Site-Logo
POST

വെള്ളപൂശിയാൽ ഇല്ലാതാകുമോ വക്കം മൗലവിയുടെ സവർണദാസ്യം

08 Aug 2023

feature image

“സാറിനെ പോലുള്ളവരുടെ
പല പോസിലുള്ള ഫോട്ടോകൾ വേണം സാർ.
ചാഞ്ഞും ചരിഞ്ഞും നിന്നും നടന്നുമുള്ളവ
ചിരിച്ചും ചിന്തിച്ചും വരച്ചും മിഴിച്ചും
വലിച്ചും വായിച്ചും എഴുതിയുമുള്ളവ
ഇണയെ, മക്കളെ
ഇനി വേർപിരിയാനാവാത്ത ശത്രു സഖാക്കളെ
വാരിപ്പുണരുന്നവ
അടുത്തും അകന്നുമുള്ള
പല പോസിലുള്ള ഫോട്ടോകൾ വേണം സാർ.
നമ്മെ കണ്ടിട്ടില്ലാത്തവരും
നിരന്തരം കാണുന്നവരും
നാം തന്നെയും കാണട്ടെ
ഋതുക്കളിലൂടെ നാം എന്താടുന്നു, പാടുന്നുവെന്ന്
അവതാരങ്ങളിലൂടെ നാം എന്തു സൃഷ്ടിക്കുന്നു, സംഹരിക്കുന്നുവെന്ന്.
ഫോട്ടോ എടുത്തെടുത്ത് തന്റെ മുഖം തേഞ്ഞുപോയി എന്ന്
വൈക്കം മുഹമ്മദ് ബഷീർ ദുഃഖിക്കുന്നു.
പക്ഷേ ഒന്നോർക്കണം സാർ
അതേ വിദ്യകൊണ്ട് തുടുത്തുദിച്ചവരാണ്
നമ്മുടെ നേതൃ താരങ്ങൾ
താങ്ക്യൂ സാർ
കുറേക്കൂടി വേണം സാർ
വെയിൽപ്പരപ്പിൽ ഒരേയൊരു തണൽമരമായി
ഇരുൾ തീരത്ത് ദീപസ്തംഭമായി
പുറത്ത് ലെനിനായി
പൂജാമുറിയിൽ പൂന്താനമായി എഴുന്നള്ളിപ്പിൽ തിടമ്പായി
കൊമ്പായി, തുമ്പിയായി
തർക്കാന്ധതയിൽ ലോകത്തെ തളച്ചിടാൻ
വേണം സാർ, പല പോസിലുള്ള ഫോട്ടോകൾ.
(പല പോസിലുള്ള ഫോട്ടോകൾ, കെ ജി ശങ്കരപ്പിള്ള)

ഫോട്ടോഗ്രാഫിയുടേയും ഫോട്ടോഗ്രാഫിക് പോർട്രെയിറ്റുകളുടെയും ഇന്ത്യയിലെ ദീർഘകാലത്തെ ചരിത്രം വിശകലനം ചെയ്ത നരവംശ ശാസ്ത്രജ്ഞനാണ് ക്രിസ്റ്റഫർ പിന്നി. രാജ്യത്തെ സാമൂഹിക ജാതിസാമുദായിക രാഷ്ട്രീയ സ്വഭാവ വിശേഷങ്ങളെ ഫോട്ടോ ഗ്രാഫിയിൽ എങ്ങനെയൊക്കെയാണ് സ്വാംശീകരിച്ചത് എന്നതിനെ കുറിച്ചുള്ള മനോഹരമായ നിരീക്ഷണങ്ങൾ അദ്ദേഹം മുന്നോട്ട് വെക്കുന്നുണ്ട്. നമ്മളൊക്കെ കരുതുന്നതു മാതിരിയുള്ള നിഷ്കളങ്കമായ ഒരേർപ്പാടല്ല ഫോട്ടോഗ്രഫിയെന്നും ഓരോ കാലത്തെയും സാമൂഹിക രാഷ്ട്രീയ പരിതഃസ്ഥിതികളുമായി അവ കെട്ടുപിണഞ്ഞു കിടക്കുന്നുണ്ടെന്നുമാണ് പിന്നി പറയുന്നത്. ക്യാമറ കളവു പറയില്ല എന്നാണല്ലോ നമ്മെ പലരും പറഞ്ഞു പറ്റിച്ചിരിക്കുന്നത്. എന്നാൽ മനോഹരമായി കളവു പറയാനും സത്യങ്ങൾ മറച്ചുവെക്കാനും മാരകമായ ശേഷിയുള്ള മാധ്യമമാണ് ഫോട്ടോഗ്രാഫി. ഓരോ ഫോട്ടോയും അവ വരുന്ന കാലത്തെയും പ്രദേശത്തെയും ചരിത്ര സന്ദർഭങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നുണ്ടെന്നും ചരിത്രത്തിന്റെ തുറന്ന വായന കളിലൂടെ ആ ബന്ധത്തെയും താത്പര്യത്തെയും പുറത്തെടുക്കാനാകും എന്നുമാണ് പിന്നി സ്ഥാപിക്കുന്നത്.

ചെന്നൈയിലെ മറിനാ ബീച്ചിൽ രജനീകാന്തിന്റെ വലിയ കട്ടൗട്ടുകളുമായി നടക്കുന്ന ഫോട്ടോഗ്രാഫർമാരെ കണ്ടിട്ടില്ലേ? വെള്ളിത്തിരയിൽ മാത്രം കണ്ട നായകന്മാരുടെ തോളത്തു കയ്യിട്ടു ഒരു ഫോട്ടോ നിങ്ങൾക്കും വേണ്ടേ എന്നു ചോദിച്ചാണവരുടെ നടത്തം. താജ്മഹലിന്റെ മിനാരം തൊടുന്ന, ഖുതുബ് മിനാറിനെ കൈ പിടിയിലൊതുക്കുന്ന പല തരം പോസുകളിലുള്ള ഫോട്ടോകൾ എടുക്കാൻ ധൃതികൂട്ടുന്ന സന്ദർശകരെയും നാം കാണാറുണ്ടല്ലോ. വരച്ചുണ്ടാക്കിയ സ്വിറ്റ്സർലണ്ടിലെ മഞ്ഞുമലകളും ലണ്ടൻ ബ്രിഡ്ജും നയാഗ്രാ വെള്ളച്ചാട്ടവും പശ്ചാത്തലമാക്കി ഒരു കുടുംബ ഫോട്ടോയെടുക്കാൻ ആശിക്കുന്നവരാണ് പലരും. ഫോട്ടോഗ്രഫി എന്നത് യാഥാർഥ്യങ്ങളുടെ ചിത്രീകരണം മാത്രമല്ല, മറിച്ചു നടക്കാതെ പോയ നമ്മുടെ ആഗ്രഹങ്ങളുടെ കൂടി ചിത്രീകരണമാണ് എന്നാണല്ലോ ഇവയൊക്കെ പറഞ്ഞുവെക്കുന്നത്. സാങ്കേതിക വിദ്യയിൽ ഉണ്ടായ വളർച്ച ഈ കാര്യങ്ങളെയെല്ലാം എളുപ്പമുള്ളതാക്കി. ഇന്നിപ്പോൾ ഏതെങ്കിലും ഫോട്ടോയെടുക്കാനോ ഫോട്ടോയിൽ വേലകളൊപ്പിക്കാനോ സ്റ്റുഡിയോയിൽ പോകേണ്ട ആവശ്യം പോലുമില്ല. ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട നൂറുകണക്കിന് ആപ്പുകൾ ഗൂഗിൾ പ്ളേ സ്റ്റോറിൽ മാത്രം ഇപ്പോൾ ലഭ്യമാണ്. വേണ്ട പശ്ചാത്തലത്തിൽ, വേണ്ടത് മൊഞ്ചോടെയുള്ള നിങ്ങളുടെ ഫോട്ടോ സെക്കന്റുകൾക്കകം റെഡി. ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോകൾ നമ്മുടെ രാഷ്ട്രീയത്തിലും വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാറുണ്ടല്ലോ. ഫോട്ടോ ഷോപ്പിലൂടെ ചരിത്രത്തിൽ കയറിപ്പറ്റുന്നവരും ചരിത്രത്തിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവരും ഏറെയുണ്ടല്ലോ. തന്നെ എടുത്തുകാണിക്കാൻ ക്യാമറക്കു മുന്നിൽ മാത്രമല്ല, ഫോട്ടോഷോപ്പിലും കോപ്രായങ്ങൾ കാണിക്കുന്ന കോമാളികൾ ആണല്ലോ നമുക്ക് ചുറ്റും. മറ്റൊരാൾ നമ്മുടെ ഫോട്ടോ എടുക്കുന്നത് മതിയാകാത്തതു കൊണ്ടാണല്ലോ നാമിപ്പോൾ സെൽഫിയിൽ അഭയം പ്രാപിച്ചിരിക്കുന്നത്.

ഇതൊക്കെയിപ്പോൾ ഓർക്കാൻ കാരണം കേരളത്തിൽ ഈയിടെ വന്ന ഒരറിയിപ്പാണ്. കഴിഞ്ഞ ഡിസംബർ ഒന്നിന് വക്കം മൗലവി ഫൗണ്ടേഷന്റെ ഫെയ്സ്ബുക് പേജിൽ വന്ന ആ അറിയിപ്പ് ഇങ്ങനെയാണ്: വക്കം മൗലവിയുടെ യഥാർത്ഥ ചിത്രം ഇതുവരെ ലഭ്യമല്ലായിരുന്നു. മൗലവിയുടെ ഛായാചിത്രം എന്ന പേരിൽ ഗൂഗിളിലും മറ്റും കാണുന്ന ചിത്രങ്ങൾ ഏതോ ചിത്രകാരൻ രൂപകൽപന ചെയ്ത ചിത്രമാണ്. അൽപം മുമ്പാണ് ഒറിജിനൽ ചിത്രം കണ്ടെടുത്തത്. ആ ചിത്രം വെച്ച് തയ്യാറാക്കിയ പോർട്രയിറ്റ് ആണിത്. മൗലവിയുടെ ബന്ധുക്കൾ സ്ഥിരീകരിച്ച ഈ ചിത്രം ആയിരിക്കും ഇനി മുതൽ ഔദ്യോഗിക ചിത്രം. മറ്റുചിത്രങ്ങൾ ഒഴിവാക്കി മൗലവിയുടെ ചിത്രമായി ഇത് ഉപയോഗിക്കണമെന്ന് അഭ്യർത്തിക്കുന്നു“.

1932-ൽ അന്തരിച്ച മൗലവിയുടെ, അദ്ദേഹത്തിന്റെ ജീവിതവുമായി ഏറ്റവും അടുത്ത കാലഘട്ടം മുതൽ ഇതുവരെയും ഉപയോഗത്തിൽ ഉണ്ടായിരുന്ന ഫോട്ടോ ഒഴിവാക്കി,അദ്ദേഹത്തിന്റെ ആരാധകരും കുടുംബാംഗങ്ങളും നൽകുന്ന പുതിയ “ഔദ്യോഗിക ഫോട്ടോ വേണം ഇനി മേൽ ഉപയോഗിക്കാൻ എന്നാണ് അഭ്യർത്ഥനയുടെ രത്നച്ചുരുക്കം. കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിലെ പൊതുജീവിതത്തിൽ സജീവമായി ഉണ്ടായിരുന്ന ഒരാളുടെ ദശാബ്ദങ്ങളോളം പ്രചാരത്തിൽ ഉണ്ടായിരുന്ന ഫോട്ടോ അദ്ദേഹം മരണപ്പെട്ടു ഏതാണ്ട് 75 വർഷം പിന്നിടുമ്പോൾ മാറ്റണം എന്നു ആരാധകർക്കും അനു യായികൾക്കും കുടുംബങ്ങൾക്കും തോന്നാനുണ്ടായ കാരണത്തിന്റെ പൊരുൾ എന്തായിരിക്കണം? ഏതോ ചിത്രകാരൻ രൂപകൽപന ചെയ്ത ചിത്രമാണ് ഇതുവരെയും പ്രചാരത്തിൽ ഉണ്ടായിരുന്നത് എന്നും അൽപം മുമ്പാണ് ഒറിജിനൽ ചിത്രം കണ്ടെടുത്തത് എന്നുമാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം. അപ്പോഴും ‘ഒറിജിനൽ’ ഫോട്ടോയല്ല, ആ ഫോട്ടോ ഉപയോഗിച്ച് മറ്റൊരു ചിത്രകാരൻ തയ്യാറാക്കിയ പോർട്രയിറ്റ് ആണ് ഫൗണ്ടേഷൻ “ഒദ്യോഗിക ഫോട്ടോ ആയി അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോഴും പ്രചാരത്തിലുള്ള വക്കം മൗലവിയുടെ ഫോട്ടോയും മൗലവിയുടെ ഔദ്യോഗിക ചിത്രമായി ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന പോട്രെയിറ്റും തമ്മിലുള്ള വ്യത്യാസങ്ങൾ ഒറ്റനോട്ടത്തിൽ തന്നെ പ്രകടമാണ്. ആദ്യത്തേതിൽ പശ്ചാത്തലത്തിലും മുഖത്തും നിറയെ കറുപ്പാണെങ്കിൽ പുതിയ പോർട്രയിറ്റിൽ മൗലവിയെ വെള്ള നിറത്തിൽ കുളിപ്പിച്ചിരിക്കുകയാണ്. കണ്ടുപരിചയിച്ച മൗലവിയെ മാറ്റിത്തിരുത്തി, സൂക്ഷിച്ചുനോക്കിയാൽ ചുറ്റുമൊരു പ്രഭാവലയമൊക്കെ ഉണ്ടല്ലോ എന്ന് കാഴ്ചക്കാരനെ വിശ്വസിപ്പിക്കുമാറാണ് പുതിയ പോട്രെയിറ്റ് സംവിധാനിച്ചിരിക്കുന്നത്. വേണമെങ്കിൽ ഒറ്റനോട്ടത്തിൽ കാണുന്നവർ ഇത് ദളിത് നവോത്ഥാന നായകൻ അയ്യങ്കാളിയല്ലയോ എന്ന് കരുതിക്കോട്ടെ എന്ന മട്ടിലുള്ള പല കുസൃതികളും പുതിയ പോട്രെയ്റ്റിൽ ഉണ്ട്.

വക്കം മൗലവി എന്ന് പൊതുവെ അറിയപ്പെടുന്ന വക്കം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവിക്ക് ഈ പുതിയ മുഖച്ഛായ നൽകുന്നതിന്റെ രാഷ്ട്രീയമെന്തായിരിക്കണം? അങ്ങനെയൊരു പുതിയ വെള്ളപൂശൽ വക്കം മൗലവിക്ക് ആവശ്യമായിവരുന്ന സാമൂഹിക സാഹചര്യം എന്താണ്‌. വക്കത്തെ തുടച്ചു മിനുക്കി പൗഡറിട്ട് പുതിയ രൂപത്തിൽ കൊണ്ടുവന്നിരുത്തേണ്ട സന്ദർഭം ഏതാണ്? ഈ വക കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണം ഈ ഫോട്ടോമാറ്റത്തിനു പിന്നിലെ താത്പര്യങ്ങളെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കും. ഇസ്‌ലാമിലെ സലഫീ ആശയധാരയുടെ കേരളത്തിലെ ആദ്യകാല പ്രചാരകനായാണ് വക്കം മൗലവി അറിയപ്പെടുന്നത്. ഈ ആശയധാരയെ മലയാളി മുസ്‌ലിംകൾക്കിടയിലെ നവോത്ഥാന മാറ്റങ്ങൾ എന്ന രീതിയിലാണ് ഈ അടുത്തകാലംവരെയും പലരും മനസ്സിലാക്കി പോന്നത്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വക്കം മൗലവിയെ നവോത്ഥാന നായകൻ എന്ന രീതിയിൽ പലരും പരിചയപ്പെടുത്തിപ്പോരുകയും ചെയ്തിരുന്നു. എന്നാൽ, അത്തരം വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന ഒട്ടനവധി അക്കാദമിക് പഠനങ്ങ ളും നിരീക്ഷണങ്ങളും പുറത്തു വന്നുകഴിഞ്ഞു. വക്കം മൗലവി ഉഷാറായിരുന്നു എന്ന് നായനാർ പറഞ്ഞിട്ടുണ്ട്. ഗോവിന്ദപിള്ള അരുളിയിട്ടുണ്ട്, അഴീക്കോട് എഴുതിയിട്ടുണ്ട്. കോട്ടയം പുഷ്പനാഥ് വിവരിച്ചിട്ടുണ്ട് എന്ന മട്ടിലുള്ള സലഫികളുടെ സംബ്രദായിക പ്രതിരോധ രീതികൾ കൊണ്ടൊന്നും മറികടക്കാൻ കഴിയാത്ത വിധം ആധികാരികവും ശക്തവുമാണ് ഈ പഠനങ്ങളിൽ പലതും.

അക്കാദമിക് രംഗത്തെ ഈ ചോദ്യംചെയ്യലിന് സമാന്തരമായാണ് സലഫിസം ആഭ്യന്തരമായി നേരിടുന്ന ഒട്ടനവധി വെല്ലുവിളികളും നമ്മുടെ മുന്നിൽ നിറഞ്ഞാടിക്കൊണ്ടിരിക്കുന്നത്. മൗലവി കേരളത്തിൽ നനച്ചു വളർത്തിയ “നവോത്ഥാനത്തിന്റെ ചെടികൾ വളർന്ന് കാടാകുകയും ആ കാട്ടിൽ നിന്ന് ചിലരൊക്കെ ആടുമേക്കാൻ പോകുകയും ആ ചെടികളിൽ വിഷക്കായ്കൾ കുലക്കുകയുമൊക്കെ ചെയ്യുന്ന ഒരു സങ്കീർണ ഘട്ടത്തിലൂടെയാണല്ലോ കേരളത്തിലെ ‘മുസ്ലിം പുരോഗമന സാമൂഹിക ജീവിതം’ കടന്നുപോകുന്നത്. പുരോഗമന ആശയമെന്ന പേരിൽ മൗലവി ഇവിടെ പ്രചരിപ്പിക്കാൻ അവലംബിച്ചത് ഇപ്പോഴത്തെ പല തീവ്രവാദ സംഘടനകളുടെയും അതേ ആശയ സ്രോതസ്സുകളെയായിരുന്നു എന്നൊക്കെയുള്ള പുതിയ വായനകൾ വേറെയും. ഇതൊക്കെ കേരളത്തിലെ സലഫികളെയും അവരുടെ അഭ്യുദയ കാംക്ഷികളെയും എത്രമേൽ അസ്വസ്ഥരാക്കികൊണ്ടിരിക്കുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരമൊരു സന്ദർഭത്തിൽ തന്നെയാണ് വക്കം മൗലവിയുടെ പുതിയ “ഇമേജുമായി അദ്ദേഹത്തിന്റെ സലഫി ആരാധകർ രംഗത്തെത്തിയത് എന്നതു യാദൃച്ഛികമാകാൻ ഒട്ടും വഴിയില്ലല്ലോ.

വേറെയുമുണ്ട് കാര്യങ്ങൾ. സ്വദേശാഭിമാനി പ്രതാധിപരായ രാമകൃഷ്ണപിള്ളയുടെ പേരിലാണല്ലോ വക്കം മൗലവിയുടെ വിശ്വാസ്യത പരിപാലിക്കാൻ സലഫികൾ ഇവിടെ കാലങ്ങളോളമായി കഠിന യത്നങ്ങൾ നടത്തിവന്നത്. അപ്പോൾ ഏതാണീ പിള്ള? എത്ര മനുഷ്യത്വപരമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകൾ? എത്രയുണ്ടായിരുന്നു അദ്ദേഹത്തിൽ പുരോഗമനം? ദളിത് വായനകൾ ഇത്തരം മറുചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങിയിട്ടു കുറച്ചായി. പൊതുബോധത്തിന്റെ ചുവടുപിടിച്ചു വളർന്ന പ്രസ്ഥാനം എന്ന നിലയിൽ അത്തരം ചോദ്യങ്ങളെ കീഴാള ചരിത്രം എന്നവഗണിച്ചു എളുപ്പത്തിൽ ഒഴിവാക്കാമായിരുന്ന ഒരു കാലം സലഫികൾക്കും ഉണ്ടായിരുന്നു. എന്നാൽ ഇന്നതല്ല സ്ഥിതി. എതിർവായനകൾ മുഖ്യധാരാ വായനകളായി വളർന്നുകഴിഞ്ഞു. അവ മുന്നോട്ടുവെക്കുന്ന സ്രോതസ്സുകളുടെ വൈപുല്യവും ഗവേഷണ രീതികളിലെ നൂതനത്വവും അവഗണിക്കുക ഇന്നെളുപ്പമല്ല.

സർ സി പിയുമായി രാമകൃഷ്ണ പിള്ളക്കുണ്ടായിരുന്ന ഈറയുടെ കാരണം, പലരും കരുതുന്നതുപോലെ ഏകാധിപതിയായ ഒരു ഭരണാധികാരിയോട് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പത്രാധിപരുടെ എതിർപ്പായിയിരുന്നില്ല. മറിച്ച് സ്വന്തം സമുദായവുമായി കെട്ടുപിണഞ്ഞ ചില താല്പര്യങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു എന്ന നിരീക്ഷണം പ്രബലമാണ്. നമ്പൂതിരിമാരുടെ ചില ഔദ്യോഗികവും സ്വകാര്യവുമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് നായർ സമുദായം സൗഭാഗ്യമായി കണ്ടിരുന്ന ഏതാനും കാര്യങ്ങൾ സർ സി പി തടഞ്ഞതാണ്‌ ഈ ഈറയുടെ മൂലകാരണം. സാംസ്കാരിക രംഗത്തും അദ്ദേഹം പിന്തിരിപ്പൻ നിലപാടാണ് എടുത്തിരുന്നത്. പുലയ സമുദായത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ പ്രവേശനത്തെ പരിഹാസത്തോടും പുച്ഛത്തോടെയുമാണ് സ്വദേശാഭിമാനി സമീപിച്ചത്. തലമുറകളായി ബുദ്ധി കൃഷി ചെയ്യുന്ന കുതിരകളെയും നിലം കൃഷി ചെയ്യുന്ന പോത്തുകളെയും ഒരേ നുകത്തിൽ വെച്ച് കെട്ടാൻ കഴിയുമോ എന്നായിരുന്നു സ്വദേശാഭിമാനിയുടെ സന്ദേഹം. പണ്ഡിറ്റ് കറുപ്പനെ അവഹേളിക്കാനും സ്വദേശാഭിമാനിയിലെ സവർണാഭിമാനിയെ ധൃഷ്ടനാക്കി. 1910 മാർച്ച് നാലിന് വക്കം മൗലവിയുടെ സ്വദേശാഭിമാനിയിൽ വന്ന എഡിറ്റോറിയൽ ഇങ്ങനെ: ‘ആചാര കാര്യങ്ങളിൽ സർവജനീനമായ സമത്വം അനുഭവിക്കണമെന്ന് വാദിക്കുന്നവർ ആ സംഗതിയെ ആധാരമാക്കിക്കൊണ്ട് പാഠശാലകളിൽ കുട്ടികളെ അവരുടെ വർഗയോഗ്യതകളെ വകതിരിക്കാതെ നിർഭേദം ഒരുമിച്ചിരുത്തി പഠിപ്പിക്കണമെന്ന് ശഠിക്കുന്നതിനെ അനുകൂലിക്കാൻ ഞങ്ങൾ യുക്തി കാണുന്നില്ല. എത്രയോ തലമുറകളായി നിലം കൃഷി ചെയ്തു വന്നിരിക്കുന്ന ജാതിക്കാരെയും ബുദ്ധിവൃഷിക്കാര്യത്തിനായി ഒന്നായി ചേർക്കുന്നത് കുതിരയെയും പോത്തിനെയും ഒരു നുകത്തിന് കീഴിൽ കെട്ടുകയാണ്. ഈ പ്രകാരം ഉത്തരവ് പ്രകടിപ്പിക്കുന്നവരെ കുതിരച്ഛമ്മട്ടിക്ക് അടിക്കണം“.

താഴ്ന്ന ജാതിക്കാരെയും ഉയർന്ന ജാതിക്കാരെയും ഒരു മിച്ച് ഒരേ ബെഞ്ചിലിരുത്തി പഠിപ്പിക്കണമെന്ന് പറയുന്നവരെ കുതിരച്ചെമ്മട്ടിക്കടിക്കണമെന്ന പുരോഗമനം!!. ഇമ്മാതിരി ഒരു എഡിറ്റോറിയൽ എഴുതിയ ആളുടെ മനോനില എന്തായിരുന്നുവെന്നും സാമൂഹിക മാറ്റത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കൽപങ്ങൾ എന്തൊക്കെ ആയിരുന്നുവെന്നും ആലോചിക്കാവുന്നതേയുള്ളൂ. അപ്പോൾ ഇങ്ങനെയൊരാളെ തന്റെ പത്രം നടത്താനും അതിൽ എഡിറ്റോറിയൽ എഴുതാനും ഏൽപ്പിച്ച വക്കം മൗലവിയുടെ മനോവ്യാപാരം എന്തായിരിക്കും? പാവം കുതിരകളും കഴുതകളും, അവയുടെ കാര്യം പോകട്ടെ. ഈ രണ്ട് മനുഷ്യർ ഏത് തരം സവർണ ബോധത്തിന്റെ ഭാണ്ഡമാണ് ചുമന്നിട്ടുണ്ടാകുക. ഹിന്ദു സമുദായത്തെ പ്രതി സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള പരിപാലിച്ചുപോന്ന സവർണബോധത്തിന്റെ എന്തു തരം വ്യാഖ്യാനങ്ങളെയാവും വക്കം മൗലവി മുസ്‌ലിം സമുദായത്തിൽ ആവിഷ്കരിച്ചത്? എന്താവും വക്കം മൗലവിയെയും രാമകൃഷ്ണപിള്ളയെയും ഒരേ നുകത്തിൽ ബന്ധിപ്പിക്കുന്ന ഘടകങ്ങൾ? അക്ഷരം പഠിക്കുന്ന കീഴാള ജാതിക്കാരെ അടിച്ചോടിക്കണം എന്നു മുഖപ്രസംഗം എഴുതിയ പ്രതാധിപരും പത്രവും പത്രമുടമയുമാണ് നവോത്ഥാനത്തിന്റെയും മാധ്യമ സ്വാതന്ത്യത്തിന്റെയും കേരളത്തിലെ പ്രതീകങ്ങൾ എന്നതുതന്നെയാണ് മലയാളി സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അല്ലെങ്കിലും മന്നത്ത് പത്മനാഭനൊക്കെ നവോത്ഥാന നായകനും ജന്മദിനം അവധിക്കർഹനുമാകുന്ന കാലത്ത് വക്കം മൗലവിയും നവോത്ഥാന നായകനാകുന്നതല്ലേ അതിന്റെയൊരു ചേർച്ച.

സലഫിസം ചരിത്രത്തിലും വർത്തമാനത്തിലും ഇങ്ങനെ പലമാതിരി വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിലല്ലെങ്കിൽ പിന്നെ എപ്പോഴാണ് അനുയായികൾ കേരളത്തിലെ ആദ്യത്തെ സലഫിയെ ഇങ്ങനെ വെള്ളപൂശി അവതരിപ്പിക്കേണ്ടത്? അനുസരണയും ആരാധനയും നിറഞ്ഞ അനുയായികൾ സന്നിഗ്ദ ഘട്ടത്തിൽ നേതാവിന് കൊടുക്കുന്ന വിലപ്പെട്ട ഉപകാരസ്മരണയായി മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളൂ പുതുതായി കണ്ടെത്തിയ “ഔദ്യോഗിക പോർട്രൈറ്റിനെ കുറിച്ചുള്ള ആധികൾ. ഇക്കാലത്ത് സലഫികളെ പോലെ പല പോസിലുള്ള ഫോട്ടോകൾ ആവശ്യമുള്ളവർ മുസ്‌ലിം സമുദായത്തിൽ മറ്റാരെങ്കിലും ഉണ്ടോ? അങ്ങനെ പല പോസിലുള്ള ഫോട്ടോകൾ കൊണ്ട് വക്കം മൗലവിയുടെയും അതു വഴി സലഫിസത്തിന്റെയും കേരളത്തിലെ ജീവിതത്തെ എടുത്തുടിപ്പിക്കാം എന്നു കരുതിക്കാണും സലഫികൾ.

-പി കെ എം അബ്ദുറഹ്മാൻ

Related Posts