ദീനിൽ വല്ല പുതിയ നിയമങ്ങളും പരിഷ്കരണവും വരുത്തുക എന്നതല്ല യഥാർത്ഥ നവോത്ഥാനം. എന്നാൽ പുത്തൻ വാദികൾ മതനിയമങ്ങൾ തന്നെ പരിഷ്കരിക്കുകയാണ്. മതത്തിലെ പഴയ നിയമങ്ങൾ പുതിയ കാലത്തേക്ക് ചേർന്നതല്ല എന്നതാണവരുടെ വാദം. മതത്തിൽ തിരുത്തും പരിഷ്കരണവും നടത്തിയവരെ അവർ നവോത്ഥാന നായകരെന്നും പറയുന്നു. അവരുടെ ഗ്രന്ഥങ്ങളിലും പ്രസംഗങ്ങളിലും ഇതു കാണാം.
ഇസ്‌ലാം പറയുന്ന നവോഥാനം എന്താണെന്ന് ഹദീസിൽ നിന്ന് മനസ്സിലാക്കാം. ദീനിൽ നവചൈതന്യമുണ്ടാക്കുന്ന, പുത്തൻ ഉന്മേഷമുണ്ടാക്കുന്ന, സമൂഹത്തെ സമുദ്ധരിക്കുന്ന ഓരോ മഹൽ വ്യക്തിത്വങ്ങളെ ഓരോ നൂറ്റാണ്ടിന്റെ തലക്കലും അല്ലാഹു നിശ്ചയിക്കും. നബി ﷺ പറഞ്ഞു: ഈ ഹദീസിന്റെ മറ്റൊരു നിവേദനത്തിൽ നിന്ന് നവോത്ഥാനം എന്തെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഓരോ നൂറ്റാണ്ടിന്റെയും ആരംഭത്തിൽ ജനങ്ങൾക്ക് നബി ﷺ യുടെ സുന്നത്തുകൾ പഠിപ്പിക്കുകയും നബി ﷺ യെ തൊട്ട് കളവുകൾ ഇല്ലാതാക്കുകയും ചെയ്യുകയായിരിക്കും ആ മുജദ്ദിദുകൾ നിർവ്വഹിക്കുന്ന ദൗത്യം.
ഒരു പരിഷ്കരണവും ആവശ്യമില്ലാത്ത അല്ലാഹുവിന്റെ നിയമങ്ങളെ പരിഷ്കരിക്കണമെന്നാണ് പുത്തൻവാദികൾ പറയുന്നത്. നമ്മുടെ നബി ﷺ അടക്കം അമ്പിയാക്കൾ അല്ലാഹുവിന്റെ നിയമങ്ങൾ നമുക്കെത്തിച്ചു തന്നവരാണ്. അതിലവർ കൂട്ടുകയും കുറക്കുകയും ചെയ്തിട്ടില്ല. എന്നാൽ പുത്തൻ വാദികൾ മറിച്ചാണ്. അവർ എല്ലാ കാലത്തേക്കുമായി നൽകിയ ദീനിനെ മാറ്റി മറിക്കുകയും അതിനെ നവോഥാനമെന്നു വിളിക്കുകയുമാണ്.
അമ്പിയാക്കൾ പഠിപ്പിച്ച സുന്നത്തുകളിൽ കൈവെക്കുന്നവരിൽ നിന്ന് അതിനെ രക്ഷിക്കുക എന്ന പ്രവർത്തിയാണ് നവോത്ഥാന നായകൻമാർ ചെയ്യുകയെന്ന്, രണ്ടാമത്തെ ഹദീസ് പഠിപ്പിക്കുന്നു. അപ്പോൾ നബി ﷺ യുടെ പേരിൽ ആരോപിക്കപ്പെടുന്ന കളവുകളെ ഇല്ലാതാക്കുക എന്നതും നടക്കും. ഇതാണ് നബി ﷺ പഠിപ്പിച്ച, ഇസ്‌ലാമിലെ നവോത്ഥാനം.
ഈ ഹദീസ് ഉദ്ധരിച്ചതിനു ശേഷം ഇമാം അഹ്മദ്ബ്നു ഹമ്പൽ ﵀ പറയുന്നു. എന്റെ നിരീക്ഷണത്തിൽ ഒന്നാം നൂറ്റാണ്ടിലെ മുജദ്ദിദ് ഖലീഫ ഉമറുബ്നു അബ്ദുൽ അസീസ് അവർകളാണ്. രണ്ടാം നൂറ്റാണ്ടിൽ അത് ഇമാം ശാഫിഈ ﵀ വുമാണ്. ഇവർ രണ്ടു പേരും രണ്ടു നൂറ്റാണ്ടുകളിലെ നവോത്ഥാന നായകരാണ്. തുടർന്നുള്ള നൂറ്റാണ്ടുകളിൽ ഉണ്ടായിട്ടുള്ള മുജദ്ദിദുകൾ ആരൊക്കെയാണെന്ന് ആ കാലഘട്ടങ്ങളിലെ പണ്ഡിത സമൂഹം വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇമാം താജുദ്ദീനിസ്സുബ്കി ﵀ തന്റെ ത്വബഖാതുശ്ശാഫിഇയ്യത്തിൽ കുബ്റായിൽ ഇവരെ എണ്ണിപ്പറഞ്ഞിട്ടുണ്ട്. മറ്റു ഗ്രന്ഥങ്ങ ളിലും തങ്ങളുടെ കാലഘട്ടത്തെ മുജദ്ദിദുകളെ മഹാന്മാർ എണ്ണി പറഞ്ഞത് കാണാം. ഒന്നാം നൂറ്റാണ്ടിൽ ഉമറുബ്നു അബ്ദിൽ അസീസ്, രണ്ടാം നൂറ്റാണ്ടിൽ ഇമാം ശാഫിഈ ﵀, മൂന്നാം നൂറ്റാണ്ടിൽ ഇമാം അശ്അരി ﵀, നാലാം നൂറ്റാണ്ടിൽ ഖാളി അബൂബകരിൽ ബാഖില്ലാനി ﵀, അഞ്ചാം നൂറ്റാണ്ടിൽ ഇമാം ഗസ്സാലി ﵀, ആറാം നൂറ്റാണ്ടിൽ ഇമാം ഫഖ്റുദ്ദീൻ റാസി ﵀, ഏഴാം നൂറ്റാണ്ടിൽ ഇമാം ഇബ്നു ദഖീഖിൽ ഈദ് ﵀, എട്ടാം നൂറ്റാണ്ടിൽ ഇമാം ബുൽഖീനീ ﵀, ഒമ്പതാം നൂറ്റാണ്ടിൽ സക്കരിയ്യൽ അൻസാരി ﵀, പത്താം നൂറ്റാണ്ടിൽ ഇമാം ജലാലുദ്ദീൻ സുയൂത്വി ﵀ എന്നിവരാണ് മുജദ്ദിദുകൾ. ബിഗ്‌യതുൽ മുസ്തർശിദീൻ എന്ന ഗ്രന്ഥത്തിലടക്കം ഇത് രേഖപ്പെടുത്തിയിട്ടുള്ളത് കാണാം. ചില കാലക്കാരെ കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അവരെല്ലാം അവരരവരുടെ കാലത്തെ മുജദ്ദിദുകളായിരുന്നു. പക്ഷെ, അവരാരും ദീനിൽ പുതിയതൊന്നും ഉണ്ടാക്കിയവരല്ല. മറിച്ച് ദീനിനെക്കുറിച്ച് പുതിയ ഉന്മേഷവും ഉത്തേജനവും കൊടുത്ത് ജനങ്ങൽക്ക് ദീൻ നന്നായി പഠിപ്പിച്ച് നേതൃത്വം നൽകിയവരാണ്. വിവരമില്ലായ്മ കാരണം സംഭവിച്ച അബദ്ധങ്ങളിൽ നിന്ന് അവരെ രക്ഷപ്പെടുത്തിയവരാണവർ. ഈ മുജദ്ദിദുകൾ ആരും ആരെയും തള്ളിപ്പറഞ്ഞിട്ടുമില്ല. പരസ്പരം പരമ്പരാഗതമായി അംഗീകരിച്ചവരാണവർ. ഇത് അഹ്‌ലുസ്സുന്നയുടെ പ്രത്യേകതയാണ്. നബി ﷺ യിലേക്ക് ചെന്നെത്തുന്ന കണ്ണിമുറിയാത്ത പരമ്പര നമുക്കുണ്ട്. പരമ്പരാഗതമായി കൈമാറി വന്ന ദീനിൽ കടത്തിക്കൂട്ടാനും വെട്ടിച്ചുരുക്കാനും ആർക്കും അധികാരമില്ല.
നബി ﷺ യിൽ നിന്ന് സ്വഹാബികൾ, അവരിൽ നിന്ന് താബിഉകൾ, അവരിൽ നിന്ന് തബഉത്താബിഉകൾ, അഇമ്മത്ത് മുജ്തഹിദുകൾ അവരുടെ പിന്തുടർച്ചക്കാരായ പണ്ഡിതന്മാർ, എന്നിങ്ങനെ ഓരോ കാലഘട്ടങ്ങളിലുള്ള ആലിമീങ്ങളിലൂടെയാണ് നമ്മളിലേക്ക് പരിശുദ്ധമായ ദീൻ എത്തിച്ചേർന്നത്. ഇത് നമ്മുടെ ഉസ്താദുമാരുടെ പരമ്പര പരിശോധിച്ചാലറിയാം. നബി ﷺ യിലേക്ക് എത്തിച്ചേരുന്നതാണത്. ഈ പരമ്പര നഷ്ടപ്പെട്ടവരാണ്, പുത്തൻവാദികൾ നവോത്ഥാന നായകരെന്ന് വിശേശിപ്പിക്കുന്നവരെല്ലാം.
മഹാനായ ഇമാം ഇബ്നു ഹജരിൽ ഹൈതമി ﵀ അവിടുത്തെ ശൈഖുമാരെയും സനദും പരമ്പരയും വിവരിക്കുന്ന ലഘു ഗ്രന്ഥമായ കിത്താബുസ്സബത്തിൽ പറയുന്നു. എല്ലാ ബിദ്അത്തുകാർക്കും ഗുരുനാഥൻമാരുടെ പരമ്പരയും ബന്ധവും നഷ്ടപ്പെട്ടുപോയിരിക്കുന്നു എന്നത് നമുക്ക് വെളിവാക്കപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ അവർ ഏതെങ്കിലും ഒരു ഹദീസോ ഒരു ഫിഖ്ഹിയ്യായ മസ്അലയോ ഏതെങ്കിലും ഒരു ഇമാമിൽ നിന്ന് ഉദ്ധരിക്കുന്നത് കാണില്ല. കാരണം അവർക്ക് അങ്ങനെ പൂർവ്വികരായി ഗുരുനാഥൻമാരില്ല. അവർ ഗുരുനാഥൻമാരിൽ നിന്ന് പിരിഞ്ഞ് പോന്നവരോ പുറത്താക്കപ്പെട്ടവരോ ആയിരിക്കും.
പുത്തനാശയക്കാരുടെ ഇന്നത്തെ നേതാക്കൻമാരെ പരിശോധിച്ചാൽ തന്നെ നമുക്കിതു വ്യക്തമാവും. അവരുടെ പരമ്പര ചെന്നെത്തുന്ന കെ എം മൗലവിയുടെ അവസ്ഥ തന്നെ ഇതിനു ദാഹരണമാണ്. ഖുതുബി(ന:മ) അവർകളുടേയും കെ.എം മൗലവിയുടേയും ഗുരുനാഥനാണ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തിന്റെ വഫാത്തിനു ശേഷം കെ. എം മൗലവി അദ്ദേഹത്തിന്റെ മാർഗ്ഗം ഉപേക്ഷിച്ചു പോയി. ചാലിലകത്ത് വഫാത്താ കന്നത് 1919ലാണ്. എന്നാൽ വഹ്ഹാബികൾ രംഗത്തു വന്നത് അതിനു ശേഷമാണ്.
പഴയ കാല ഉലമാക്കൾ പഠിപ്പിച്ചതിനെ വലിച്ചെറിഞ്ഞ് പുതിയ കാര്യങ്ങൾ ദീനായി വാദിച്ചു ഉണ്ടാക്കിയതിനെയാണ് പുത്തനാശയക്കാർ നവോത്ഥാനം എന്ന് പറഞ്ഞുകൊണ്ടി രിക്കുന്നത്. യഥാർത്ഥത്തിൽ ദീനിന്റെ നശീകരണമാണത്. ചുരുക്കത്തിൽ പുത്തൻവാദികളുടെ അടിത്തറ തന്നെ സനദില്ലായ്മയാണ്. അതാണ് ഇബ്നു ഹജർ ﵀ പറയുന്നത്. തുടർന്ന് മഹാനവർകൾ പറയുന്നു. അവരിൽപെട്ട ഒന്നോ രണ്ടോ ആളുകൾ പറഞ്ഞത് അപ്പടി അംഗീകരിക്കുക എന്നതാണ് അവരുടെ അടിസ്ഥാനം. ഈ അന്ധമായ അനുകരണമല്ലാതെ നബി ﷺ പഠിപ്പിച്ച ദീനല്ല അവരുടേത്. നബി ﷺ യിലേക്ക് എത്തിച്ചേരുന്ന പരമ്പരയും അവർക്കില്ല.
എല്ലാ മര്യാദകളും ബഹുമാനാദരവുകളും എടുത്തു കളയുന്നു എന്നതാണ് പുത്തൻവാദികളായ നവോത്ഥാന വാദികളുടെ ഒരു പ്രധാന രീതി. അതവരുടെ ഒരു പ്രത്യേക അടയാളമാണ്. ആദരിക്കേണ്ട ആളുകളും വസ്തുക്കളും സമയങ്ങളും സ്ഥലങ്ങളുമെല്ലാമുണ്ട്. അവയെ ബഹുമാനിക്കുന്ന ഇസ്‌ലാമിക പാരമ്പര്യത്തെ അവർ തള്ളുകയാണ്.
ആയിശ(റ)ൽ നിന്ന് ഒരു സംഭവം സയ്യിദസ്സുംഹൂദി(റ) അൽവഫാഉ ബിമായജിബു ലി ഹള്റത്തിൽ മുസ്തഫാ ﷺ എന്ന കൃതിയിൽ ഉദ്ധരിച്ചിട്ടുണ്ട്. നബി ﷺ യുടെ ഹള്റത്തിനോടനിവാര്യമായ സംഗതികളെങ്ങനെ നിർവ്വഹിക്കണമെന്നതാണ് ഗ്രന്ഥ ത്തിന്റെ ഉള്ളടക്കം തന്നെ. നബി ﷺ യുടെ പത്നിമാരിലൊരാൾ ഒരു ആശാരിയെ പണിക്കു വിളിച്ചു. അയാൾ ആണി അടിച്ചപ്പോൾ ശബ്ദം കൂടി. ഇതു കേട്ടപ്പോൾ ആഇശ(റ) അയാളോട് കയർത്ത് പറഞ്ഞു. നബി ﷺ ഹയാത്തിലുള്ള കാലത്തെപ്പോലെ തന്നെ വഫാത്തിനു ശേഷവും ബഹുമാനിക്കപ്പെടണം എന്ന് നിനക്കറിയില്ലേ?. മറ്റൊരു പത്നി ഇതുകേട്ടു പറഞ്ഞു. എന്താണീ കേൾക്കുന്നത്?. ആഇശ(റ) അപ്പോൾ പറഞ്ഞു അയാൾ റസൂൽ ﷺ യെ വിഷമിപ്പിക്കുകയാണ്. ഈ ശബ്ദം നബി ﷺ യെ ഹയാത്തിലുള്ളപ്പോൾ വിഷമിപ്പിക്കുന്ന പോലെ ഇപ്പോഴും വിഷമിപ്പിക്കും.
ഇമാം മാലിക് ﵀ വും അബൂജഅ്ഫർ എന്ന ഭരണാധികാരിയും പണ്ഡിതൻമാരാണ്. അവർ തമ്മിൽ നബി ﷺ യെ സിയാറത്തു ചെയ്യുന്ന രീതിയെ കുറിച്ചു മദീനാ പള്ളിയിൽ വെച്ചു സംസാരിച്ചു. അബൂ ജഅ്ഫറിന്റെ ശബ്ദം അൽപം ഉയർന്നപ്പോൾ ഇമാം മാലിക് ﵀ പറഞ്ഞു: നബി ﷺ യുടെ സമീപത്ത് ഉറക്കെ സംസാരിച്ചാൽ അമലുകൾ പൊളിഞ്ഞു പോകുമെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. അതിനാൽ സൂക്ഷിക്കണം.
തുടർന്ന് അവരുടെ ചർച്ചക്ക് സമാപനമായി ഇമാം മാലിക് ﵀ പറഞ്ഞു: “നിന്റെയും നിന്റെ ആദ്യപിതാവായ ആദം ﵇ ന്റെയും വസീലയാണ് നബി ﷺ. അതിനാൽ നബി ﷺ ക്ക് മുന്നിട്ട് ദുആഅ് ചെയ്യണം’. ഈ അദബിനെ പൊട്ടിച്ചെറിഞ്ഞവരാണ്, പുതിയ ന വോത്ഥാന വാദികളായ പുത്തനാശയക്കാർ. അവരുടെ മാർഗം നശീകരണത്തിന്റേതാണ് എന്നതിനുദാഹരണം മാത്രമാണിത്. നമ്മുടെ നാട്ടിൽ മതരംഗത്തുണ്ടായ നശീകരണത്തിന്റെയെല്ലാം ഉത്തര വാദികളും കാരണക്കാരും അവരാണ്. പ്രത്യേകിച്ച് വഹ്ഹാബികളായ മുജാഹിദുകൾ, ജമാഅത്തെ ഇസ്‌ലാമിക്കാരും പിറകിലല്ല. എല്ലാറ്റിന്റെയും തുടക്കക്കാർ വഹ്ഹാബികളാണ്.
ഇമാം അശ്അരി ﵀ ന്റെ കാലത്ത് ധാരാളം പുത്തൻവാദികളുണ്ടാ യിരുന്നെങ്കിലും മഹാനവർകൾ കൂടുതൽ എതിർത്തത് മുഅ്തസിലെത്തിനെയായിരുന്നു. കാരണം അവരാണ് പുത്തൻവാദത്തിന് വാതിൽ തുറന്നു കൊടുത്തവർ. അശ്അരി ഇമാം വഫാത്താവുന്ന സമയത്ത് പോലും മുഅ്തസിലത്തിനോടുള്ള അമർഷം രേഖപ്പെടുത്തിയിരുന്നു. അവർ പറഞ്ഞു: ‘മുഅ്തസിലത്തിന് നിരന്തരമായ ശാപമുണ്ടാകട്ടേ’ എന്ന് ഇമാം അവർകൾ പ്രാർത്ഥിച്ചിരുന്നു. ഇപ്രകാരം പുത്തൻവാദികളിൽപെട്ട വഹാബികൾ ഇക്കാലത്ത് കൂടുതൽ നശീകരണം നടത്തുന്നതിനാൽ അവർ കൂടുതൽ എതിർക്കപ്പെടുന്നു.
-മുഹ്‌യിസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ
(2017ൽ നടന്ന സമസ്ത ഉലമാ കോൺഫറൻസ് പ്രസംഗം)