നിയാസ് ഫതഹ്പൂരിയെ അറിയുമോ നിങ്ങൾ?. പ്രശസ്തനായ പാക്കിസ്ഥാനി കവിയും കമ്മ്യൂണിസ്റ്റ് ആചാര്യമായിരുന്നു അദ്ദേഹം. സാഹിത്യ വൈജ്ഞാനിക മേഖലകളിലെ സേവനം പരിഗണിച്ച് 1962ൽ അദ്ദേഹത്തിന് ഇന്ത്യൻ സർക്കാർ പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്.
കവി എന്നതിലുപരി ഒരു യുക്തിവാദി കൂടിയായിരുന്നു നിയാസ് ഫതഹ്പൂരി. എല്ലാ മതങ്ങളും മനുഷ്യ നിർമ്മിതമാണെന്നും ഖുർആൻ മുഹമ്മദ് നബി ﷺ യുടെ രചനയാണെന്നും അദ്ദേഹം വാദിച്ചു.
കേവലം ഒരു സാമൂഹിക പരിഷ്കർത്താവ് മാത്രമായിരുന്നു ഫതഹ്പൂരിക്ക് റസൂൽ ﷺ. മാത്രമല്ല, മതത്തിൻറെ അടിസ്ഥാനപരമായ വിഷയങ്ങളെയെല്ലാം അദ്ദേഹം സംശയത്തോടെയാണ് നോക്കി കണ്ടത്. അതോടെ പണ്ഡിതന്മാർ അദ്ദേഹം മതനിഷേധിയാണെന്ന് ഫത്‌വ നൽകി.
എന്നാൽ, മതനിഷേധിയായ ഇതേ ഫതഹ്പൂരിക്ക് കീഴിലായിരുന്നു ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനായ അബുൽ അഅലാ മൗദൂദിയുടെ ആദ്യകാല ജീവിതം. മൗദൂദി തന്നെ അക്കാര്യം ആത്മകഥയിൽ പ്രതിപാദിക്കുന്നുണ്ട്. “ലോകത്തിൽ യശസ്സോടെ ജീവിക്കണമെങ്കിൽ സ്വന്തം കാലിൽ നിൽക്കേണ്ടതുണ്ടെന്നും സ്വതന്ത്ര ജീവിതത്തിനായി പരിശ്രമിക്കാതെ നിർവാഹമില്ലെന്നുമുള്ള ഗുണപാഠം ഒന്നര വർഷത്തെ പരീക്ഷണം എനിക്കു നൽകി. എഴുതാനുള്ള കഴിവ് പ്രകൃതി തനിക്കു നൽകിയിരുന്നു.
പൊതു പാരായണം വഴി പ്രസ്തുത കഴിവിനു ശക്തി ലഭിച്ചു. ഈ കാലയളവിൽ നിയാസ് ഫതഹ്പൂരിയുമായി ബന്ധവും സഹവാസവും ലഭിച്ചു. ആ സഹവാസം ഒരു പ്രസ്ഥാനത്തിനു രൂപം നൽകി. ചുരുക്കത്തിൽ ഈ കാരണങ്ങളാലെല്ലാം തൂലിക തന്നെ ഉപജീവനമാർഗമാക്കാൻ ഞാൻ തീരുമാനമെടുത്തു”(അസ്അദ് ഗയ്‌ലാനിയുടെ മൗലാനാ മൗദൂദി എന്ന പുസ്തകം, p. 72).
നിയാസ് ഫതഹ്പൂരിയുമായുള്ള സഹവാസം മൗദൂദിയിലെ പത്രപ്രവർത്തകന് ചെറിയ പ്രചോദനമൊന്നുമല്ല നൽകിയത്. കൂടാതെ, ഡൽഹിയിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന അബ്ദുൽ സത്താർ ഖൈരിയും മൗദൂദിയുടെ ഗുരുനാഥന്മാരിൽ ഒരാളായിരുന്നു. ഇരുവരുടെയും ആശയങ്ങളിൽ ആകർഷനായാണ് മൗദൂദി പിൽക്കാലത്ത് തന്റെ മതരാഷ്ട്ര മതത്തിന് അടിത്തറ പാകിയത്.