്ന് ഒരുപാട് പണ്ഡിതരും ഇമാമുമാരും പിറന്നു. കിഴക്കൻ ആഫ്രിക്ക കണ്ട എക്കാലത്തെയും മികച്ച പ്രബോധകർ അവിടെ നിന്ന് പുറത്തിറങ്ങി. ഇന്നും ലാമുവിലെ മീലാദാഘോഷം ലോകം ഉറ്റുനോക്കുന്ന ഒരു സംഭവമാണ്.
മീലാദാഘോഷം ഒരു സംസ്കൃതിയെ നിർമിച്ച കഥയാണ് നമ്മൾ വായിച്ചത്. മുത്ത് നബിയുടെ ഓർമകളെയും പാഠങ്ങളെയും പുനരുജ്ജീവിപ്പിക്കുകയാണ് ഓരോ റബീഉൽ അവ്വലും. ദാഗിസ്ഥാൻ നാഇബ് മുഫ്തിയായിരുന്ന ശൈഖ് ശിഹാബ് ഹുസൈനോവ് നോളജ് സിറ്റിയിലേക്ക് വന്ന വേളയിൽ ഞങ്ങളോട് പറഞ്ഞു ” ഞങ്ങളുടെ നാട്ടിൽ കമ്മ്യൂണിസം ദീനിനെ മുച്ചൂടും ഇല്ലാതാക്കാൻ ശ്രമിച്ചു, പണ്ഡിതരെയും ദീനിന്റെ അടയാളങ്ങളെയും അവർ കുഴിച്ച് മൂടി, പരിഷ്കാരവും മതനിരാസവും പഠിപ്പിച്ച് പുതുതലമുറകളിൽ നിന്ന് അവർ ധാർമികബോധം അറുത്ത്മാറ്റാൻ ശ്രമിച്ചു. എന്നാൽ ഞങ്ങൾ മുത്ത് നബിയുടെ മൗലിദ് ഈരടികളിലൂടെ പിടിച്ച് നിന്നു, മുത്ത് നബി ഉള്ളിടത്തോളം കാലം നിങ്ങൾ പരാജിതരാവുകയില്ലെന്ന ഖുർആനികവചനം ഞങ്ങൾക്ക് ശക്തി പകർന്നു. മീലാദാഘോഷങ്ങൾ ഞങ്ങൾക്ക് ഈമാനിന്റെ കരുത്ത് കൂട്ടി, മുത്ത് നബിയിലൂടെ ദാഗിസ്ഥാനിലെ മുസ്‌ലിംകൾക്ക് അവരുടെ എല്ലാ പ്രതാപവും തിരിച്ച് ലഭിച്ചിരിക്കുന്നു….”
കണ്ണീര് തുടച്ച് കൊണ്ട് ശൈഖ് ശിഹാബ് അവസാനിപ്പിച്ചു.
അതുകൊണ്ട് മറ്റ് പല ആഘോഷങ്ങളും പോലെ പാടിയും പറഞ്ഞും മാത്രം തീർക്കാനുള്ളതല്ല മുസ്‌ലിമിന് റബീഉൽ അവ്വൽ, ഉമ്മത്തിൽ നിന്നും ദീൻ പിടിവിട്ട് പോകുന്ന ഇക്കാലത്ത് നമുക്കുള്ള വജ്രായുധമാണ് മീലാദ്. ഈ സന്തോഷം നമ്മൾ പ്രകടിപ്പിക്കണം, വീടുകൾ അലങ്കരിക്കണം, എന്തിനിത് ചെയ്യുന്നുവെന്ന് നമ്മുടെ മക്കളോട് പറഞ്ഞ് കൊടുക്കണം, കഴിയുന്നത് പോലെ വീടുകളിൽ മൗലിദ് മജ്‌ലിസുകൾ സംഘടിപ്പിക്കണം; പാവപ്പെട്ടവനും ധനികനും ഒരുപോലെ വീട്ടിൽ മൗലിദ് നടത്താൻ വേണ്ടി തരീമിൽ വെള്ളവും കാരക്കയുമാണ് മൗലിദിന് പ്രധാനമായും നൽകുക, ഭക്ഷണമല്ല പ്രധാനം, നമ്മുടെ വീട്ടിലും മുത്ത് നബിയുടെ പേര് പറയാൻ, ഓർമകൾ പങ്ക് വെക്കാൻ ഒരു വേദിയൊരുങ്ങുക എന്നതാണ്, അവിടുത്തെ സീറകൾ കേൾക്കണം, വായിക്കണം, അവിടുത്തെ വർണനകൾ ആസ്വദിക്കണം, അവിടുത്തെ സ്നേഹത്തിൽ അലിഞ്ഞ് രണ്ടുവരിക്കവിതയെഴുതണം. ഹബീബുമായി ബന്ധമുള്ള ആരെ കണ്ടാലും എന്ത് കേട്ടാലും നമ്മുടെ മനസ്സ് കുളിരണിയണം, ഈ വസന്തകാലം നമ്മുടേതാണ്, നമ്മുടേത് മാത്രം. ഇതിനെ നിരാകരിക്കുന്നവരും ഇതിന് തെളിവ് തേടുന്നവരും ഹത ഭാഗ്യരാണ്, നമുക്ക് തർക്കിക്കാൻ സമയമില്ല, നമ്മോടുള്ള റബ്ബിന്റെ തേട്ടം അജ്ഞർക്ക് അറിയിച്ച് കൊടുക്കൽ മാത്രമാണ്. അത് ചെയ്യുക, നമുക്ക് ഒരുപാട് ചെയ്ത് തീർക്കാനുണ്ട്. അവിടുത്തെ തിരു സുന്നത്തുകളെ അനുധാവനം ചെയ്യാനുണ്ട്, ലക്ഷക്കണക്കിന് സ്വലാത്തുകൾ ചൊല്ലി തീർക്കാനുണ്ട്, മൗലിദ് ജൽസകളുണ്ട്, ബുർദയും ദലാഇലുൽ ഖൈറാത്തും പാരായണം ചെയ്യാനുണ്ട്, മീലാദ് വിളംബര റാലികളുണ്ട്. ഓർക്കുക, ഈ വസന്തം നമ്മുടെ ജീവിതത്തിലെ അവസാനത്തെതാവാം, ഒരുങ്ങാം നമുക്ക് തിരുനൂറിനെ വരവേൽക്കാൻ.