മത വിരുദ്ധവും സാമൂഹിക കെട്ടുറപ്പിന് വിഘാതം സൃഷ്ടിക്കുന്നതുമായ നിലപാടുകൾ പുലർത്തുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. അതിന്റെ സ്ഥാപകനായ മൗദൂദിയുടെ ഗ്രന്ഥങ്ങളിൽ അത്തരം നിരവധി പരാമർശങ്ങൾ കാണാം. ഇന്നും ജമാഅത്തെ ഇസ്‌ലാമി മൗദൂദിയെയോ അദ്ദേഹത്തിന്റെ വാദങ്ങളെയോ പൂർണാർത്ഥത്തിൽ നിരാകരിക്കാൻ തയ്യാറായിട്ടില്ല. അതേ സമയം മൗദൂദി ശക്തിയുക്തം വിമർശിച്ച ആശയങ്ങളുടെ പ്രചാരകരായി അനുയായികൾ പ്രവർത്തിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ, അകത്ത് ഒരു ഒരു നിലപാടും പുറത്ത് മറ്റൊരു നിലപാടുമെന്ന കാപട്യമാണ് സംഘടനയെ നയിച്ചു കൊണ്ടിരിക്കുന്നത്.
മൗദൂദി എഴുതുന്നു: “ദീൻ എന്നാൽ യഥാർത്ഥത്തിൽ സ്റ്റേറ്റ് ആണെന്നും ശരീഅത് എന്നത് ആ സ്റ്റേറ്റിന്റെ നിയമ വ്യവസ്ഥ ആണെന്നും ആ നിയമ പദ്ധതി അനുസരിച്ച് ജീവിതം നയിക്കുന്നതിനാണ് ഇബാദത് എന്ന് പറയപ്പെടുന്നതെന്നുമുള്ള സംഗതി വ്യക്തമായിത്തീർന്നതുമാകുന്നു”(ഖുതുബാത്).
സ്റ്റേറ്റിനെ അനുസരിക്കലാണ് ഇബാദത് എന്ന് വാദിക്കുന്ന മൗദൂദി ഇസ്‌ലാമികമല്ലാത്ത ഭരണ വ്യവസ്ഥകളെ അനുസരിക്കുന്നവർ പിഴച്ചവരാണെന്നും മതത്തിൽ നിന്ന് പുറത്തു പോയവരാണെന്നും സമർത്ഥിക്കുന്നുണ്ട്. “ചുരുക്കത്തിൽ ആരെ അനുസരിക്കുക എന്ന മാല നിങ്ങൾ കഴുത്തിലിടുന്നുവോ അവരുടെ ദീനിലായിരിക്കും നിങ്ങൾ യഥാർത്ഥത്തിൽസ്ഥിതി ചെയ്യുന്നത്. ആരുടെ നിയമമനുസരിച്ച് നിങ്ങൾ പ്രവർത്തിക്കുന്നുവോ അവരെ ആയിരിക്കും വാസ്തവത്തിൽ നിങ്ങൾ ആരാധിക്കുന്നത്”(ibid).
അദ്ദേഹം തുടരുന്നു: “ഹൃദയത്തിൽ ഒരു നിയമത്തെ കുറിച്ച് ഭക്തിയും വിശ്വാസവും ഉണ്ടായിരിക്കുകയും ജീവിത ഏർപ്പാടുകളിൽ മറ്റൊരു നിയമമനുസരിച്ചു നടക്കുകയും ചെയ്യുക എന്നതും സാധ്യമാണെന്ന് നിങ്ങൾ പറയുന്ന പക്ഷം അത് ശരിയാണ്. അത് സാധ്യമാണെന്ന് ഞാനും സമ്മതിക്കുന്നുണ്ട്. സാധ്യമാണെന്നതല്ല അങ്ങിനെ സംഭവിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. പക്ഷേ, അതിന്റെ ശിർക്ക് എന്ന് പേർ പറയുന്നത്“( ibid, 412).
മറ്റൊരിടത്തു ഇസ്‌ലാമേതര വ്യവസ്ഥകൾ അംഗീകരിക്കുന്നവരുടെ ആരാധനകൾ സ്വീകാര്യമല്ലെന്നും ഖുതുബാത്തിൽ കാണാം. ”ഏതൊരു ജനങ്ങൾ കാഫിരീങ്ങളുടെയും മുഷ്‌രികീങ്ങളുടെയും കല്പനകൾ അനുസരിച്ച് നടക്കുകയും അന്യരാൽ നിർമ്മിക്കപ്പെട്ട നിയമങ്ങൾ അനുസരിച്ച് നടക്കുകയും ചെയ്യുന്നുവോ അവരുടെ നമസ്കാരം, നോമ്പ്, തസ്ബീഹ്, തഹ്‌ലീൽ, ഖുർആൻ പാരായണം, സകാത്, ഹജ്ജ് എന്നീ കർമങ്ങൾ അവർ അല്ലാഹുവിന് ചെയ്യുന്ന ഇബാദത്താണെന്ന് നിങ്ങൾ തെറ്റിദ്ധരിക്കുന്നതാണ് ഏറ്റവും പരിതാപകരം“.
എത്ര വിചിത്രമാണ് ഉപരിസൂചിത പരാമർശങ്ങൾ. ജമാഅത്തെ ഇസ്‌ലാമി അനുയായികൾ മൗദൂദിയുടെ ഈ വാദങ്ങൾ ഇപ്പോഴും പ്രസക്തമാണെന്ന് വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതനുസരിച്ചു എന്തായിരിക്കും മതത്തിൽ അവരുടെ സ്ഥാനം. രാഷ്ട്രീയ പാർട്ടി രൂപീകരിച്ചും തെരഞ്ഞെടുപ്പിൽ മത്സരിച്ചും ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന പ്രവർത്തനങ്ങൾ മൗദൂദിയുടെ അധ്യാപനങ്ങൾ പ്രകാരം ന്യായീകരിക്കാവുന്നതാണോ? അതല്ല, മൗദൂദി മുന്നോട്ടു വെച്ച മത രാഷ്ട്ര സങ്കൽപ്പത്തിലേക്കുള്ള കുറുക്കു വഴികളാണോ ഇവയെല്ലാം? ഇത്തരം ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുവാൻ നാളിതു വരെയും പാരമ്പര്യ മുസ്‌ലിംകളെ യാഥാസ്ഥികരായി ചിത്രീകരിക്കുന്നവർക്ക് സാധിച്ചിട്ടില്ലെന്നാണ് കൗതുകകരം.