Site-Logo
POST

മിഅറാജ് നോമ്പും ഹദീസിന്റെ സ്വീകാര്യതയും

27 Jan 2025

feature image

ചോദ്യം: റജബ് മാസത്തിന് ഇസ്‌ലാമിൽ എന്തെങ്കിലും പ്രത്യേകത ഉണ്ടോ?

മറുപടി: ഉണ്ട്. ഇമാം ബുഖാരി ﵀ റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നബി ﷺ പഠിപ്പിക്കുന്നു:

عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ إِنَّ الزَّمَانَ قَدِ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللَّهُ السَّمَوَاتِ وَالأَرْضَ، السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا، أَرْبَعَةٌ حُرُمٌ، ثَلاَثٌ مُتَوَالِيَاتٌ، ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ ‏"‏‏.‏

അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച ദിവസത്തിലെ അതേ അവസ്ഥയിലേക്ക് കാലം ഇപ്പോൾ എത്തിയിരിക്കുന്നു. വർഷം പന്ത്രണ്ട് മാസങ്ങളാണ്, അതിൽ നാലെണ്ണം പവിത്രമാണ്, അതിൽ മൂന്നെണ്ണം തുടർച്ചയായി വരുന്നതാണ്: ദുൽ-ഖഅദ, ദുൽ-ഹിജ്ജ, മുഹറം, ജുമാദയ്ക്കും ശഅബാനും ഇടയിലുള്ള റജബ്.

 

ഇമാം മുസ്ലിം ﵀ റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു ഹദീസിൽ കാണാം:

حَدَّثَنَا عُثْمَانُ بْنُ حَكِيمٍ الأَنْصَارِيُّ، قَالَ سَأَلْتُ سَعِيدَ بْنَ جُبَيْرٍ عَنْ صَوْمِ، رَجَبٍ - وَنَحْنُ يَوْمَئِذٍ فِي رَجَبٍ - فَقَالَ سَمِعْتُ ابْنَ عَبَّاسٍ - رضى الله عنهما - يَقُولُ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَصُومُ حَتَّى نَقُولَ لاَ يُفْطِرُ ‏.‏ وَيُفْطِرُ حَتَّى نَقُولَ لاَ يَصُومُ ‏

ഉസ്മാൻ ഇബ്നു ഹകീം അൽ-അൻസാരി ﵁ നിവേദനം: റജബ് നോമ്പിനെക്കുറിച്ച് ഞാൻ സഈദ് ഇബ്നു ജുബൈറിനോട് ചോദിച്ചു. - ഞങ്ങൾ ആ സമയത്ത് റജബിലായിരുന്നു - അദ്ദേഹം പറഞ്ഞു: ഞാൻ ഇബ്നു അബ്ബാസ് ﵁ പറയുന്നതായി കേട്ടു. അദ്ദേഹം പറഞ്ഞു: നബി ﷺ റജബിൽ  നോമ്പെടുക്കാറുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ പറയും: അവിടുന്ന് നോമ്പിനി നിർത്തി വെക്കില്ല. അവിടുന്ന് നമ്മള്‍ നോമ്പ് എടുക്കുന്നില്ല എന്ന് പറയുന്നത് വരെ നോമ്പ് നിർത്തി വെക്കുമായിരുന്നു.

 

ചോദ്യം: മറ്റു മാസങ്ങൾക്കില്ലാത്ത പ്രത്യേകത റജബ് മാസത്തിലെ നോമ്പിനുണ്ടോ?

മറുപടി: വലിയ - ചെറിയ പെരുന്നാളുകളുടെ അഞ്ചു ദിനങ്ങലൊഴികെയുള്ള എല്ലാ ദിവസങ്ങളും സാധിക്കുന്നവർക്ക് നോമ്പെടുക്കുന്നത് സുന്നത്തുള്ളതാണ്. എന്നാൽ, മാസമെന്ന നിലക്ക് റമദാൻ കഴിഞ്ഞാൽ പിന്നെ മുഹർറം, പിന്നെ റജബ്, പിന്നെ ദുൽഹിജ്ജ, പിന്നെ ദുൽഖഅ്ദ, പിന്നെ ശഅ്ബാൻ എന്നിവയിൽ നോമ്പ് നോൽക്കുന്നത് മറ്റു മാസങ്ങൾക്കില്ലാത്ത പ്രത്യേക സുന്നത്താണ്.

ഇമാം ഇബ്നു ഹജറുൽ ഹൈതമി ﵀ പറയുന്നു:

- قيل: ومن البدع: صوم رجب، وليس كذلك، بل هو سنةٌ فاضلةٌ، كما بينتُه في «الفتاوى» وبسطت الكلام فيه. ( فتح المبين بشرح الأربعين - ١/٢٢٦)

റജബിലെ നോമ്പ് ബിദ്അതാണെന്ന് ആരൊക്കെയോ പറഞ്ഞിട്ടുണ്ട്. അത്‌ ശരിയല്ല. മറിച് വളരെ ശ്രേഷ്ഠമായ സുന്നതാണത്. ഇത്‌ വിശാലമായി ഞാൻ ഫത്താവയിൽ പ്രതിപാദിച്ചിട്ടുണ്ട്. (ഫത്ഹുൽ മുബീൻ -1/226)


ഏതോ ഒരു പണ്ഡിതൻ റജബ് മാസത്തെ നോമ്പിനെ കുറിച്ചുള്ള ഹദീസുകൾ ളഈഫാണെന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ അന്നത്തെ നോമ്പിൽ നിന്ന് വിരോധിക്കുന്നുണ്ടെന്ന് ഇബ്നു ഹജറുൽ ഹൈതമി ﵀ വിനോട് പരാതിയുമായി വന്നത് തന്റെ ഫത്താവയിൽ കാണാം. മഹാൻ മറുപടി നൽകി:


وأمّا اسْتِمْرارُ هَذا الفَقِيهِ عَلى نَهْيِ النّاسِ عَنْ صَوْمِ رَجَب فَهُوَ جَهْلٌ مِنهُ وجُزافٌ عَلى هَذِهِ الشَّرِيعَةِ المُطَهَّرَةِ فَإنْ لَمْ يَرْجِع عَنْ ذَلِكَ وإلّا وجَبَ عَلى حُكّامِ الشَّرِيعَةِ المُطَهَّرَةِ زَجْرُهُ وتَعْزِيرُهُ التَّعْزِيرَ البَلِيغَ المانِعَ لَهُ
നിങ്ങൾ പറഞ്ഞ പണ്ഡിതൻ ഈ വാദത്തിൽ തന്നെ ഉറച്ചു നിൽക്കുകയും ജനങ്ങളെ ഈ മാസത്തിലെ നോമ്പിൽ നിന്ന് തടയുകയും ചെയ്യുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ വിവര ശൂന്യത മാത്രമാണത്. ഈ ദീനിന്റെ പരിശുദ്ധമായ ശരീഅതിന്റെ പേരിലുള്ള അശ്രദ്ധയുമാണ്. ഈ വാദത്തിൽ നിന്നദ്ധേഹം പിൻവാങ്ങിയിട്ടില്ലെങ്കിൽ ശരീഅഃത് നടപ്പിൽ വരുത്തുന്ന ഹാകിമിന് അദ്ദേഹത്തിനെ അതിൽ നിന്ന് പിന്തിരിപ്പിക്കലും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കലും നിർബന്ധമാണ്.
 

ഇബ്നു ഹജർ ﵀ വീണ്ടും പറയുന്നു.

والذي يَنْهى عَنْ صَوْمِهِ جاهِلٌ مَعْرُوفٌ بِالجَهْلِ ولا يَحِلُّ لِمُسْلِمٍ أنْ يُقَلِّدَهُ (فتاوي الكبرى الفقهية -٢/٥٤)

റജബിലെ നോമ്പിനെ എതിർക്കുന്നവർ വിഡ്ഡിയാണ്. അറിയപ്പെട്ട പരമ വിഡ്ഢി. അവനെ ഒരു മുസ്‌ലിമിനും പിന്തുടരാൻ പറ്റുകയില്ല.! (ഫതാവൽ കുബ്റാ- 2/54)

 

ഇക്കാര്യം  ഇമാം സൈനുദ്ദീൻ മഖ്ദൂം ﵀ അവിടുത്തെ ഫത്ഹുൽ മുഈനിൽ പറയുന്നു:-

فرع أفضل الشهور للصوم بعد رمضان الأشهر الحرم وأفضلها المحرم ثم رجب ثم الحجة ثم القعدة ثم شهر شعبان  (فتح المعين بشرح قرة العين بمهمات الدين ١/‏٢٨١) 

റമദാൻ മാസത്തിനു കഴിഞ്ഞാൽ  നോമ്പ് അനുഷ്ഠിക്കാൻ ഏറ്റവും പവിത്രമാക്കപ്പെട്ട മാസങ്ങളാണ് അതിൽ വെച്ച് ഏറ്റവും മഹത്വം മുഹർറം, പിന്നെ റജബ്, പിന്നെ ദുൽഹിജ്ജ, പിന്നെ ദുൽഖഅ് എന്നിങ്ങനെയാണ്. (ഫത്ഹുൽ മുഈൻ:281)

 

ചോദ്യം: റജബ് മാസത്തിൽ തന്നെ ഏതെങ്കിലും പ്രത്യേക ദിവസങ്ങളിൽ നോമ്പനുഷ്ടിക്കുന്നതിൽ  മഹത്വമുണ്ടോ?

ഉത്തരം: എല്ലാ മാസവും അയ്യാമുൽ ബീള് അഥവാ 13, 14, 15 എന്നീ ദിനങ്ങളിലും അയ്യാമുസ്സൂദ് അഥവാ 27, 28, 29 ദിനങ്ങളിലും നോമ്പെടുക്കുന്നത് സുന്നത്തുണ്ട് എന്നതുകൊണ്ട് തന്നെ പവിത്രമായ റജബ് മാസത്തിലെ ഈ ദിവസങ്ങളിലും സുന്നത്ത് നോമ്പ് നോൽക്കാവുന്നതാണ്.

وأيام الليالي البيض وهي: الثالث عشر وتالياه لصحة الأمر بصومها لان صوم الثلاثة كصوم الشهر إذ لحسنة بعشر أمثالها ومن ثم تحصل السنة بثلاثة وغيرها لكنها أفضل ويبدل على الأوجه ثالث عشر ذي الحجة بسادس عشره.
وقال الجلال البلقيني: لا بل يسقط.ويسن صوم أيام السود: وهي الثامن والعشرون وتالياه (فتح المعين بشرح قرة العين بمهمات الدين )280.

വെളുത്ത വാവിന്റെ ദിവസങ്ങളിൽ നോമ്പ് അനുഷ്ഠിക്കൽ സുന്നത്താണ്. അവ 13 ഉം അവയോടു അടുത്ത രണ്ടു ദിവസങ്ങളുമാണത് ……….……… കൂടാതെ കറുത്ത വാവിന്റെ ദിവസങ്ങളിലും നോമ്പ് സുന്നത്താണ് അവ റജബ് 27, 28, 29 എന്നീ ദിവൻസങ്ങളിലാണ്  (ഫത്ഹുൽ മുഈൻ:280)

 

ഇനി ഇതിനു പുറമെ റജബ് 27 എന്ന പ്രത്യേകത കൊണ്ട് തന്നെ നോമ്പ് സുന്നത്തുണ്ട്. അതിനു വ്യക്തമായ ഹദീസുകളുമുണ്ട്

ചോദ്യം: ഈ ദിവസങ്ങളിൽ നോമ്പ് സുന്നത്തായിരിക്കെ ഇതിൽ റജബ് 27 എന്ന ദിവസം നോമ്പെടുക്കൽ സുന്നത്തില്ല എന്നും അന്ന് മിഅറാജ് രാവ് എന്ന പ്രത്യേകതകൂടിയുള്ളതുകൊണ്ട് നോമ്പെടുക്കൽ ബിദ്അത്താണ് എന്നും ബിദ്‌അത്തുകാർ വാദിക്കുന്നു. വസ്തുതയെന്താണ്?

ഉത്തരം: മിഅറാജിന്റെ ദിനമായ റജബ് 27 ൻറെ പകലിൽ നോമ്പ് സുന്നത്തുണ്ട് എന്ന് പ്രത്യേകമായി തന്നെ ഇമാമീങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ഹദീസുകളും വന്നിട്ടുണ്ട്: ശൈഖ് ജീലാനി ﵀ തൻ്റെ പ്രസിദ്ധ ഗ്രന്ഥമായ ഗുൻയയിൽ ഇത് പറയാൻ വേണ്ടി മാത്രം ഒരു അദ്ധ്യായം തന്നെ കൊണ്ടുവന്നിട്ടുണ്ട്.


فصل: في فضل صيام يوم السابع والعشرين من رجب [عبد القادر الجيلاني، الغنية لطالبي طريق الحق، ٣٣٢/١]

റജബ് 27 ന് അനുഷ്ഠിക്കുന്ന നോമ്പിൻ്റെ മഹത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന അധ്യായം - (അൽ ഗുൻയത് - 1/361)


ശേഷം അവിടുന്ന് ഉദ്ധരിക്കുന്നു.

من صام يوم السابع والعشرين من رجب كتب له ثواب صيام ستين شهرًا،  [عبد القادر الجيلاني ,الغنية لطالبي طريق الحق ,1/332]

“റജബ് ഇരുപത്തിഏഴിന്‍റെ പകലില്‍ നോമ്പ് അനുഷ്ഠിച്ചു ധന്യമാക്കിയാൽ അറുപത് കൊല്ലത്തെ ഇബാദത്തുകളുടെ പ്രതിഫലം അല്ലാഹു അവന് എഴുതപ്പെടുന്നതാണ്.” (ഗുന്‍യത്ത്:1/332)


അബൂ ഹുറൈറ ﵁ വിനെ തൊട്ട് ഈ ഹദീസ് ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദായ ഹുജ്ജത്തുൽ ഇസ്ലാം ഇമാം അബൂ ഹാമിദുൽ ഗസ്സാലി ﵀ റജബ് 27 ലെ നോമ്പ് സുന്നതാണ് എന്ന് പറഞ്ഞു കൊണ്ട് തന്റെ ഇഹ്‌യയിൽ ഉദ്ധരിക്കുന്നുണ്ട്.

روى أبو هريرة أن رسول الله ﷺ قال من صام يوم سبع وعشرين من رجب كتب الله له صيام ستين شهرًا (٣) وهو اليوم الذي أهبط الله فيه جبرائيل عليه السلام على محمد ﷺ بالرسالة.[أبو حامد الغزالي ,إحياء علوم الدين ,1/361]

"റജബ് ഇരുപത്തി ഏഴിനുള്ള നോമ്പ് അറുപത് മാസത്തെ നോമ്പിന് തുല്യമാകുന്നു." (ഇഹ്‍യാഅ് 1/361).

 

റജബ് മാസം 27, 28, 29 എന്ന ദൈവസങ്ങളിൽ നോമ്പെടുക്കാൻ സുന്നത്താണ് എന്നിരിക്കെ 27 ന്റെ അന്ന് നോമ്പ് ബിദ്അത്താണ് എന്ന വാദത്തിന് ഒരു പ്രമാണവുമില്ല


ചോദ്യം: കർമ്മ ശാസ്ത്ര പണ്ഡിതന്മാർ ആരെങ്കിലും സുന്നത്ത് നോമ്പുകളുടെ കൂട്ടത്തിൽ മിഅറാജ് ദിനത്തിലെ നോമ്പിനെ എണ്ണിയിട്ടുണ്ടോ?

മറുപടി: എണ്ണിയിട്ടുണ്ട്. മിഅറാജ് ദിനത്തിലെ നോമ്പ് പുണ്യകർമ്മമാണെന്ന് പല കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാം. 
അല്ലാമ സുലൈമാനുൽ ജമൽ ﵀ എഴുതുന്നു


ويستحب صوم يوم المعراج [حاشيةالجمل٣/٤٦٨]

മിഅ്റാജിന്റെ ദിവസത്തിലെ നോമ്പ് സുന്നതാണ്. (ഹാഷിയത്തുൽ ജമൽ:3/468)


ഇതേ വിഷയം സയ്യിദുൽ ബകരി(റ) ഇആനത്ത് 306/2 ലും ബൈജൂരി(റ) ഇബ്നു ഖാസിമിന്റെ ശറഹ് 392/1 ലും ജമൽ 349/2ലും അബ്ദുള്ളാഹിൽജർദാനി (റ) ഫത്ഹുൽ അല്ലാം 208/2ലും പ്രസ്താവിച്ചിട്ടുണ്ട്.


ويستحب صوم يوم المعراج”(فتح العلام ٢/٢٠٨,اعانة الطالبين ٢/٣٠٦,حاشية البيجوري ١/٣٩٢

ചോദ്യം: മുകളിൽ ഉദ്ധരിച്ച ഹദീസിന്റെ പരമ്പര ദുർബലമാണ് എന്ന്  ഇബ്നു ഹജർ അസ്ഖലാനി ﵀ ഉൾപ്പടെയുള്ള ചില ഇമാമീങ്ങളും പറയുന്നുണ്ടല്ലോ. അപ്പോൾ ആ ഹദീസ് അടിസ്ഥാനമാക്കി പ്രവർത്തിക്കൽ അനുവദനീയമാണോ?


മറുപടി: അതെ, ഒരു പുണ്യ കർമ്മം ചെയ്യുന്നതിന് അവലംബമായി ബലഹീനമായ ഹദീസുകളും സ്വീകരിക്കാമെന്ന് പണ്ഡിതന്മാർ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിട്ടുണ്ട്.


ഇമാം ഇബ്നു ഹജറുൽ അസ്ഖ്അലാനി ﵀ തന്നെ അതേ കിതാബിൽ പറയുന്നു:


أن أهل العلم يتسامحون في إيراد الأحاديث في الفضائل وإن كان فيها ضعف، ما لم تكن موضوعة" (تبيين العجب بما ورد في فضل رجب (23-26 )

കെട്ടിച്ചമച്ചതല്ലാത്ത കാലത്തോളം ളഈഫായ ഹദീസുകൾ പുണ്യ കർമങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിൽ ഇളവ് ഉണ്ടെന്നത് അവറിവുള്ള ആളുകളിൽ നിന്ന് പ്രസിദ്ധമാണ്.. (തബിയിൻ അൽ അജാബ്‌ ബിമ വറാദ ഫി ഫദ്ൽ റജബ് 23-26 )


ഇമാം നവവി ﵀ പറയുന്നു:


“ويجوز عند اهل الحديث وغيرهم التساهل في الاسانيد ورواية ما سوى الموضوع من الضعيف والعمل به من غير بيان ضعفه في غير صفات الله تعالى والاحكام….. (تقريب النواوي ١/٢٢٣

“ഇസ്‌ലാമിന്റെ മൗലിക തത്വങ്ങളോട് ബന്ധപ്പെടാത്തതും ഹറാം, ഹലാൽ പോലെയുള്ള വിധികളല്ലാത്തതുമായ കാര്യങ്ങളിൽ ബലഹീനമായ ഹദീസ് റിപ്പോർട്ട് ചെയ്യുന്നതിൽ അത്ര കർക്കശ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് ഹദീസ് പണ്ഡിതരുടെ നിലപാട് (തഖ്‌രീബ്‌ 223/1)


അവിടുന്ന് അർബഈൻ എന്ന കിതാബിൽ രേഖപ്പെടുത്തുന്നു:


(“وَقَدِ اتَّفَقَ العُلَمَاءُ عَلَى جَوَازِ الْعَمَلِ بالْحَدِيثِ الضَّعِيفِ فِي فَضَائِلِ الأَعْمَالِ “(الأربعين ص٣٩)

“സുന്നത്തായ കാര്യങ്ങളിൽ ബലഹീനമായ ഹദീസ് സ്വീകരിക്കാമെന്ന് പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു” (അൽ അർബഈൻ/ഇമാം നവവി(റ) പേജ് 39)

 


ഇമാം നവവി ﵀ യുടെ മുകളിലെ വരികൾ വിശദീകരിച്ചു കൊണ്ട് ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) പറയുന്നു:


(وأشار المصنف بحكايته الإجماع على ما ذكره الى الرد على من نازع فيه…………(فتح المبين ص٤٠

“പുണ്യകർമ്മമായ കാര്യങ്ങളിലും ദുർബലമായ ഹദീസ് സ്വീകരിക്കാൻ കഴിയില്ലെന്ന് പറയുന്നവർക്കുള്ള ഖണ്ഡനമാണ് ഇമാം നവവി(റ) ഇവിടെ പണ്ഡിതന്മാരുടെ ഇജ്മാഅ് ഉദ്ധരിക്കൽ കൊണ്ട് സൂചിപ്പിച്ചത് (ഫത്ഹുൽമുബീൻ:40).


ഇമാം റംലി ﵀ പറയുന്നു :


“قد حكى النووي في عدة من تصانيفه إجماع اهل الحديث على العمل بالحديث الضعيف في الفضائل ونحوها خاصة ولفظ ابن مهدي فيما أخرجه البيهقي في المدخل إذا روينا عن النبي صلى الله عليه وسلم في الحلال والحرام والاحكام شددنا في الاسانيد وانتقدنا في الرجال واذا روينا في الفضائل والثواب والعقاب سهلنا في الاسانيد وسامحنا في الرجال(فتاوى الرملي ٣/٣٨٣)

“പുണ്യകർമ്മമായ അമലുകളിൽ ബലഹീനമായ ഹദീസ് സ്വീകരിക്കാമെന്ന് പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ടെന്ന് ഇമാം നവവിയുടെ നിരവധി ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ബൈഹഖി തന്റെ മദ്ഖലിൽ ഇബ്നു മഹ്‌ദിയിൽ നിന്നും ഉദ്ധരിക്കുന്നു. ഹറാം, ഹലാൽ തുടങ്ങിയ വിധികളിൽ നബിയിൽ നിന്നും ഹദീസ് ഉദ്ധരിക്കപ്പെട്ടാൽ അതിന്റെ നിവേദക പരമ്പരയിലും നിവേദകരുടെ മാറ്റ് പരിശോധിക്കുന്നതിലും നാം കണിശമായ നിലപാട് സ്വീകരിക്കുന്നതാണ്. അതേ സമയം ഒരു കാര്യത്തിന്റെ പാരത്രിക പ്രതിഫലം, പരിണിത ഫലം തുടങ്ങിയവയിലും പുണ്യകർമ്മമായ കാര്യങ്ങളിലും ഹദീസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അതിന്റ നിവേദക പരമ്പരയിലും നിവേദകരിലും നാം വിട്ടു വീഴ്ച ചെയ്യുന്നതാണ് (ഫതാവ റംലി 383/4)
 


ചോദ്യം: ബലഹീനമായ ഹദീസ് കൊണ്ട് ശറഇന്റെ ഒരു വിധി സ്ഥിരപ്പെടില്ലെന്നാണല്ലോ ഇമാം നവവി (റ) തഖ്‌രീബ് 223/1ൽ പറഞ്ഞത്. ഒരു കാര്യം സുന്നത്താവുകയെന്നത് ശറഇന്റെ വിധികളിൽ പെട്ട ഒന്നാണ് താനും. അപ്പോൾ പുണ്യകർമ്മമായ കാര്യങ്ങൾക്ക് ബലഹീനമായ ഹദീസായാലും മതിയെന്ന് പറയുന്നത് പ്രമാണത്തിന് എതിരാവുകയില്ലേ?


മറുപടി: ഇബ്നു അല്ലാൻ ﵀ പറയുന്നു:

“قال الجلال الدواني في كتابه المسمى انموذج العلوم:اتفقوا على ان الحديث الضعيف لا تثبت به الاحكام الشرعية ثم ذكروا انه يجوز بل يستحب العمل بالحديث الضعيف في فضائل الاعمال وممن صرح به النووي سيما في كتاب الاذكار وفيه اشكال لان جواز العمل واستحبابه كلاهما من الاحكام الخمسة الشرعية فاذا استحب العمل بمقتضى الحديث كان فيه ثبوت الحكم بالحديث الضعيف وأجيب عنه بما احسنه انه إذا وجد حديث ضعيف في عمل من الاعمال ولم يكن العمل محتمل الحرمة والكراهة فإنه يجوز العمل به ويستحب رجاء النفع اذ هو دائر بين الاباحة والاستحباب فلا وجه لحظر العمل به …..وحاصل الجواب ان الجواز معلوم من خارج والاستحباب معلوم ايضا من القواعد الشرعية الدالة على استحباب الاحتياط في الدين فلم يثبت بالحديث الضعيف شيئ من الاحكام بل اوقع الضعيف شبهة الاستحباب فصار الاحتياط ان يعمل به واستحباب الاحتياط معلوم من القواعد الشرعية…” (الفتوحات الربانية ١/٨٤،٨٥)

“ഹറാമും കറാഹത്തുമാകാൻ സാധ്യതയില്ലാത്ത ഒരു കാര്യം പ്രവർത്തിക്കുന്നത് പരാമർശിച്ച് ബലഹീനമായൊരു ഹദീസ് ലഭിച്ചാൽ അതു അടിസ്ഥാനമാക്കി പ്രസ്തുത കാര്യം ചെയ്യൽ അനുവദനീയമോ സുന്നത്തോ ആകുന്നതാണ്. കാരണം വിലക്കപ്പെട്ടതാകാൻ സാധ്യത്തിയില്ലാത്ത ഒരു കാര്യം എടുക്കലും ഉപേക്ഷിക്കലും സമമായ മുബാഹോ, ചെയ്യൽ അഭികാമ്യമായ സുന്നത്തോ ആകണം. ഏതായാലും അതനുസരിച്ച് പ്രവർത്തിക്കുന്നത് വിലക്കാൻ ന്യായമില്ല. മുബാഹാണെന്ന ധാരണയോടെ ഉപേക്ഷിക്കാമെങ്കിലും സുന്നത്താണെന്ന ഭാവനയോടെ ളഈഫ് പര്യാപ്തമാണ്. അപ്പോൾ പിന്നെ അത് ചെയ്യുന്നതാണ് സൂക്ഷ്മത. അങ്ങിനെ ചെയ്യുന്നതിൽ പ്രതിഫലം കാംക്ഷിക്കാമെന്നതാണ് കാരണം. ചുരുക്കത്തിൽ കേവലം ബലഹീനമായ ഹദീസ് കൊണ്ട് മാത്രമല്ല, സൂക്ഷ്മത പാലിക്കൽ സുന്നത്താണെന്ന പൊതു തത്വത്തിന്റെ അടിസ്ഥാനത്തിലും കൂടിയാണ് അമലിന്റെ സുന്നത്ത് സ്ഥിരപ്പെടുന്നത് (അൽ ഫുത്തൂഹാത്തു റബ്ബാനിയ്യ 84, 85/1).


റജബ് മാസത്തിലെ നോമ്പിനെക്കുറിച്ച് തന്നെ പ്രത്യേകമായി ഫളാഇലുൽ അഅ്മാൽ എന്ന അർത്ഥത്തിൽ പുണ്യകരമാണ് എന്ന് പഠിപ്പിച്ചിട്ടുണ്ട്. 
 

ഇമാം മുല്ലാ അലിയ്യുൽ ഖാരി ﵀ പറയുന്നു: 

وقد جاء في فضائل صومه ذ أحاديث ضعيفة، تصير بكثرة طرقها قوية ، مع أن الأحاديث الضعيفة الأحوال معتبرة في فضائل الأعمال (الأدب في رجب للعلامة علي سلطان محمد القاري 30)

റജബിലെ നോമ്പിന്റെ ശ്രേഷ്ഠതയറിയിക്കുന്ന ബലഹീന ഹദീസുകൾ നിരവധിയുള്ളതിനാൽ അവ തെളിവിനു സ്വീകരിക്കാൻ പര്യാപ്തമാവും വിധം ശക്തമായവയാണ്. അതോടുകൂടെ ളഈഫായ ഹദീസുകൾ പുണ്യകർമ്മത്തിൽ പരിഗണനീയവും ആണ്. (അൽഅദബ് ഫീ റജബ് /മുല്ലാ അലിയ്യുൽ ഖാരി:30) 

 

ചുരുക്കത്തിൽ എല്ലാ മാസവും 27 ന് നോമ്പ് സുന്നത്തുണ്ട് എന്നിരിക്കെ നോമ്പനുഷ്ഠിക്കുന്നതിൽ പ്രത്യേകമായി മഹത്വമുള്ള മാസങ്ങളിൽപെട്ട റജബിൽ മിഅറാജിന്റെ ദിനമായ 27 ന് പ്രത്യേകമായി പുണ്യകർമങ്ങളിൽ അവലംബിക്കപ്പെടാവുന്ന ഹദീസ് ഉണ്ടായിരിക്കെ സുന്നികൾ പാരമ്പര്യമായി അനുഷ്ഠിച്ചുപോരുന്ന നോമ്പ് ബിദ്അത്താണ്, അടിസ്ഥാനമില്ലാത്തതാണ് തുടങ്ങിയ വാദങ്ങൾ ഉന്നയിക്കുന്നത് പ്രമാണങ്ങളെ എങ്ങനെ സമീപിക്കണം എന്ന വിഷയത്തിലെ ധാരണക്കുറവുകൊണ്ടാണ്.

 

Related Posts