മഹത്തുക്കളുടെ സ്മാരകങ്ങൾ തകർക്കുകയും അവരുടെ സ്മരണകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുകയെന്നത് വഹാബികളുടെ പ്രധാനലക്ഷ്യമാണ്. ഹറമുകളിൽ വരെ അത്തരം ക്രൂരതകൾ അവർ നിർവ്വഹിച്ചിട്ടുണ്ട്.
മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെ അനുയായികൾ
മക്ക – മദീനയിലെ മഖ്ബറകൾ
പൊളിച്ചതും ഭണ്ഡാരം കൊള്ളയടിച്ചതുമായ ചരിത്രം മുജാഹിദ് സ്ഥാപക നേതാക്കളായ ഇ. മൊയ്തു മൗലവിയും കെ.സി അബൂബകർ മൗലവിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ മുസ്‌ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും എന്ന പുസ്തകത്തിൽ ഈ മൊയ്തു മൗലവി രേഖപ്പെടുത്തുന്നു.
“ഏതാണ്ട് 90 വയസ്സ് പ്രായം എത്തിയ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ഹിജ്റ 1206 ക്രി: 1792 ൽ ഇഹലോകവാസം വെടിഞ്ഞു. 50 കൊല്ലക്കാലം അദ്ദേഹം നടത്തിയ പ്രബോധനത്തിന്റെയും തബ്‌ലീഗിന്റെയും ഫലമായി സൗദി ഗവൺമെന്റിന്റെ നയപരിപാടികൾ ശൈഖ് മുഹമ്മദ് അബ്ദുൽ വഹാബിന്റെ നയപരിപാടികൾക്ക് തികച്ചും അനുസൃതമായിരുന്നു.
എന്നുവെച്ചാൽ സൗദി ഗവർമെന്റും ഇബ്നു അബ്ദുൽവഹാബിന്റെ നയപരിപാടിയും ഒരേ ഒരു ആത്മാവിന്റെ രണ്ട് പേര്. അഥവാ ഒരു ശക്തിയുടെ രണ്ട് രൂപം ആയിത്തീർന്നു. ചിന്താരംഗത്തും കർമ്മ രംഗത്തും അവ ഒന്നായി വിലസി എന്നർത്ഥം.
എന്നാൽ ഹിജാസിലെ ആറി തണുത്ത പഴയകാലം വീണ്ടും ചൂടുപിടിച്ചു. അതിനൊരു പ്രത്യേക കാരണമുണ്ടായി. നജ്ദിലെ തീഷ്ണതയുള്ള വാതഗതികളോട് ഹറമിലെ ഉലമാക്കൾക്ക് യോജിക്കാൻ കഴിഞ്ഞില്ല. അവർ വീണ്ടും ശരീഫിനെ സമീപിച്ചു. ശരീഫ് ഒരിക്കൽ കൂടി നജ്ദികൾക്ക് ഹിജാസിൽ പ്രവേശിക്കാൻ പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. നജ്ദികൾ പഴയ പടി സാമ്പത്തിക ഉപരോധത്തിന് തുനിഞ്ഞു. ഇറാഖി ഇറാൻ വ്യാപാര സംഘങ്ങളെ അലോസരപ്പെടുത്താൻ തുടങ്ങി. എന്നാൽ ഇത്തവണ ഈ തീപ്പൊരികൾ മധ്യ ഇറാഖിലും ഇറാനിലും എത്തി. ഹിജ്റ 1216/ ക്രി 1802 കർബലാ മുഅല്ല, ബലദുൽ ഹുസൈൻ തുടങ്ങിയ രാജ്യങ്ങളെ നജ്ദ്കാർ ആക്രമിച്ചു. അവിടങ്ങളിലെ ധനങ്ങളും ഖജാനകളും രത്നങ്ങളുമെല്ലാം പിടിച്ചെടുത്തു. അവ പട്ടാളക്കാരുടെയിടയിൽ വിതരണം ചെയ്തു. ഖബറുകളുടെ മേൽ പടുത്തുയർത്തിയിരുന്ന എടുപ്പുകൾ പൊളിച്ചു നീക്കി.
ഹിജ്റ 1318 ക്രി: 1803 ഏപ്രിൽ 3 ന് അബ്ദുൽ അസീസ് വിജയഭേരി മുഴക്കിക്കൊണ്ട് പരിശുദ്ധ മക്കയിൽ പ്രവേശിച്ചു. പരിപാവനമായ കഅബയിൽ ഉണ്ടായിരുന്ന വിലപിടിച്ച എല്ലാ സാധനങ്ങളും രത്നങ്ങളും നാണ്യങ്ങളും അടക്കം ചെയ്ത ഭണ്ഡാരം അധീനപ്പെടുത്തി. അവ പട്ടാളക്കാർക്ക് വീതിച്ചു കൊടുത്തു. ഖബറുകളുടെ മേൽ തുർക്കികളും മറ്റും നിർമ്മിച്ചിരുന്ന ഗോപുരങ്ങളും ഖുബ്ബകളും പൊളിച്ചു നീക്കി. പിറ്റേ കൊല്ലം മദീനാ മുനവ്വറയും കൈവശപ്പെടുത്തി. അവിടെയും മക്കയിൽ ചെയ്ത പോലുള്ള പ്രവർത്തികൾ ചെയ്തു. ഖബറുകളിലെ ഖുബ്ബ പൊളിച്ചത് വലിയ എതിർപ്പിനു കാരണമായി”
(പേജ്: 67, 68 )
ഇ കെ മൗലവി പത്രാധിപരായിട്ടുള്ള അൽ ഇത്തിഹാദ് മാസികയിൽ നവീന നജ്ദിന്റെ ചരിത്രം കെ സി അബൂബകർ മൗലവി എഴുതിയിട്ടുണ്ട്: 1802 ഏപ്രിൽ ഇരുപതാം തീയ്യതി പതിനായിരം വരുന്ന ഒരു വമ്പിച്ച വഹാബി സൈന്യം കർബല പട്ടണം വളഞ്ഞു. പട്ടണവാസികളിൽ ഒരു ഭാഗത്തെ അവർ കൊന്നുകളഞ്ഞു. ഹുസൈൻ(റ)ന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക് അനറബികളായ സന്ദർശകന്മാർ വഴിപാട് കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്നങ്ങളും മറ്റും അവർ ശേഖരിച്ചു. ഇതൊന്നും അവരുടെ ഹൃദയത്തിന് അസഹ്യമായി തോന്നിയില്ല. എന്തുകൊണ്ടെന്നാൽ ഖബറിന് വഴിപാട് കൊടുക്കുന്നവരുടെ നേരെ അവർക്കുണ്ടായിരുന്ന വീക്ഷണഗതി കാഫിറുകളുടെ നേർക്കുണ്ടായിരുന്ന അതേ വീക്ഷണഗതി തന്നെയായിരുന്നു.
പിന്നീട് ഔലിയാക്കളുടെ യാറങ്ങൾ പൊളിക്കുകയും അവിടെ സൂക്ഷിച്ചിരുന്ന വഴിപാടായി കിട്ടിയ ഹദ്‌യകളും വിലപിടിച്ച സാധനങ്ങളും പിടിച്ചെടുക്കുകയും അന്തേവാസികളെ ആട്ടിയോടിക്കുകയും ചെയ്തു.
എന്നാൽ വഹാബികൾ ഈ അവസരം അസ്സലായി ഉപയോഗിച്ചു. അവർ വേഗം ഹിജാസിലേക്ക് കുതിക്കുകയും ഹറമൈനിയിൽ പ്രവേശിച്ച് അവിടെയുണ്ടായിരുന്ന ഔലിയാക്കളുടെ ഖബറുകളും മറ്റും പൊളിച്ചു. അവിടെയുണ്ടായിരുന്ന രത്നങ്ങളും മറ്റും കൊള്ളയടിച്ച് പരസ്യമായി മാർക്കറ്റിൽ ലേലം ചെയ്തു വിറ്റു. വെള്ളിക്കീനാദികളും വെള്ളിപാത്രങ്ങളും അവർ ഉരുക്കി വിറ്റ് അതിൻറെ വില പരിശുദ്ധ നാടിൻെറ സംരക്ഷകന്മാർക്ക് വീതിച്ചു കൊടുക്കുകയും ചെയ്തു.
(അൽ ഇത്തിഹാദ് മാസിക
1952 സെപ്തമ്പർ പേ: 3 – 6 )
ഇവരുടെ മാതൃക സ്വീകരിച്ചാണ്
ഐക്യ സംഘക്കാർ കേരളത്തിൽ ജാറങ്ങൾ തകർക്കുന്നതടക്കമുള്ള അക്രമ പ്രവർത്തനകൾക്ക് തുടക്കം കുറിച്ചത്.
-അസ്‌ലം സഖാഫി പയ്യോളി
(മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം).