സലഫിസം കൊടിയ ഭീകരവാദമാണ്. തങ്ങളല്ലാത്തവരെല്ലാം അവിശ്വാസികളും കൊല്ലപ്പെടെണ്ടവരുമാണെന്നും അവരുടെ സമ്പത്ത് ഗനീമത്താണെന്നും സലഫികൾ വിശ്വസിക്കുന്നു. സലഫി പൂര്‍വാചാര്യന്‍ ഇബ്‌നുതൈമിയ്യയിൽ നിന്നാണ് സംഹാരാത്മകമായ ഈ ആശയം വരുന്നത്. തന്റെ പ്രസിദ്ധമായ മജ്‌മൂഅതുര്‍റസാഇലില്‍ നിന്നുള്ള വരികള്‍ ഇങ്ങനെ:
“ഖബ്‌റുകള്‍ക്കു നേര്‍ച്ച നേരുന്നതില്‍ ഫലമുണ്ടെന്നും പ്രതിഫലമുണ്ടെന്നും വിശ്വസിക്കുന്നവന്‍ വിഡ്‌ഢിയും വഴിപിഴച്ചവനുമാകുന്നു. അല്ലാഹുവിന്റെ അടുക്കലേക്ക് ആവശ്യപൂരണത്തിന് തന്മൂലം വഴി തുറക്കുമെന്നും വിഷമങ്ങളെ അതു നീക്കുമെന്നും സുഖസൗകര്യങ്ങള്‍ക്കു വഴി തുറക്കുമെന്നും ആയുസ്സിനെ സംരക്ഷിക്കുമെന്നുമൊക്കെ വിശ്വസിക്കുന്നവന്‍ അവിശ്വാസിയും മുശ്‌രിക്കും ആയിരിക്കും. അവനെ കൊല്ലല്‍ നിര്‍ബന്ധമാണ്“.
പന്ത്രണ്ടാം നൂറ്റാണ്ടിലെ ഈ ഭീകര ഫത്‌വയാണു ഇരുപത്തൊന്നാം നൂറ്റാണ്ടിലും ലോകത്ത് കൂട്ടക്കുരുതികള്‍ക്കും രക്തച്ചൊരിച്ചിലിനും കാരണമാകുന്നത്. പുതിയ കാലത്ത് ഐ എസ് ഉള്‍പ്പെടെയുള്ള വഹാബി ഭീകരസംഘങ്ങള്‍ മൂലപ്രമാണമായി സ്വീകരിച്ചു വരുന്നതും ഈ സംഹാരാത്മക ഫത്‌വയാണ്. കേരള സലഫികളായ മുജാഹിദ് സംഘടനകളുടെ പൂര്‍വകാല നേതാക്കളില്‍ പ്രമുഖനായിരുന്ന എന്‍ വി ഇബ്രാഹീം മൗലവി സലഫി മുഖപത്രമായ അല്‍മനാറില്‍(1981 ഒക്ടോബര്‍) ഈ ഫത്‌വ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലെ സലഫിസം ഇവിടെ തന്നെ പെറ്റു വളർന്നുണ്ടായതാണെന്നും ലോകത്തെ മറ്റൊരു സംഘടനയുമായും അതിന് യാതൊരു ബന്ധവുമില്ലെന്നും ഇപ്പോൾ കേരള സലഫി നേതാക്കൾ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ശുദ്ധ നുണ! സലഫിസത്തെ നയിക്കുന്നവരും അവരെ താങ്ങുന്നവരും പറയണം; പിന്നെന്തിനാണ് വിനാശത്തിന്റെ വിത്തു വിതച്ച ഈ ഫത്‌വ കേരളത്തില്‍ പുന:പ്രസിദ്ധീകരിച്ചത്? സലഫി ആചാര്യന്മാരായ ഇബ്നു തൈമിയ്യ ഇബ്നു അബ്ദിൽ വഹാബ്, റശീദ് രിള, ജമാലുദ്ദീൻ അഫ്ഘാനി, മുഹമ്മദ് അബ്ദു തുടങ്ങിയവരെക്കുറിച്ച് ഒരു ഡസനോളം സ്വതന്ത്ര കൃതികൾ കേരള സലഫികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിനു ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കേരളസലഫിസത്തിന്റെ ആഗോള ബന്ധങ്ങളെക്കുറിച്ചുള്ള രചനകളും പ്രഭാഷണങ്ങളും അനേകം. സലഫിസം ഭീകര പ്രസ്ഥാനമാണെന്നു ലോകം തിരിച്ചറിഞ്ഞപ്പോൾ ഉറയൂരിരക്ഷപ്പെടാനുള്ള ശ്രമമുണ്ടല്ലോ; അതു നടക്കില്ല. സലഫിസ്റ്റ് ആശയങ്ങളെയും അതിന്റെ ആചാര്യന്മാരെയും പ്രമാണങ്ങളെയും തള്ളിപ്പറഞ്ഞു സലഫികൾക്ക് സമുദായത്തിന്റെ മുഖ്യധാരയിലേക്കു തിരിച്ചു വരാം, ഇരുട്ടു കൊണ്ട് ഓട്ടയടക്കാനുള്ള ശ്രമം വേണ്ട.
സ്വഹാബി പ്രമുഖനായ അബ്ദില്ലാഹിബ്നു സ്വിദ്ദീഖ്(റ)ന്റെ ഖബ്റ് പൊളിച്ചു കൊണ്ടാണു ജസീറതുൽ അറബിൽ സലഫിസത്തിന്റെ ഭീകര സംഹാരം തുടങ്ങിയത്. മണപ്പാടന്റെ ഖബ്റ് പൊളിച്ചു കൊണ്ടാണ് കേരളത്തിൽ തുടങ്ങിയത്. നാടുകാണിയിലെ മഖ്‌ബറ പൊളിച്ചത് വര്‍ത്തമാനം. ഹറമയ്‌നി ഉള്‍പ്പെടെ ഹിജാസിലെ ചരിത്രസ്‌മാരകങ്ങളും തിരുശേഷിപ്പുകളും തകര്‍ത്തെറിഞ്ഞ വിനാശകരമായ ഇന്നലെകൾ മറക്കാനാവില്ല. ഏതൊക്കെയാണ് കേരള സലഫിസം തിരുത്തുക, എന്തൊക്കെയാണു തളളിപ്പറയുക? കേരള സലഫിസത്തിന് അധികാരം ലഭിച്ചാല്‍ മദീനയിൽ അവശേഷിക്കുന്ന വിശുദ്ധ റൗളാശരീഫ് കൂടി തകര്‍ക്കുമെന്ന് ഇപ്പോഴും ഭീഷണിപ്പെടുത്തുന്ന സംഹാരാത്മക സലഫിസത്തെ അബ്ദുല്ലക്കോയയും ഹുസയ്ൻ മടവൂരും ഏതു വെള്ളയടിച്ചാണു വെളുപ്പിക്കുക?
സലഫിസത്തിന്റെ ഇന്നലെകളുടെ രക്തപങ്കിലമായ കഥകൾ നാം അറിയണം. കേരളത്തിലെ സലഫി സ്ഥാപകരില്‍ പ്രധാനിയായിരുന്ന ഇ.കെ. മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍ഇത്തിഹാദ് മാസിക നവീന നജ്‌ദിന്റെ ചരിത്രം എഴുതുന്നതിങ്ങനെ: 1801 ഏപ്രില്‍ മുപ്പതാം തിയ്യതി പതിനായിരം വരുന്ന ഒരു വമ്പിച്ച വഹാബീ സൈന്യം കര്‍ബലാ പട്ടണം വളഞ്ഞു. പട്ടണവാസികളില്‍ ഒരു ഭാഗത്തെ അവര്‍ കൊന്നുകളഞ്ഞു. ഹുസൈന്‍(റ)വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക് അനറബികളായ സന്ദര്‍ശകന്മാര്‍ വഴിപാട് കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും മറ്റും അവര്‍ ശേഖരിച്ചു. ഇതൊന്നും അവരുടെ ഹൃദയത്തിന് അസഹ്യമായി തോന്നിയില്ല. എന്തുകൊണ്ടെന്നാല്‍ ഖബ്‌റിന്നു വഴിപാട് കൊടുക്കുന്നവരുടെ നേരെ അവര്‍ക്കുണ്ടായിരുന്ന വീക്ഷണഗതി കാഫിറുകളുടെ നേര്‍ക്കുണ്ടായിരുന്ന അതേ വീക്ഷണഗതി തന്നെയായിരുന്നു“(ലക്കം: 2/7- 1956).
കര്‍ബലയിലെ സലഫി കര്‍സേവ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. വെള്ളപ്പതാക കാണിച്ചു കീഴടങ്ങുന്നതായി നാട്ടുകാർ അറിയിച്ചിട്ടും ദയവുണ്ടായില്ല. നഗരത്തില്‍ കണ്ണില്‍ കണ്ടവരെയൊക്കെ സലഫിപ്പട കൊന്നൊടുക്കി. മസ്‌ജിദില്‍ നിസ്‌കരിച്ചുകൊണ്ടിരിക്കുന്നവരും വീടുകളിൽ കഴിഞ്ഞിരുന്ന കൈക്കുഞ്ഞുങ്ങളും സ്‌ത്രീകളും വൃദ്ധന്മാരും പണ്ഡിതന്മാരും കൂട്ടക്കശാപ്പിന്നിരയായി. ശിര്‍ക് തുടച്ചുനീക്കി തൗഹീദ് പുനഃസ്ഥാപിക്കാനായിരുന്നത്രെ ഈ കൂട്ടക്കുരുതി!
ഹാമിദ് അല്‍ഗാര്‍ എഴുതുന്നു: വഹാബികള്‍ നഗരത്തിന്റെ മതിലുകള്‍ കയറി മറിഞ്ഞ് ശക്തി ഉപയോഗിച്ച് അകത്തു കയറുകയും അങ്ങാടികളിലും സ്വന്തം വീടുകളിലുമുള്ള ജനങ്ങളില്‍ ഭൂരിപക്ഷത്തെയും കൊന്നൊടുക്കുകയും ചെയ്‌തു. എന്നിട്ടവര്‍ അല്‍ഹുസൈന്റെ ഖബ്‌റിനുമേല്‍ കെട്ടിപ്പൊക്കിയ എടുപ്പുകള്‍ നശിപ്പിച്ചു. മഖ്‌ബറക്കുള്ളിലും ചുറ്റും കണ്ട എല്ലാം അവര്‍ കൈക്കലാക്കി. മഖാമിനു ചുറ്റുമുണ്ടായിരുന്ന ലോഹ അഴികള്‍ ഇളക്കിയെടുത്തു. മരതകവും മാണിക്യവും മറ്റു രത്‌നങ്ങളും പതിച്ചവയായിരുന്നു ഈ അഴികള്‍! നഗരത്തില്‍ കണ്ടതൊക്കെയും അവര്‍ കവർന്നെടുത്തു. പലവിധ വസ്‌തുവഹകള്‍, ആയുധങ്ങള്‍, തുണിത്തരങ്ങള്‍, പരവതാനികള്‍, സ്വര്‍ണം, വെള്ളി, ഖുര്‍ആന്റെ അമൂല്യപ്രതികള്‍ അങ്ങനെ എന്തും. കണക്കില്ലാത്ത സാധനങ്ങള്‍ അവര്‍ കൈക്കലാക്കി. ഒരു പ്രഭാതസമയത്തിനപ്പുറം അവര്‍ കര്‍ബലയില്‍ തങ്ങിയില്ല. രണ്ടായിരം പേരെ കൊല്ലുകയും കിട്ടാവുന്നത്ര സമ്പത്ത് കൈക്കലാക്കുകയും ചെയ്‌തശേഷം ഏതാണ്ട് ഉച്ച നേരത്ത് അവര്‍ മടങ്ങി“.
സലഫി സേന ത്വാഇഫില്‍ നടത്തിയ നരനായാട്ടിന്റെ കരളലിയിക്കുന്ന കഥ അബ്ദുര്‍റഹ്‌മാനുബ്‌നു ഹസനില്‍ ജര്‍ബനി എഴുതിയിട്ടുണ്ട്. മൂന്നു ദിവസത്തെ പോരാട്ടത്തിനുശേഷമാണ് അവര്‍ ത്വാഇഫ് പിടിച്ചെടുത്തത്. പുരുഷന്മാരെ മുഴുവന്‍ കൊന്നു തള്ളി, എതിര്‍ത്തുനിന്ന ഒരാളെയും ബാക്കിവച്ചില്ല. സ്‌ത്രീകളെയും കുട്ടികളെയും തടവിലിട്ടു. അഹ്‌മദ് സയ്‌നീ ദഹ്‌ലാന്‍ എഴുതുന്നു: സലഫീസേന ത്വാഇഫില്‍ കടന്നു ജനങ്ങളെ പരക്കെ വെട്ടിക്കൊന്നു. ചെറിയവരെയും വൃദ്ധന്മാരെയും നേതാക്കളെയും അനുയായികളെയും പ്രമുഖരെയും സാധാരണക്കാരെയും സകലരേയും. ഉമ്മയുടെ മാറത്ത് കുഞ്ഞുങ്ങളെ അരിഞ്ഞു നുറുക്കി. വീട്ടിനകത്തുള്ളവരെ പിടിച്ചിറക്കി വെട്ടിക്കൊന്നു. ഖുര്‍ആന്‍ പഠന സദസ്സ് കടന്നാക്രമിച്ചു. റുകൂഇലും സുജൂദിലുമുള്ളവരെ വെട്ടി. ആ നാട്ടില്‍ ഇരുപതില്‍പരം പേര്‍ മാത്രമേ അവശേഷിച്ചുള്ളൂ. പിടിച്ചെടുത്ത സ്വത്തുക്കള്‍ സത്യനിഷേധികളില്‍നിന്നുള്ള ഗനീമത് വീതിക്കന്ന നിയമ പ്രകാരം ഓഹരി വെച്ചെടുത്തു“. ത്വാഇഫില്‍ സലഫികള്‍ കൊന്നൊടുക്കിയതില്‍ നിരവധി പണ്ഡിതന്മാരും സൂഫിവര്യന്മാരും ഉണ്ടായിരുന്നതായി സയ്യിദ് ഇബ്‌റാഹീം രേഖപ്പെടുത്തുന്നു:
“ലോക മുസ്‌ലിംകളെ ഞെട്ടിക്കുന്ന നീചവൃത്തികളാണ് ത്വാഇഫ് കീഴടക്കുവാന്‍ വഹാബി ഭീകരസേന ചെയ്‌തത്. നൂറു കണക്കിനു മുസ്‌ലിംകളെ കൊന്നു. അബ്ദുല്ലാഹിസ്സാവി(മക്കയിലെ ശാഫിഈ മുഫ്‌തി), അബ്ദുല്ലാഹി അബുല്‍ഖയ്‌ര്‍(മക്കയിലെ ഖാളി), ശയ്‌ഖ് സുലയ്‌മാന്‍ മുറാദ്(ത്വാഇഫിലെ ഖാളി), സയ്യിദ് യൂസുഫസ്സവാവി(80 വയസ്സ്), ശയ്‌ഖ് ഹസനുശ്ശയ്‌ബി, ശയ്‌ഖ് ജഅഫറുശ്ശയ്‌ബി തുടങ്ങിയ ഒട്ടേറെ ഉലമാക്കളുണ്ടായിരുന്നു അക്കൂട്ടത്തില്‍. അവരെയെല്ലാം വഹാബികള്‍ കശാപ്പ് ചെയ്‌തു.”
ത്വാഇഫ് നഗരത്തില്‍ അറുപതു ദിവസത്തോളം മയ്യിത്തുകള്‍ മറമാടാന്‍ അനുവദിക്കാതെ ചീഞ്ഞളിഞ്ഞു കിടന്നു. പക്ഷിമൃഗാദികള്‍ ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങള്‍ പിന്നീട് വാരിക്കൂട്ടി സംസ്‌കരിച്ചു. സലഫി താണ്ഡവം കഴിഞ്ഞപ്പോള്‍ വെറും ഇരുന്നൂറില്‍പരം ആളുകള്‍ മാത്രമേ നഗരത്തില്‍ അവശേഷിച്ചിരുന്നുള്ളുവെന്നാണ് മറ്റൊരു ഭിപ്രായം!.
ഹിജ്‌റ 1217ല്‍ സലഫി വിപ്ലവകാരികള്‍ മക്കാ ഹറം ഉപരോധിച്ചു. പുണ്യഭൂമിയില്‍ ജനങ്ങളെ അവര്‍ പട്ടിണിക്കിട്ടു. മക്കയിലേക്കുള്ള കവാടങ്ങളെല്ലാം ഉപരോധിച്ചു. തീര്‍ത്ഥാടനത്തിനു വന്നവരെ കൊല്ലുകയോ തടവിലാക്കുകയോ ചെയ്‌തു. വലിയ വില കൊടുത്താലും ഭക്ഷണം ലഭിക്കാത്ത സ്ഥിതിയായി. നിരവധി പേര്‍ വിശന്നു മരിച്ചു. കഴുതകളുടെയും പട്ടികളുടെയും ചത്ത മൃഗങ്ങളുടെയും മാംസം വൻവിലകൊടുത്തു വാങ്ങി ജനങ്ങള്‍ പശിയടക്കിയെന്ന് ഉന്‍വാനുല്‍മജ്ദില്‍ ഉസ്‌മാനുബ്‌നു ബിശ്‌റുന്നജ്‌ദി എഴുതിയിട്ടുണ്ട്.
അദ്ദേഹം എഴുതുന്നു: സലഫി സൈന്യം നഗരത്തില്‍ കടന്നു. സൈനികബലം പ്രയോഗിച്ചും എന്നാല്‍ പോരാട്ടം കൂടാതെയും നഗരം പിടിയിലൊതുക്കുവാന്‍ ദൈവം അവരെ സഹായിച്ചു. അങ്ങാടിയിലും വീടുകളിലുമുണ്ടായിരുന്ന ഇരുന്നൂറോളം നഗരവാസികളെ അവര്‍ കൊന്നു. ഒരുപാട് സ്വത്തും നാണയങ്ങള്‍, ആയുധങ്ങള്‍, തുണി, ആഭരണങ്ങള്‍ തുടങ്ങി കൈയും കണക്കുമില്ലാത്ത അമൂല്യവസ്‌തുക്കളും അവര്‍ കൊള്ളയടിച്ചു. ഇവയെല്ലാം അബ്ദുല്‍അസീസിന് അയച്ചുകൊടുത്തു“ (ഉന്‍വാനുല്‍മജ്‌ദ് ഫീ താരീഖിന്നജ്‌ദ്)
ദി റോഡ് ടു മക്കയില്‍ മുഹമ്മദ് അസദ് ഇക്കാര്യം വിശദമായി പ്രതിപാതിക്കുന്നുണ്ട്. മക്കയും മദീനയും ഉള്‍പ്പെട്ട പഴയ ഹിജാസിലെ ഭരണാധികാരി ആയിരുന്ന ശരീഫ് ഗാലിബ് അഫന്ദിയുമായി സലഫിപ്പട അന്‍പതിലധികം തവണയാണ് ഏറ്റുമുട്ടിയത്. ഒടുവിൽ ഹിജ്‌റ 1212-ല്‍ മക്ക ആക്രമിക്കുകയും രണ്ടായിരം പേരെ കൊന്നൊടുക്കുകയും ചെയ്തു. 1215-ല്‍ സലഫികള്‍ വീണ്ടും ആക്രമണം നടത്തി. ത്വാഇഫിൽ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ ആയിരങ്ങളെ കൊന്നൊടുക്കി. വീടുകള്‍ കൊള്ളയടിച്ചു. ത്വാഇഫിലെ കൂട്ടക്കൊല അവസാനിച്ചപ്പോള്‍ അവിടെ ബാക്കിയായത് ഏതാനും മനഷ്യരും മൂന്ന് കോപ്പി ഖുര്‍ആനും ഒരു കോപ്പി സ്വഹീഹുല്‍ ബുഖാരിയും മാത്രം. ഈ ചരിത്രം ഹുസൈന്‍ ഹില്‍മി എഴുതിയ Advices for the വഹാബിസ് എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
സൈനി ദഹലാന്‍ രചിച്ച ഖുലാസതുല്‍ കലാം എന്ന പഠനത്തില്‍ ഫിത്‌നത്തുല്‍ വഹാബിയ്യ എന്ന നീണ്ട ഒരധ്യായമുണ്ട്. മസ്ജിദുകള്‍ കൈയേറി നിസ്‌കരിക്കുന്നവരെ കശാപ്പ് ചെയ്ത ഞെട്ടിക്കുന്ന സംഭവങ്ങൾ അതിൽ പറയുന്നുണ്ട്. ഹിജ്‌റ 1217-ല്‍ സലഫികള്‍ വീണ്ടും വിശുദ്ധ മക്ക ആക്രമിക്കുകയും അബ്ദുല്ല ഇബ്‌നു അബ്ബാസ് (റ)ന്റെ മഖ്ബറ തകര്‍ക്കുകയും ചെയ്തു. 1218-ല്‍ ഹറം പരിസരത്തെ ഇസ്‌ലാമിക ചിഹ്നങ്ങളെല്ലാം നശിപ്പിച്ചു. ഹബീബ്(സ) ജനിച്ച വീടുവരെ!
ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്ര്യപ്രസ്ഥാനവും എന്ന പുസ്തകത്തില്‍ ഇ.മൊയ്തു മൗലവി സലഫി ഭീകരതയുടെ ന്നെട്ടിക്കുന്ന കഥകൾ തുറന്നെഴുതുന്നുണ്ട്. വഹാബികൾ തന്നെ രചിച്ച താരീഖ് നജ്ദിലുമുണ്ട് ഹംഫറുടെ മക്കൾ ചെയ്ത ക്രൂരകൃത്യങ്ങളുടെ കരളലിയിക്കുന്ന നിരവധി കഥകൾ. ഇത്രയേറെ മുസ്‌ലിംകളെ കൊന്നൊടുക്കിയ മറ്റൊരു പ്രസ്ഥാനവും ലോകത്തില്ല സലഫിസത്തിന് സ്വാധീനം ലഭിച്ചിടത്തെല്ലാം അവർ കൂട്ടക്കൊലകൾ നടത്തിയിട്ടുണ്ട്. സുന്നി മുസ്‌ലിംകൾ ഹർബിയ്യായ കാഫിറുകളാണ് എന്ന ആശയത്തിലായിരുന്നു ഈ അരുംകൊലകളെല്ലാം. ഇന്നും അതു തുടരുന്നുണ്ട്. ആഗോളതലത്തിൽ ഇസ്‌ലാമിന്റെ പേരിൽ എവിടെയെല്ലാം ഭീകരത നടമാടുന്നുണ്ടോ അവിടെയെല്ലാം ആന്തരികമായി പ്രവർത്തിക്കുന്നത് വഹാബി ഐഡിയോളജിയാണ്. സുന്നി പണ്ഡിതന്മാർ കാണിച്ച നിതാന്ത ജാഗ്രത കൊണ്ടു മാത്രമാണ് കേരളത്തിൽ സലഫിസത്തിനു വളരാന്‍ കഴിയാതെ പോയത്. സുന്നികൾ ഉയർത്തിയ പ്രതിരോധം ഒന്നയഞ്ഞു പോയിരുന്നെങ്കിൽ കേരളം മറ്റൊരു സിറിയയോ യമനോ ആകുമായിരുന്നു.
ഇതൊന്നും സുന്നി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തി വച്ചതല്ല. സലഫിസത്തിന്റെ ആഗോള ചരിത്രം പറയുന്ന ചരിത്രകാരന്മാരെല്ലാം പറയുന്നതാണ്. ഇതിൽ ഏറെയും സലഫി ചരിത്രകാരന്മാരാണ്. ഇതവരിതു പറയുന്നത് അഭിമാനപൂർവമാണ്. ഈ കൂട്ടക്കുരുതികളെയും തീവെട്ടിക്കൊള്ളകളെയും കുറിച്ച് കേരള സഫിസ്റ്റുകൾ എന്തു പറയുന്നു; തള്ളുന്നോ കൊള്ളുന്നോ?