ലോകപ്രശസ്ത പണ്ഡിതനാണ് സയ്യിദ് മുഹമ്മദ് അലവി അൽ മാലിക്കി ﵀. അലവി മാലിക്കി തങ്ങൾ രണ്ടുതവണ കേരളം സന്ദർശിച്ചിട്ടുണ്ട്. ഏറെക്കാലം വിശുദ്ധ ഹറമിലെ മുദരിസായിരുന്നു അദ്ദേഹം. എന്നാൽ എങ്ങനെയാണ് അദ്ദേഹത്തിന് വിശുദ്ധ ഹറമിലെ തന്റെ അധ്യാപന ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്?.
സലഫികൾ നടത്തിയ അക്രമ പ്രവർത്തനങ്ങളാണ് അതിന് കാരണമെന്നാണ് ഉത്തരം. ശാരീരികമായി തന്നെ അദ്ദേഹത്തെ അപായപ്പെടുത്താൻ അവർ ശ്രമിച്ചു. ഒരിക്കൽ ഒരു സംഘം സലഫികൾ വിശുദ്ധ ഹറമിൽ പ്രവേശിച്ചു. അവരിൽ ഒരാളുടെ കൈവശം മാരകയുധം ഉണ്ടായിരുന്നു. സയ്യിദ് അലവി മാലികിയെ വധിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം.
എന്നാൽ ഈജിപ്തിൽ നിന്നുള്ള തീർത്ഥാടകർ അയാളെ കീഴ്പ്പെടുത്തി. ഇത് വിശുദ്ധ ഹറമിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ശേഷം വീട്ടിലെത്തിയ മാലികി തങ്ങളെ ഫഹദ് രാജാവ് ഫോണിൽ വിളിക്കുകയും ഹറമിലെ ദർസ് നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു.
ആക്രമണത്തിലൂടെ എങ്ങനെയാണ് സലഫികൾ സുന്നി പണ്ഡിതന്മാരെ നിശബ്ദരാക്കാൻ ശ്രമിച്ചത് എന്നതിന് തെളിവാണീ സംഭവം. ആവിർഭാവ കാലം മുതൽ നാളിതുവരെ നൂറുകണക്കിന് പ്രഗൽഭരായ പണ്ഡിതന്മാരെയാണ് കൊന്നു തള്ളിയത്. എതിരാളികളെ ഹിംസാത്മകമായി നേരിട്ടും ചരിത്ര സ്മാരകങ്ങൾ തകർത്തുമാണ് എക്കാലത്തും തങ്ങളുടെ വികല വാദങ്ങൾ പ്രചരിപ്പിക്കാൻ സലഫികൾ ശ്രമിച്ചിട്ടുള്ളത്.
വിശുദ്ധ ഹറമുകളെ വരെ അതിൽ നിന്നവർ ഒഴിവാക്കിയില്ല. ഇന്ത്യൻ മുസ്‌ലിംകളും സ്വാതന്ത്രസമരവും എന്ന പുസ്തകത്തിൽ ഈ മൊയ്തു മൗലവി തന്നെ സലഫികൾ കഅ്ബ കൊള്ളയടിച്ച സംഭവം വിശദീകരിക്കുന്നുണ്ട്. അതിന്റെ തുടർച്ചയായിരുന്നു വിശുദ്ധ പണ്ഡിതനും സർവാദരണീയനുമായിരുന്ന സയ്യിദ് അലവി മാലിക്കി തങ്ങൾക്കെതിരെ നടന്നതും.