Site-Logo
POST

രണ്ടാം ഖലീഫ ഉമർനെ അംഗീകരിക്കാത്ത കേരള മുജാഹിദുകൾ

04 Nov 2023

feature image

ഇസ്‌ലാമിൽ സ്വഹാബികൾ പരിഗണിക്കപ്പെടേണ്ടവരല്ല, അവർ പലപ്പോഴും നബി ﷺ ക്കെതിരെ പ്രവർത്തിച്ചവരാണെന്നും ഇസ്‌ലാമിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കടത്തിക്കൂട്ടിയവരാണെന്നും അണികളെ ധരിപ്പിക്കുക വഴി സ്വഹാബികളെ കുറിച്ചുള്ള മോശമായ ചിത്രം അണികളിൽ സ്ഥാപിച്ചെടുക്കാൻ മൗലവിമാർക്ക് സാധിച്ചിട്ടുണ്ട്.
ചില ഉദാഹരണങ്ങൾ കൂടി നമുക്ക് വായിക്കാം.

കെ എൻ എം മടവൂർ വിഭാഗം പ്രസിഡന്റായിരുന്നു മങ്കട അബ്ദുൽ അസീസ് മൗലവി എഴുതുന്നു: “നബി(സ) യുടെയും അബൂബക്കർ സിദ്ദീഖിന്റെയും കാലത്തും ഉമറിന്റെ ഭരണത്തിന്റെ ആദ്യഘട്ടത്തിലും മുത്വലാഖ് ഒരു ത്വലാഖായിട്ടാണ് പരിഗണിച്ചിരുന്നത്. ജനങ്ങൾ ഈ ആനുകൂല്യം വ്യാപകമായി ദുരുപയോഗപ്പെടുത്തിയപ്പോൾ ഉമർ മുത്വലാഖ് മൂന്നു ത്വലാഖുകളായി പരിഗണിക്കാം എന്ന് നിർദ്ദേശിച്ചു. ഇത് നബിയുടെ സുന്നത്തിന് വിരുദ്ധമാണെന്നതിൽ സംശയമില്ല. ഈ സമയത്ത് ഉമറിന്റതല്ല നബിയുടെ കൽപ്പനയാണ് സ്വീകരിക്കേണ്ടത് എന്ന് ഇബ്നു തൈമിയ്യ സിദ്ധാന്തിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചു”
(മുസ്‌ലിം ചിന്താ പ്രസ്ഥാനങ്ങൾ, പ്രസാധനം: യുവത)

ഉമർ ﵁ നെയും അക്കാലത്തെ സ്വഹാബികളെയും നബി ﷺ യെ ധിക്കരിച്ചവരിൽ ഉൾപ്പെടുത്തി സ്വഹാബികളോടുള്ള മതിപ്പ് നഷ്ടപ്പെടുത്തുകയല്ലേ മൗലവിമാർ ഇതുവഴി ചെയ്തുകൊണ്ടിരിക്കുന്നത്?! ഇബ്നു തൈമിയ്യയുടെ ഈ പിഴച്ച ചിന്താഗതി തന്നെയാണ് ഇന്നും വഹാബികൾ കേരളത്തിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ഉമർ ﵁ വിനെ തള്ളിക്കളയാനുള്ള മുജാഹിദ് പണ്ഡിതസഭ മുൻ പ്രസിഡന്റായിരുന്ന കെ. ഉമർ മൗലവിയുടെ നിർദ്ദേശം കാണുക. “അപ്പോൾ പ്രവാചക വചനത്തെക്കാൾ മറ്റേതൊരാളുടെ വാക്കിനെയും മുന്തിക്കാൻ ഒരിക്കലും പാടില്ല. അതാരായാലും ശരി. എല്ലാ ബിദ്അത്തും ദുർമാർഗ്ഗമാണെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ടെന്നതിൽ ആർക്കും സംശയമില്ല. സംഘടിതമായി തറാവീഹ് നമസ്കരിക്കുന്നതിനെ പറ്റി നല്ല ബിദ്അത്ത് എന്ന് ഉമർ(റ) പറഞ്ഞതായി കാണുകയും ചെയ്യുന്നു. ഇവിടെ നാം എന്താണ് വേണ്ടത്. നബി(സ) പറഞ്ഞു എന്ന് സ്ഥിരപ്പെട്ട വിഷയം അതേപടി നിരുപാധികം സ്വീകരിക്കുക. വ്യത്യസ്തമായി പറയപ്പെടുന്നത് തള്ളിക്കളയുക. ഇതല്ലാതെ നമുക്ക് നിവൃത്തിയില്ല.” (ഫാത്തിഹയുടെ തീരത്ത്, പേജ്: 119, പ്രസാധനം: കെ.എൻ.എം).

ഉമർ ﵁ ഇവിടെ പറഞ്ഞത് ബിദ്അതിന്റെ ഭാഷാപരമായ പ്രയോഗമാണെന്നും നബി ﷺ എല്ലാ ബിദ്അതും പിഴച്ചതാണെന്ന് പറഞ്ഞത് സാങ്കേതികാർത്ഥത്തിലുളള ബിദ്അതിനെ കുറിച്ചാണെന്നുമുള്ള പണ്ഡിത വിശദീകരണം മൂടിവച്ചുകൊണ്ടാണ് ഉമർ ﵁ വിനെ പ്രവാചക വിരോധിയാക്കും വിധം മൗലവിയുടെ ഈ വിശദീകരികരണം. ഇതെല്ലാം സ്വഹാബികളെ ജീവിതത്തിൽ നിന്നും മാറ്റിനിർത്താനുള്ള ഒരു തരം പരിശീലനമാണ്.

-അസ്‌ലം സഖാഫി പയ്യോളി
(മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം)

Related Posts