നബിമാർ, ഔലിയാക്കൾ തുടങ്ങിയ മഹാരഥന്മാരുടെ മഖ്ബറകളെ ആദരിച്ച് അവയെ തുണികൊണ്ട് മൂടുന്നതിനാണ് ജാറം മൂടൽ എന്ന് പറയുക. ഇപ്രകാരം ചെയ്യുന്നത് അനുവദനീയമാണെന്ന് പണ്ഡിതമാർ വിശദീകരിച്ചിട്ടുണ്ട്.
സൂറതു തൗബയിലെ പതിനെട്ടാം വചനത്തിൽ വ്യാഖ്യാനത്തിൽ ഇസ്മാഈൽ ഹിഖി ﵀ രേഖപ്പെടുത്തുന്നു. “കശ്ഫുന്നൂർ അൻ അസ്ഹാബിൽ ഖുബൂർ’ എന്ന ഗ്രന്ഥത്തിൽ ശൈഖ് അബ്ദുൽ ഗനിയ്യിന്നാബൽസി(റ) എഴുതുന്നു. പണ്ഡിതന്മാർ, ഔലിയാക്കൾ, സച്ചരിതർ തുടങ്ങിയവരുടെ ഖബ്റുകൾക്കുമുകളിൽ ഖുബ്ബകൾ നിർമ്മിക്കുന്നതും വസ്ത്രങ്ങളും വിരികളും തലപ്പാവുകളും അവരുടെ ഖബ്റുകൾക്കുമുകളിൽ വെക്കുന്നതും അവർ മഹാന്മാരാണെന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്താനും അതുമുഖേന അവർ അവരെ തരംതാഴ്ത്താതിരിക്കാനുമാണെങ്കിൽ അനുവദനീയമാണ്.
ഇതുപോലെ ഔലിയാക്കളുടെ യും സച്ചരിതരുടെയും ഖബ്റുകൾക്കു സമീപം വിളക്കുകളും തിരികളും കത്തിക്കുന്നതും അവരെ ആദരിക്കുന്നതിന്റെ ഭാഗമാണ്. അതിനാൽ അതെല്ലാം നല്ല ലക്ഷ്യ ങ്ങളാണ്. ഔലിയാക്കളെ ആദരിച്ചും അവരെ പ്രിയംവെച്ചും അവരുടെ ഖബ്റുകൾക്കു സമീപം കത്തിക്കാൻ ഒലീവ് എണ്ണയും മെഴുകും നേർച്ചയാക്കുന്നതും അനു വദനീയമാണ്. അതു തടയാൻ പറ്റില്ല.(റുഹുൽ ബയാൻ: 3: 400).
ദീനി ചിഹ്നങ്ങളായ പള്ളികൾ പരിപാലിക്കുന്നതിനെ കുറിച്ചുള്ള ഖുർആനിക പരാമർശത്തിൽ ഔലിയാക്കളുടെയും പണ്ഡിതന്മാരുടെയും ഖബ്ർ പരിപാലനവും ഉൾപ്പെടുമെന്ന് സാരം. ഇമാം നവവി ﵀ പറയുന്നു. “മസ്ജിദുൽ അഖ്സ്വായും മറ്റു പള്ളികളും പരിപാലിക്കുന്നതിന് മുസ്‌ലിമിനും ദിമ്മിയ്യായ കാഫിറിനും സ്വത്ത് വസ്വിയ്യത്ത് ചെയ്യാവുന്നതാണ്. സിയാറതിനും അനുഗ്രഹം തേടലിനും അത് സൗകര്യപ്രദമാകും (റൗളത്തുത്ത്വാലിബീൻ: 6: 98)
നബിയുടെയും മറ്റു അമ്പിയാക്ക ളുടെയും മഖ്ബറകൾ പട്ടുവസ്ത്രം കൊണ്ട് മൂടാമെന്ന് കർമ്മ ശാസ്ത്രപണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. മഹാനായ ഖത്വീബ് ശിർബീനി(റ) എഴുതുന്നു:
കഅ്ബയെ പട്ടുവസ്ത്രം കൊണ്ട് മറയ്ക്കൽ അനുവദനീയമാണ്. നബി ﷺ യുടെ ഖബ്റും അപ്രകാരം തന്നെ. നിരാക്ഷേപം നടന്നുവരുന്ന സമ്പ്രദായമാണത് (മുഗ്നി 4: 105).
ഇമാം റംലി ﵀ പറയുന്നു:
കഅ്ബയെ ആദരിച്ച് പട്ടു കൊണ്ട് മൂടൽ അനുവദനീയമാണ്. നബി ﷺ യുടെയും മറ്റു അമ്പിയാക്കളുടെയും ഖബ്റുകളും പട്ടുകൊണ്ട് മൂടൽ അനുവദനീയമാണ് (നിഹായ).