നോമ്പിന്റെ സാധുതയ്ക്ക് നിയ്യത്ത് (ഉദ്ദേശ്യം) നിർബന്ധം. ഹൃദയമാണതിന്റെ സ്ഥാനം. നാവുകൊണ്ട് പറയൽ സുന്നത്ത്. അർത്ഥമറിയാതെ പദം പറഞ്ഞതുകൊണ്ട് പ്രയോജനമില്ല. ഫർള്വ് നോമ്പിന്റെ നിയ്യത്ത് നേർച്ച നോമ്പായാലും കഫ്‌ഫാറത്ത് നോമ്പായാലും രാത്രിയിലാവലും നിർണ്ണയിക്കലും നിബന്ധനയാണ്. ഓരോ ദിവസത്തെയും റമള്വാൻ നോമ്പിന് ഓരോ ദിവസവും നിയ്യത്ത് ചെയ്യണം.
റമള്വാനിലെ നിയ്യത്തിന്റെ ചുരുങ്ങിയ രൂപം: നവൈതു സ്വൗമ റമള്വാൻ (റമള്വാനിലെ നോമ്പിനെ ഞാൻ കരുതി). പൂർണ്ണ രൂപം: നവൈതു സ്വൗമഗദിൻ ‘അൻ അദാഇ ഫർള്വി റമള്വാനി, ഹാദിഹിസ്സനത്തി ലില്ലാഹി തആലാ (ഈ കൊല്ലത്തെ റമള്വാനിലെ നാളത്തെ ഫർള്വായ നോമ്പിനെ അല്ലാഹു തആലാക്കു വേണ്ടി നോറ്റുവീട്ടാൻ ഞാൻ കരുതി). സുന്നത്തു നോമ്പുകളിൽ സുന്നത്തായ ഏതു നോമ്പാണെന്നു കരുതുന്നത് സുന്നത്ത്. ഉദാ: നവയ്ത്തു സ്വൗമ ഗദിൻ ‘അൻ അദാഇ സുന്നത്തി ലയതിൽ ബറാഅതി ലില്ലാഹി ത’ആലാ) (അല്ലാഹു തആലാക്കു വേണ്ടി ബറാഅത്ത് രാവിന്റെ സുന്നത്തായ നോമ്പിനെ അനുഷ്ഠിക്കാൻ ഞാൻ കരുതി).
നോമ്പിന്റെ നിയ്യത്തിൽ സംശയം വന്നാൽ
നോമ്പിന് നിയ്യത്തു ചെയ്തത് പുലർച്ചയ്ക്ക് മുമ്പാണോ ശേഷമാണോ എന്നു സംശയിച്ചാൽ നിയ്യത്ത് സാധുവല്ല. എങ്കിലും പകലിൽ നോമ്പു മുറിയുന്ന കാര്യങ്ങളൊന്നും പ്രവർത്തിക്കാതിരിക്കണം. ഫർള്വ് നോമ്പാണെങ്കിൽ ഖ്വള്വാഅ വീട്ടണം. സുന്നത്ത് നോമ്പാണെങ്കിൽ ഇത് ബാധകമല്ല. ഉച്ചയ്ക്ക് മുമ്പ് നിയ്യത്ത് ചെയ്താൽ മതി. (ഫത്ഹുൽ മുഈൻ: 134, 138).
നോമ്പ് തുറന്ന ഉടനെ നിയ്യത്ത്ചെയ്യൽ
നോമ്പ് തുറന്ന ഉടനെ അടുത്ത ദിവസത്തെ നോമ്പിന്റെ നിയ്യത്ത് ചെയ്യൽ സുന്നത്ത്.
നിയ്യത്ത് മറന്നു പോവാതിരിക്കാനാണിത് (കുർദി. 2:184). അങ്ങനെ ചെയ്‌ത നിയ്യത്ത് അത്താഴ ശേഷം പുതുക്കലും സുന്നത്ത്. നിയ്യത്ത് കഴിയുന്നത്ര നോമ്പിന്റെ തുടക്കത്തിനോട് അടുക്കണമെന്നും അതിനാൽ അർദ്ധരാത്രിക്ക് ശേഷമേ നിയ്യത്ത് സാധുവാകൂ എന്നും അഭി പ്രായമുണ്ട്. അഭിപ്രായങ്ങൾ മാനിച്ച് നിയ്യത്ത് പുതുക്കുന്നത് നല്ലതാണ്.