Site-Logo
POST

ശർഫൽ അനാം മൗലിദ്, പോരിശ നിറഞ്ഞ പ്രകീർത്തനം

സൈനുദ്ദീന്‍ ശാമിൽ ഇര്‍ഫാനി മാണൂര്‍

|

17 Aug 2023

feature image

പ്രവാചക സ്നേഹിയെ സംബന്ധിച്ചിടത്തോളം അനിർവചനീയമായ ആനന്ദമാണു ശർഫൽ അനാം മൗലിദ്. ഓരോ ഗീതത്തിലും താളവും രാഗവും ശ്രുതിലയങ്ങളുമെല്ലാം ഒരു പോലെ അനുഭവപ്പെടുന്നതു കൊണ്ടു തന്നെയാണ് ശർറഫൽ അനാമിനു പ്രകീർത്തനങ്ങളിൽ അദ്വിതീയ സ്ഥാനം ലഭിച്ചത്. ആശയഗാംഭീര്യം, ശൈലി വിന്യാസം, പ്രതിപാദന ചാരുത തുടങ്ങിയവയിലെല്ലാം ശർറഫൽ അനാം മറ്റു മൗലിദുകളിൽ നിന്ന് വ്യതിരിക്തമാണ്. തിരുപ്പിറവിയും അനുബന്ധ കാര്യങ്ങളും വിശാലവും പ്രണയാതുരവുമായാണ് ഇതിൽ അവതരിപ്പിച്ചിട്ടുള്ളത്.

മാലികി മദ്ഹബുകാരനായ ശൈഖ് അഹ്മദു ബ്നു ഖാസിം അൽ ഹരീരി(റ)യാണ് ശർറഫൽ അനാം രചിച്ചത്. സ്പെയിൻ മുസ്‌ലിം രാജ്യമായിരുന്ന കാലത്ത് അവിടെ ജീവിച്ച മഹാപണ്ഡിതരിലൊരാളായിരുന്നു അദ്ദേഹം. എന്നാൽ ആറാം നൂറ്റാണ്ടിൽ ജീവിച്ച മഹാപണ്ഡിതൻ ഇമാം ഇബ്നുൽ ജൗസി(റ)യാണ് ഇതിന്റെ രചയിതാവെന്നും അഭിപ്രായമുണ്ട്. ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലായിരുന്നു മഹാനവർകൾ വസിച്ചിരുന്നത്. ശർഫൽ അനാമിന്റെ വിഖ്യാത വ്യാഖ്യാതാവ് മുഹമ്മദ് നവവി ഉമർ ആണ് ഈ അഭിപ്രായാന്തരം
രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെയാണ് അദ്ദേഹം തന്റെ മൗലിദു വ്യാഖ്യാനത്തിന് ഫത്ഹുസ്വമദിൽ ആലം അലാ മൗലിദി ശൈഖി അഹ്മദു ബ്നുൽ ഖാസിം എന്നും അൽ ബുലൂഗുൽ ഫൗസി ലിബയാനി അൽഫാളി മൗലിദിബ്നിൽ ജൗസി എന്നും പേരിട്ടത്. ഇവർ രണ്ടുപേരും ഓരോ മൗലിദ് രചിച്ചിട്ടുണ്ടാവാമെന്നും രണ്ടിന്റെയും രചന സമാനമായതുകൊണ്ട് അഭിപ്രായ വ്യത്യാസം വന്നതാവാമെന്നും അല്ലെങ്കിൽ ഒരാൾ പദ്യവും മറ്റെയാൾ ഗദ്യവും എഴുതി സംയുക്തമായി രചിച്ചതാവാമെന്നും മുഹമ്മദ് നവവി തന്റെ വ്യാഖ്യാന ഗ്രന്ഥത്തിൽ അഭിപ്രായപ്പെടുന്നുണ്ട് (ഫത്ഹുസ്സമദ് പേ. 2). അതേസമയം മറ്റൊരു വ്യാഖ്യാതാവായ ഇമാം മർസൂഖി രചയിതാവായി ഹരീരിയെ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്(ബുലൂഗു‌ൽ മറാം).

തിരുമുൾകാഴ്ച ഇലാഹിന്റെ മുന്നിൽ സമർപ്പിച്ചു കൊണ്ടാണ് ഗ്രന്ഥകാരൻ ആരംഭിക്കുന്നത്. സമുന്നത സ്ഥാനീയരായ തിരുനബി നിമിത്തം സമസ്ത സൃഷ്ടികളെയും അനുഗ്രഹവും ഉന്നതിയും മേളിച്ച അത്യാദരണീയനായ സന്തതിമൂലം സൗഭാഗ്യത്തെ സമ്പൂർണമാക്കുകയും ആ സന്തതി കാരണം അവിടുത്തെ മാതാപിതാക്കളെയും പിതാമഹന്മാരെയും ശ്രേഷ്ഠരാക്കുകയും അവിടുത്തെ ഔദാര്യം മുഖേന നീതി വ്യാപിപ്പിക്കുകയും ചെയ്ത അല്ലാ ഹുവിനാണ് സർവസ്തുതിയുമെന്നതാണു പ്രഥമ വചനം.

നബി യെ ഗർഭം ധരിച്ചപ്പോൾ മാതാവിനു പ്രയാസമോ ഭാരമോ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നു പറഞ്ഞാണ് പ്രകീർത്തനത്തിലേക്കു നീങ്ങുന്നത്. ചേലാകർമം ചെയ്യപ്പെട്ടവരും സുറുമയെഴുതപ്പെട്ടവരും ഗാംഭീര്യത്തിന്റെ വസ്ത്രത്തിൽ നിലകൊള്ളുന്നവരുമായും ഭൂജാതരായ പ്രവാചകർ ക്ക് വശ്യവും മനോഹരവുമായ വദനവും സൂര്യനെക്കാൾ പ്രോജ്വലമായ പ്രഭയും രത്നങ്ങളെക്കാൾ മികച്ച ദന്ത നിരകളുമുണ്ടായിരുന്നുവെന്നു ആമുഖത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.

മുഴുവൻ ദിക്കുകളിലും സമതല പ്രദേശങ്ങളിലും ഉയർന്ന ഇടങ്ങളിലും നിബിഢമായിരുന്ന അന്ധകാരം നീങ്ങി പ്രഭപരന്നത് അവിടുത്തെ ജനനം മൂലമാണെന്നു പറഞ്ഞ കവി അനുബന്ധമായുണ്ടായ അത്ഭുതകാര്യങ്ങളും വിശദീകരിക്കുന്നുണ്ട്. ആ സമയത്ത് സ്വർഗലോകം അലങ്കരിക്കപ്പെടുകയും അല്ലാഹുവിന്റെ പുണ്യദർശനം ജനങ്ങളിലേക്കു വർഷിക്കുകയും അവന്റെ കാരുണ്യം ലോകത്തിനു വെളിപ്പെടുകയും ചെയ്തു. സകല പ്രതിഷ്ഠകളും അപമാനിതമായി നിലംപതിച്ചു. ഖൈസർ ചക്രവർത്തി വിശ്രമിച്ചിരുന്ന കോട്ട പ്രകമ്പനം കൊള്ളുകയും അതു കണ്ടവരുടെ ബുദ്ധി മരവിക്കുകയും ചെയ്തു. പേർഷ്യക്കാർ ആരാധിച്ചിരുന്ന അഗ്നികുണ്ഡം അണഞ്ഞു. ഇബ്നുകസീർ എഴുതുന്നതു കാണുക; യഹ്‌യ ബ്ൻ ഉർവ പറയുന്നു; “ഏതാനും ഖുറൈശികൾ അവരുടെ ആരാധ്യ വസ്തുക്കൾക്കു സമീപം ഒത്തുചേർന്ന് ഒട്ടകത്തെ അറുത്തു തിന്നും കുടിച്ചും നൃത്തം വെച്ചും ആഘോഷിക്കുകയായിരുന്നു. അതിനിടെ വിഗ്രഹത്തിനു സമീപം ചെന്നപ്പോൾ അത് മുഖം കുത്തി വീണുകിടക്കുന്നതായി കണ്ടു. അവർ ഉടൻ തന്നെ അതിനെ അധിക്ഷേപിച്ച് പുനഃപ്രതിഷ്ഠിച്ചു. പക്ഷേ, പരിതാപകരമായ വിധത്തിൽ അത് വീണ്ടും മറിഞ്ഞുവീണു. മൂന്നാം തവണയും നേരെ നിർത്തിയെങ്കിലും മറിഞ്ഞു വീഴുകയായിരുന്നു. അപ്പോൾ അവർക്ക് വലിയ മനഃപ്രയാസം തോന്നി. ഇതുകണ്ട ഉസ്മാനുബ്നു ഹുവൈരിസ് ചോദിച്ചു. “നമ്മുടെ ദൈവത്തിനെന്തു പറ്റി? അത് കീഴ്മേൽ മറിയുക തന്നെയാണല്ലോ’. നബി(സ്വ) ഭൂജാതനായ രാത്രിയിലായിരുന്നു ഈ വിചിത്ര സംഭവം’ (അൽബിദായതു വന്നിഹായ).

അവിടുത്തെ ഒളിവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സുരക്ഷിത പ്രദേശമായ പവിത്ര ഹറമിൽ പ്രത്യക്ഷപ്പെട്ട പൂർണേന്ദു എത്ര സുന്ദരമാണെന്നു പറഞ്ഞാണ് ഹരീരി മൗലിദിലെ കവിത തുടങ്ങുന്നത്. പ്രവാചകർ യുടെ പ്രോജ്വല സൗന്ദര്യത്തിനു മുമ്പിൽ പൂർണ ചന്ദ്രൻ പോലും നിഷ്പ്രഭമായെന്നും അവിടുത്തെ മുഖകാന്തിയിൽ സൂര്യപ്രകാശം തന്നെ പൊലിഞ്ഞു പോയെന്നും ആ മുഖമിത്ര അഴകാക്കിയതിന്റെയും വശ്യമാക്കിയതിന്റെയും മഹത്ത്വമത്രയും അല്ലാഹുവിനാണെന്നും പറയുന്ന മഹാൻ വിശ്രുതമായ ഹദീസുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇബ്നു ഹജറിൽ ഹൈതമി രേഖപ്പെടുത്തുന്നു: ഒരിക്കൽ ആഇശാ ബീവി(റ) വസ്ത്രം തുന്നുന്നതിനിടെ വിളക്കണഞ്ഞു. മഹതിയുടെ കയ്യിൽ നിന്നു സൂചി നിലത്തു വീണു. അപ്പോഴാണ് നബി യുടെ ആഗമനം. അവിടുത്തെ വദന വെളിച്ചത്തിൽ മഹതിക്കു സൂചി ലഭിച്ചു. ഈ സംഭവം പ്രസിദ്ധമാണല്ലോ (അന്നിഅമതുൽ കുബ്റ). ജാബിർബ്നു സമുറ(റ) പറയുന്നു: “നിലാവുള്ളൊരു രാത്രിയിൽ ഞാൻ തിരുനബി യെയും ചന്ദ്രനെയും മാറിമാറി നോക്കി. അവിടുന്ന് ചുവന്ന വരയുള്ള ഒരു വസ്ത്രമാണ് അന്നു ധരിച്ചിരുന്നത്. എന്റെ താരതമ്യത്തിൽ നബി ക്കായിരുന്നു കൂടുതൽ സൗന്ദര്യം (മിശ്കാതുൽ മസ്വാബീഹ്).

ആദി മനുഷ്യൻ ജനിക്കുന്നതിനു മുമ്പ് തന്നെ തിരുനബി യുടെ പ്രകാശം തസ്ബീഹ് ചൊല്ലുന്നതായി നിലകൊണ്ടിരുന്നുവെന്നു പ്രസ്താവിച്ച കവി പിന്നീട് അവിടുത്തെ കുടുംബ പശ്ചാത്തലമാണു ചർച്ചക്കു വിധേയമാക്കുന്നത്. സൂര്യൻ അതിന്റെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നതു പോലെ പ്രവാചക ശ്രേഷ്ഠരേ, അങ്ങ് ഉദാത്തമായ വ്യക്തിത്വങ്ങളുടെ മുതുകുകളിലൂടെയാണ് നീങ്ങിയിരിക്കുന്നത്. സർവത്തിന്റെയും ആശ്രയമായ ഒരു സന്തതിയെ ഗർഭം ധരിക്കുക വഴി അനുഗ്രഹീതമായിത്തീർന്ന ഉദരങ്ങളിലൂടെ അനുപമനായി അങ്ങ് പ്രയാണം ചെയ്തു തുടങ്ങിയ വരികൾ പ്രവാചക ജനനത്തിന്റെ വിശുദ്ധ വഴികൾ അടയാളപ്പെടുത്തുന്നതാണ്. ഒരിക്കൽ നബി അബ്ബാസ്(റ)വിനോട് ഇങ്ങനെ പറയുകയുണ്ടായി: “അല്ലാഹു തന്റെ ഉൽകൃഷ്ട സൃഷ്ടികളിലാണ് എന്നെ ഉൾപ്പെടുത്തിയത്. അവയെ ഗോത്രങ്ങളാക്കി വിഭജിച്ചപ്പോൾ ഏറ്റവും ശ്രേഷ്ഠമായ ഗോത്രത്തിലും എന്നെ ചേർത്തു. ആ ഗോത്രത്തെ വിവിധ കുടുംബങ്ങളായി വേർതി രിച്ചപ്പോൾ ഏറ്റവും ഉൽകൃഷ്ടമായ കുടുംബത്തിലും എന്നെ ഉൾപ്പെടുത്തി. അതു കൊണ്ടു തന്നെ ശാരീരികമായും കുടുംബപരമായും ഞാൻ ഏറ്റവും ശ്രേഷ്ഠനാണ്’ (അൽബിദായതു വന്നിഹായ).

വിഷയങ്ങളുടെ ചേർത്തുവെപ്പിൽ രചയിതാവിനു പലപ്പോഴും ക്രമം നഷ്ടപ്പെടുന്നതായി നമുക്കു തോന്നാറുണ്ട്. തിരുപ്പിറവിയുടെ അത്ഭുതങ്ങൾക്കു ശേഷം ഗർഭകാല വിവരണത്തിലേക്കു പോകുന്നതു തന്നെ ഉദാഹരണം. കവിയുടെ നിറഞ്ഞു കവിഞ്ഞ പ്രവാചക സ്നേഹക്കൂടിൽ നിന്ന് ആദ്യമാദ്യം മുളപൊട്ടുന്നവ പുറത്തു ചാടുന്നതാണ് അത്. പ്രശോഭിതമായ ഈ ലോകത്തിന്റെ കാരണക്കാരനായി ഉദയം ചെയ്ത പ്രവാചക പുംഗവരുടെ അപദാനങ്ങൾ പറയുമ്പോൾ അത് എവിടെ നിന്നു തുടങ്ങണം, എവിടെ കൊണ്ടെത്തിക്കണം എന്ന കാ ര്യത്തിൽ ആശയക്കുഴപ്പം നേരിടുന്നത് പ്രണയ തീവ്രതയുടെ തെളിവാണ്.

തിരുനബിയുടെ ഗർഭവാസവും മാലാഖമാർ അക്കാലത്തു നൽകിയ ആശീർവാദങ്ങളുമെല്ലാം രചയിതാവ് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഗർഭത്തിന്റെ പ്രഥമ മാസത്തിൽ ആമിന ബീവിയുടെ സ്വപ്നത്തിൽ ആദം നബി വരികയും ലോകത്തിന്റെ നേതാവിനെയാണ് ധരിച്ചിരിക്കുന്നതെന്ന വിവരം അവരെ അറിയിക്കുകയും ചെയ്തു. രണ്ടാം മാസം ഇദരീസ് നബി പ്രത്യക്ഷപ്പെടുകയും നമ്മുടെ നേതാവിന്റെ സവിശേഷ ഗുണങ്ങളും അവിടുത്തെ ഉന്നത സ്ഥാനവും വിവരിച്ചുകൊടുത്തു. മൂന്നാം മാസം നൂഹ് നബി(അ) അടുത്ത് വന്ന് അല്ലാഹുവിന്റെ സഹായവും വിജയവും നേടുന്ന ഉന്നത വ്യക്തിത്വത്തെയാണ് ബീവി ഗർഭം ധരിച്ചിരിക്കുന്നതെന്നു ബോധ്യപ്പെടുത്തി. നാലാം മാസം ഇബ്റാഹീം നബി വന്നു മുഹമ്മദ് നബി യുടെ മഹത്ത്വവും മഹനീയ സ്ഥാനവും കേൾപ്പിച്ചു. അഞ്ചാം മാസം ഇസ്മാഈൽ നബി വന്ന് ഗർഭസ്ഥ ശിശു ആദരവിനർഹനാണെന്ന ശുഭവാർത്തയറിയിച്ചു കൊടുത്തു. ആറാം മാസം മൂസാ നബി പ്രത്യക്ഷപ്പെട്ട് തിരുനബി യുടെ ഉന്നത പദവിയും മഹത്തായ സ്ഥാനവും അറിയിച്ചു കൊടുത്തു. ഏഴാം മാസം ദാവൂദ് നബി വന്ന് സ്തുത്യർഹമായ സ്ഥാനത്തിനർഹനും സത്യവിശ്വാസികൾ ജലപാനത്തിനു വരുന്ന ഹൗളുൽ കൗസറിന്റെയും ഉയർന്നു നിൽക്കുന്ന ഹംദു പതാകയുടെയും ഉടമയും അവകാശിയുമായ മഹാ വ്യക്തിത്വമാണെന്ന് അറിയിച്ചു.

എട്ടാം മാസം സുലൈമാൻ നബി വന്ന് അന്ത്യപ്രവാചകരെയാണ് മഹതി ഗർഭം ധരിച്ചിരിക്കുന്നതറിയിച്ചു. ഒമ്പതാം മാസം ഈസാ നബി പ്രത്യക്ഷപ്പെടുകയും സത്യമതം വെളിപ്പെടുത്തുന്നവരും പിഴക്കാത്ത ജിഹ്വയും കളങ്ക രഹിതമായ പരമ്പരയുമുള്ള ഒരു സന്തതിയെ കൊണ്ട് ആമിന(റ) വിശിഷ്ടയായിരിക്കുന്നുവെന്നു ബോധ്യപ്പെടുത്തുകയും ചെയ്തു. സന്മാർഗത്തിന്റെയും ശാശ്വത വിജയത്തിന്റെയും സൂര്യതേജസായ ഈ കുഞ്ഞിന് മുഹമ്മദ് എന്ന നാമകരണം നൽകണമെന്ന് മുഴുവൻ പ്രവാചകരും മഹതിയോട് സ്വപ്നത്തിലൂടെ ആവശ്യപ്പെടുകയുണ്ടായി.

ഗർഭകാല വിവരണങ്ങൾക്കു ശേഷം പ്രസവ സന്ദർഭത്തിലെ അസാധാരണത്വങ്ങൾ ഏറെ ആകർഷകമായാണ് അവതരിപ്പിച്ചിട്ടുള്ളത്. ഒരു സംഘം സ്വർഗീയ സുന്ദരിമാർക്കൊപ്പം ഫിർഔന്റെ ഭാര്യ ആസിയയും(റ) ഇംറാന്റെ മകൾ മർയമും(റ) ആമിനാ ബീവിയുടെ അരികിലെത്തിയതും അവരുടെ സൗന്ദര്യത്താൽ അവിടം തേജോമയമായതും തന്മൂലം മഹതിയുടെ പ്രയാസങ്ങളും പരിഭവങ്ങളുമെല്ലാം അപ്രത്യക്ഷമായതും അനുരാഗിക്കു ഹരം പകരുന്ന രീതിയിലാണു അവതരിപ്പിച്ചിട്ടുള്ളത്.

ഗ്രന്ഥകാരനു തിരുനബിയോട് അതീവ ഇഷ്ടമാണ്. പ്രവാചക ഭംഗി കണ്ട് അതിശയം പൂണ്ട മാലോകരെ മുഴുവൻ കൂട്ടുപിടിച്ചു തന്റെ ഭാവന സമർത്ഥിക്കാനുള്ള ശ്രമം അദ്ദേഹം ഇടക്കിടെ നടത്തുന്നുണ്ട്. റോസാപൂ നിറമാർന്നതും പ്രകാശ ദീപ്തവുമായ കവിൾത്തടത്തോടെ ജന്മം കൊണ്ട് അവിടുത്തോട് കിടപിടിക്കുന്ന ഒരാളുമിനി പിറക്കുകയില്ലെന്നും മഹാൻ ധൈര്യപൂർവം പ്രഖ്യാപിക്കുന്നുണ്ട്. യൂസുഫ് നബി ന്റെ കുപ്പായം അമാനുഷിക ശക്തിയായിരുന്നുവെങ്കിൽ അല്ലാഹുവാണെ, ഈ വിശിഷ്ട കുഞ്ഞ് അവരെക്കാൾ അസാധാരണ കാര്യങ്ങൾക്കുടമയാണ്, ഇബ്റാഹീം നബി യുടെ പ്രത്യേകത മഹാനു നൽകപ്പെട്ട സന്മാർഗ ദർശനമായിരുന്നുവെങ്കിൽ അല്ലാഹുവാണ, ഈ കുഞ്ഞ് അവരെക്കാളും ഉന്നതനാണ് തുടങ്ങിയ പരാമർശങ്ങൾ ഇതര പ്രവാചകന്മാർക്കൊന്നുമില്ലാത്ത സ്ഥാനവും സവിശേഷതയും മുഹമ്മദ് ക്കുണ്ടെന്നു വ്യക്തമാക്കുന്നതാണ്.

തിരുനബി യുടെ സൗന്ദ ര്യ സവിശേഷതകളിൽ അൽപം വർണിക്കാനാണു പിന്നീട് രചയിതാവ് ശ്രമിക്കുന്നത്. അവിടുത്തെ സമ്പൂർണതയുടെ സമസ്ത വിശേഷങ്ങളും വർണിക്കാൻ ഒരു വിവരണ വിദഗ്ധനും സാധ്യമല്ലെന്നു ആദ്യമേ സൂചിപ്പിക്കുന്നുമുണ്ട്. പ്രഭാത പുലരി പോലെ പ്രശോഭിച്ച് നിൽക്കുന്ന മുടിവഴവും ഇരുളടഞ്ഞ രാത്രിയെക്കാൾ കറുത്ത തിരു കേശങ്ങളും സൂര്യനെക്കാൾ തിളങ്ങുന്ന വദനവും നേർത്ത പുരികങ്ങളും സുറുമ എഴുതിയ മിഴികളും നീളമുള്ള നാസികയും മിനുത്ത അധരങ്ങളുമായിരുന്നു മുത്ത് നബി യുടേത്. പുഞ്ചിരിക്കുമ്പോൾ പുറത്തു കാണുന്ന ദന്തനിരകൾ അടുക്കിവെച്ച മുത്തുകൾ പോലെയും പിരടി വെള്ളിയുടെ വാൾത്തല പോലെ മിന്നിത്തിളങ്ങുന്നതും കഴുത്ത് അഴകാർന്നതുമായ ആ പൂമേനിയെ നേരിൽ ദർശിച്ചവൻ മഹാസൗഭാഗ്യവാനാണെന്നും ഹരീരി രേഖപ്പെടുത്തുന്നുണ്ട്.

ഒരാൾ സ്നേഹിക്കപ്പെടാനുള്ള സർവ സവിശേഷതകളും തിരുനബി യിൽ സമ്മേളിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന ഗ്രന്ഥകർത്താവ് അവിടുത്തോടുള്ള അനുരാഗം മുഴുവൻ അവയവങ്ങൾക്കും ഞാൻ വീതിച്ചു നൽകി. അപ്പോൾ പ്രണയ തീവ്രതയാലുള്ള വ്യഥ അതോടെ എന്റെ ഹൃദയത്തിലേറി. കൺപോളകൾ നിദ്രാവിഹീനമായിത്തീർന്നു. ചാരവർണത്തിലുള്ള മാട പ്രാവുകൾ പുലരിയിലും സായാഹ്നത്തിലും കളകൂജനം മുഴക്കുന്ന കാലത്തോളം അർശിന്റെ ഉടയ തമ്പുരാൻ അവിടുത്തെ മേൽ അനുഗ്രഹം വർഷിക്കട്ടെ’ എന്ന പ്രാർത്ഥന യോടെയാണ് പ്രസ്തുത ഭാഗം അവസാനിപ്പിക്കുന്നത്.

ജന്മസമയത്തെ ഹരീരി അവതരിപ്പിക്കുന്നത് ഏറെ അനുരാഗ പൂർണമായാണ്. സൽഗുണ സമ്പന്നരായ മാലാഖമാർ ആമിനാ ബീവി(റ)യെ വലയം ചെയ്യുകയും അവരുടെ ചിറകുകൾ കൊണ്ട് മഹതിയെ മറ്റുള്ളവരിൽ നിന്നു മറച്ചുപിടിക്കുകയും ചെയ്തു. മഹതിയുടെ വലതുവശത്ത് ജിബരീൽ നിലയുറപ്പിച്ചു. മലക്കുകളുടെ തസ്ബീഹ് കൊണ്ട് ആ വിശുദ്ധ സ്ഥലം ശബ്ദസാന്ദ്രമായി. സ്വർഗ സുന്ദരികൾ ആമിനാ ബീവിയുടെ സമീപത്തു വന്ന് സർവ ഭയങ്ങളിൽ നിന്നും മഹതി സുരക്ഷിതയാണെന്ന സന്തോഷവാർത്ത നൽകി. വയറ്റാട്ടികളുടെ ജോലി അവരേറ്റെടുത്തു. അനശ്വര സൗഭാഗ്യവാനും ചന്ദ്രശോഭയുള്ള മോഹനവദനനും പ്രശോഭിതനുമാണ് നിനക്കു പി റക്കുന്ന സന്തതി എന്ന് അവർ മഹതിയെ അനുമോദിച്ചു. പെട്ടെന്നു തന്നെ ആമിനാ ബീവിക്ക് പ്രസവ നൊമ്പരം വന്നു. അടുത്ത നിമിഷത്തിൽ പൂർണ തിങ്കളുദിച്ച പോലെ പുണ്യപ്രവാചകർക്ക് മഹതി ജന്മം നൽകുകയും ചെയ്തു.

ശർറഫൽ അനാമിന്റെ ഹൃദയമായ അശ്റഖൽ ബദറുവാണ് ശേഷം വരുന്നത്. സ്നേഹാന്വേഷിയായ ഒരു മുസാഫിറായി കവി മാറുന്നതു ആ വരികളിൽ നമുക്കു കാണാവുന്നതാണ്. “പൂർണേന്ദു ഞങ്ങളിൽ ഉദയം ചെയ്തിരിക്കുന്നു. അതിന്റെ പ്രഭയിൽ മറ്റു ചന്ദ്രന്മാരെല്ലാം നിഷ്പ്രഭമായിരിക്കുന്നുവെന്നു പറഞ്ഞു തുടങ്ങുന്ന കവി വിശുദ്ധ നബിയുടെ അമാനുഷികതകളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തി പാപമോചനത്തിനു വേണ്ടിയും കാരുണ്യ വർഷത്തിനു വേണ്ടിയും ഉടയതമ്പുരാനോട് കേണപേക്ഷിച്ചാണ് അതവസാനിപ്പിക്കുന്നത്.

നബി യെ താലോലിക്കാൻ പക്ഷികളും മൃഗങ്ങളും അല്ലാഹുവിനോട് അനുവാദം ചോദിച്ചതും അവിടുത്തെ പരിപാലന ചുമതല ഏൽപ്പിച്ചുതരാൻ മലക്കുകൾ അഭ്യർത്ഥിച്ച തുമെല്ലാം വിവരിച്ച ശേഷം അനാഥ ബാലനെ മുലയൂട്ടാൻ വേണ്ടി സ്വീകരിച്ചപ്പോൾ ഹലീമ ബീവി ആക്ഷേപങ്ങളും വിമർശനങ്ങളും ഏൽക്കേണ്ടിവന്നതും ആ കുഞ്ഞു നിമിത്തം തന്റെ രോഗാതുര മൃഗത്തിനു ഊർജവും ആവേശവും ലഭിച്ചതുമെല്ലാം വ്യക്തമായി പ്രതിപാ ദിക്കുന്നുണ്ട്. കുഞ്ഞിനെ സ്തനമൂട്ടിയപ്പോൾ മഹതിയുടെ സ്തനം സുലഭമായി പാൽ ചുരത്തി. ആ കുഞ്ഞ് നിമിത്തം സകല ദുരിതങ്ങളിൽ നിന്നും മോചനം ലഭിച്ചു, മാതൃകാ യോഗ്യരായ തിരുദൂതരെ വഹിക്കാനവസരം കിട്ടിയതിലുള്ള ആനന്ദവും അഭിമാനവും നിമിത്തം അവരുടെ യാത്രാ വാഹനമായ പെൺകഴുത ഇതര യാത്രാസംഘങ്ങളെ കടത്തിവെട്ടി മുന്നേറി, മഹതിയുടെ ആടുകൾ മേയുന്നിടത്തെല്ലാം സമൃദ്ധമായി പുല്ല് വളർന്നു വന്നു എന്നിങ്ങനെ നീളുന്നു ആ വിവരണങ്ങൾ.

തിരുനബി യുടെ അംഗലാവണ്യത്തെ വർണിക്കുകയാണ് പിന്നീട് കവി ചെയ്യുന്നത്. വടിവൊത്ത സസ്യശാഖ മൃദുലതയും മന്ദമാരുതൻ ലാളിത്യവും പഠിച്ചത് തിരുമേനിയെ കണ്ടാണെന്ന പ്രസ്താവന വശ്യമാണ്. ശാരീരിക മാർദവത്തെ വളർന്നുവരുന്ന സസ്യശാഖയുടെ മാർദവത്തോടും അവിടുത്തെ സ്വഭാവ ലാളിത്യത്തെ മന്ദമാരുതന്റെ ലാളിത്യത്തോടും ഉപമിക്കലായിരുന്നു കവിയുടെ യഥാർത്ഥ ഉദ്ദേശ്യമെന്നു വ്യക്തമാണ്.
എന്നാൽ ആ ഗുണങ്ങൾ സാദൃശ്യമാക്കപ്പെട്ട വസ്തുക്കളെ അപേക്ഷിച്ച് നബി യിൽ വളരെ കൂടുതലാണെന്ന് സമർത്ഥിക്കാൻ വേണ്ടിയാണ് കവി ബോധപൂർവം ഇവയെ റസൂൽ യോട് തുല്യപ്പെടുത്തുന്ന രീതി സ്വീകരിച്ചത്. ഉദ്ദിഷ്ട ആശയങ്ങളെ ശക്തിപ്പെടുത്താൻ വേണ്ടി ഇത്തരം പ്രയോഗങ്ങൾ അറബി സാഹിത്യത്തിൽ വ്യാപകമാണുതാനും.

പ്രവാചക പ്രകീർത്തനത്തിൽ തൽപരയായ ഒരു ജൂത സ്ത്രീ സ്വപ്ന ദർശനത്തിലൂടെ പ്രവാചക പ്രേമിയായി മാറിയ സംഭവം വളരെ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയാണ് രചയിതാവ് പിൻവാങ്ങുന്നത്. പ്രവാചക പ്രണയത്തിലായി മരിച്ചു ഇല്ലാതാകണമെന്ന സന്ദേശമാണ് ആശിഖുകൾക്കു മഹാനവർകൾ നൽകുന്നത്. “അവിടുന്നില്ലായിരുന്നുവെങ്കിൽ പ്രണയാതുരന്റെ അനുരാഗം ഹൃദ്യമാകുമായിരുന്നില്ല. അവിടുന്നില്ലായിരുന്നുവെങ്കിൽ നയനങ്ങൾക്ക് കണ്ണുനീർ ആനന്ദമാകുമായിരുന്നില്ല.’ തുടങ്ങി മുത്ത് നബി പ്രപഞ്ചത്തിന്റെ അനിവാര്യതയാണെന്ന് ഒന്നു കൂടി ബോധ്യപ്പെടുത്തിയാണ് ഹരീരി തന്റെ വിശ്രുതമായ മൗലിദ് അവസാനിപ്പിക്കുന്നത്.

 

Related Posts