Site-Logo
POST

സംഘടിത സകാത്ത്: വഹാബികൾ ചെയ്യുന്ന തെറ്റുകൾ

അസ്‌ലം സഖാഫി പയ്യോളി

|

22 Feb 2025

feature image

ഇപ്പോഴും സംഘടിത സകാത്തിന്റെ തെറ്റുകൾ ബോധ്യപ്പെടാത്ത ചിലരെങ്കിലുമുണ്ട്. അവരുടെ ശ്രദ്ധയിലേക്ക് ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്നു.

1) പുത്തൻവാദി സംഘടനകൾ പിരിച്ചെടുക്കുന്ന സകാത്ത് സ്വർണ്ണം, വെള്ളി തുടങ്ങിയ പരോക്ഷ ധനങ്ങളുടെ  സകാത്താണ്. ഇത് ഇസ്‌ലാമിക ഭരണാധികാരിക്ക് പോലും പിടിച്ചെടുക്കാൻ പാടില്ലാത്ത സകാത്താകുന്നു. 

2012 ന് ശേഷം സംഘടന (കമ്മറ്റി)യുടെ സകാത്ത് കിട്ടാതെപോയ മുജാഹിദിലെ എട്ടാം ഗ്രൂപ്പ്‌ ഈ വസ്തുത തുറന്നെഴുതിയിട്ടുണ്ട്. 

"ശൈഖ് അൽബാനി പറയുന്നത് കാണുക : നബി ﷺ യുടെ കാലത്തും സലഫുസ്വാലിഹിന്റെ കാലത്തും കാലിസമ്പത്ത്, കൃഷി എന്നിവയുടെ സകാത്ത് പോലുള്ളവ ശേഖരിക്കപ്പെട്ടിരുന്നു. അപ്രകാരം ഇരുനാണയങ്ങളുടെ സകാത്ത് ശേഖരിക്കപ്പെടാറുണ്ടായിരുന്നില്ല. സകാത്ത് ബാധ്യതയുള്ള ധനികനെ തന്നെ ഏൽപ്പിക്കുകയും അങ്ങനെ അയാൾ തന്നെ തന്റെ നാണയത്തിൽ നിർബന്ധമായ സകാത്ത് വിതരണം ചെയ്യുകയുമായിരുന്നു ഉണ്ടായിരുന്നത്. (ദുറൂസു ശൈഖ് അൽബാനി26/10) 

കാലി സമ്പത്ത് നാമ മാത്രമാകുകയും വിളകൾ നാണ്യവിളകളാവുകയും ചെയ്തിരിക്കെ ജനങ്ങളുടെ കയ്യിലുള്ള ധനത്തിന്റെ ഏറിയ പങ്കും നാണയങ്ങൾ, വാടക, ശമ്പളം, കണക്കാക്കാൻ പറ്റാത്ത കച്ചവടം, സ്വർണ്ണം, വെള്ളി തുടങ്ങിയ പരോക്ഷ ധനമാണ് ഇക്കാലത്തുള്ളത്. ഇവിടെ ഒരു ഇസ്‌ലാമിക ഭരണമുണ്ടെങ്കിൽ തന്നെ അധികാരസ്ഥൻ ആവശ്യപ്പെട്ടിട്ടില്ലെങ്കിൽ സ്വന്തം വിതരണം ചെയ്യാൻ അവകാശമുള്ള പരോക്ഷ ധനത്തിന്റെ സകാത്ത് പിരിച്ചെടുക്കാനാണോ ഇത്തരം ദുർന്യായങ്ങളും അട്ടിമറിയും നടത്തുന്നത്. "

(അൽ ഇസ്‌ലാഹ് മാസിക 2015 ജൂലൈ പേജ് : 10, 11)

നമ്മുടെ നാട്ടിൽ ഇസ്‌ലാമിക ഭരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ മുജാഹിദും ജമാഅത്തും ചെയ്തുകൊണ്ടിരിക്കുന്നത്.

സകാത്ത് ഫണ്ട് സംഘടനക്ക് നൽകുന്നു

പാവങ്ങളുടെ അവകാശമായ സകാത്ത് പൂർണ്ണമായും അവകാശികൾക്ക് നൽകാതെ ജമാഅതെ ഇസ്‌ലാമി അവരുടെ  സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നൽകിവരുന്നുണ്ട്.

വിശുദ്ധ ഖുർആൻ പറഞ്ഞ എട്ടു വിഭാഗങ്ങൾക്ക് പുറമേ സ്വന്തം സംഘടനകളെയും സ്ഥാപനങ്ങളെയും സകാത്തിന്റെ അവകാശികളായി ചേർത്തുകൊണ്ടാണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.

വിശുദ്ധ റമദാനിൽ സകാത്ത് ആവശ്യപ്പെട്ടുകൊണ്ട് സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പരസ്യങ്ങൾ  ജമാഅത് ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിൽ തന്നെ നൽകാറുമുണ്ട്.

ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർത്ഥി സംഘടനയാണ് എസ് ഐ ഒ. ഈ സംഘടനക്ക് സകാത്ത് ആവശ്യപ്പെട്ടുകൊണ്ട് പ്രബോധനത്തിൽ എഴുതുന്നു: 

''ഇന്ത്യയിൽ ഒന്നര പതിറ്റാണ്ടു കാലമായി വിദ്യാർത്ഥി യുവജനങ്ങൾക്കിടയിൽ ഇസ്‌ലാമിക പ്രവർത്തനം നിർവഹിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സ്റ്റുഡൻസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ് ഐ ഒ) ...നിങ്ങളുടെ സകാത്ത് സ്വദകളിൽ നിന്ന് നല്ലൊരു വിഹിതം നൽകി ഈ വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.  പ്രസിഡണ്ട്, എസ് ഐ ഒ കേരള സോൺ (പ്രബോധനം വാരിക 1999 ജനുവരി 9)

ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥിനികളുടെ സംഘടനയാണ് ജി ഐ ഒ.

ഈ സംഘടനക്ക് സകാത്ത് ആവശ്യപ്പെട്ടുകൊണ്ട് പ്രബോധനത്തിൽ എഴുതുന്നു:

"1984 രൂപീകൃതമായ ഇസ്‌ലാമിക വിദ്യാർഥിനി സംഘടനയാണ് ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (ജി ഐ ഒ) ..... ഈ പരിശുദ്ധ റമദാനിൽ നിങ്ങളുടെ സകാത്ത് സ്വദക്കളിൽ നിന്നും സംഭാവനകൾ അയച്ചുതന്നു ജി ഐ ഓ വിനെ സഹായിക്കണമെന്ന് ദീനുൽ ഇസ്‌ലാമിന്റെ പേരിൽ അഭ്യർത്ഥിക്കുന്നു.

സെക്രട്ടറി ജി ഐ ഓ കേരള

ഐ എസ് ടി ബിൽഡിംഗ്

സിൽവർ ഹിൽസ് കാലിക്കറ്റ്

(പ്രബോധനം വരിക)

സ്ഥാപനങ്ങളും പള്ളികളും സകാത്തിന്റെ അവകാശികളിൽ പെടില്ലെന്ന് ഐ.പി.എച്ച് ഇറക്കിയ പ്രസിദ്ധീകരണങ്ങളിൽ അവർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലീഷ് മീഡിയത്തിനും സ്കൂളിനും സകാത്ത്

സകാത്ത്  കമ്മിറ്റിക്കെതിരെ ശബ്ദിക്കുമ്പോൾ ജമാഅത്തെ ഇസ്‌ലാമിക്ക് വിറളി പിടിക്കുന്നത് വെറുതെയല്ല. ജമാഅത്തുകാരുടെ ഏകദേശ സ്ഥാപനങ്ങളും നടന്നു പോകുന്നത് സകാത്ത് ഫണ്ട് കൊണ്ടാണ്. മുതലാളിമാരിൽ നിന്നും പാവങ്ങളുടെ അവകാശങ്ങൾ കൈപ്പറ്റി ഏത് സ്ഥാപനവും നടത്താൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറാണ്.

രക്ഷിതാക്കളിൽ നിന്നും ഫീസ് വാങ്ങി നടത്തുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിന് വരെ ജമാഅത്തുകാർ പാവങ്ങളുടെ സ്വത്തായ സകാത്ത് ഫണ്ട് അനുവദിക്കുന്നുണ്ട്. 

ജമാഅത്തെ ഇസ്‌ലാമിയുടെ കുറ്റ്യാടിയിലെ ആസ്ഥാനമാണ് ഇസ്‌ലാമിയാ കോളേജ്. ഇതിൻ്റെ അനുബന്ധ സ്ഥാപനമാണ് ഐഡിയൽ പബ്ലിക് സ്കൂളും (CBSE ഇംഗ്ലീഷ് മീഡിയം) ഐഡിയൽ ഹയർ സെക്കൻ്ററി സ്കൂളും.

ഈ രണ്ട് സ്ഥാപനങ്ങൾക്കും സകാത്ത് ആവശ്യപ്പെട്ടുകൊണ്ട് പ്രബോധനത്തിൽ എഴുതുന്നു:

 "കേരളത്തിൽ ദീനിവൈജ്ഞാനിക രംഗത്ത് അര നൂറ്റാണ്ടിലധികമായി തലയെടുപ്പോടെ പ്രവർത്തിച്ചുവരുന്ന ഇസ്‌ലാമിക കലാലയമാണ് കുറ്റ്യാടി ഇസ്‌ലാമിയ കോളേജ്.

സിബിഎസ്ഇ സിലബസും കേരള മജ്ലിസുത്തഅ്ലീമിൽ  ഇസ്‌ലാമിയുടെ സിലബസും ഒരുമിച്ച് പഠിപ്പിച്ചു കൊണ്ടിരിക്കുന്ന മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ഐഡിയൽ പബ്ലിക് സ്കൂൾ…

ഐഡിയൽ ഹയർസെക്കൻ്റെറി സ്കൂൾ: കേരള സർക്കാരിന്റെ ഓപ്പൺ സ്കൂൾ റെഗുലർ സ്കീമിൽ സയൻസ് കോമേഴ്സ് വിഷയങ്ങൾ പഠിപ്പിക്കുന്ന സ്ഥാപനത്തിൽ ഇപ്പോൾ 110 വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്നു…

ഈ വിശുദ്ധ റമദാനിൽ സകാത്ത് സ്വദഖകളിൽ നിന്ന് നല്ല ഒരു വിഹിതം നൽകി താങ്കൾ ഇസ്‌ലാമിയ കോളേജിനെയും അനുബന്ധ സ്ഥാപനങ്ങളെയും സഹായിക്കുമെന്ന പ്രതീക്ഷയോടെ…

 (പ്രബോധനം2009 ആഗസ്റ്റ് 22. പേജ് : 22 )

വിശ്വാസികളെ ചൂഷണം ചെയ്യുന്നതിൽ അല്പം പോലും നാണമില്ലാത്തവരാണ് ജമാഅത്തെ ഇസ്‌ലാമി.

ഷോപ്പിംഗ് കോംപ്ലക്സിനും ഹോസ്റ്റലിനും സ്ഥലമെടുക്കാൻ സകാത്ത്

സകാത്ത് ഇസ്‌ലാമിലെ ഒരു ഇബാദത്താണ്. ഏതൊക്കെ വസ്തുക്കൾക്ക് സകാത്തുണ്ടെന്നും ഏതിലേക്കൊക്കെ അത് വിനിയോഗിക്കണമെന്നും ഇസ്‌ലാമിന് വ്യക്തമായ നിലപാടുണ്ട്. അതെല്ലാം അവഗണിച്ചുകൊണ്ട് സകാത്തിന്റെ മുതൽ അപഹരിെച്ചെടുക്കുകയാണ് മൗലവിമാർ ചെയ്യുന്നത്. പള്ളിയുടെ നടത്തിപ്പിന് സ്ഥിര വരുമാനത്തിനു വേണ്ടി ഷോപ്പിംഗ് കോംപ്ലക്സും ലൈബ്രറിയും ഹോസ്റ്റലും നിർമ്മിക്കാനുള്ള സ്ഥലങ്ങൾ വാങ്ങാൻ വരെ സകാത്ത് പണം ജമാഅത്തുകാർ ഉപയോഗിക്കുന്നു.

"തൃപ്രയാറിൽ നിലവിൽ വന്നുകഴിഞ്ഞ ഇസ്‌ലാമിക് സെൻറർ ജുമാ മസ്ജിദിന്റെ നടത്തിപ്പിനും വികസനത്തിനും വഴി കാണാതെ ഭാരവാഹികൾ പ്രയാസപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതിനു പരിഹാരമായി സ്ഥിര വരുമാനത്തിന് ഉതകുന്ന ഷോപ്പിംഗ് കോംപ്ലക്സ്, വിദ്യാർത്ഥി ഹോസ്റ്റൽ, ലൈബ്രറി എന്നിവയ്ക്ക് വേണ്ടി സ്ഥലം വാങ്ങുന്നതിനും ആവശ്യമായ കെട്ടിടങ്ങളും മറ്റും പണിയുന്നതിനും ഏകദേശം 45 ലക്ഷം രൂപ ആവശ്യമായി വന്നിരിക്കുന്നു. ഈ ദീനീ സേവന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി തങ്ങളുടെ സകാത്ത് സ്വദഖ വകയിൽ നിന്ന് കഴിയുന്നത്ര സംഖ്യ താഴെ വിലാസത്തിൽ അയച്ചുതരാൻ ദീനി സ്നേഹികളോട അഭ്യർത്ഥിക്കുന്നു. " (പ്രബോധനം വാരിക2005 ഒക്ടോബർ 8 പേജ് 34)

വെൽഫെയർ ഫോറത്തിനും പാലിയേറ്റീവ് ക്ലിനിക്കിനും സകാത്ത് ആവശ്യപ്പെട്ടുകൊണ്ട് പ്രബോധനം എഴുതുന്നു:

"ഇസ്‌ലാമിക് വെൽഫെയർ ഫോറം മദീന മസ്ജിദ് കോംപ്ലക്സ് കൊച്ചി: നിങ്ങളുടെ സകാത്തുകളും സദഖകളും താഴെ കാണുന്ന വിലാസത്തിൽ അയക്കുക ഇസ്‌ലാമിക് വെൽഫെയർ ഫോറം. മദീന മസ്ജിദ് കോംപ്ലക്സ് എറണാകുളം, കൊച്ചി." (പ്രബോധനം 96 ഫെബ്രുവരി 17 പേജ് :8) 

"കനിവ് പെയിൻ & പാലിയേറ്റീവ് ക്ലിനിക് കോട്ടക്കൽ: ഈ പരിശുദ്ധ റമളാനിൽ നിങ്ങളുടെ സകാത്ത് നിന്ന് ഒരു വിഹിതം നൽകിക്കൊണ്ട് ഈ പുണ്യകർമ്മത്തിൽ പങ്കുചേരാൻ എല്ലാവരോടും അപേക്ഷിക്കുന്നു. " " (പ്രബോധനം 2015 ജൂലൈ 3 പേജ് 39) 

ക്ലിനിക്കിനും പാലിയേറ്റീവിനും പള്ളി നിർമ്മാണത്തിനും സകാത്ത് ഫണ്ട് ഉപയോഗിക്കാൻ പാടില്ലെന്നാണ് സൗദി പണ്ഡിതന്മാർ അടക്കം ഫത്‌വ നൽകിയിട്ടുള്ളത്. 

"പള്ളി നിർമ്മാണം ആശുപത്രികൾ വെൽഫെയർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സകാത്ത് വിനിയോഗിക്കുന്നത് അനുവദനീയമല്ല. സൗദി അറേബ്യയിലുള്ള ഉന്നത പണ്ഡിത സമിതി ഈ വിഷയത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ഇസ്‌ലാമിക് സെൻറർ നിർമ്മിക്കാൻ സകാത്ത് വിനിയോഗിക്കാമോ എന്ന ചോദ്യത്തിന് ശൈഖ് ഉസൈമീൻ നൽകിയ മറുപടി : ഇസ്‌ലാമിക് സെൻ്ററിൻ്റെ അക്കൗണ്ടിന് വേണ്ടി സകാത്ത് നൽകുന്നത് ശരിയല്ല. കാരണം, അത് സകാത്തിൻ്റെ വിനിയോഗമാർഗത്തിൽ പെട്ടതല്ല. ഫീ സബീലില്ലാഹി എന്നതിൻ്റെ ഉദ്ദേശ്യം അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദ് മാത്രമാണ്. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം അതാണ്. എല്ലാ നല്ല കാര്യങ്ങളും അല്ല അതിൻെറ ഉദ്ദേശ്യം. ഇത് പിൽക്കാലക്കാരിൽ ചിലരുടെ അഭിപ്രായമാണ്.  അങ്ങനെയായിരുന്നെങ്കിൽ തൗബയിലെ ആയത്തിൽ എട്ടു വിഭാഗത്തെ പരിമിതപ്പെടുത്തി പറഞ്ഞതിന്റെ പ്രസക്തി നഷ്ടപ്പെട്ടുപോകും. " (ഫതാവ വ റസാഇൽ 18/206)

(അൽ ഇസ്‌ലാഹ് മാസിക 2015 ജൂലൈ പേജ് 15)

ഗൾഫിലെ സലഫീ പണ്ഡിതന്മാർ പോലും പാടില്ലെന്ന് പറഞ്ഞ മേഖലയിലാണ് ജമാഅത്തുകാർ സകാത്ത് ഫണ്ട് ഉപയോഗപ്പെടുത്തുന്നത്.

പത്ര മാസികകൾക്കും മീഡിയ മാധ്യമങ്ങൾക്കും സകാത്ത്!!

സ്വന്തം സംഘടനകൾ ഇറക്കുന്ന പത്രമാസികകൾക്കും മീഡിയാ മാധ്യമങ്ങൾക്കും പാവങ്ങളുടെ സ്വത്തായ സകാത്ത് തട്ടിയെടുക്കുന്നതിൽ മുജാഹിദും ജമാഅത്തും തുല്യമായ പങ്കാളിത്തം വഹിക്കുന്നു. എട്ട് വിഭാഗത്തിനു മാത്രം നിർണയിക്കപ്പെട്ട സകാത്ത് മുതൽ പച്ചയായി കൊള്ളയടിക്കാനുള്ള പരസ്യങ്ങൾ ഇവർ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. വിവരം കുറഞ്ഞ സമ്പന്നർ പലപ്പോഴും ഇതിലകപ്പെടാറുണ്ട്. 

ഐപിഎച്ച് ഇറക്കിയ 'സകാത്ത് തത്വവും പ്രയോഗവും' എന്ന പുസ്തകത്തിൽ എഴുതുന്നു :

"ഇന്നിപ്പോൾ ഇസ്‌ലാമിക പ്രബോധനം ചിലവേറിയ കാര്യമാണ്. അതേതായാലും അല്ലാഹുവിന്റെ മാർഗ്ഗമാണെന്ന കാര്യത്തിൽ തർക്കം ഉണ്ടാവുകയില്ല. ഇസ്‌ലാമിനെതിരിൽ ശത്രുക്കളുടെ പ്രചാരണത്തെ നേരിടുക, അവരുടെ വാദങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി പറയുക, ഈ വിഷയത്തിൽ പുസ്തകങ്ങളും ലേഖനങ്ങളും പത്ര മാസികകളും പ്രസിദ്ധീകരിക്കുക തുടങ്ങിയവയൊക്കെ ഇന്ന് ഇസ്‌ലാമിക മാർഗ്ഗത്തിലെ സുപ്രധാന പ്രവർത്തനങ്ങളാണ്. അതിനാൽ സകാത്തിന്റെ പണം ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് വരുന്നു.

(സകാത്ത് തത്വവും പ്രയോഗവും, ഐ പി എച് )

നോക്കൂ, ജമാഅത്തിന്റെ പ്രബോധനവും മീഡിയ വണ്ണും മാധ്യമവും എല്ലാം  ഉൾപ്പെടുന്ന രൂപത്തിൽ "ഫീ സബീലില്ലാഹി " (അല്ലാഹുവിന്റെ മാർഗത്തിൽ) എന്ന വകുപ്പിനെ വലിച്ചു നീട്ടുകയാണ്. 

ഈ വലിച്ചു നീട്ടലൊക്കെ സ്വന്തം കാര്യ ലാഭത്തിനു വേണ്ടി മാത്രമാണ്. പണ്ഡിതന്മാർ ഇത് ശരി വെച്ചിട്ടില്ലെന്ന് ജമാഅത്തിന്റെ ഐ പി എച്ച് തന്നെ പുറത്തിറക്കിയ മറ്റൊരു പ്രസിദ്ധീകരണത്തിൽ പറയുന്നുണ്ട്.

" ദൈവമാർഗത്തിലുള്ള സമരങ്ങളും (ജിഹാദ് )അനുബന്ധകാര്യങ്ങളും മാത്രമാണ് ഫീസബീ ലില്ലാഹിയുടെ വിവക്ഷ എന്ന ഭൂരിപക്ഷഭിപ്രായമാണ് പ്രാമാണികം. പൊതു നന്മയിൽ അധിഷ്ഠിതമായ കാര്യങ്ങളൊക്കെ 'ഫീ സബീലില്ലാഹി'യിൽ ഉൾപ്പെടുത്തുന്ന പക്ഷം സകാത്തിന്റെ ഇതര വകുപ്പുകളും 'ഫീ സബീലില്ലാഹി'യുടെ അർത്ഥപരിധിയിൽ വരും. അങ്ങനെ വന്നാൽ സകാത്തിന്റെ വിനിമയ മാർഗങ്ങളെ ഖുർആൻ എട്ടു വിഭാഗമായി തിരിച്ചത് നിരർത്ഥകമാണെന്ന് പറയേണ്ടിവരും. നിരർത്ഥക ഭാഷണം ഖുർആനിനെ സംബന്ധിച്ചെടുത്തോളം അചിന്ത്യമാവുന്നു.

(വിശ്വാസം കർമ്മം: സംശയങ്ങൾക്കു മറുപടി പേജ്: 120, ഐ പി എച്ച് )

 "ഫീ സബീലില്ലാഹി" എന്ന വകുപ്പിൽ എല്ലാം വലിച്ചിടരുതെന്ന്  അറിയാത്തവരല്ല ജമാഅത്തുകാർ. തെറ്റാണെന്ന പൂർണ്ണ ബോധ്യത്തോടെ കൂടെ തന്നെയാണ് പത്രമാധ്യമങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ജമാഅത്തുകാർ ഈ കടുംകൈ ചെയ്യുന്നത്. 

ഇവരെ വിശ്വസിച്ച് സകാത്തിന്റെ മുതലേൽപ്പിക്കുന്ന മുതലാളിമാർ ഉണർന്നു ചിന്തിച്ചില്ലെങ്കിൽ പരലോകത്ത് കൈകടിക്കേണ്ടി വരും തീർച്ച.

ബുക്ക് സ്റ്റാളിനും സകാത്ത്!!

സുന്നികളെ കാഫിറാക്കാനും ബിദ്അത് പ്രചരിപ്പിക്കാനും മാത്രം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന വഹാബി പ്രസാധകരാണ് അഹ്‌ലു സ്സുന്ന ബുക്സ്. പുസ്തകം ചിലവാകാതെ കടം പിടിച്ച് പ്രസാധനം നിർത്തേണ്ടി വരുമെന്ന് കണ്ടപ്പോൾ പാവങ്ങളുടെ സ്വത്ത് അപഹരിക്കാനാണ് മൗലവിമാരുടെ തീരുമാനം.

സമ്പത്ത് വഴിമാറി ചെലവഴിക്കുന്നതിൽ യാതൊരു ലജ്ജയുമില്ലാത്ത മൗലവിമാർ ബുക്ക് സ്റ്റാളിന്റെ നടത്തിപ്പിനും സകാത്ത് ആവശ്യപ്പെട്ട്  അൽ ഇസ്‌ലാഹ് മാസികയിൽ എഴുതുന്നു :

" അനശ്വരമായ ആഖിറത്തിലേക്ക് നിക്ഷേപമുണ്ടാക്കാൻ അഹ്‌ലുസ്സുന്ന ബുക്സിലൂടെ ഒരു അവസരം.
അഹ്‌ലുസ്സുന്ന ബുക്സ് എന്ന പേരിൽ സലഫി ആദർശത്തിൽ പ്രവർത്തിച്ചുവരുന്ന പുസ്തക പ്രസാധന സംരംഭം ശ്രദ്ധിച്ചിരിക്കുമല്ലോ... ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് അഹ്‌ലുസ്സുന്ന ബുക്സ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രസിദ്ധീകരിക്കുന്നവ അതിന്റെ സമയത്തിനും മുറക്കും വിറ്റുപോകാത്തതും പ്രിന്റിങ്ങിനും മറ്റുമുള്ള ചെലവ് ക്രമാതീതമായി വർദ്ധിച്ചതും വായനയോട് പൊതുവേ ആളുകൾക്കുണ്ടായ താൽപര്യക്കുറവുമെല്ലാം ഈ പ്രതിസന്ധിക്കുള്ള  പ്രധാന കാരണങ്ങളാണ്. എന്നാൽ ദഅവ രംഗത്ത് ഏറെ വിപ്ലവങ്ങൾ സൃഷ്ടിച്ചു വരുന്നതും കാലങ്ങളോളം കേടുകൂടാതെ അടുത്ത തലമുറക്ക് കൈമാറാൻ സാധിക്കുന്ന ഒരു മഹത്തായ സമ്പാദ്യവുമായ പ്രസ്തുത പുസ്തക പ്രസാധനം പാതിവഴിയിൽ നിർത്തുന്നത് ഉചിതമല്ല എന്ന് ബോധ്യപ്പെട്ടതുകൊണ്ട് ഈ പ്രതിസന്ധിയിൽ നിന്നും കരകയറാനും ഇത് പൂർവ്വാധികം ഭംഗിയായി തുടർന്നു കൊണ്ടുപോകാനുമായി നിങ്ങളോട് താഴെപ്പറയുന്ന ചില സഹായങ്ങൾ ഞങ്ങൾ ആവശ്യപ്പെടുകയാണ്.
1) ഈ സംരംഭത്തിലേക്ക് നിങ്ങളുടെ സ്വദകയിൽ നിന്നോ സകാത്തിൽ നിന്നോ ഒരു സംഖ്യ നൽകി ഈ ദഅവാ സംരംഭത്തെ സഹായിക്കുക. സകാത്തിന്റെ അവകാശികളിലെ 'ഫീ സബീലില്ലാഹി' എന്നതിൽ ഇതുൾപ്പെടുന്നതാണ്.
(അൽ ഇസ്‌ലാഹ് മാസിക 
2011 ആഗസ്റ്റ് പേജ് 2 )

"ഫീ സബീലില്ലാഹി" വകുപ്പ് പറഞ്ഞ് എല്ലാറ്റിനും സകാത്ത് പണം ഉപയോഗിക്കൽ മൗലവിമാരുടെ കുതന്ത്രങ്ങളിൽ പെട്ടതാണ്. പിരിവ് നടത്താതെ സ്ഥാപനങ്ങളും സംഘടനയും മുന്നോട്ട് കൊണ്ടുപോകാനുള്ള  എളുപ്പ വഴി. ഈ വകുപ്പ് ഇസ്‌ലാമിലെ ജിഹാദാണെന്ന് ഗൾഫിലെ സലഫി പണ്ഡിതരടക്കം വിശദീകരിച്ചതാണ്. ജിഹാദ് ഇസ്‌ലാമിക ഭരണത്തിനു കീഴിലാണല്ലോ നടക്കുക.

പാവപ്പെട്ടവരുടെ വിവാഹത്തിന് സകാത്ത് ഫണ്ട് അനുവദിക്കില്ല!?

സമ്പന്നർ ഓരോ വർഷവും അവരുടെ നിശ്ചിത സമ്പത്തിന് സകാത്ത് നൽകിക്കൊണ്ടേയിരിക്കണം. ഓരോ വർഷവും സകാത്ത് നിർബന്ധമാകുന്ന ടൈം ആകുമ്പോൾ അത് കൊടുത്തു വീട്ടുകയാണ് വേണ്ടത്. അത് സൂക്ഷിച്ചുവെക്കാൻ പാടില്ല. കാരണം, അത്  പാവപ്പെട്ടവരുടെ അവകാശമാണ്.

എന്നാൽ സകാത്ത് കമ്മിറ്റിക്കാർ സകാത്ത് വാങ്ങി അർഹർക്ക് നൽകാതെ അവരുടെ താൽപര്യത്തിനനുസരിച്ച് ചെലവഴിക്കാൻ സൂക്ഷിച്ചു വെക്കുകയാണ്. ചിലർ അത് ബാങ്കിൽ നിക്ഷേപിച്ച് പലിശ വാങ്ങി അതും വരവിൽ ചേർക്കുന്നുണ്ട്. റേഷൻ സംവിധാനം, പെൻഷൻ സംവിധാനം എന്നൊക്കെ പറഞ്ഞ് സകാത്ത് ഫണ്ട് അൽപ്പാൽപ്പം കൊടുത്തു വീട്ടുന്നവരുമുണ്ട്.

മാത്രമല്ല, ഖുർആൻ പറഞ്ഞ സകാത്തിന്റെ അവകാശികൾക്ക് അവരുടെ അവകാശം തടഞ്ഞു വെക്കുകവരെ ചെയ്തുകൊണ്ടിരിക്കുന്നു. പെൺകുട്ടികളെ വിവാഹം ചെയ്തു കൊടുക്കാൻ പ്രയാസപ്പെടുന്ന ഫഖീർ, മിസ്കീൻ പോലുള്ള സകാത്തിന്റെ അവകാശികൾക്ക്  സകാത്ത് ഫണ്ട് അനുവദിക്കുകയില്ലത്രേ.
ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ  പ്രബോധനം എഴുതുന്നു :
"ബാങ്ക് കടമടക്കാനും വിവാഹാവശ്യത്തിനും സകാത്ത് കമ്മിറ്റിയിൽ നിന്ന് സഹായം നൽകാറില്ല."
(പ്രബോധനം 2004 ഒക്ടോബർ 2 പേജ് 33)

നോക്കൂ, സ്വന്തം മകളെ വിവാഹം ചെയ്തു  സന്തോഷത്തോടെ പറഞ്ഞയക്കാൻ ഒരു പാവപ്പെട്ട കുടുംബനാഥൻ  സാമ്പത്തികമായി എത്ര പ്രയാസപ്പെടും. അവരുടെ അവകാശമായ സകാത്ത് പിടിച്ചു വെച്ച് അവരുടെ ആവശ്യത്തിന് നൽകാതിരിക്കുക എന്നത് എത്രത്തോളം ക്രൂരതയാണ്. സത്യത്തിൽ ഈ അവകാശം പിടിച്ചുവെക്കാൻ ജമാഅത്തെ ഇസ്‌ലാമിക്ക് എന്ത് അധികാരമാണുള്ളത്. സമ്പന്നർ അവരുടെ സകാത്ത് ആരുമറിയാതെ പാവങ്ങളിലേക്ക് എത്തിച്ചു കൊടുക്കുകയെന്ന ഒരു ഇബാദത്തിനെ പാവപെട്ടവർക്ക് അവരുടെ അവകാശങ്ങൾ കിട്ടാൻ കമ്മറ്റി മുതലാളിമാർക്ക് മുന്നിൽ അപേക്ഷ സമർപ്പിക്കേണ്ട ഒരു ദുർഗതി വരുത്തിവെച്ച്  പാവപ്പെട്ടവരുടെ മാനസികാവസ്ഥ തകർത്തു കളയുന്ന ഒരു ഏർപ്പാടല്ലേ സകാത്ത് കമ്മിറ്റി ചെയ്തു വെച്ചിരിക്കുന്നത്. അതും അവർ ഇഷ്ടപ്പെടുന്ന ആളുകൾക്ക്,  അവരുടെ സംഘടന മെമ്പർഷിപ്പ് ഉള്ളവർക്ക്, അവർക്ക് തോന്നുന്ന വിഷയങ്ങൾക്ക് മാത്രം പാസാക്കി കൊടുക്കുന്ന ഒരു ഏർപ്പാട്. ലജ്ജാകരം!

പ്രബോധനം എഴുതുന്നു:
" അവകാശികളെ കണ്ടെത്താൻ അപേക്ഷകളെയാണ് മിക്കവാറും പരിഗണിക്കുന്നത്. നേരിട്ട് അവകാശികളെ തിരഞ്ഞെടുക്കുന്ന രീതിയും നിലവിലുണ്ട്. മഹല്ലുകളിൽ ഇത് സാധ്യമാണെങ്കിലും സകാത്ത് കമ്മിറ്റികളെ സംബന്ധിച്ചിടത്തോളം വിശാല ഏരിയയിൽ നിന്ന് വരുന്ന അപേക്ഷകളുടെ ബാഹുല്യം കാരണം നേരിട്ട് അവകാശികളെ കണ്ടെത്താൻ പ്രയാസമാണ്."
( പ്രബോധനം 2004 ഒക്ടോബർ 2 )

ഇസ്‌ലാം ലളിതമായി സംവിധാനിച്ച സകാത്തിനെ ഇങ്ങനെ സങ്കീർണ വിഷയമായി അവതരിപ്പിക്കുന്നതെന്തിനാണ്? മുതലാളിമാർക്ക് വ്യത്യസ്ത സമയങ്ങളിലും മാസങ്ങളിലുമായിരിക്കും സകാത്ത് നിർബന്ധമാക്കുക. അവർ അതിന്റെ കണക്കുകൾ കൂട്ടി  അർഹനിലേക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനമാണ് ഇസ്‌ലാം സ്വീകരിക്കുന്നത്. ഇത് തീർത്തും പാവങ്ങളുടെ അവകാശമാണ്. ഇതിൽ കയ്യിട്ടുവാരുന്ന പ്രവർത്തനം ജമാഅതും മുജാഹിദും അവസാനിപ്പിച്ചാൽ പാവങ്ങൾക്ക് അവരുടെ അവകാശങ്ങൾ ആവശ്യം പോലെ കൃത്യമായി ലഭിക്കുകയും അപേക്ഷ സമർപ്പിച്ച് പ്രയാസപ്പെടുന്ന സാഹചര്യം ഇല്ലാതാവുകയും ചെയ്യും.

ഇതൊന്നും അറിയാത്തവരല്ല മുജ- ജമകൾ. ഈ സംവിധാനം പൂർണമായും നടപ്പിൽ വന്നാൽ മുജാഹിദ് ജമാഅത്ത് സ്ഥാപനങ്ങളും പള്ളികളും സംഘടനകളും എങ്ങിനെ മുന്നോട്ട് പോകും?! അവരുടെ പ്രവർത്തന ഫണ്ടുകൾ എങ്ങനെ കണ്ടെത്തും? എന്നല്ലാമുള്ള ആശങ്കയാണ് സകാത്ത് കമ്മിറ്റിയിൽ പിടിച്ചു തൂങ്ങാൻ അവരെ പ്രേരിപ്പിക്കുന്നത്.

പ്രബോധനത്തിന് ഹാലിളകുന്നു

പാവങ്ങളുടെ അവകാശമായ സകാത്തിൽ കയ്യിട്ടുവാരി സംഘടനാ പ്രവർത്തനങ്ങൾ നടത്തുന്ന ജമാഅത്തുകാർക്ക് സകാത്ത് കമ്മിറ്റി ഇസ്‌ലാമികമല്ലെന്ന സുന്നി പണ്ഡിതരുടെ പ്രസ്താവന വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. പുതിയ പ്രബോധനത്തിൽ ജമാഅത്ത് നേതാവിൻ്റെ ഹാലിളക്കം അതിൻ്റെ ഭാഗമാണ്.

ജമാഅത്തുകാർ സകാത്ത് വഴിമാറി ചെലവഴിക്കുന്നു എന്ന് തെളിവ് സഹിതം പ്രസംഗിച്ചതും എഴുതിയതും 'എ ആർ' ന് തീരെ പിടിച്ചിട്ടില്ല. ദേഷ്യം പിടിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നത് ഇങ്ങനെയാണ്:

"സകാത്തിനെ സംഘടിത സമാഹരണമോ യഥാർത്ഥ അവകാശികൾക്കുള്ള ആസൂത്രിത വിതരണമോ മാത്രം സഹിക്കാനാവുന്നില്ലെന്ന് വന്നാൽ? അതൊക്കെ അപകടകരമാണെന്ന് ഫത്‌വ കൂടി പുറപ്പെടുവിച്ചാലേ ഗ്രാൻഡ് മുഫ്തിയാവൂ എന്ന് തോന്നിയാൽ?..
" (പ്രബോധനം 2025 മാർച്ച് 14 പേജ് 39)

ശൈഖുനാ സുൽത്താനുൽ ഉലമ സംഘടിത സകാത്ത് അപകടകരമാണെന്ന് പറഞ്ഞത് 'ആസൂത്രിത വിതരണം' സഹിക്കാനാവാത്തത് കൊണ്ടായിരുന്നില്ല. സകാത്ത് വിതരണത്തിന് ഇസ്‌ലാം അംഗീകരിക്കാത്ത റൂട്ട് സ്വീകരിച്ചത് കൊണ്ടും സകാത്ത് മുതൽ നിങ്ങൾ വക മാറി ചിലവഴിച്ചത് കൊണ്ടും തന്നെയാണ്. അതിൻ്റെ രേഖകൾ എഴുത്തിലും പ്രസംഗത്തിലും ഉദ്ധരിച്ചിട്ടുമുണ്ട്. അതിനൊന്നും ഒരു വിശദീകരണവും നൽകാതെ ഹാലിളകി എന്തൊക്കെയോ എഴുതിക്കുറിക്കുകയാണ് പ്രബോധനത്തിൽ എ.ആർ ചെയ്തിരിക്കുന്നത്.

സകാത്തിന്റെ മുതൽ വകമാറ്റി ചെലവഴിക്കുന്നതിന്റെ ഒരു ഉദാഹരണം കൂടി പുതിയ പ്രബോധനത്തിൽ നിന്ന് ഉദ്ധരിക്കാം. വിശുദ്ധ ഖുർആൻ  നിർണയിച്ച എട്ടു വിഭാഗങ്ങൾക്ക് മാത്രമാണ് സകാത്ത് നൽകേണ്ടതെന്ന് എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണല്ലൊ. എന്നാൽ അതിനപ്പുറത്തേക്ക് സകാത്ത് മുതല് ആവശ്യപ്പെട്ടുകൊണ്ട് പ്രബോധനം എഴുതുന്നു:

"വടക്കേക്കാട് ഇസ്‌ലാമിക് സർവീസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലു ള്ള നായരങ്ങാടി മസ്ജിദ് തഖ്‌വ കേന്ദ്രമായി പ്രബോധന ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടന്നുവരുന്നു. മസ്ജിദിന്റെ ദൈനംദിന ചെലവുകൾക്കായി സ്ഥിരമായ ഒരു വരുമാനസ്രോതസ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു റസിഡൻഷ്യൽ കോംപ്ലക്സ് നിർമ്മാണം തുടങ്ങിയിട്ടുണ്ട്. 75 ലക്ഷത്തോളം ചെലവ് വരുന്ന ഈ പ്രോജക്റ്റിലേക്ക് സദഖത്തുൻ ജാരിയ എന്ന നിലയിലുള്ള നിങ്ങളുടെ സകാത്ത് സ്വദഖകളിൽ നിന്നുള്ള വിഹിതം നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു."
(പ്രബോധനം 2025 മാർച്ച് 14 പേജ് 47)

പള്ളിയുടെ വരുമാനത്തിന് ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കാനാണ് സകാത്ത് ആവശ്യപ്പെടുന്നത്. സകാത്തിനെ അവകാശികളായി ഖുർആൻ എണ്ണിപ്പറഞ്ഞ എട്ടു വിഭാഗങ്ങളിൽ ഏതു വിഭാഗത്തിലാണ് പള്ളി ഉൾപ്പെടുന്നത്?

'ഫീ സബീലില്ലാഹി' എന്ന വകുപ്പ് വലിച്ചുനീട്ടി അതിൽ ഉൾപ്പെടുത്താനാണ് ശ്രമമെങ്കിൽ അതിൽ ജിഹാദും അനുബന്ധകാര്യങ്ങളും മാത്രമാണ് ഉൾപ്പെടുകയെന്നും മറ്റു കാര്യങ്ങൾ അതിൽ ഉൾപ്പെടുകയില്ലെന്നും ഐ.പി.എച്ച് പുറത്തിറക്കിയ പുസ്തകത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ.

"നാലു കർമ്മശാസ്ത്ര മദ്ഹബുകൾ പ്രകാരവും സകാത്തിന്റെ ധനം പള്ളിയുടെ നിർമ്മാണത്തിനോ പരിപാലനത്തിനോ വിനിയോഗിക്കാവതല്ല... ദൈവ മാർഗത്തിലുള്ള സമരവും (ജിഹാദ്) അനുബന്ധകാര്യങ്ങളും മാത്രമാണ് വിവക്ഷ എന്ന ഭൂരിപക്ഷ അഭിപ്രായമാണ് പ്രാമാണികം. 
പൊതു നന്മയിലധിഷ്ഠിതമായ  കാര്യങ്ങളൊക്കെ ഫീ സബീലില്ലായിൽ ഉൾപ്പെടുത്തുന്ന പക്ഷം സകാത്തിൻ്റെ ഇതര വകുപ്പുകളും ഫീ സബീലില്ലായുടെ അർത്ഥ പരിധിയിൽ വരും. അങ്ങനെ വന്നാൽ സകാത്തിന്റെ വിനിമയമാർഗങ്ങളെ ഖുർആൻ എട്ടു വിഭാഗമായി തിരിച്ചത് നിരർത്ഥകമാണെന്ന് പറയേണ്ടിവരും. നിരർത്ഥക ഭാഷണം ഖുർആനെ സംബന്ധിച്ചിടത്തോളം അചിന്ത്യമാകുന്നു."
(വിശ്വാസം കർമ്മം സംശയങ്ങൾക്ക് മറുപടി പേജ് 120- ഐ പി എച്ച്)

കാര്യങ്ങൾ ഇങ്ങനെയൊക്കെ വ്യക്തമാക്കിയിരിക്കെ പള്ളി പരിപാലനത്തിനും ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിനും സകാത്ത് ഫണ്ട് ആവശ്യപ്പെടുന്നത് തന്നെ പാവപ്പെട്ടവരുടെ സമ്പത്ത് കൊള്ളയടിക്കളാണല്ലോ. ഇതു പണ്ഡിതന്മാർ ചോദ്യം ചെയ്യേണ്ടത് തന്നെയല്ലേ.

ജമാഅത്തുകാർ കുടുങ്ങി ഇനി മലക്കം മറിച്ചിൽ

സകാത്ത് സംഘടനക്ക് ഉപയോഗിക്കുന്നുണ്ടെന്നോ ഇല്ലെന്നോ എന്തു പറയണമെന്നറിയാതെ നേതാക്കൾ നട്ടംതിരിയുകയാണ്. 

ജമാഅത്തെ ഇസ്‌ലാമിയുടെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്ന്  സകാത്താണ്. ഇത് നിഷേധിക്കാൻ മൗലവിമാർക്ക് സാധിക്കുന്നില്ല. 

പ്രാസ്ഥാനിക ശിക്ഷണം (റൂദാദ് ജമാഅത്തെ ഇസ്‌ലാമി സംഗ്രഹം) എന്ന പേരിൽ ഐപിഎച്ച് ഇറക്കിയ  പ്രസിദ്ധീകരണത്തിൽ പറയുന്നു: 

“ഇപ്പോൾ വരുമാനത്തിന്റെ പ്രധാന സ്രോതസ്സ് ഇദാറ ദാറുൽ ഇസ്‌ലാം പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്. അതിൻ്റെ പ്രചാരണത്തിലൂടെ മാത്രമേ ജമാഅത്തിന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുകയുള്ളൂ. അതിൽ നിന്നുള്ള വരുമാനം മുഴുവൻ ബൈത്തുൽമാലിൽ വരേണ്ടതുണ്ട്. വരുമാനത്തിന്റെ മറ്റൊരു സ്രോതസ്സ് സകാത്താണ്. ”

(പേജ് 35)

ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാർഷിക പതിപ്പിപ്പിലും ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കിയിട്ടുണ്ട്.

"ജമാഅത്തിന്റെ ധനാഗമനം മാർഗ്ഗങ്ങൾ മൂന്നു രൂപത്തിൽ ആയിരിക്കും.

ഒന്ന്, പുസ്തക വിൽപ്പന 

രണ്ട്, സകാത്ത് 

മൂന്ന്, സംഭാവനകൾ

(പേജ് 92) 

ഇങ്ങനെ പച്ചയായി സകാത്തിന്റെ ഫണ്ട് സംഘടനാ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് പറയാൻ സംഘടിത സകാത്ത് വിവാദമായ പശ്ചാത്തലത്തിൽ മൗലവിമാർ മടി കാണിക്കുന്നുണ്ട്. 

ബൈത്തുൽമാലിലെ സമ്പത്ത് സംഘടനാ പ്രവർത്തനത്തിന് ഉപയോഗിക്കാതെ 

അഥവാ സകാത്ത് പണം വേറെ തന്നെ ബൈത്തുൽമാലിൽ മാറ്റിവെക്കുന്നുണ്ടെന്ന് വരുത്തി തീർക്കാൻ ഇപ്പൊൾ ശ്രമിക്കുന്നുണ്ട് 

“ബൈത്തുൽമാലിൽ അടക്കണം എന്നതിന്റെ അർത്ഥം പണമിടപാട് നടത്തുന്നിടത്താണ് പണം അടക്കേണ്ടത് എന്ന് മാത്രമാണ്. ആ ധനമെല്ലാം സംഘടനാ പ്രവർത്തനത്തിനുള്ളതാണ് എന്നല്ല. പ്രസ്ഥാന പ്രവർത്തനം വിപുലമാകുന്നതിനനുസരിച്ച് ബൈത്തുൽമാലിൽ പലവിധത്തിലുള്ള ഫണ്ടുകളും വരാം. അവ ഓരോന്നും വെവ്വേറെ ഇനങ്ങളിലായി കൃത്യമായി രേഖപ്പെടുത്തി വെക്കുന്ന സംവിധാനം പ്രാദേശിക തലം മുതൽ പ്രസ്ഥാനത്തിലുണ്ട്.”

(പ്രബോധനം 2025 മാർച്ച് 14 പേജ് 24) 

എന്നാൽ ഫീ സബിലില്ലാഹി വകുപ്പ് വലിച്ചു നീട്ടി സംഘടനാ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതിന് എന്താണ് കുഴപ്പം എന്നും മറ്റൊരിടത്ത് പറഞ്ഞുവെക്കുന്നുണ്ട്. 

“ഫീ സബീലില്ലാഹ് എന്ന ഇനത്തിൽ അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദിന് സകാത്ത് ഉപയോഗിക്കാം എന്നത് ഖുർആൻ ഖണ്ഡിതമായി പറഞ്ഞിട്ടുള്ളതാണ്. ഇത് ജിഹാദിന്റെ ഒരു ഇനമായ യുദ്ധത്തിൽ പരിമിതപ്പെടുത്തുന്നതിൽ സൂക്ഷ്മത കുറവുണ്ട്. അല്ലാഹുവിൻ്റെ വചനത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടി വാളെടുക്കേണ്ടി വരുമ്പോൾ അതിന് സകാത്ത് ധനം ഉപയോഗിക്കാമെന്നും നാവോ പേനയോ അല്ലെങ്കിൽ മറ്റു ആധുനിക സങ്കേതങ്ങളോ ആണ് ഉപയോഗിക്കുന്നതെങ്കിൽ സകാത്ത് ധനം പ്രയോജനപ്പെടുത്താൻ അനുവാദമില്ലെന്നും വരുന്നത് ശരിയല്ല.”

(പ്രബോധനം 2025 മാർച്ച് 14 പേജ് 23)

മീഡിയ വണ്ണിനും മാധ്യമത്തിനും പ്രബോധനത്തിനും എല്ലാം സകാത്ത് ഉപയോഗിക്കാം എന്ന് തന്നെയാണ് ഈ പറഞ്ഞതിന്റെ പച്ചമലയാളം.

നോക്കൂ, സുന്നികളുടെ പ്രസ്താവനക്കും പ്രഭാഷണത്തിനുമടിയിൽ ജമാഅത്ത് നേതാക്കൾ ഞെരിഞ്ഞമർന്നിരിക്കുന്നു. എന്ത് എങ്ങനെ പറയണമെന്നറിയാതെ മലക്കം മറിയുകയാണ്. സകാത്ത് ഞങ്ങൾ മീഡിയവണ്ണിനും മാധ്യമത്തിനും ഉപയോഗിക്കുമെന്ന് ഉറക്കെ പറയാൻ മൗലവിമാർക്ക് ധൈര്യം വരുന്നില്ല. 

ജമാഅത്ത് പ്രവർത്തകരുടെ സകാത്താണ് ബൈത്തുൽമാലിൽ ഉപയോഗിക്കുന്നതെന്നും പൊതുജനങ്ങളുടെ സകാത്ത് 'ബൈത്തുസകാത്ത് ' എന്ന പ്രത്യേക സെഷനിലേക്കാണെന്നും  പറഞ്ഞ് രക്ഷപ്പെടാനും ശ്രമിക്കുന്നുണ്ട്.

"ഇപ്രകാരം ഇസ്‌ലാമിക പ്രസ്ഥാനത്തെ ഉൾക്കൊണ്ടിട്ടില്ലാത്തവരുടെ സകാത്തിന്റെ കാര്യമെടുക്കുക. അത് ബൈത്തുൽമാലിൽ അടക്കാൻ പ്രസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, അതിൻ്റെ ശേഖരണ വിതരണത്തിനു വേണ്ടി സ്വതന്ത്ര്യവും വ്യവസ്ഥാപിതവും സുതാര്യവുമായ ഒരു സംവിധാനം തന്നെ ആവിഷ്കരിച്ചിരിക്കുന്നു, അതാണ് ബൈത്തു സകാത്ത് കേരള... ഇതിൻ്റെ കൃത്യമായ രേഖകൾ അതിൻ്റെ ഓഫീസിൽ കാണാനാവും. അപ്പോൾ മനസ്സിലാവും ജമാഅത്ത് പ്രവർത്തകരുടെ മുൻകയ്യാൽ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കോ, ഇതര സംവിധാനങ്ങൾക്കോ ബൈത്തുൽ സകാത്ത് കേരളയുടെ പണം വിനിയോഗിച്ചിട്ടുണ്ടോ ഇല്ലേ എന്നുള്ള കാര്യം. ഇവിടെ നടക്കുന്ന കോലാഹലങ്ങൾ എല്ലാം നന്മയുടെ മാർഗത്തിൽ നിന്ന് ജനശ്രദ്ധ തെറ്റിക്കാൻ നടത്തുന്ന പ്രചാരവേലകൾ മാത്രമാണ്." 

(പ്രബോധനം 2025 മാർച്ച് 14 പേജ് 25)

അപ്പോൾ ബൈത്തുൽ സകാത്തിൽ ഉള്ള സകാത്തിനും ബൈത്തുൽ മാലിലുള്ള സകാത്തിനും ഒരേ നിയമം അല്ലേ? 

മറയില്ലാതെ ചില കാര്യങ്ങൾ ജമാഅത്ത് നേതാക്കളോട് ചോദിക്കട്ടെ. 

1) നിങ്ങളുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് സമ്പന്നരുടെ സകാത്ത് ഉപയോഗിക്കുന്നില്ലെന്ന് തുറന്നു പറയാമോ? 

2) സംഘടനാ പ്രവർത്തനങ്ങൾക്ക് സകാത്ത് ഫണ്ട് ഉപയോഗിക്കുന്നതിന്റെ വിധി എന്താണ്?

3) ബൈത്തു സകാത്തിലെ ധനം സംഘടനാ പ്രവർത്തനത്തിനും സ്ഥാപനങ്ങൾക്കും ഉപയോഗിക്കാത്തത് അത് ഹലാൽ അല്ലാത്തതുകൊണ്ടാണോ? 

4) സകാത്ത് ധനം സംഘടനക്കും സ്ഥാപനങ്ങൾക്കും പറ്റില്ലെങ്കിൽ സംഘടനയുടെയും മറ്റു സ്ഥാപനങ്ങളുടെയും പേരിൽ സകാത്ത് ആവശ്യപ്പെട്ടുകൊണ്ട് പ്രബോധനത്തിൽ പരസ്യം വരുന്നത് എന്തിനാണ്?

 

Related Posts