പാരമ്പര്യ ദർസ് കിതാബുകളിൽ മതരാഷ്ട്രവാദമുണ്ടെന്നു പറഞ്ഞു, അതുവഴി മൗദൂദിയുടെ മതരാഷ്ട്രത്തെ വെളുപ്പിക്കുന്നത് മൗദൂദിയുടെ ജീവിതത്തെയും ലക്ഷ്യത്തെയും ചോദ്യം ചെയ്യുന്നതിന് സമാനമാണ്. ഏറ്റവും ചുരുങ്ങിയത് സാക്ഷാൽ മൗദൂദി സാഹിബ് തന്നെ ഇതിനെ തള്ളിപ്പറയുമെന്ന് തീർച്ചയാണ്.
പാരമ്പര്യമാകുന്ന ചങ്ങലക്കെട്ടുകളെ ഞാനിതാ പൊട്ടിച്ചെറിഞ്ഞിരിക്കുന്നു എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് മൗദൂദി തന്റെ ആശയപ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. മൗദൂദി മുന്നോട്ടു വെക്കുന്ന മതരാഷ്ട്രവാദം പാരമ്പര്യ സുന്നി പണ്ഡിതന്മാർ നേരത്തെ അവരുടെ കിതാബുകളിൽ രേഖപ്പെടുത്തിവെച്ചിട്ടുണ്ടായിരുന്നുവെങ്കിൽ മൗദൂദി സാഹിബിന് ഈ പാരമ്പര്യ ഉലമാക്കളെ തള്ളിപ്പറഞ്ഞു, പുതിയൊരു വാദഗതിമുന്നോട്ടുവെക്കേണ്ട ഓവർ പണി എടുക്കേണ്ടിവരുമായിരുന്നില്ല, അവരെ എടുത്തുദ്ധരിച്ചാൽ മാത്രം മതിയായിരുന്നു. എന്നാൽ മൗദൂദി ഈ ഉലമാക്കളെയെല്ലാം ശിർക്കിന്റെയും കുഫ്രിന്റെയും വക്താക്കളായി ചിത്രീകരിക്കുകയും അവർക്കൊന്നും ദീൻ തിരിഞ്ഞിട്ടില്ല എന്ന മട്ടിൽ സ്വന്തം നിലക്ക് വിശുദ്ധ ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയുമാണ് ചെയ്തത്. മൗദൂദിയുടെ രാഷ്ട്ര സങ്കൽപ്പവും പാരമ്പര്യ ഉലമാക്കളുടെ രാഷ്ട്രസങ്കൽപ്പവും തികച്ചും വ്യതിരക്തവും വലിയ വ്യത്യാസവുമുണ്ടെന്നു ബോധ്യപ്പെടാൻ ഇതിൽപ്പരം എന്തു തെളിവാണ് വേണ്ടത്. മൗദൂദി തള്ളിപ്പറഞ്ഞ, അദ്ദേഹം ശിർക്കിന്റെയും കുഫ്രിന്റെയും വക്താക്കളായി ചിത്രീകരിച്ച പാരമ്പര്യ സുന്നി ഉലമാക്കളുടെ കിതാബുകളിൽ നിന്നും മൗദൂദിയുടെ മതരാഷ്ട്രവാദത്തിന് തെളിവ് കണ്ടെത്തുന്നതൊക്കെ എത്രമാത്രം അൽപ്പത്തരവും അപഹാസ്യവുമാണ്. മൗദൂദി മുന്നോട്ടുവെച്ച മതരാഷ്ട്രവാദത്തെ, അതിന്റെ ആവിർഭാവം തൊട്ട് എതിർത്ത പാരമ്പര്യ സുന്നി ഉലമാക്കളുടെ കിതാബുകളിൽ നിന്ന് മൗദൂദിയുടെ വാദങ്ങൾക്ക് തെളിവ് കണ്ടെത്തുന്നതൊക്കെ എന്തുമാത്രം വിരോധാഭാസവും കോമഡിയുമാണ്..!?
നസ്‌ബുൽ ഇമാമി വാജിബുൻ എന്ന ഇബാറത്തും പൊക്കിപ്പിടിച്ചല്ല മൗദൂദി മതരാഷ്ട്രവാദം മുന്നോട്ടുവെച്ചത്, മറിച്ച് ഖവാരിജുകൾ വിത്തുപാകിയ, മുഅഃതസിലത്തുകാർ ഏറ്റുവിളിച്ച മുദ്രാവാക്യത്തെ മുറുകെപ്പിടിച്ചുകൊണ്ടാണ്. ഉസ്മാനിയ്യഃ ഖിലാഫത് തകർന്ന രാഷ്ട്രീയ സാഹചര്യത്തിൽ ലോകത്ത് ഇസ്‌ലാമിന്റെ സുവർണ്ണ കാലഘട്ടം തകർന്നെന്നും അതു വീണ്ടെടുക്കാൻ മുസ്‌ലിം ലോകം കുഫ്റുമായി അന്തിമ സംഘട്ടത്തിനിറങ്ങണെമെന്നും അല്ലാത്തപക്ഷം മുസ്‌ലിമിന്റെ ജീവിതം പരിപൂർണമാവില്ല എന്ന പ്രഖ്യാപനമായിരുന്നു മൗദൂദിക്കുണ്ടായിരുന്നത്. അതിനദ്ദേഹത്തിന് കൂട്ടുണ്ടായിരുന്നത് ഹസനുൽ ബന്നയും സയ്യിദ് ഖുതുബും ജമാലുദ്ദീൻ അഫ്‌ഗാനിയുമൊക്കെയാണ്. ഇവരുടെ വാദങ്ങൾക്ക് പ്രമാണങ്ങളുടെ പിൻബലമില്ല എന്ന് ആവർത്തിച്ചുറപ്പിച്ചു പറഞ്ഞ പാരമ്പര്യ ഉലമാക്കളെ ഇവർ ശിർക്കിന്റെ വക്താക്കളും പ്രചാരകരുമായി ചിത്രീകരിക്കുകയും അത്തരം മുശ്രിക്കുകളെ കൊന്നുകളയണമെന്നു വരെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
മൗദൂദിയെ വെളുപ്പിച്ചെടുക്കൽ നിങ്ങൾക്കിപ്പോൾ അനിവാര്യമായിരിക്കാം, പക്ഷെ അത് മൗദൂദിയുടെ അസ്തിത്വത്തെതന്നെ റദ്ദ് ചെയ്തുകൊണ്ടാവാൻ പാടില്ലല്ലോ..
ശഹീർ ബുഖാരി മോങ്ങം