Site-Logo
POST

പുതിയറ സുലൈമാൻ മുസ്‌ലിയാരും ഖിബ്‌ല സംവാദവും

ഉമൈർ ബുഖാരി

|

16 Feb 2024

feature image

ആധ്യാത്മിക ജ്ഞാനി, ഗ്രന്ഥകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് പുതിയറ സുലൈമാൻ മുസ്‌ലിയാർ.
മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യൻ, ഖുത്ബുൽ ആലം മടവൂർ സി എം അബൂബക്കർ മുസ്‌ലിയാരുടെ വഴികാട്ടി ശൈഖ് മുഹ്‌യിദ്ദീൻ സാഹിബിന്റെ ഗുരുവര്യർ തുടങ്ങിയ ഖ്യാതിയും അദ്ദേഹത്തിനുണ്ട്. ഖിബ്‌ല സംവാദം, വ്യാജ ത്വരീഖതുകൾക്ക് എതിരെയുള്ള പോരാട്ടങ്ങൾ എന്നിവയിൽ ഭാഗവാക്കായ സുലൈമാൻ മുസ്‌ലിയാരുടെ ജീവിതത്തിന് ഇരുപതാം നൂറ്റാണ്ടിലെ കേരളീയ മുസ്‌ലിം ചരിത്രവുമായി ഇഴപിരിയാനാവാത്ത ബന്ധമാണുള്ളത്.

കോഴിക്കോട് നഗരത്തിന്റെ ഹൃദയ ഭാഗത്താണ് അന്ത്യവിശ്രമ കേന്ദ്രമെങ്കിലും ജന്മദേശമായ ദഞ്ചിപ്പാടിയിലേക്ക് ചേർത്താണ് സമകാലിക രേഖകളിൽ
സുലൈമാൻ മുസ്‌ലിയാർ
പരാമർശിക്കപ്പെടുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ പാണമങ്കലൂരിനടുത്ത് ബണ്ട്വാൾ താലൂക്കിലാണ് പ്രദേശം സ്ഥിതി ചെയ്യുന്നത്. പുരാതന പള്ളികളാലും ടിപ്പു സുൽത്താന്റെ ഭരണകാലത്തെ ചരിത്ര നിർമിതികളാലും സമ്പന്നമായ നാടാണിത്. ദഞ്ചിപ്പാടിയിൽ ഹിജ്റ വർഷം 1299/1881ലായിരുന്നു ജനനം. മാതാപിതാക്കളുടെ പേരുകൾ അറിയപ്പെട്ടിട്ടില്ല.

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വെല്ലൂർ ലത്വീഫിയ്യ, ബാഖിയാത് അറബിക് കോളേജുകളിൽ നിന്ന് പഠനം പൂർത്തീകരിച്ച് തിരിച്ചെത്തിയ സന്ദർഭത്തിലാണ് സുലൈമാൻ മുസ്‌ലിയാർ ദഞ്ചിപ്പാടിയിൽ നിന്നും മലബാറിലേക്കുള്ള വൈജ്ഞാനിക യാത്ര തുടങ്ങുന്നത്. വളപട്ടണത്ത് വെച്ചാണ് ഇരുവരുടെയും സമാഗമം.
തുടർന്ന് പുളിക്കലിലേക്കും അവിടെ നിന്ന് വാഴക്കാട് ദാറുൽ ഉലൂമിലേക്ക് മാറിയപ്പോഴും മുസ്‌ലിയാർ ചാലിലകത്തിനെ നിഴൽപോലെ പിന്തുടർന്നു. ശംസുൽ ഉലമാ ഖുത്ബി മുഹമ്മദ് മുസ്‌ലിയാർ, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാർ,
അണ്ടത്തോട് ഉപ്പുങ്ങൽ കുഞ്ഞഹമ്മദ് മുസ്‌ലിയാർ തുടങ്ങി പ്രഗത്ഭ പണ്ഡിതർ ഇക്കാലയളവിലെ സതീർത്ഥ്യരാണ്.

 

1910ൽ പുളിക്കലിൽ വെച്ച് നടന്ന ഖിബ്‌ല സംവാദമാണ് സുലൈമാൻ മുസ്‌ലിയാരെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ പ്രധാന സംഭവം. തുഹ്ഫതുൽ അഹ്ബാബ് എന്ന പേരിൽ സംവാദ സംബന്ധിയായി അദ്ദേഹം ഒരു ഫത്‌വാ സമാഹാരം തയ്യാറാക്കിയിട്ടുണ്ട്. 1915/ഹി1333ൽ തിരൂരങ്ങാടി ആമിറുൽ ഇസ്‌ലാം പ്രസിൽ നിന്നാണ് മുദ്രണം ചെയ്യപ്പെട്ടത്. പുറം ചട്ടയിൽ നൽകിയ ആമുഖത്തിൽ നിന്നും: “തുഹ്ഫതുൽ അഹ്ബാബ് എന്ന ഈ പുതിയ തർജമ കിതാബ് നിസ്കരിക്കുമ്പോൾ ഖിബ്‌ലാക്ക് നേരിടുന്ന, ഇപ്പോൾ നടന്ന് വരുന്ന തർക്ക കാര്യത്തിൽ നാല് മദ്ഹബിലുള്ള പ്രമാണപ്പെട്ട പലേ കിതാബുകളെ ഇബാറതുകളോട് കൂടി തിരൂരങ്ങാടി ചാലിലകത്ത് മൗലവി കുഞ്ഞഹമ്മദ് ഹാജി തങ്ങളുടെ ഫത്‌വകളും ശറഫാക്കപ്പെട്ട മക്ക മുഫ്തികളായ ബഹുമാനപ്പെട്ട സഈദ് ബ്നു മുഹമ്മദ് ബാബ്സ്വീൽ തങ്ങളുടെ ഫത്‌വായും അബ്ദുല്ലാഹിബ്നു സയ്യിദ് മുഹമ്മദ് സ്വാലിഹ് സവാവീ തങ്ങളുടെ ഫത്‌വായും മറ്റും പലേ രേഖകളും മലയാള വാക്കിൽ തർജമ ചെയ്ത് പൊതുജനങ്ങൾക്ക് വായന ചെയ്ത് അറിയത്തക്കവണ്ണം മംഗലാപുരക്കാരൻ ദഞ്ചിപ്പാടി സുലൈമാൻ മൗലവി അവർകൾ അച്ചടിപ്പിച്ച് പ്രസിദ്ധം ചെയ്യുന്നത് ആകുന്നു”

ഖിബ്‌ല തർക്കത്തിന് പശ്ചാതല വിവരണമാണ് തുടർന്ന് നൽകിയിട്ടുള്ളത്. പണ്ഡിതന്മാർക്കിടയിൽ രൂപപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾ ഗ്രന്ഥകാരൻ അതിൽ പരിചയപ്പെടുത്തുന്നുണ്ട്. “ഖിബ്‌ലയുടെ കാര്യത്തിൽ നമ്മുടെ ദിക്കുകളിൽ കുറേ അധികം കാലമായി ഒരു തർക്കം നടന്നു വരുന്നു. എന്നാൽ ആ തർക്കം എന്താണെന്ന് തന്നെ പൊതുജനങ്ങളിൽ മിക്കവർക്കും മനസിലായിട്ടില്ലെന്ന് ഞാൻ വിചാരിക്കുന്നു. അതിനാൽ ആ തർക്കം ഇന്നതെന്ന് വിവരിക്കുന്നു. നമ്മുടെ മലയാളത്തിലെ പള്ളികളുടെ മിഹ്റാബുകളിൽ അനേകം മിഹ്റാബുകൾ ഖിബ്‌ലക്ക് ശരിയല്ലെന്നും ഓരോ ദിക്കുകളിലുള്ള പലേ പള്ളികളുടെ മിഹ്റാബുകൾ തമ്മിൽ അന്യോന്യ വ്യത്യാസങ്ങൾ ഉണ്ടെന്നും അവകളിൽ ഒന്നിനും മറ്റൊന്നിനേക്കാൾ ഒരു വിശേഷതയും ഇല്ലാത്തതിനാൽ അവകൾ ഒന്നിലും ഇജ്തിഹാദ് ചെയ്യാതെ നിസ്കരിക്കാൻ പാടില്ലെന്നും ഒന്നാമതായി ഒരു വാദം പുറപ്പെട്ടു.

അപ്പോൾ, ഖിബ്‌ല കഅബതിൻ്റെ ഐനാണെന്ന ഖൗല് പ്രകാരം നിസ്കരിക്കാൻ പാടില്ലെങ്കിലും ഖിബ്‌ല കഅ്ബതിൻ്റെ ജിഹതാണെന്ന ഖൗല് പ്രകാരം ഈ പള്ളികളിലൊക്കെയും ഇജ്തിഹാദ് കൂടാതെ നിസ്കരിക്കാമെന്ന ഒരു എതിർവാദവും പുറപ്പെട്ടു(പേ. 2). ശേഷം, ‘രണ്ട് കൂട്ടരുടെ ഇടയിൽ നടന്ന ഫത്‌വകളും മറ്റും തേടി തിരഞ്ഞ് കണ്ടുപിടിച്ച്’ സമാഹരിച്ചതാണ് എൺപത്തിയെട്ട് പേജുകളുള്ള ഈ ഗ്രന്ഥം.

പത്ത് ഫത്‌വകളാണ് അപ്രകാരം തുഹ്ഫതുൽ അഹ്ബാബിലുള്ളത്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതാണ് അവയിൽ ആറെണ്ണം. അദ്ദേഹത്തിന് മറുപടിയായി തട്ടാങ്ങര കുട്യാമു മുസ്‌ലിയാർ, കുഞ്ഞമ്പാവ മുസ്‌ലിയാർ, കരിമ്പനക്കൽ അഹ്മദ് മുസ്‌ലിയാർ, കരിമ്പനക്കൽ പോക്കർ എന്നിവർ നൽകിയവയാണ് മറ്റുള്ളവ.
അതോടൊപ്പം, ‘കറാച്ചി മുതൽ കന്യാകുമാരി വരെയും അവിടെ മുതൽ കൽക്കത്ത വരെയുമുള്ള’ മലയാളികൾക്ക് ഹജ്ജിൻ്റെ യാത്രയിൽ ഖിബ്‌ല സംബന്ധമായി വരുന്ന അളവുകളും സ്ഥലങ്ങളും ചേർത്തിട്ടുണ്ട്.

 

ആമുഖം കഴിഞ്ഞ് മക്ക മുഫ്തിമാരോട് കേരള മൗലവിമാർ ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ്. മുഫ്തി മുഹമ്മദ് സഈദ് ബ്നു മുഹമ്മദ് ബാബുസ്വീൽ അവർകളുടെ ഫത്‌വയാണ് ആദ്യത്തേത്. യമനിൽ നിന്ന് മക്കയിലെത്തിയ പ്രസിദ്ധ പണ്ഡിത കുടുംബമാണ് ബാബുസ്വീൽ. അവരിൽ പ്രധാനിയാണ് മുഫ്തി മുഹമ്മദ് സഈദ്(ഹി. 1245- 1330). ബിഗ്‌യതു റാഗിബീൻ വഖുർറത്തു ഐനി അഹ്‌ലിൽ ബലദിൽ അമീൻ എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ്
ശൈഖ് അബ്ദുല്ലാ സവാവിയുടെതാണ് മറ്റൊരു ഫത്‌വ. മക്ക സ്വദേശിയായ അദ്ദേഹം ഇന്ത്യ, ചൈന, മലേഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ കേരളീയ പണ്ഡിതന്മാർക്കിടയിൽ നടന്ന വൈജ്ഞാനിക ചർച്ചക്കൾക്ക് പുറമെ മലയാളികളുടെ അക്കാലത്തെ സാമൂഹിക സാംസ്കാരിക ഇടപെടലുകളെയും ദേശാന്തരീയ ബന്ധങ്ങളെയും കൃത്യമായി അനാവരണം ചെയ്യുന്ന രചനയാണ് പുതിയറ സുലൈമാൻ മുസ്‌ലിയാരുടെ തുഹ്ഫതുൽ അഹ്ബാബ്. ഗണിത ശാസ്ത്ര, ഗോള ശാസ്ത്ര പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ ഖിബ്‌ല സംവാദം
പ്രചോദനം നൽകി. ഗുരുനാഥന്മാരും ശിഷ്യന്മാരും ശിഷ്യന്മാരുടെ ശിഷ്യന്മാരും തമ്മിലുള്ള സംവാദമായിരുന്നു അത്. മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഗുരുനാഥനാണ് തട്ടാങ്ങര കുട്യാമു മുസ്‌ലിയാർ. ഇരുവരും സംവാദത്തിൽ ഭിന്ന ധ്രുവങ്ങളിലായിരുന്നു.

മൗലാനാ ഗുരുവിനോട് വിയോജിച്ചപ്പോൾ തൻ്റെ ശിഷ്യനായ അല്ലാമാ ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി ഗുരുവിൻ്റെ ഗുരുവായ കുട്യാമു മുസ്‌ലിയാരുടെ നിലപാടിനൊപ്പം നിന്നു. ആ പരസ്പര ബഹുമാനം പാലിച്ചാണ് ചാലിലകത്ത് സംവാദത്തിൽ സംസാരിച്ചിരുന്നത്.
പുതിയറ സുലൈമാൻ മുസ്‌ലിയാരുടെ തുഹ്ഫതുൽ അഹ്ബാബിൽ ആ ശൈലി പിന്തുടരുന്നത് കാണാം. അതിൽ അദ്ദേഹം എതിർപക്ഷത്തുള്ള പണ്ഡിതന്മാരെ ബഹുമാനപൂർവ്വം തങ്ങൾ എന്നാണ് അഭിസംബോധനം ചെയ്യുന്നത്. അഥവാ, രണ്ട് പക്ഷങ്ങൾ തമ്മിലുള്ള തർക്കമായിരുന്നില്ല, മറിച്ച് സത്യമാണെന്ന് വിശ്വസിച്ച കാര്യം സമർത്ഥിക്കാൻ ഒരു പക്ഷമായി നിന്ന് നടത്തിയ വൈജ്ഞാനിക വിനിമയമായിരുന്നു ഖിബ്‌ല സംവാദം.

Related Posts