Site-Logo
POST

ഒ കെ ഉസ്താദ്, വിജ്ഞാനത്തിന്റെ വിസ്മയ ലോകം

ശൈഖുനാ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

|

21 Dec 2023

feature image

ബഹ്റുല്‍ ഉലൂം എന്ന നാമത്തിന് എന്തുകൊണ്ടും അര്‍ഹനാണ് ബഹുമാനപെട്ട ശൈഖ് ഒ.കെ സൈനുദ്ദീന്‍ ബിന്‍ അലി ഹസന്‍(റ) ഉസ്താദ് അവറുകള്‍. പല മുദരിസുമാരും ഒരു ഫന്നില്‍ തഹ്ഖീഖ് ഉള്ളവരും മറ്റു ഫന്നുകളിൽ അത്ര ശോഭിക്കാതിരിക്കുകയും ചെയ്യുന്ന പതിവുണ്ട്. ചിലര്‍ക്ക് മാത്രം എല്ലാ ഫന്നിലും പ്രാവീണ്യമുണ്ടായിരിക്കും. ബഹുമാനപെട്ട ശൈഖുനക്ക് എല്ലാ ഫന്നിലും ആഴത്തിലുള്ള അറിവുണ്ടായിരുന്നു. ഫിഖ്ഹ്, ഹദീസ്, തഫ്സീര്‍, മആനീ, മന്‍ഥ്വിഖ് തുടങ്ങിയ എല്ലാ വിഷയത്തിലും ശൈഖുനക്ക് അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. അതിനുപുറമെ ഗോളശാസ്ത്രത്തിൽ അങ്ങേയറ്റം അറിവുമുണ്ട്. ഖിബ്‌ല നിർണയിക്കുന്നതിനും നിസ്കാര സമയം നിജപ്പെടുത്തുന്നതിനും ആശ്രയിക്കുന്ന രിസാലത്തുൽ ഹിസാബ്, രിസാലത്തുൽ മാറദീനി തുടങ്ങിയ കിതാബുകളിലെ ഓരോ വിഷയങ്ങളുടെയും ബുർഹാനുകൾ വളരെ ലളിതമായാണ് ശൈഖുന വിവരിച്ചുതരാറുള്ളത്. ബഹുമാനപെട്ട തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരും തിരൂരങ്ങാടി സഖാഫ് തങ്ങളും ആനക്കര അബ്ദുല്ലക്കുട്ടി മുസ്‌ലിയാരുമെല്ലാം ഒ.കെ ഉസ്താദിന്റെ അടുത്ത് വിദ്യാർത്ഥികളായിരിക്കുമ്പോൾ തന്നെ ഈ വിഷയത്തിൽ വളരെ ആഗ്രഹവും കഴിവും ഉള്ളവരായിരുന്നു. ഈ മൂന്നുപേർക്കും അല്ലാഹു ദറജയേറ്റി നൽകട്ടെ, ആമീൻ. ഗോളശാസ്ത്ര ഗ്രന്ഥങ്ങൾ ഉസ്താദിന്റെ മുന്നില്‍ നിന്ന് കേട്ടാല്‍ തന്നെ ഏകദേശം മനസ്സിലാവുകയും സംശയമുള്ളത് ബാപ്പു മുസ്‌ലിയാരുടെ അടുത്ത്‌നിന്ന് തീര്‍ക്കുകയും ചെയ്യും. ഉസ്താദിന്റെ വിവരണം കഴിഞ്ഞാല്‍ തന്നെ ബാപ്പു മുസ്‌ലിയാര്‍ക്കൊന്നും ഒരു സംശയവും ഉണ്ടാവാറില്ല. വരച്ചുവെച്ച ആകാശത്തിലേക്ക് ചൂണ്ടി ത്രികോണ വരകളും(മുസല്ലസുകൾ) മറ്റുരൂപങ്ങളും ഉസ്താദ് വിവരിച്ചുതരുമ്പോൾ തന്നെ വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. ഗോള ശാസ്ത്രം അത്രയും ലളിതമായി അവതരിപ്പിക്കാൻ കഴിവുള്ള പണ്ഡിതർ അക്കാലഘട്ടത്തിൽ വളരെ കുറവായിരുന്നു. ഉസ്ഥുല്ലാബ് ഉപയോഗിക്കുന്നതിലും ലോഗരിതത്തിലും ശൈഖുനക്ക് നല്ല കഴിവ് ഉണ്ടായിരുന്നു. ലോഗരിതത്തിൽ ഉസ്താദിനുണ്ടായിരുന്ന പാണ്ഡിത്യം മനസ്സിലാക്കാൻ ചില ശിഷ്യർക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ. ഒരു പഴയ മുസ്‌ലിയാർ എന്ന നിലയിൽ അത്തരം വിഷയങ്ങളിൽ ഉസ്താദിന് അറിവുണ്ടാവുമെന്ന് പലരും മനസ്സിലാക്കിയിരുന്നില്ല. ജംഉല്‍ ജവാമിഅ, മുഖ്തസറുല്‍ മആനീയുടെയും സ്വഹീഹുല്‍ ബുഖാരിയുടെയും ഏതാനും ഭാഗങ്ങൾ എന്നിവയെല്ലാം ഞാൻ ഓതിയത് ശൈഖുന ബഹ്റുല്‍ ഉലൂമിന്റെ അടുത്തുനിന്നാണ്. ദര്‍സ് നടത്തുന്നതിനിടയില്‍ പാഠങ്ങള്‍ പരിശോധിക്കാതെ, സംശയങ്ങൾ തീർത്തുതരാതെ അടുത്ത ഭാഗം ഉസ്താദ് എടുക്കാറില്ല. പഠനാനന്തരം വെല്ലൂര്‍ ബാഖിയാത്തിലേക്ക് എന്നെ അയക്കുന്നതും ഉസ്താദുതന്നെയാണ്. ഉപരിപഠനകാലത്ത് കിതാബ് നന്നായി ശ്രദ്ധിക്കാനും അതിനു ശേഷം അധ്യാപനകാലത്ത് നന്നായി ഓതികൊടുക്കാനും സാധിച്ചത് ബഹ്റുല്‍ ഉലൂമിന്റെ കഴിവും പൊരുത്തവും ഞങ്ങള്‍ക്ക് കിട്ടിയതിനാലാണ് എന്ന് എനിക്കിപ്പോഴും ഉറപ്പുണ്ട്. രാത്രിയോ പകലോ എന്നോ ഇല്ലാതെ ഏതുസമയത്തും സംശയം ചോദിക്കാന്‍ ഞങ്ങള്‍ക്ക് ഉസ്താദിന്റെ അടുക്കല്‍ പോകാമായിരുന്നു. രാത്രി 11, 12 മണിക്ക് ഉസ്താദ് ഉറങ്ങാനിരിക്കുമ്പോള്‍ പോലും സംശയം ചോദിക്കാന്‍ ചെന്നാല്‍ ഒട്ടും ദേഷ്യപ്പെടാതെയും മടികാണിക്കാതെയും എല്ലാം വ്യക്തമായി പറഞ്ഞുതരുമായിരുന്നു. പഠിക്കാന്‍ താത്പര്യം കാണിക്കുന്ന വിദ്യാര്‍ത്ഥികളെ നന്നാക്കിയെടുക്കണമെന്ന ഉത്സാഹം ശൈഖുനക്ക് നന്നായി ഉണ്ടായിരുന്നു. അത്രയും ആവേശത്തോടെ ഞങ്ങളെയെല്ലാം പഠിപ്പിച്ച, എല്ലാ ഫന്നിലും ഒരുപോലെ ആഴത്തില്‍ അറിവുള്ള ഉസ്താദ് ബഹ്റുല്‍ ഉലൂം എന്ന പേരിന് എന്തുകൊണ്ടും അര്‍ഹന്‍ തന്നെയാണ്. ”ഏതെങ്കിലും ഒരു ഫന്നിന്റെ കിതാബ് മുന്നില്‍ എത്തിയാല്‍ അത് എനിക്ക് കഴിയില്ല എന്ന് പറയരുത്, കഴിയുന്നതേ അതില്‍ ഉണ്ടാവാന്‍ പാടുള്ളൂ, ആ നിലക്ക് നിങ്ങള്‍ പഠിക്കണം, മുന്നിലെത്തുന്ന എല്ലാ കിതാബുകളും തീര്‍ത്തും നിങ്ങള്‍ക്ക് കിട്ടികൊള്ളണം” എന്ന് കര്‍ശനമായി ഉസ്താദ് ഞങ്ങളോട് പറയുമായിരുന്നു. അവരെ ഓര്‍ക്കുകയും മനസ്സിലാക്കുകയുംചെയ്യുന്നത് ഇന്നത്തെ മുതഅല്ലിമുകള്‍ക്ക് വളരെ നന്നായിരിക്കുമെന്ന് ഞാന്‍ ഓര്‍മപ്പെടുത്തുന്നു. അല്ലാഹു അവരുടെ ആഖിറം സ്വര്‍ഗീയമാക്കട്ടെ, ഖബറിനെ വിശാലമാക്കട്ടെ, അവരുടെ ബര്‍കത്ത് കൊണ്ട് നമുക്ക് നാഫിആയ അറിവ് പ്രദാനം ചെയ്യട്ടെ, മരണപ്പെട്ട ഭാര്യയുടെയും മക്കളുടെയും പരലോകജീവിതം അല്ലാഹു സന്തോഷത്തിലാക്കുകയും ജീവിച്ചിരിക്കുന്ന മക്കൾക്കും കുടുംബങ്ങൾക്കും അല്ലാഹു ബർകത്ത് നൽകട്ടെ എന്നും പ്രാർത്ഥിക്കുന്നു

Related Posts