Site-Logo
POST

പരേതർക്കുള്ള ഖുർആൻ പാരായണം; ഇമാം ശാഫിഈ യുടെ പക്ഷം

അബൂ യാസീൻ അഹ്‌സനി ചെറുശോല

|

24 May 2024

feature image

ഇമാം ശാഫിഈ ﵀ തന്റെ പ്രസിദ്ധമായ ഗ്രന്ഥം 'ഉമ്മിൽ' എഴുതുന്നു:


‎وأُحِبُّ لَوْ قُرِئَ عِنْدَ القَبْرِ ودُعِيَ لِلْمَيِّتِ [الأم للإمام الشافعي: ١/٣٢٢]

“ഖബറിന്റെ ചാരത്തു വെച്ച് ഖുർആൻ ഓതുകയും മയ്യിത്തിന് വേണ്ടി ദുആ ചെയ്യുകയും ചെയ്യുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു.” (അൽ ഉമ്മ്:1/322)

 

ഇമാം നവവി ﵀ തന്റെ ഹദീസ് ഗ്രന്ഥമായ രിയാളുസ്സ്വാലിഹീനിലും ഫിഖ്ഹിന്റെ ഗ്രന്ഥം ശറഹുൽ മുഹദ്ദബിലും എഴുതുന്നു.


‎قال الشافعي رحمه الله : ويُستحب أن يُقرأ عنده شيء من القرآن وإن ختموا القرآن عنده كان حسنا المجموع شرح المهذب ٥/٢٩٤] [رياض الصالحين : ٣٧٠]

ഇമാം ശാഫിഈ ﵀ പറഞ്ഞു. ഖബറിനു ചാരെ ഖുർആനിൽ നിന്നൽപ്പം ഓതൽ സുന്നത്താണ്. ഇനി അവിടെ വെച്ച് ഖുർആൻ മുഴുവൻ ഖത്മ് ചെയ്യുകയാണെങ്കിൽ അത് ഏറ്റവും നല്ല കാര്യമാണ്. (രിയാളുസ്വാലിഹീൻ:370)

 

ഇത്ര വ്യക്തമായി മരണപ്പെട്ടവർക്ക് ഖുർആൻ ഓതിയാൽ അത് ഉപകരിക്കുമെന്നു പറഞ്ഞ ഇമാം ശാഫിഈ ﵀ ഇതിനു നേരെ വൈരുദ്ധ്യം പറയില്ല എന്നത് ഏതൊരാൾക്കും ചിന്തി ക്കാവുന്നതേയുള്ളൂ. എന്നാൽ ബിദ്അതുകാർ അവർക്കാവശ്യമുള്ള ഭാഗങ്ങൾ മാത്രം കട്ടു പ്രചരിപ്പിച്ചും ദുർവ്യാഖ്യാനിച്ചും ജനങ്ങളെ വഞ്ചിക്കാറാണ് പതിവ്. അതിനായി എപ്പോഴും ഉദ്ധരിക്കാറുള്ള ഒരു ഉദ്ധരണിയാണ് ഹാഫിള് ഇബ്നു കസീർ തന്റെ തഫ്സീറിൽ (സൂറ:അന്നജ്‌മിലെ:39) സൂക്തത്തിന്റെ വിശദീകരണത്തിൽ പറയുന്ന വരികൾ. അതായത് ഖുർആനിലെ 39 : وأن ليس للإنسان إلاّ ما سعي  6  ആം സൂക്തം (മനുഷ്യന് അവൻ സ്വന്തം അദ്ധ്വാനിച്ചുണ്ടാക്കിയ ഒന്നിലല്ലാതെ ഉടമാവകാശമില്ല) എന്നർത്ഥം വരുന്ന ഒരു ആയത്താണത്. ഈ ആയത്ത് തെളിവാക്കിക്കൊണ്ട് ഇമാം ശാഫിഈ ﵀ മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്താൽ അവരിലേക്ക് അത് എത്തുകയില്ലെന്ന് പഠിപ്പിച്ചിട്ടുണ്ട്. അതു കൊണ്ട് അങ്ങിനെ ഖുർആൻ പാരായണം ചെയ്ത് ദാനം ചെയ്യൽ ബിദ്അത്താണെന്നും മയ്യിത്തിനു അതുകൊണ്ട് ഒരു ഉപകാരവും ലഭിക്കു കയില്ലെന്നുമാണ് ഇമാം ശാഫിഈ ﵀ പറഞ്ഞിട്ടുള്ളത് എന്ന് പറഞ്ഞുകൊണ്ടാണ് പുത്തൻവാദികൾ ജനങ്ങളെ തെറ്റുദ്ധരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

എന്നാൽ എന്താണ് ഇമാം ശാഫിഈ ﵀ യഥാർത്ഥത്തിൽ പറഞ്ഞതെന്ന് നമുക്ക് പരിശോധിക്കാം. ഇമാം ശാഫിഈ ﵀ യോ മറ്റു ശാഫിഈ മദ്ഹബിലെ ഇമാമുകളോ മരണപ്പെട്ടവർക്ക് വേണ്ടി പാരായണം ചെയ്യപ്പെടുന്ന ഖുർആൻ കൊണ്ട് മരണപ്പെട്ടവർക്ക് ഉപകാരം ലഭിക്കുകയില്ലെന്നോ അവർക്ക് ഫലം ചെയ്യുകയില്ലെന്നോ പറഞ്ഞിട്ടില്ല. മറിച്ച് അതുവഴി മരണപ്പെട്ടവർക്ക് ഉപകരിക്കും എന്നു തന്നെയാണ് ഇമാം പഠിപ്പിച്ചതും ശാഫിഈ മദ്ഹബ് പഠിപ്പിക്കുന്നതും. പിന്നെ അവിടെയുള്ള വിഷയം കർമ്മശാസ്ത്ര മദ്ഹബുകളിലെ വൈവിധ്യമായ വീക്ഷണ വ്യത്യാസമാണ്. നമുക്കത് പരിശോധിക്കാം.

‎يقول الحافظ الإمام المفسر قاضي القضاة تقي الدن السبكي رحمه الله: والمشهور عن الإمامين مالك والشافعي عدم وصول القرآن إلى الميت، وعن الإمام أبي حنيفة وأحمد رضي الله عنهم وصوله.

‎• قضاء الأرب في أسئلة حلب : ص / 457 للسبكي رحمه الله-756هـ،
‎. شرح الصدور بشرح حال الموتى والقبور : ص/310) للحافظ السيوطي
‎• الفوز العظيم في لقاء الكريم: ص/122) للحافظ السيوطي-911هـ.

മരണപ്പെട്ടവർക്ക് വേണ്ടി പാരായണം ചെയ്യപ്പെടുന്ന ഖുർആനിന്റെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരുന്ന വിഷയത്തിൽ നാലു മദ്ഹബുകൾക്കിടയിൽ രണ്ട് വീക്ഷണമാണുള്ളത്. ഒന്നാമത്തെ വീക്ഷണം ഒരു വ്യക്തി ഒരു മരണപ്പെട്ടവ്യക്തിയേയോ അല്ലെങ്കിൽ ജീവിച്ചിരിക്കുന്ന വ്യക്തിയേയോ ഉദ്ധേശിച്ച് ഖുർആൻ പാരായണം ചെയ്ത് ഹദ്‌യ  ചെയ്താൽ തന്നെ മയ്യിത്തിലേക്ക് ആ പ്രതിഫലം ചേരും എന്നാണ്. ഈ അഭിപ്രായമാണ് ഇമാം അബൂഹനീഫ ﵀ യും ഇമാം അഹ്മദ് ബ്‌നുഹമ്പൽ ﵀ വും പറഞ്ഞിട്ടുള്ളത്. എന്നാൽ ഇമാം ശാഫിഈ ﵀ യും ഇമാം മാലിക്ക് ﵀ യും പഠിപ്പിച്ചത് അങ്ങിനെ മരണപ്പെട്ടവരെ അല്ലെങ്കിൽ ജീവിച്ചിരിക്കുന്നവരെ കരുതി പാരായണം ചെയ്തു എന്നതുകൊണ്ട് മാത്രം മരണപ്പെട്ടവരിലേക്ക് ചേരില്ല എന്നാണ്. ഇക്കാര്യം ഇമാം തഖിയ്യുദ്ദീൻ അസ്സുബ്‌ക്കി ﵀ ഖളാഉൽ അറബി ഫീഅസ്ഇലത്തി ഹലബ്/പേജ്: 457 ലും മറ്റു ഇമാമുകൾ അവരുടെ കിത്താബുകളിലും വ്യക്തമാക്കിയതായി കാണാം.

ഹാഫിളു സ്സുയൂത്വീ ﵀ പറഞ്ഞത്: സലഫുകളിൽ ഭൂരിഭാഗവും മൂന്ന് മദ്ഹബിന്റെ ഇമാമുകളും പറഞ്ഞിട്ടുള്ളത് മരണപ്പെട്ട വരിലേക്ക് ഖുർആനിന്റെ പ്രതിഫലം ചേരും എന്നാണ്. ഇമാം ശാഫിഈ ﵀ ചേരില്ലെന്നു പറഞ്ഞിട്ടുള്ളത് ഹാഫിളുസ്സുയൂത്വി ﵀ യുടെ ശറഹുസ്സുദൂർ :പേജ്/310ലും, തന്റെ അൽഫൗസുൽ അളീം ഫീലിഖാഇൽ കരീം:പേജ്/122 ലും പറയുന്നതായി കാണാം. അഥവാ മരണപ്പെട്ടവർക്ക് വേണ്ടി പാരായണം ചെയ്യപ്പെടുന്ന ഖുർആൻ കൊണ്ട് മരണപ്പെട്ടവർക്ക് ഉപകരിക്കുമോ ഇല്ലയോ എന്ന ചർച്ചയും തർക്കവുമല്ല ഇവിടെയുള്ളത് മറിച്ച് പാരായണം ചെയ്യപ്പെടുന്ന ഖുർആന്റെ തുല്യമായ പ്രതിഫലം മയ്യിത്തിലേക്ക് ചേരണമെങ്കിൽ എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് പഠിപ്പിക്കുകയാണ് ഈ ഇമാമുകൾ.

ഇമാം ശാഫിഈ ﵀ യും ഇമാം മാലിക്ക് ﵀ യും പറയുന്നത്: "മയ്യിത്തിനെ കരുതി പാരായണം ചെയ്തത് കൊണ്ട് മയ്യിത്തിലേക്ക് പ്രതിഫലം എത്തില്ല. കാരണം പാരായണം ചെയ്തതിന്റെ പ്രതിഫലം പാരായണം ചെയ്ത വ്യക്തിക്കാണ്. അതാണ് വിശുദ്ധ ഖുർആനിൽ "മനുഷ്യനു അവൻ ചെയ്തതല്ലാതെ ഇല്ല" എന്ന് പഠിപ്പിച്ചത്. ഇമാം ശാഫിഈ ﵀ പഠിപ്പിച്ച ഈ ആശയം തന്നെയാണു ശാഫിഈ മദ്ഹബും. ശാഫിഈ മദ്ഹബിലെ പിൽകാല ഇമാമുകളിൽ ചിലർ പാരായണം ചെയ്തു ദാനം ചെയ്താൽ തന്നെ മരണപ്പെട്ടവരിലേക്ക് ചേരും എന്നും പറഞ്ഞിട്ടുണ്ട്. ഏതായാലും ഖുർആൻ പാരായണം കൊണ്ട് ഉപകരിക്കുയില്ലെന്ന് ഇമാം ശാഫിഈ ﵀ യോ ശാഫിഈ മദ്ഹബോ മറ്റു മദ്ഹബുകളോ പറഞ്ഞിട്ടില്ല. അക്കാര്യം ഇമാം നവവി ﵀ യടക്കമുള്ള ഇമാമുകൾ വിശദീകരിച്ചതായി കാണാം. അതോടൊപ്പം ഇമാമുകൾ ഒരു കാര്യവുംകൂടി പഠിപ്പിച്ചിട്ടുണ്ട്. അഥവാ പരായണം ചെയ്യപ്പെടുന്ന ഖുർആനിന്റെ തുല്യമായ
കൂലി മരണപ്പെട്ടവർക്ക് ലഭിക്കാൻ വേണ്ടി തുല്യമായ പ്രതിഫലത്തെ മരണപ്പെട്ടവർക്ക് ദാനം ചെയ്യുകയും അതു അല്ലാഹു സ്വീകരിക്കാൻ വേണ്ടി ദുആചെയ്യുകയും വേണമെന്നാണ്. അങ്ങനെ ചെയ്താൽ അത് മയ്യിത്തിന് ഉപകരിക്കുമെന്നതിൽ തർക്കമില്ല.

മറിച്ച് ഹനഫീ മദ്ഹബിലും ഹമ്പലീ മദ്ഹബിലും മരണപ്പെട്ടവരെ കരുതി പാരായണം ചെയ്താൽ തന്നെ പ്രതിഫലം ലഭിക്കും എന്നാണു പഠിപ്പിച്ചിട്ടുള്ളത്. ആ ഒരു വ്യത്യാസമാണ് ഈ വിഷയത്തിലുള്ളത്. നമുക്ക് ഈ കാര്യം വ്യക്തമായി ഇമാമുകൾ പറഞ്ഞ ഉദ്ധരണികളിലേക്കു കടക്കാം.

ഖാത്തിമത്തുൽ മുഹഖിഖീൻ ഇമാം ഇബ്നു ഹജരിൽ ഹൈത്തമി ﵀ തുഹ്ഫതുൽ മുഹ്‌താജിൽ പറയുന്നത് കാണുക:

‎حَمَلَ جَمْعُ عَدْمَ الْوُصُولِ الَّذِي قَالَ عَنْهُ الْمُصَنِّفُ فِي شَرَحٍ مُسْلِمٍ أَنَّهُ مَشْهُورُ الْمَذْهَبِ عَلَى مَا إِذَا قُرِأَ لَا بِحَضْرَةِ الْمَيِّتِ وَلَمْ يَنْوِ الْقَارِئُ ثَوَابَ قِرَاءَتِهِ لَهُ أَوْ نَوَاهُ وَلَمْ يَدْعُ لَهُ.... قَالَ ابْنُ الصَّلاحِ رحمه الله : وَيَنْبَغِي الْجَزْمُ بِنَفْعِ أَللهم أَوْصِلْ ثَوَابَ مَا قَرَأْنَاهُ أَي مِثْلَهُ فَهُوَ الْمُرَادُ. (تُحْفَةُ الْمُحْتَاجِ لِابْنِ حَجَرِ الْهَيْتَمِيِّ رحمه الله : 74/7)

ഇമാം നവവി ﵀ ശർഹുമുസ്‌ലിമിൽ മരണപ്പെട്ടവർക്ക് വേണ്ടിയുള്ള ഖുർആൻ പാരായണം മയ്യിത്തിലേക്ക് ചേരുകയില്ലെന്നതാണ് ശാഫിഈ മദ്ഹബിലെ പ്രസിദ്ധമായ വീക്ഷണം എന്ന് പറഞ്ഞത് മയ്യിത്തിന്റെ സമീപത്ത് വെച്ച് പാരായണം ചെയ്യപ്പെടാതിരിക്കുകയും, പാരായണം ചെയ്തതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക് വേണ്ടി കരുതാതിരിക്കുകയും അല്ലെങ്കിൽ കരുതി, പക്ഷെ ദുആ ചെയ്യാതിരിക്കുകയും ചെയ്യുന്നതിന്റെ മേലിലാണ് ഒരു കൂട്ടം ഇമാമുകൾ ചുമത്തിയത്. ഇമാം ഇബ്നുസ്സ്വലാഹ് ﵀ പറഞ്ഞിട്ടുണ്ട്. “അല്ലാഹുവേ ഞാൻ പാരായണം ചെയ്തതിന്റെ തുല്യ പ്രതിഫലത്തെ ഇന്നയാളിലേക്ക് നീ എത്തിച്ചു കൊടുക്കേണമേ” എന്ന് ദുആ ചെയ്താൽ തീർച്ചയായും അതുകൊണ്ട് മയ്യിത്തിനു ഉപകരിക്കും“. (തുഹ്ഫത്തുൽ മുഹ്താജ്:7/74)

 

മറ്റൊരു ഉദ്ധരണി കൂടി കാണുക:


‎[وَيَقْرَأُ مَا تَيَسَّرَ [وَيَدْعُوا لَهُ عَقِبَ الْقِرَاءَةِ بَعْدَ تَوَجُهِهِ لِلْقِبْلَةِ، لِأَنَّهُ أَرْجَى لِلْإِجَابَةِ وَيَكُونُ الْمَيِّتُ كَحَاضِرٍ تُرْجَى لَهُ الرَّحْمَةُ وَالْبَرَكَةُ بَلْ تَصِلُ لَهُ الْقِرَاءَةُ هُنَا وَفِيمَا إِذَا دَعَى لَهُ وَلَوْ بِعِيدَها . (تحفة المحتاج : 435/1) للإمام ابن حجر الهيتمي رحمه الله

ഖബ്ർ സന്ദർശിക്കുന്നവർ തനിക്ക് സാധിക്കുന്ന രീതിയിൽ ഖുർആൻ പാരായണം ചെയ്യുകയും ഖിബ്‌ലക്ക് അഭിമുഖമായി മയ്യിത്തിനു വേണ്ടി ദുആ ചെയ്യുകയും വേണം. നിശ്ചയം ഖുർആൻ പാരായണ ശേഷം പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാൻ ഏറ്റവും സാധ്യതയുള്ള സമയമാണ്. ഖബ്റിന്നു സമീപം നിൽക്കുന്നവനെപ്പോലെ ഖബ്റിലുള്ള മയ്യിത്തിനും അല്ലാഹുവിന്റെ അനുഗ്രഹവും ബറക്കത്തും പ്രതീക്ഷിക്കപ്പെടുന്നതാണ്. എന്നല്ല ഖബ്റിന്ന് സമീപത്ത് വെച്ച് പാരായണം ചെയ്യപ്പെടുന്നതും വിദൂരത്ത് വെച്ചാണെങ്കിലും പാരായാണ ശേഷം മയ്യിത്തിനുവേണ്ടി പ്രാർത്ഥന ചെയ്യപ്പെടുന്നതുമായ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിലേക്ക് എത്തുന്നതാണ്. (തുഹ്ഫത്തുൽ മുഹ്താജ്: 1/435)

 

ഇങ്ങനെ ഖുർആൻ പാരായണം ചെയ്ത ശേഷം തുല്യ പ്രതിഫലത്തെ മയ്യിത്തിലേക്ക് എത്തിക്കാൻ അല്ലാഹുവിനോട് ദുആ ചെയ്യുകയും അത് ദാനം ചെയ്യുകയും ചെയ്താൽ അത്
ഖബ്റിന്നു സമീപത്ത് വെച്ചാണെങ്കിലും അല്ലെങ്കിലും മരണപ്പെട്ടവർക്ക് ഉപകരിക്കും എന്ന് ഇമാം ഇബ്നു ഹജരിൽ ഹൈത്തമി ﵀ ക്ക് പുറമെ ശാഫിഈ മദ്ഹബിലെ നിരവധി
ഇമാമുകൾ പഠിപ്പിക്കുന്നതായി കാണാം. ഇമാം നവവി ﵀ തന്റെ റൗളതുത്ത്വാലിബീൻ: 5/191ലും ഇമാം ഹാഫിള് ഇബ്നു ഹജരിൽ അസ്ഖലാനി ﵀ തന്റെ ഫത്താവാ:പേജ്/30,39,40 യിലും ഇബ്നുഹജരിൽ അസ്ഖലാനി ﵀ യുടെ ഗുരുവര്യരായ ഇമാം നൂറുദ്ദീൻ ഇബ്നുൽഖത്ത്വാൻ അൽഅസ്ഖലാനി ﵀ അൽഖൗലു ബിൽ ഇഹ്‌സാനിൽ അളീം: പേജ്/3,4 ലും, ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരി ﵀ ഫത്താവാ:പേജ്/150 ലും ഇത് പഠിപ്പിച്ചതായി കാണാം.

ചുരുക്കത്തിൽ മരണപ്പെട്ടവർക്ക് വേണ്ടിയുള്ള ഖുർആൻ ഓത്ത് ഉപകരിക്കും എന്നു തന്നെയാണ് മഹാനായ ഇമാം ശാഫിഈ ﵀ അടക്കമുള്ളവർ പഠിപ്പിച്ചിട്ടുള്ളത്. ഇമാം ശാഫിഈ ﵀ ഉമ്മിൽ അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്.

‎وَأُحِبُّ لَوْ قُرِئَ عِنْدَ الْقَبْرِ وَدَعَا لِلْمَيِّتِ.
‎كِتَابُ الْأُمِّ : 645/2 للإمام الشافعي رحمه الله . ( وَنَقَل عَنْهُ الْحَافِظُ الْبَيْهَقِيُّ فِي (مَعْرِفَةُ السُّنَنِ وَالْآثَارِ : 333/5) وَالْحَافِظُ السَّخَاوِيُّ فِي كِتَابِهِ: (قُرَّةُ الْعَيْنِ بِالْمَسَرَّةِ
‎الْحَاصِلَةِ بِالثَّوَابِ لِلْمَيِّتِ وَالْأَبَوَيْنِ: ص/110) وَغَيْرُهُمْ.

“ഖബ്റിന്നു സമീപത്ത് വെച്ച് ഖുർആൻ പാരായണം ചെയ്യലിനേയും മയ്യിത്തിനുവേണ്ടി പ്രാർത്ഥന നടത്തലിനേയും ഞാൻ ഇഷ്ടപ്പെടുന്നു.” (കിത്താബുൽ ഉമ്മ്: 2/645 )
 

ഇക്കാര്യം ഇമാം ശാഫിഈ ﵀ യിൽ നിന്നും ഹാഫിള് അൽബൈഹഖീ ﵀ മഅരിഫത്തുസ്സുനനി വൽആസാർ :5/333 ലും ഹാഫിളു സ്സഖാവി ﵀ ഖുർറത്തുൽഐൻ: 110 ലും മറ്റു ഇമാമുകളും ഉദ്ധരിച്ചതായി കാണാം.

മാത്രമല്ല ഇമാം ശാഫിഈ ﵀ പറഞ്ഞതായി ഇമാം നവവി ﵀ എഴുതുന്നു.

‎قَالَ الْإِمَامُ الشَّافِعِيُّ رَحِمَهُ اللهِ: وَيُسْتَحَبُّ أَنْ يَقْرَأَ عِنْدَهُ شَيْءٌ مِنَ الْقُرْآنِ وَإِنْ خَتَمُوا الْقُرْآنَ عِنْدَهُ كَانَ حَسَنًا. (رِيَاضُ الصَّالِحِينَ لِلْإِمَامِ النَّوَوِيُّ : ص/370) ،

“ഇമാം ശാഫിഈ ﵀ പറഞ്ഞു: മയ്യിത്തിന്റെ സമീപത്ത് വെച്ച് സാധിക്കുന്നയത്ര ഖുർആൻ പാരായണം ചെയ്യൽ സുന്നത്താക്കപ്പെടും. ഇനി ഖുർആൻ ഖതമ് തന്നെ തീർക്കുകയാണെങ്കിൽ അത് ഏറ്റവും നല്ലതാണ്" (രിയാളു സ്സ്വാലിഹീൻ: /370)

മറ്റു നിരവധി ഇമാമുകൾ ഇത് രേഖപ്പെടുത്തുന്നുണ്ട്.

‎. (حَدَائِقُ الْأَوْلِيَاءِ : 71/2) لِلْإِمَامُ ابْنُ الْمُلَقِّنْ
‎. (شَرَحُ رِيَاضِ الصَّالِحِينَ : 500/4) لِلْإِمَامِ ابْنُ كَمَالَ بَاشَا الْحَنَفِي . دَلِيلُ الْفَالِحِينَ : 103/6) لِلْعَلامَةِ ابْنُ عَلَانِ الشَّافِعِيِّ رَحِمَهُ اللَّهِ

ഇമാം ശാഫിഈ ﵀ മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യാൻ കല്പിക്കുന്നു:

‎قَدْ نَصَّ الشَّافِعِيُّ وَالْأَصْحَابُ عَلَى أَنَّهُ يَقْرَأُ مَا تَيَسَّرَ مِنَ الْقُرْآنِ وَيَدْعُو لِلْمَيِّتِ عَقِيبَهَا، وَفِيهِ فَائِدَتَانِ: أَحَدُهُمَا أَنَّ الدُّعَاءَ عَقِبَ الْقِرَاءَةِ أَقْرَبُ إِلَى الْإِجَابَةِ، وَالثَّانِي: يَنَالُ الْمَيِّتُ بَرَكَةَ الْقِرَاءَةِ، كَالْحَاضِرِ الْحَيِّ الخ.

‎• قَضَاءُ الْأَرَبِ فِي أَسْئِلَةِ حَلَبَ : 453-454) لِلإِمَامِ تَقِيُّ الدِّينِ السُّبْكِي - 756هـ،
‎• شَرَحُ الْمُهَذَّبِ : 260/5) وَ (رَوْضَةُ الطَّالِبِينَ : 191/5) لِلْإِمَامِ النَّوَوِيِّ،
‎• الْفَوْزُ الْعَظِيمِ فِي لِقَاءِ الْكَرِيمِ : ص /123) لِلْحَافِظِ السُّيُوطِيِّ
‎. قُرَّةُ الْعَيْنِ بِالْمَسَرَّةِ الْحَاصِلَةِ بِالثَّوَابِ لِلْمَيِّتِ وَالْأَبَوَيْنِ : 116) لِلْحَافِظِ السَّخَاوِيِّ
‎• تُحْفَةَ الْمُحْتَاجِ ( 100/4 : لِخَاتِمَةِ الْمُحَقِّقِينُ ابْنُ حَجَرِ الْهَيْتَمِيِّ رَحِمَهُمُ اللَّهُ

ഇമാം തഖിയ്യുദ്ദീൻ അസ്സുബ്ക്കി ﵀ പറയുന്നു: "നിശ്ചയം ഇമാം ശാഫിഈ ﵀ അനുചരന്മാരും മരണപ്പെട്ട വർക്കുവേണ്ടി സാധിക്കുന്ന രീതിയിൽ ഖുർആൻ പാരായണം ചെയ്യണമെന്നും ശേഷം മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും ഖണ്ഡിതമായി പഠിപ്പിച്ചിട്ടുണ്ട്. അങ്ങിനെ ചെയ്യുന്നതിൽ രണ്ട് ഗുണമാണുള്ളത്. ഒന്ന്: നിശ്ചയം ഖുർആൻ പാരായണം ചെയ്തശേഷം പ്രാർത്ഥനക്ക് ഏറ്റവും കൂടുതൽ ഉത്തരം ലഭിക്കപ്പെടുന്നതാണ്. രണ്ട്: ജീവിച്ചിരിക്കുവരെ പോലെ തന്നെ മരണപ്പെട്ടവർക്കും ഖുർആൻ പാരായണം ചെയ്തതിന്റെ ബറക്കത്ത് ലഭിക്കുന്നതുമാണ്. ഇമാം സുബ്കി ﵀ ഖളാഉൽ അറബി ഫീ അസ്ഇലത്തി ഹലബ്: പേജ്/453-454.

ഇക്കാര്യം മഹാനായ ഇമാം നവവി ﵀ തന്റെ ശറഹുൽ മുഹദ്ദബ്:5/286 ലും റൗളത്തു ത്ത്വാലിബീൻ:5/191 ലും, ഹാഫിളുസ്സുയൂത്വി ﵀ അൽഫൗസുൽ അളീം ഫീ ലിഖാഇൽകരീം: പേജ്/123 ലും, ഖാത്തിമത്തുൽ മുഹഖിഖീൻ ഇബ്നുഹജരിൽ ഹൈത്തമി ﵀ തുഹ്ഫത്തുൽ മുഹ്താജ്:4/100 ലും ശാഫിഈ മദ്ഹബിലെ മറ്റു ഇമാമുകൾ അവരുടെ കിത്താബുകളിളും പഠിപ്പിച്ചതായി കാണാം.

ഇമാം ശാഫിഈ ﵀ ഖുർആൻ പാരായണത്തെ അംഗീകരിക്കുന്നു: ഇമാം ശാഫിഈ ﵀ ന്റെ പ്രധാന ശിഷ്യനായ ഇമാം സഅഫറാനി ﵀ പറയുന്നു:

‎وَعَنِ الزَّعْفَرَانِي قَالَ: سَأَلْتُ الشَّافِعِيَّ رَضِيَ اللهُ عَنْهُ: عَنِ الْقِرَاءَةِ عِنْدَ الْقَبْرِ
‎فَقَالَ: لَا بَأْسَ بِهِ ، وَهَذَا نَصِّ غَرِيبٌ عَنِ الشَّافِعِيِّ وَالزَّعْفَرَانِيُّ مِنْ رُوَاةِ الْقَدِيمِ وَهُوَ ثِقَةٌ
‎وَإِذَا لَمْ يُرِدْ فِي الْجَدِيدِ مَا يُخَالِفُ نُصُوصَ الْقَدِيمِ فَهُوَ مَعْمُولٌ بِهِ.
‎• فَتَاوَى لِلْحَافِظِ الْعَسْقَلانِي : ص 35-36
‎• شَرَحُ الصُّدُورِ بِشَرَحِ حَالِ الْمَوْتَى وَالْقُبُورِ: ص/311
‎• الْفَوْزُ الْعَظِيمِ فِي لِقَاءِ الْكَرِيمِ لِلْحَافِظِ السُّيُوطِي : ص 122-123
‎. قُرَّةُ الْعَيْنِ لِلْحَافِظِ السَّخَاوِي رحمهم الله. : ص 108

“ഖബ്റിനു സമീപത്തു വെച്ച് ഖുർആൻ പാരായണം ചെയ്യുന്നതിനെ കുറിച്ച് ഞാൻ ഇമാം ശാഫിഈ ﵀ യോട് ചോദിച്ചു. അപ്പോൾ ഇമാം ശാഫിഈ ﵀ പറഞ്ഞു: “അത് കുഴപ്പമില്ല”
ഇതുദ്ധരിച്ചു കൊണ്ട് ഹാഫിള് ഇബ്നുഹജരിൽ അസ്ഖലാനി ﵀ പറയുന്നു: ഈ പറഞ്ഞത് ഇമാം ശാഫിഈ ﵀ വിൽ നിന്നും ഖുർആൻ പാരായണം ചെയ്യുന്നതിനുള്ള ഖണ്ഡിതമായ തെളിവാണ്. ഇമാം സഅഫറാനി ﵀ ഇമാം ശാഫിഈ ﵀ യുടെ ഖദീമായ അഭിപ്രായങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സ്വീകാര്യനായ ഇമാമാണ്. ജദീദായ അഭിപ്രായങ്ങളിൽ ഈ പറഞ്ഞതിന്ന് വിരുദ്ധമായി വന്നിട്ടില്ലെങ്കിൽ ഇതുകൊണ്ട് അമൽ ചെയ്യാവുന്നതാണ്.''

ഇത് ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി ﵀ ഫത്താവാ പേജ്: 35-36 ലും, ഹാഫിളുസ്സുയൂത്വീ ﵀ ശറഹുസ്സുദൂർ പേജ്:311ലും, അൽഫൗസുൽ അളീം ഫീ ലിഖാഇൽ കരീം പേജ്:122-123 ലും ഹാഫിളു സ്സഖാവി ﵀ തന്റെ ഖുർറത്തുൽ ഐൻ പേജ്:108ലും, പുത്തൻ വാദികൾ അവരുടെ പൂർവ്വകാല നേതാക്കളിൽ രണ്ടാമനായി മുജാഹിദ് സെന്റർ പുറത്തിറക്കിയ "ഇസ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം" എന്ന ബുക്കിൽ പരിചയപ്പെടുത്തിയ ഇബ്നുൽഖയ്യിം അൽജൗസി കിത്താബുർറൂഹ് പേജ്:16ലും മറ്റു നിരവധി ഇമാമുകളും പറയുന്നതായി കാണാം.

അതോടൊപ്പം, ഇമാം ശാഫിഈ ﵀ വഫാത്തായ മഹത്തുക്കൾക്ക് വേണ്ടി ഖുർആൻ പാരായണം നടത്തിയതായി ഇമാമുകൾ രേഖപ്പെടുത്തി വെച്ചതായി കാണാം. മാലിക്കീ മദ്ഹബിലെ പ്രമുഖ പണ്ഡിതന്മാരിൽ പെട്ട അശൈഖ് അലി സാലിം അൽ മനൂഫി ﵀ പറയുന്നത് കാണുക:

‎وَنُقِلَ عَنِ الشَّافِعِيِّ اِنْتِفَاعَ الْمَيِّتِ بِالْقِرَاءَةِ عَلَى قَبْرِهِ، وَتَوَاتَرَ أَنَّ الشَّافِعِيُّ زَارَ اللَّيْثَ بْنَ سَعْدٍ وَقَرَأَ عِنْدَهُ خَتْمَةً وَقَالَ أَرْجُو أَنْ تَدُومَ فَكَانَ الْأَمْرُ كَذَلِكَ.

‎• ضَوْءُ الْبُدُورِ لِلشَّيْخِ عَلِي سَالِمِ الْمَنُوفِي الْمَالِكِي : ص/51
‎• إِتْحَافُ السَّادَةِ الْمُتَّقِينَ لِلْعَلامَةِ الزَّبِيدِي-1205هـ :369/10
‎• مَعْدِنُ الْيَوَاقِيتِ الْمُلْتَمِعَةِ فِي مَنَاقِبِ الْأَئِمَّةِ الْأَرْبَعَةِ لِلْإِمَامِ ابْنُ حَجَرٍ
‎الْهَيْتَمِي: ص/201
‎• مَغَانِي الْأَخْيَارِ فِي شَرَحٍ أَسَامِي رِجَالِ مَعَانِي الْآثَارِ الْإِمَامِ الْعَيْنِي 855هـ ، :505/2
‎• الْقَوْلُ بِالإِحْسَانِ الْعَمِيمِ فِي انْتِفَاعِ الْمَيِّتِ بِالْقُرْآنِ الْعَظِيمِلِلْإِمَامِ ابْنِ الْقَطَّانِ
‎الْعَسْقَلانِي - 813هـ: ص

“ഖബ്റിന്നു സമീപത്ത് വെച്ചു ഖുർആൻ പാരായണം ചെയ്യുന്നതു കൊണ്ട് മയ്യിത്തിനു ഉപകരിക്കും എന്ന് ഇമാം ശാഫിഈ ﵀ യിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഹിജ്റ:175 ൽ വഫാതായ ഹാഫിളും മുഹദ്ദിസും ഫഖീഹുമായിരുന്ന ശൈഖുൽ ഇസ്‌ലാം അബുൽ ഹാരിസ് അല്ലൈസു ബ്നു സഅദ് ﵀ ന്റെ ഖബ്ർ ഇമാം ശാഫിഈ ﵀ സിയാറത്ത് ചെയ്യുകയും അവിടെ വെച്ച് വിശുദ്ധ ഖുർആൻ ഖതമ് ചെയ്യുകയും മഹാന്റെ ഖബ്റിനു സമീപത്ത് ഖുർആൻ പാരായണം എക്കാലത്തും നിലനിൽക്കണമെന്നു ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങിനെ അല്ലാമാ മനൂഫിയുടെ കാലത്തും അവരുടെ ഖബ്റിന്നു സമീപം ഖുർആൻ പാരായണം നടന്നു കൊണ്ടേയിരുന്നുവെന്ന് അല്ലാമാ അലിഅൽ മനൂഫി(റ) ളൗഉൽബുദൂർ ഫീമാ യൻഫഉൽഅഹ്‌യാഉ വഅഹ്‌ലുൽ ഖുബൂർ പേജ്:51 ൽ വിവരിച്ചതായി കാണാം.

അല്ലാമാ മനൂഫിക്കു മുമ്പ് അല്ലാമാ മുർത്തളാ അസ്സബീദീ(റ) ഇത്ഹാഫു സ്സാദത്തിൽ മുത്തഖീൻ (10/369) ലും അവർക്കു ഇബ്നുഹജറുൽ ഹൈത്തമി ﵀ മഅദിനുൽ യവാഖീത്തിൽ മുൽത്തമിഅ പേജ്:201 ലും, മഹാനവർകൾക്കു മുമ്പ് ഹനഫീ മദ്ഹബിലെ പ്രമുഖ ഇമാമും മുഹദ്ദിസുമായ ഇമാം ബദ്റുദ്ദീൻ അൽ ഐനി ﵀ മഗ്വാനിൽ അഖ്‌യാർ ഫീ ശറഹി അസാമീ രിജാലി മആനിൽ ആസാർ(2/505)ലും, ഹാഫിള് ഇബ്നുഹജരിൽ അസ്ഖലാനി ﵀ യുടെ ഉസ്താദായ ഇമാം ഇബ്നുൽ ഖത്ത്വാൻ അൽ അസ്ഖലാനി(റ) അൽഖൗലു ബിൽ ഇഹ്സാനിൽ അമീം പേജ്:3 ലും മറ്റു ഇമാമുകളും അവരുടെ കിത്താബുകളിൽ പഠിപ്പിക്കുന്നതായി കാണാം. 

Related Posts