മരണപ്പെട്ടവരിൽ നിന്ന് ഏതു തരത്തിലുള്ള ഗുണം പ്രതീക്ഷിക്കലും ശിർക്കും കുഫ്റും ആണ് എന്നാണ് പതിറ്റാണ്ടുകളായി വഹാബികളും മൗദൂദികളും കേരളീയ മുസ്‌ലിംകളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഈ ധാരണ മഹാ അബന്ധമാണെന്ന് സുന്നികൾ പ്രാമാണികമായി സ്ഥാപിച്ചിട്ടുള്ളതാണ്. മാത്രമല്ല ഇവരുടെ വിശദീകരണം അനുസരിച്ച് തങ്ങൾ ശിർക്ക് ചെയ്യുന്നവരാണെന്ന് അവർക്ക് തന്നെ സമ്മതിക്കേണ്ടിയും വരും.
കാരണം, അഞ്ചു നേരത്തെ നിസ്കാരങ്ങളിൽ ലോകത്തിൻറെ നാനാ ഭാഗത്ത് നിന്നും മുസ്‌ലിംകൾ തിരുനബിയെ വിളിച്ച് സലാം പറയുന്നു. നബി തങ്ങൾ തന്റെ സലാം മടക്കും എന്ന് പ്രതീക്ഷിച്ച് തന്നെയാണ് വിശ്വാസികൾ സലാം പറയുന്നത്. എന്നാൽ വഹാബികളുടെ തലതിരിഞ്ഞ തൗഹീദ് പ്രകാരം ഇങ്ങനെ പ്രതീക്ഷിക്കുന്നവരൊക്കെയും ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന ശിർക്ക് ചെയ്യുന്നവരായിരിക്കും. എന്നാൽ, ലോകത്തിന്റെ ഏത് കോണിൽ നിന്ന് സലാം പറഞ്ഞാലും നബി തങ്ങൾ അത് അറിയുമെന്നും സലാം മടക്കുമെന്നും ഹദീസിൽ സ്ഥിരപ്പെട്ടിട്ടുള്ളതാണ്.
നബി ﷺ തങ്ങൾ പറഞ്ഞു: “എന്റെ റൂഹ് എനിക്ക് മടക്കി തന്നിരിക്കെയല്ലാതെ ഒരു മുസ്‌ലിമും എനിക്ക് സലാം പറയുന്നില്ല- ഞാൻ അവന് സലാം മടക്കുകയും ചെയ്യും.” (അബൂദാവൂദ് )
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَا مِنْ أَحَدٍ يُسَلِّمُ عَلَيَّ إِلَّا رَدَّ اللَّهُ عَلَيَّ رُوحِي حَتَّى أَرُدَّ عَلَيْهِ السَّلَام
رواه احمد وابو داود والبيهقي وقال ابن تيمية في اقتضاء الصراط المستقيم وهذا الحديث على شرط مسلم
നബി ﷺ തങ്ങൾക്ക് സ്വലാത്തും സലാമും പറയുമ്പോൾ തിരുനബി തിരിച്ച് സർവ്വ വിശ്വാസികളുടെ ഗുണത്തിന് വേണ്ടി പ്രാർത്ഥിക്കുമെന്നും ഇത് “നിങ്ങളോട് മാന്യമായി അഭിവാദനം ചെയ്യപ്പെട്ടാല്‍ അതിലും ഭംഗിയായി അല്ലെങ്കില്‍ ചുരുങ്ങിയത് അതുപോലെയെങ്കിലും നിങ്ങള്‍ പ്രത്യഭിവാദനം ചെയ്യണം” എന്ന വിശുദ്ധ ഖുർആനിന്റെ കൽപനയുടെ ഭാഗമാണെന്നും ഇമാം റാസി വിശദീകരിക്കുന്നുണ്ട്.
وَسَابِعُهَا: قَوْلُهُ تَعَالَى: وَإِذا حُيِّيتُمْ بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْها أَوْ رُدُّوها [النِّسَاءِ: 86] فَاللَّهُ تَعَالَى أَمَرَ الْكُلَّ بِأَنَّهُمْ إِذَا حَيَّاهُمْ أَحَدٌ بِتَحِيَّةٍ أَنْ يُقَابِلُوا تِلْكَ التَّحِيَّةَ بأحسن منها أو بأن يَرُدُّوهَا، ثُمَّ أَمَرَنَا بِتَحِيَّةِ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَيْثُ قَالَ: يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيماً [الْأَحْزَابِ: 56] الصَّلَاةُ مِنَ اللَّهِ رَحْمَةٌ وَلَا شَكَّ أَنَّ هَذَا تَحِيَّةٌ، فَلَمَّا طَلَبْنَا مِنَ اللَّهِ الرَّحْمَةَ لِمُحَمَّدٍ عَلَيْهِ الصَّلَاةُ وَالسَّلَامُ وَجَبَ بِمُقْتَضَى قَوْلِهِ: فَحَيُّوا بِأَحْسَنَ مِنْها أَوْ رُدُّوها، أَنْ يَفْعَلَ مُحَمَّدٌ مِثْلَهُ وَهُوَ أَنْ يَطْلُبَ لِكُلِّ الْمُسْلِمِينَ الرَّحْمَةَ مِنَ اللَّهِ تَعَالَى، وَهَذَا هُوَ مَعْنَى الشَّفَاعَةِ، تفسير الرازي ٣/٥٠٠
മരണപ്പെട്ടവർക്ക് സലാം പറയാൻ തിരുനബി ﷺ കൽപ്പിച്ചതാണെന്നും അത് മരണപ്പെട്ടവരിൽ നിന്ന് യാതൊന്നും പ്രതീക്ഷിച്ചുകൊണ്ടല്ലെന്നും ചിലർ ന്യായീകരിച്ചു കണ്ടു. എന്നാൽ മരണപ്പെട്ടവരോട് സലാം പറയുന്നത് അവരിൽ നിന്ന് സലാം മടക്കൽ പ്രതീക്ഷിച്ച് തന്നെയാണെന്ന് വഹാബി നേതാവ് ഇബ്നു ഖയ്യിം പറയുന്നു.
وكأن الذي تخيله القوم من الفرق أن المسلم على غيره لما كان يتوقع الجواب وأن يقال له وعليك السلام بدءوا باسم السلام على المدعو له توقعا لقوله وعليك السلام وأما الميت فما لم يتوقعوا منه ذلك قدموا المدعو له على الدعاء فقالوا: عليك السلام وهذا الفرق لو صح كان دليلا على التسوية بين الأحياء والأموات في السلام فإن المسلم على أخيه الميت يتوقع الجواب أيضا قال ابن عبد البر: ثبت عن النبي صلى الله عليه وسلم أنه قال: “ما من رجل يمر بقبر أخيه كان يعرفه في الدنيا فيسلم عليه إلا رد الله عليه روحه حتى يرد عليه السلام” صحيح بدائع الفوائد ٢/١٧٤
വേറേ ചിലർ സലാം പറയാൻ ഇസ്‌ലാം കൽപിച്ചതാണെന്നും അത് കൊണ്ട് അവരിൽ നിന്ന് ഗുണം പ്രതീക്ഷിക്കുന്നത് ശിർക്കല്ലെന്നും വാദിക്കുന്നുണ്ട്. എന്നാൽ മരണപ്പെട്ടവരിൽ നിന്നും ഗുണം പ്രതീക്ഷിക്കുന്നത് ശിർക്കാണെങ്കിൽ അത് ഇസ്‌ലാം കൽപിക്കുകയില്ലെന്നും ശിർക്ക് പാടില്ലെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനതത്വമാണെന്നും ദീനിന്റെ ബാലപാഠം അറിയുന്ന ആർക്കും ബോധ്യമുള്ളതാണ്. ഇതു പോലും മനസ്സിലാക്കാതെയാണ് ചിലർ സുന്നികളെ മുശ്‌രികാക്കാൻ വെമ്പൽ കൊള്ളുന്നത്.
ചുരുക്കത്തിൽ മരണപ്പെട്ടവരിൽ നിന്ന് ഗുണം പ്രതീക്ഷിക്കുന്നത് ശിർക്കാണെങ്കിൽ(അത് അഭൗതിക മാർഗമാണല്ലോ) അല്ലാഹുവിന് മാത്രം നിർവഹിക്കേണ്ട നിസ്കാരത്തിൽ പോലും ശിർക്ക് ചെയ്യാൻ ഇസ്‌ലാം കൽപ്പിക്കുന്നുവെന്ന് പറയേണ്ടിവരും. അപ്രകാരം വഹാബി ,മൗദൂദി നിർവ്വചന പ്രകാരം മുവഹിദുകളായി ആരും തന്നെ ഉണ്ടാവുകയുമില്ല.