കേരളത്തിലെ സുന്നി പണ്ഡിതർ ബ്രിട്ടീഷ് അനുകൂലികയിരുന്നു എന്ന് പച്ചക്കള്ളം തട്ടിവിടുന്ന ചിലരുണ്ട്. അത് ഒന്നുകിൽ ചരിത്രപരമായ അജ്ഞതയാണ്. അല്ലെങ്കിൽ ചരിത്രത്തെ വക്രീകരിക്കാനുള്ള ബോധപൂർവ്വമായശ്രമവും. യഥാർത്ഥത്തിൽ കേരളത്തിലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് സുന്നി പണ്ഡിതന്മാരും സാദാത്തുക്കളുമായിരുന്നുവെന്നത് ചരിത്രപരമായ വസ്തുതയാണ്. ഇത് മറച്ചുവെച്ചു കേരളത്തിലെ സുന്നി പണ്ഡിതന്മാർ ബ്രിട്ടീഷ് അനുകൂലികളായിരുന്നു എന്ന് പറയുന്നത് ചരിത്രപരമായ വഞ്ചനയാണ്. അതിന് പലപ്പോഴും എടുത്തു കാണിക്കാറുള്ളത് സമസ്തയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ മൗലാന പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ നിലപാടുകളാണ്.
യഥാർത്ഥത്തിൽ പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ ഖിലാഫത്ത് പ്രസ്ഥാനത്തോട് ചേർന്ന് പ്രവർത്തിച്ച പണ്ഡിതനായിരുന്നു. നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെംബ്രശ്ശേരി തങ്ങള്‍ എന്നിവരോടൊപ്പം ഖിലാഫത്ത് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറാക്കിയ 18 കലാപകാരികളുടെ കൂട്ടത്തില്‍ പതിനെട്ടാമത്തെ വ്യക്തിയായിരുന്നു പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാര്‍.
പക്ഷേ ബഹുമാനപ്പെട്ടവർ അക്രമസമരത്തിനെതിരായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ മലപ്പുറം കുന്നുമ്മൽ വച്ച് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു: “പ്രിയപ്പെട്ട സഹോദരന്മാരേ, നാം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആളുകളാണ്, വെള്ളക്കാര്‍ നമ്മുടെ ശത്രുക്കളാണ്. അവര്‍ ഇന്ത്യ വിട്ടു പോകണം. അതുവരെ നാം സമരം ചെയ്യും. പക്ഷേ, ഒരിക്കലും നാം അക്രമം കാണിക്കരുത്. അക്രമരാഹിത്യത്തോടെയുള്ള ഒരു സമരമാണ് നാം ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും. ഗവണ്‍മെന്റുമായി ഒരിക്കലും യുദ്ധത്തിനൊരുങ്ങരുത്. അങ്ങനെ ചെയ്താല്‍ നാം കുറ്റക്കാരായിത്തീരും. സമാധാന പരമായി സമരം ചെയ്യുക. അതാണ് നമ്മുടെ ലക്ഷ്യം”
ബ്രിട്ടീഷുകാർക്കെതിരെ സായുധ സമരം നടത്തുന്നതിന് സുന്നി പണ്ഡിതന്മാർ പൊതുവേ എതിരായിരുന്നു. ഇത് പക്ഷെ ബ്രിട്ടീഷ് അനുകൂല നിലപാടായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. മലബാർ കലാപത്തിന് ശേഷം അതിന്റെ കെടുതികൾ മുസ്‌ലിം സമൂഹം നന്നായി അനുഭവിക്കുകയും ചെയ്തു. ഖിലാഫത്ത് പ്രസ്ഥാനത്തോട് പൂർണ്ണമായും യോജിക്കാത്ത ചില പണ്ഡിതന്മാർ ഉണ്ടായിരുന്നു എന്നത് വിസ്മരിക്കുന്നില്ല. പൊന്നാനിയിലെ പുതിയകത്ത് കുഞ്ഞൻ ബാവ മുസ്‌ലിയാർ, വെളിയങ്കോട് തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാർ തുടങ്ങിയവർ അവരിൽ പെടുന്നു. ഈ പണ്ഡിതന്മാർ ഖിലാഫത്ത് പ്രസ്ഥാനത്തെ അനുകൂലിച്ചിരുന്നില്ലെങ്കിലും പരസ്യമായി എതിർക്കുകയോ ഗവൺമെൻറ് അനുകൂല നിലപാട് സ്വീകരിക്കുകയോ ചെയ്തിരുന്നില്ല എന്നതാണ് സത്യം.
കോൺഗ്രസ് നേതാവായിരുന്ന ഇ മൊയ്തു മൗലവി എഴുതുന്നു. “കേരളക്കരയിലെ മുസ്‌ലിം പണ്ഡിതന്മാർ ആരും തന്നെ ഖിലാഫത്ത് പ്രസ്ഥാനത്തിനും മഹാത്മാഗാന്ധിയുടെ സിദ്ധാന്തങ്ങൾക്ക് അനുസരിച്ച് നടത്തപ്പെടുന്ന അഹിംസ സമരത്തിനും എതിരായി പ്രവർത്തിച്ചിട്ടുണ്ടായിരുന്നില്ല. പുതുപൊന്നാനിയിലെ മജ്ലിസുൽ ഉലമാ സമ്മേളനത്തിൽ കേരളത്തിലെ നാനാഭാഗത്ത് നിന്നും ധാരാളം ഉലമാക്കൾ പങ്കെടുത്തിട്ടുണ്ടായിരുന്നു. എന്നാൽ (പൊന്നാനി) പാതാർ യോഗത്തിൽ ഒരൊറ്റ മുസ്‌ലിം പണ്ഡിതനെ പോലും പങ്കെടുപ്പിക്കാൻ ഗവൺമെന്റ് ഉദ്യോഗസ്ഥന്മാർക്ക് കഴിഞ്ഞില്ല.അതിനെ തുടർന്ന് ആമു മലബാറിലെ ഉലമാക്കളെ അതികഠിനമായ തരത്തിൽ ആക്ഷേപിക്കുകയുണ്ടായി. ഗവൺമെന്റ് പക്ഷക്കാരായ കുഞ്ഞൻ ബാവ മുസ്‌ലിയാർ, കുട്ട്യാമു മുസ്‌ലിയാർ എന്നിവരും കൂടി ഈ ആക്ഷേപത്തിൽ നിന്ന് ഒഴിവായില്ല. ഈ രണ്ടു പണ്ഡിതന്മാർ ഖിലാഫത്ത് പ്രസ്ഥാനത്തെയും കോൺഗ്രസിനെയും അനുകൂലിച്ചിരുന്നില്ലെങ്കിലും പരസ്യമായി എതിർക്കുകയോ ഗവൺമെൻറ് അനുകൂല യോഗങ്ങളിൽ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല”
(ചരിത്ര ചിന്തകൾ, ഇ മൊയ്തു മൗലവി പേജ് 32 ,33).