കേരളത്തില്‍ ഇസ്‌ലാമിക ആത്മീയ വൈജ്ഞാനിക നവോത്ഥാനത്തിന് തിരികൊളുത്തിയ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ ഹിജ്റ 876 ശഅബാന്‍ 12 /1467 മാര്‍ച്ച് 18 ന് കേരളത്തിലെ കൊച്ചിയിലെ കൊച്ചങ്ങാടിയില്‍ മഖ്ദൂം ഭവനത്തില്‍ ജനിച്ചു. അബൂ യഹ്യാ സൈനുദ്ദീന്‍ മഖ്ദൂം ബ്‌നു ശൈഖ് അലി അഹ്മദ് അല്‍ മഅബരി എന്നാണ് മഹാനവര്‍കളുടെ പൂര്‍ണ നാമം.
സൈനുദ്ദീന്‍ മഖ്ദൂമിന്റെ പിതാമഹനായ ശൈഖ് അഹ്മദ് കായല്‍പട്ടണത്തിനടുത്തുള്ള മഅബറില്‍ നിന്ന് കൊച്ചിയിലെത്തി. കേരളത്തില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഖ്ദൂം കുടുംബത്തിന് കേരള മുസ്‌ലിംകള്‍ക്കിടയില്‍ പ്രത്യേക പരിഗണന ലഭിച്ചിരുന്നു. കുടുംബത്തിന്റെ പ്രബോധന പ്രവര്‍ത്തനം ഒരുപാട് പേരുടെ ഇസ്‌ലാമികാശ്ലേഷണത്തിന് കാരണമായി. കൊച്ചിയില്‍ മഖ്ദൂം കുടുംബം താമസിച്ചിരുന്ന വീട്ടിലാണ് സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ ജനിക്കുന്നത്.
ശൈഖ് അഹ്മദ് അല്‍ മഅബരിയുടെ പുത്രന്മാരിലൊരാളായ ഇബ്റാഹീം അല്‍ മഅബരി കൊച്ചിയില്‍ ഖാസിയായി അവരോധിതനാകുകയും കൊച്ചിയിലും പരിസര പ്രദേശങ്ങളിലും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയും ചെയ്തു. ഈ സമയത്താണ് പൊന്നാനിയില്‍ നിന്നുള്ള മുസ്‌ലിം നേതാക്കള്‍ കൊച്ചിയിലെത്തി ഇബ്റാഹീം മഖ്ദൂമിനെ പൊന്നാനിയിലേക്ക് ഖാസിയാകാന്‍ ക്ഷണിക്കുന്നത്. പൊന്നാനിലെ മുസ്‌ലിം നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി ഇബ്റാഹീം മഖ്ദൂം പൊന്നാനിയിലെത്തി ഖാസിയായി സ്ഥാനമേറ്റെടുത്തു. കൊച്ചിയില്‍ മഖ്ദൂം കുടുബം നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് പൊന്നാനിക്കാര്‍ കുടുംബത്തെ ഖാസിയാകാന്‍ ക്ഷണിച്ചത്.
വിദ്യാഭ്യാസം
സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ തന്റെ പിതാവായ ശൈഖ് അലി അല്‍ മഅബരിയില്‍ നിന്നാണ് പ്രാഥമിക പഠനമാരംഭിച്ചത്. പക്ഷേ പതിനാലാം വയസില്‍ പിതാവ് മരണപ്പെട്ടു. പിതാവിന്റെ മരണശേഷം പിതൃവ്യനും പൊന്നാനി ഖാസിയുമായിരുന്ന ശൈഖ് ഇബ്റാഹീം അല്‍ മഅബരി സൈനുദ്ദീന്‍ മഖ്ദൂമിനെ പൊന്നാനിയില്‍ കൊണ്ടുവന്നു. ഖുര്‍ആന്‍ മനഃപാഠമാക്കിയ ശേഷം നഹ്വ്, സ്വര്‍ഫ്, ഫിഖ്ഹ് തുടങ്ങിയവ പിതൃവ്യനില്‍ നിന്ന് പഠിച്ചെടുത്തു. പിന്നീട് പിതൃവ്യന്റെ സമ്മതപ്രകാരം ഉന്നത പഠനത്തിന് വേണ്ടി കോഴിക്കോട്ടേക്ക് പോയി. ഫിഖ്ഹില്‍ അഗാധമായ പാണ്ഡിത്യത്തിന് ഉടമയായിരുന്ന ശൈഖ് അബൂബക്കര്‍ ഫഖ്റുദ്ദീന്‍ ബ്‌നു റമളാനു ശാലിയാത്തിയുടെ ശിഷ്യത്വം സ്വീകരിച്ച് ഏഴ് വര്‍ഷക്കാലം അവിടെ കഴിഞ്ഞുകൂടി.
എന്നിട്ടും അടങ്ങാത്ത വിജ്ഞാന തൃഷണയുമായി അദ്ദേഹം മക്കത്തേക്ക് യാത്ര തിരിച്ചു. അവിടെ വെച്ച് അല്ലാമാ അഹ്മദ് ശിഹാബുദ്ദീന്‍ ബ്‌നു ഉസ്മാനു ബ്‌നു അബ്ദില്ലാഹില്‍ യമനി എന്നവരില്‍ നിന്ന് ഫിഖ്ഹിലും ഹദീസിലും അവഗാഹം നേടി. ഇവിടെ നിന്നാണ് ഇല്‍മുല്‍ ഫറാഇളില്‍ ഇമാം സ്വര്‍ദഫിയെഴുതിയ ഫറാഇളു കാഫിയ എന്ന ഗ്രന്ഥം പഠിക്കുന്നത്.
മക്കയില്‍ നിന്ന് ഇസ്‌ലാമിക വിദ്യാ കേന്ദ്രമായി അറിയപ്പെട്ടിരുന്ന ഈജിപ്തിലെ അല്‍ അസ്ഹറിലേക്ക് മാറി. മലബാറില്‍ നിന്നാദ്യമായി അല്‍ അസ്ഹറില്‍ പോയി പഠിക്കുന്ന പണ്ഡിതനെന്ന ബഹുമതി മഖ്ദൂമിന് സ്വന്തമായി. അസ്ഹറില്‍ ശൈഖ് അബ്ദുറഹ്മാന്‍ അല്‍ ഹള്റമിയില്‍ നിന്ന് ഹദീസില്‍ കൂടുതല്‍ അറിവ് സമ്പാദിക്കുകയും ഹദീസ് ഉദ്ധരിക്കാനുള്ള ഇജാസത്ത് സ്വന്തമാക്കുകയും ചെയ്തു.
ഇമാം സകരിയ്യല്‍ അന്‍സാരി ﵀, ഇമാം ജലാലുദ്ദീനു സൂയുത്വി ﵀, ഇമാം സയ്യിദ് അസ്സംഹൂദി ﵀, ഇമാം സയ്യിദ് അബൂബക്കര്‍ അല്‍ ഹള്റമി ﵀, ഇമാം സയ്യിദ് അബൂബക്കര്‍ അല്‍ഹള്റമി ﵀, ഇമാം ഹാഫിള് അസ്സഖാവി ﵀ തുടങ്ങിയ പ്രതിഭാധനരായ പണ്ഡിതന്മാരെ സന്ദര്‍ശിക്കുകയും അവരില്‍ നിന്ന് വിജ്ഞാനം സമ്പാദിക്കികയും ചെയ്തു. ഇമാം ജലാലുദ്ദീനുസ്സാഫി ﵀, ഇമാം നൂറുദ്ദീനുല്‍ മഹല്ലി ﵀, ഇമാം കമാലുദ്ദീനു ദിമശ്ഖി ﵀, ഇമാം ശിഹാബുദ്ദീനു ഹിമ്മസി ﵀, ഇമാം ബദ്റുദ്ദീനു സുയൂഥി ﵀ തുടങ്ങിയ പണ്ഡിതന്മാരുടെ സഹപാഠി കൂടിയായിരുന്നു സൈനുദ്ദീനു മഖ്ദൂം കബീര്‍.
യാത്രാസൗകര്യം വളരെ പരിമിതമായിരുന്ന അക്കാലത്ത് അറിവ് സമ്പാദിക്കുന്നതിന് വേണ്ടി വളരേയധികം ത്യാഗങ്ങള്‍ സഹിച്ച മഖ്ദൂമിന്റെ തൂലികയില്‍ ഒരുപാട് ഗ്രന്ഥങ്ങള്‍ വിരിഞ്ഞിട്ടുണ്ട്. മുര്‍ശിദുത്തുല്ലാബ്, സിറാജുല്‍ ഖുലൂസ്, സിറാജുല്‍ മുനീര്‍, അല്‍ മസ്അദ് ഫീ ദികിരില്‍ മൗത്ത്, ശംസുല്‍ഹുദാ, തുഹ്ഫത്തുല്‍ ഹിബ്ബാന്‍, ഇര്‍ശാദുല്‍ ഖാസിദീന്‍, ശഅബുല്‍ ഈമാന്‍, കിഫായത്തുല്‍ ഫറാഇള് എന്നിവ അവയില്‍ നിന്നും ചിലത് മാത്രമാണ്.
വളരെയധികം സൂക്ഷ്മതയോടെയായിരുന്നു മഖ്ദൂമിന്റെ ജീവിതം. സദാ ദിക്റിലും സേവനത്തിലുമായി കഴിഞ്ഞു കൂടി. സമയത്തെ ഉപയോഗപ്പെടുത്തുന്നതില്‍ വളരയധികം ശ്രദ്ധാലുവായിരുന്നു. മഖ്ദൂം ജീവിതത്തില്‍ കണിശമായ കൃത്യനിഷ്ഠതയും സൂക്ഷ്മതയും കാത്തുസൂക്ഷിച്ചിരിന്നു. വിജ്ഞാനത്തിനു വേണ്ടിയുള്ള തേരോട്ടത്തിന് ശേഷം പ്രബോധന പ്രവര്‍ത്തനങ്ങളുമായി പൊന്നാനിയില്‍ തിരിച്ചെത്തിയ മഖ്ദൂമിനെ പൊന്നാനിക്കാര്‍ അളവറ്റ് ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു. പ്രദേശ വാസികളുടെ എല്ലാ സഹായ സഹകരണങ്ങളോട് കൂടി മഖ്ദൂം പൊന്നാനി വലിയ ജുമാ മസ്ജിദ് പണി കഴിപ്പിച്ചു.
പൊന്നാനിയുടെ പരിഷ്‌കര്‍ത്തവായി മാറിയ മഖ്ദൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരുപാട് പേരെ ഇസ്‌ലാമിലേക്കാകര്‍ഷിച്ചു. അദ്ദേഹത്തിന്റെയും പിന്‍ഗാമികളുടെയും പ്രവര്‍ത്തനങ്ങളാണ് പൊന്നാനിയെ മലബാറിന്റെ മക്കയാക്കി മാറ്റിയത്. വിജഞാന പ്രചാരണമായിരുന്നു മഖ്ദൂമിന്റെ മുഖ്യ സേവനം. വിദ്യയഭ്യസിക്കാത്തവരെ വിജ്ഞാനത്തിന്റെ വിളക്കത്തിരുത്തി. അദ്ദേഹത്തിന്റെ വിജ്ഞാന സദസുകളിലേക്ക് വിദൂര ദിക്കുകളില്‍ നിന്ന് പോലും ആളുകളെത്തി. ഖാസി അഹ്മദ് ശിഹാബുദ്ദീന്‍ അല്‍ കാലിക്കുത്തി അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യരില്‍ ഒരാള്‍ മാത്രമാണ്.
സാമൂഹിക ജീവിതത്തില്‍ വളരെയധികം ശ്രദ്ധ പതിപ്പിച്ചിരുന്ന ഇമാമവര്‍കള്‍ കുടുംബ കാര്യത്തിലും വളരെയധികം ശ്രദ്ധാലുവായിരുന്നു. പൊന്നാനിയില്‍ നിന്ന് തന്നെയാണ് അദ്ദേഹം വിവാഹം ചെയ്തത്. മൂന്ന് ആണ്‍ മക്കളും രണ്ട് പെണ്‍ മക്കളുമായിരുന്നു മഖ്ദൂമിനുണ്ടായിരുന്നത്. മൂത്ത മകന്‍ യഹ്യ ചെറുപ്പത്തില്‍ മരിച്ചു. (പൊന്നാനി വലിയ ജുമാ മസ്ജിദിന്റെ മുന്‍വശത്തുള്ള കെട്ടിനകത്താണ് ഈ കുട്ടിയുടെ ഖബര്‍ എന്ന് പറയപ്പെടുന്നു). രണ്ടാമത്തെ പുത്രന്‍ മുഹമ്മദുല്‍ ഗസ്സാലി മഹാ പണ്ഡിതനും സാഹിത്യകാരനുമായിരുന്നു. ഇദ്ദേഹത്തിന്റെ പുത്രനാണ് ശൈഖ് മുഹമ്മദ് സൈനുദീന്‍ മഖ്ദൂം സഗീര്‍. മൂന്നാമത്തെ മകന്‍ ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം മഹാ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ഹിജ്റ 928 ശഅബാന്‍ 16/1522ജൂലൈ 10 വെള്ളിയാഴ്ച രാത്രി മഖ്ദൂം കബീര്‍ ഇഹലോക വാസം വെടിഞ്ഞു. പൊന്നാനി വലിയ ജുമാ മസ്ജിദിലാണ് മഹാനവര്‍കളുടെ മഖ്ബറ.