“അല്ലാഹുവേ നിന്നെ മാത്രമാണ് ഞങ്ങൾ ആരാധിക്കുന്നത്, നിന്നോട് മാത്രമാണ് ഞങ്ങൾ സഹായം ചോദിക്കുന്നത് “(സൂറത്തുൽ ഫാത്തിഹ) ”എല്ലാ സഹായവും അല്ലാഹുവിങ്കൽ നിന്ന് മാത്രമാണ് (സൂറത്തു ആലു ഇമ്രാൻ )“. അഹ്ലുസ്സുന്നയുടെ അടിസ്ഥാന വിശ്വാസമാണിത്.സാധാരണയിൽ വിശ്വാസി സൃഷ്ടികളിൽ നിന്ന് ഭൗതിക, അഭൗതിക സഹായങ്ങൾ പ്രതീക്ഷിക്കുന്നതും, അർഥിക്കുന്നതും ഉപര്യുക്ത ആദർശത്തോട് കലഹിക്കുന്നില്ല. ആത്യന്തികമായി ഭൗതിക, അഭൗതിക ഗുണങ്ങളെല്ലാം ലഭ്യമാവുന്നത് അല്ലാഹുവിൽ നിന്നാണെന്നും മറ്റെല്ലാം നിമിത്തമാണെന്നുമാണ് പ്രസ്തുത ആയതുകളുടെ വിവക്ഷയെന്ന് ഇമാം മതിരീദിയുടെ തഅവീലാതു അഹ്ലുസ്സുന്നഹ് എന്ന ഗ്രന്ഥത്തിൽ നിന്ന് ഗ്രഹിക്കാവുന്നതാണ്.
المؤمن لا يطمعُ في الحقيقة بأحدٍ غير اللَّه، ولا يرفع إليه الحوائج، ولَا يخاف إلا من الوجه الذي يخشى أن اللَّه جعله سببًا لوصول بلاءٍ من بلاياه إليه على يديه؛ فعلى ذلك يخافُه، أو يرجو أن يكون اللَّه تعالى جعلَ سببَ ما دفعه إليه على يديه، فبذلك يرجو ويطمع،
(تأويلات أهل السنة)
وَٱللَّهُ عَلَىٰ كُلِّ شَیۡءࣲ قَدِیرٌ﴾ [البقرة ٢٨٤]
അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണെന്ന് വിശുദ്ധ ഖുർആൻ പറയുന്നു.
ഭൗതിക അഭൗതിക വിഷയങ്ങളെല്ലാം അവനു തുല്യമാണ്.അവൻ ഉദ്ദേശിക്കാതെ ഭൗതികമോ അഭൗതികമോ ആയ ഒരു പ്രതിഭാസവുംഇവിടെ സംഭവിക്കുന്നില്ല. പ്രപഞ്ചത്തിലെ സകലവും അല്ലാഹുവിന്റെ ഉന്നതമായ കഴിവിന് കീഴടങ്ങുന്നതാണ്(ഷറഹുൽ അഖഇദ്)
(ولا يخرج عن علمه وقدرته شيء) فهو بكل شيء عليم وعلى كل شيء قدير(شرح العقائد)
ഇതാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം.സകലവും അല്ലാഹുവിനോട് മാത്രം ചോദിക്കുന്ന, നിമിത്തങ്ങളോട് ഒരുനിലക്കും ബന്ധപ്പെടാത്ത തവക്കുലിന്റെ ഉന്നത വിതാനത്തിലെത്തിയ സച്ചരിതരെ ഇസ്ലാമിക ലോകത്ത് കാണാവുന്നതാണ്. അബൂഹുറൈറ റളിയാല്ലാഹ് അൻഹുവിൽ നിന്ന് ഇമാം അഹ്മദ് ഉദ്ധരിക്കുന്നു :തന്റെ ഭാര്യക്കും സന്താനങ്ങൾക്കും ഭക്ഷണം നൽകാൻ യാതൊരു വകയുമില്ലാതെ നിരാശനായി വീട്ടിൽനിന്ന് മടങ്ങുന്ന ഭർത്താവിനെ കണ്ട് ഭാര്യ ആട്ടുകല്ലിന് താഴെ പൊടി ശേഖരിക്കാനുള്ള പാത്രം വെക്കുകയും, അടുപ്പ് കത്തിക്കുകയും ചെയ്തു.അല്ലാഹുവേ ഞങ്ങൾക്ക് നീ ഭക്ഷണം നൽകണമേ എന്ന് ദുആ ചെയ്തു.ദുആ കഴിഞ്ഞ് പാത്രം നോക്കിയപ്പോൾ പാത്രത്തിൽ നിറയെ പത്തിരി പൊടിയും അടുപ്പിൽ നിറയെ ചപ്പാത്തിയും കാണാനിടയായി.ഭർത്താവ് മടങ്ങി വന്നപ്പോൾ ചോദിച്ചു“നിങ്ങൾക്ക് എന്തെങ്കിലും ലഭിച്ചുവോ“.”അല്ലാഹുവിങ്കൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു” എന്ന് ഭാര്യ മറുപടി പറഞ്ഞു ഈ സംഭവം നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളോട് വിവരിച്ചപ്പോൾ പാത്രം ഉയർത്തിയില്ലായിരുന്നുവെങ്കിൽ അന്ത്യ നാളുവരെ അതിൽ ഭക്ഷണം നിറയുമായിരുന്നുവെന്ന് പറഞ്ഞു.
وَعَنْهُ، قَالَ: «دَخَلَ رَجُلٌ عَلَى أَهْلِهِ، فَلَمَّا رَأَى مَا بِهِمْ مِنَ الْحَاجَةِ خَرَجَ إِلَى الْبَرِيَّةِ، فَلَمَّا رَأَتِ امْرَأَتُهُ قَامَتْ إِلَى الرَّحَى فَوَضَعَتْهَا، وَإِلَى التَّنُّورِ، فَسَجَرَتْهُ ثُمَّ قَالَتْ: اللَّهُمَّ ارْزُقْنَا، فَنَظَرَتْ فَإِذَا الْجَفْنَةُ قَدِ امْتَلَأَتْ. قَالَ: وَذَهَبَتْ إِلَى التَّنُّورِ، فَوَجَدَتْهُ مُمْتَلِئًا. قَالَ: فَرَجَعَ الزَّوْجُ، قَالَ: أَصَبْتُمْ بَعْدِي شَيْئًا؟ قَالَتِ امْرَأَتُهُ: نَعَمْ، مِنْ رَبِّنَا، وَقَامَ إِلَى الرَّحَى، فَذُكِرَ ذَلِكَ لِلنَّبِيِّ ﷺ، فَقَالَ: «أَمَا إِنَّهُ لَوْ لَمْ يَرْفَعْهَا لَمْ تَزَلْ تَدُورُ إِلَى يَوْمِ الْقِيَامَةِ»». رَوَاهُ أَحْمَدُ.
ഭൗതികമായ കഴിക്കാൻ ഭക്ഷണം ഇല്ലാതിരിക്കുക എന്ന ഒരു പ്രശ്നത്തെ അല്ലാഹുവിനു മുമ്പിൽ അവതരിപ്പിച്ച,അല്ലാഹുവിൽ നിന്ന് തന്നെ പത്തിരിയും ഭക്ഷണപ്പൊടിയും ലഭ്യമാക്കുന്ന തവക്കുലിന്റെ ഉന്നതമായ വിതാനത്തെ ആണ് അബൂഹുറൈറ തങ്ങൾ പരിചയപ്പെടുത്തുന്നത്. ഇത്തരത്തിൽ സകലതും അല്ലാഹുവിൽ ഭരമേല്പിക്കുന്ന തവക്കുലിന്റെ ഉന്നത വിതാനത്തിലെത്തിയ വിഭാഗവും,നിമിത്തങ്ങളുമായി ബന്ധപ്പെട്ട് തങ്ങളുടെ ആവശ്യനിർവഹണം നടത്തുന്ന മറ്റൊരു വിഭാഗവും ഇസ്ലാമിക ചരിത്രത്തിൽ ഉണ്ട്. ഭൗതികവും അഭൗതികവുമായ സകലതും അല്ലാഹുവിന്റെ കഴിവിന് അധീനമാണെന്നും മറ്റെല്ലാം കേവലം നിമിത്തങ്ങളും ആണെന്നാണ് അവരുടെയെല്ലാം ബോധ്യം.ഭൗതികവും അഭൗതികവുമെല്ലാം അല്ലാഹുവിനോട് നേരിട്ടും ,നിമിത്തങ്ങളാണെന്ന ബോധ്യത്തിൽ സൃഷ്ടികളോടും ചോദിക്കാവുന്നതാണെന്നാണ് അഹ്ലുസ്സുന്നയുടെ നിലപാട്.പക്ഷെ ഭൗതിക വിഷയങ്ങളിൽ അല്ലാഹുവിന് കഴിവില്ലെന്നും സൃഷ്ടികൾക്കാണ ഭൗതിക കഴിവുള്ളതെന്നുമാണ് ആധുനികബിദഈ വീക്ഷണം.
അല്ലാഹുവിന്റെ കഴിവ്, വഹാബിയ്യത്, ശീഅത് , മുഅതസിലത് നിലപാടുകൾ
“അല്ലാഹുവിനോട് പത്തു രൂപ ചോദിക്കാമോ”?!.അങ്ങനെചോദിക്കുന്നവൻ കാഫിറാണ്. കടമ്പഴിപ്പുറം വിസ്ഡം മുജാഹിദ് മുഖമുഖത്തിൽ സുന്നി പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയവേ ഫൈസൽ മൗലവി സധൈര്യം എഴുന്നേറ്റ് നിന്നു പറഞ്ഞ വാക്കാണിത്. പ്രമുഖ ഇമാമിന്റെ പ്രസ്താവന ഉദ്ധരിച്ചു പറഞ്ഞു.
“.من شبه الله بخلقه فقد كفر”.
അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തിയവൻ കാഫിറാണ്”. ഭൗതിക സഹായങ്ങൾക്കുള്ള സിദ്ധി സൃഷ്ടികൾക്ക് മാത്രമാണുള്ളത്. അതിനാൽ പത്തു രൂപ നൽകാൻ അല്ലാഹുവിനാകില്ല.തദനുസൃതം അല്ലാഹുവിനോട് പത്തു രൂപ ചോദിക്കുന്നവൻ അല്ലാഹുവിനെ സൃഷ്ടികളോട് സദൃശ്യപ്പെടുത്തിയിരിക്കുന്നു.അതിനാൽ ഭൗതിക സഹായങ്ങൾ അല്ലാഹുവിനോട് അഭ്യർത്ഥിക്കുന്നവൻ മതത്തിന് പുറത്താണ്.” (അദ്ദേഹം പറഞ്ഞതിന്റെ ആശയമാണിത് )
നോക്കൂ.. എത്ര അപകടകാരമണീ വാദം. ഇസ്തിഗാസ നടത്തിയ അഇമ്മത്തിനെയും മുസ്ലിം ഉമ്മത്തിനെയും ശിർക് വത്കരിക്കാൻ സ്വയം മെനഞ്ഞുണ്ടാക്കിയ “അഭൗതിക സഹായർത്ഥനകൾ അല്ലാഹുവിനോട് മാത്രം “എന്ന വാദത്തിലൂടെ അവർ എത്തിച്ചേരുന്നത് അല്ലാഹുവിന്റെ ഖുദ്റത്തിനെ ചോദ്യം ചെയ്യുന്നിടത്താണ്. മുകളിലുദ്ധരിച്ച അബൂ ഹുറൈറ തങ്ങളുടെ ഹദീസിൽ ഭക്ഷണം ലഭിക്കുക എന്ന ഭൗതിക ആവശ്യത്തെ അല്ലാഹുവിനോട് ചോദിക്കുന്ന, തവക്കുലിന്റെ ഉന്നത വിതാനത്തിലെത്തിയ വനിതയെ നാം പരിചയപ്പെട്ടു. അതു പോലെ തന്നെയല്ലേ പത്തു രൂപയും. അല്ലാഹു സർവ്വതിനും കഴിവുള്ളവനാണെന്ന (والله على كل شيء قدير)ഖുർആന്റെ വ്യക്തമായ പ്രയോഗത്തെ ഉൾക്കൊള്ളുന്നവർക്ക് അതൊരു പ്രശ്‌നമല്ലല്ലോ.അതിനാൽ ഭൗതിക, അഭൗതിക സഹയർത്ഥനകൾ അല്ലാഹുവിനോട് നേരിട്ട് ചോദിക്കുന്നതും നിമിത്തങ്ങളാണെന്ന നിലയിൽ സൃഷ്ടികളോട് ചോദിക്കുന്നതും തൗഹീദും ഇസ്ലാമിന്റെ ഭാഗവും തന്നെയാണ്.
ഭൗതിക വിഷയങ്ങളിൽ അല്ലാഹുവിന് ഇടപെടാൻ കഴിയില്ലെന്ന വഹാബി വാദത്തോടെ സമരസപ്പെടുന്ന വാദം അഹ്ലുസ്സുന്നയിൽ നിന്ന് വ്യതിചലിച്ച മറ്റു ചില കക്ഷികൾക്കുമുണ്ട്.
മുഅതസിലത്
അഹ്ലുസ്സുന്നയുടെ വിശ്വാസം വിവരിക്കുന്ന ശരഹ് അഖഇദ് പറയുന്നു.
ولا يخرج عن علمه وقدرته شيء) فهو بكل شيء عليم وعلى كل شيء قدير
والبلخي على أنه لا يقدر على مثل مقدور العبد وعامة المعتزلة أنه لا يقدر على نفس مقدور العبد
അല്ലാഹുവിന്റെ കഴിവിന് അതീതമായി യാതൊന്നുമില്ല. മനുഷ്യ കഴിവുകൾ പോലുള്ളതിൽ അല്ലാഹുവിന് ഇടപഴകാൻ കഴിയില്ല എന്നത് ബൽഖി എന്ന മുഅതസിലി പണ്ഡിതന്റെ വാദമാണ്. ഒരു അടിമ നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളിലും ഇടപെടാൻ അല്ലാഹുവിനെ കഴിയില്ല എന്നതാണ് മറ്റൊരു വിഭാഗം മുഅതസിലി പണ്ഡിതന്ർ പറയുന്നത്.
ശീഅത്
സൃഷ്ടികളുടെ കഴിവുകൾക്ക് മേൽ ആധിപത്യം ചെലുത്താൻ അല്ലാഹുവിന് ആകില്ല എന്നാണ് ഒരു വിഭാഗം ശീഅത് വാദിക്കുന്നത്.അഹ്ലുസ്സുന്നയും ഷിയാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിൽ പ്രധാനമാണ് ഇത്.
الرابع منها أن الله تعالى قادر على كل شيء ، خالف الشيخ أبو جعفر الطوسي والشريف المرتضى وجمع كثير من الإمامية في ذلك ، فإنهم قالوا : إن الله لا يقدر على : عين مقدور العبد ، ويكذبهم قوله تعالى ( وَاللهُ عَلَى كل شيء قدير ) وهو كاف لتكذيبهم .
(مختصر التحفة الاثني عشرية )
ചുരുക്കത്തിൽ അഭൗതിക കഴിവുകൾ അല്ലാഹുവിനും ഭൗതിക കഴിവുകൾ സൃഷ്ടികൾക്കും എന്ന ആധുനിക വഹാബി വാദം പൂർവ്വകാലത്തുള്ള അവാന്തര വിഭാഗങ്ങളുടെ പിഴച്ച വാദത്തിന്റെ മറ്റൊരു പതിപ്പ് ആണെന്ന് പറയാം. പാരമ്പര്യ ഉലമാഇനെ ശിർക്കുവൽക്കരിക്കാൻ ഇറങ്ങിയപ്പോൾ സംഭവിച്ച, വിശുദ്ധ ഖുർആനിന്റെ വ്യക്തമായ പരാമർശത്തോടും, അഹലുസ്സുന്നയുടെ നിലപാടിനോടും വിരുദ്ധമായ ആദർശമാണ് വഹാബികൾ നിലവിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. യുഗാന്തരങ്ങളിൽ എവിടെയെങ്കിലും വെച്ച് അവർക്ക് സന്മനസ്സ് വരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.