Site-Logo
POST

സുബ്ഹാന മൗലിദ് പ്രകീർത്തനത്തിന്റെ സൗന്ദര്യം

09 Aug 2023

feature image

സുബ്ഹാനൽ അസീസിൽ ഗഫാർ അൽഹലീമിസ്സത്താർ എന്ന് തുടങ്ങുന്ന മൗലിദായതിനാണിതിന് സുബ്ഹാന മൗലിദ് എന്ന് പൊതുവെ പറഞ്ഞുവരുന്നത്. മൗലിദ് ഗ്രന്ഥങ്ങൾക്ക് പ്രത്യേക നാമം നൽകാതിരിക്കുമ്പോൾ അതിന്റെ ആദ്യത്തിലെ പദങ്ങളടിസ്ഥാനമാക്കിയാണ് പേര്
പറയാറുള്ളത്. ജഅല മുഹമ്മദ്, ശർറഫൽ അനാം, ബാരിഅ് അംശാജ് തുടങ്ങിയവ ഉദാഹരണം. ഇതിൽ ശർഫൽ അനാമിന് തുഹ്ഫതുസ്വഫാ ഫീ മൗലിദിൽ മുസ്തഫാ എന്നു പേരുണ്ടെങ്കിലും ശർറഫൽ അനാം എന്ന പേരിലാണ് നമ്മുടെ നാട്ടിൽ അറിയപ്പെടുന്നത്. രചയിതാക്കളുടെ പേരിലേക്ക് ചേർത്തി പറയപ്പെടുന്ന മൗലിദുകളുമുണ്ട്. അവയിൽ സ്വന്തം പേരുള്ളതോടെ തന്നെ അങ്ങനെ പറയപ്പെടുന്നവയുമുണ്ട്. ബർസൻജി മൗലിദ് അക്കൂട്ടത്തിൽപെടുന്നു.

സുബ്ഹാന മൗലിദിന്റെ കർത്താവ് ഇമാം ഗസ്സാലി ﵀ ആണെന്നാണ് പ്രബലാഭിപ്രായം. അതിന് ഉപോൽബലകമായി അതിലെ അവസാനവരി ഉദ്ധരിക്കപ്പെടാറുണ്ട്. മൗലിദിന്റെ അവസാനത്തിൽ രചയിതാവിന് വേണ്ടി നടത്തുന്ന പ്രാർത്ഥനയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദിന്റെ മകൻ മുഹമ്മദിന് എന്നാണ് കാണുന്നത്. പിതാവി ന്റെയും പ്രപിതാവിന്റെയും പേരും സ്വന്തം പേരും ഒന്നായവരാണ് ഇമാം അബൂ ഹാമിദിനിൽ ഗസ്സാലി ﵀. എന്നാൽ കൊളംബോയിൽ നിന്നു പുറത്തിറങ്ങുന്ന സുബ്ഹാന മൗലിദിന്റെ ആദ്യത്തിൽ ഇത് ഖത്വീബ് മുഹമ്മദ് മദനി എന്നവരുടേതാണെന്നും ഗസ്സാലി ഇമാമിന്റേതാണെന്ന് അഭിപ്രായമുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

സുബ്ഹാന മൗലിദിന്റെ ഉള്ളടക്കം തിരുനബി ﷺ യുടെ ജനനം വരെയുളള വിഷയങ്ങളാണ്. ഒമ്പത് വീതം പദ്യഖണ്ഡങ്ങളുണ്ട്. മൗലീദ് സംബന്ധിയായ പെതുവിവരങ്ങൾ ഇതിലടുക്കി വെച്ചിട്ടുണ്ട്. നബി ﷺ യുടെ കുടുംബ വിശുദ്ധിയും മഹത്ത്വങ്ങളും ഗർഭ പ്രസവ ഘട്ടങ്ങളിലെ അനുഭവം, തിരുനബി ﷺ യുടെ സൃഷ്ടിപരമായ പ്രത്യേകതകൾ എന്നിവ എട്ടുവരെയുള്ള ഖണ്ഡങ്ങളിൽ വിവരിക്കുന്നു.

പ്രകാശമായി സൃഷ്ടിക്കപ്പെട്ടത് മുതൽ നബി ﷺ യിൽ കേന്ദ്രീകൃതമായി നടന്ന മഹത്ത്വങ്ങൾ വിവരിക്കുന്നതാണ്. ഒന്നാം ഖണ്ഡം. അമ്പിയാക്കളടക്കമുള്ള ലോകത്തിനാകമാനം കാരുണ്യമായിരുന്ന തിരുനബി ﷺ ക്ക് ആദം ﵇ നു മുമ്പു തന്നെ നുബുവ്വത്ത് നൽകപ്പെട്ടിരുന്നുവെന്നും അങ്ങനെയുള്ളൊരു നബിയുടെ അനുയായികളാക്കുകവഴി നാഥൻ അപാരമായ അനുഗ്രഹമാണ്
നൽകിയിട്ടുള്ളതെന്നും മഹാനവർകൾ അനുസ്മരിക്കുന്നു.

ആദം നബി ﵇ സൃഷ്ടിക്കപ്പെട്ട സന്ദർഭത്തിൽ ലാഇ ലാഹ ഇല്ലല്ലാഹു മുഹമ്മദുർറ സൂലുല്ലാഹ് എന്നു സ്വർഗ കവാടത്തിൽ എഴുതിവെക്കപ്പെട്ടത് കാണുകയുണ്ടായി എന്നു വിവരിക്കുന്നു. പിന്നീട് ആദം ﵇ സ്വർഗത്തിൽ നിന്നു ഭൂമിയിലേക്കു വന്ന ശേഷം നബി ﷺ യെ തവസ്സുലാക്കി പ്രാർത്ഥന നടത്തി അകപ്പെട്ട മനഃപ്രയാസത്തിൽ നിന്നു മോചിതനായതും വിവരിക്കുന്നു.

നബി ﷺ യുടെ പ്രകാശം സൃഷ്ടിക്കപ്പെട്ടത്, മഹാന്മാരായ പ്രവാചകന്മാരിലൂടെ അതു കടന്നുവന്നത്, ആദരണീയരും പരിപൂർണരും ശ്രേഷ്ഠരുമായി അന്ത്യദൂതർ പ്രസവിക്കപ്പെട്ടത്, പൂർവ ഗ്രന്ഥപണ്ഡിതരും പുരോഹിതന്മാരും നബി നിയോഗത്തെ പറ്റി സുവാർത്ത നൽകിയത്, ഗർഭകാലത്ത് പ്രവാചകരടക്കമുള്ളവർ വന്നു സന്തോഷ വിവരങ്ങൾ കൈമാറിയത്, പ്രസവസമയത്തെ അത്ഭുതങ്ങൾ, ലോകരിലുണ്ടായ സന്തോഷ സാഹചര്യം എന്നിവ വിശദീകരിച്ച് അവയുടെ പദ്യാവിഷ്കാരം അഞ്ചു വരെയുള്ള ഖണ്ഡങ്ങളിൽ അതിമനോഹരമായി നിർവ്വഹിച്ചിരിക്കുന്നു.

ആറാം ഖണ്ഡത്തിൽ പ്രസവമടുത്ത സന്ദർഭത്തിലും പ്രസവ സമയത്തും ശേഷവുമുണ്ടായ സന്തോഷ സാഹചര്യങ്ങളുമാണ്
വതരിപ്പിക്കുന്നത്. തിരുനബിയുടെ ജനന സമയത്ത് സന്നിഹിതരായ മാലാഖമാരും മഹിളാരത്നങ്ങളും അനുഭവിച്ച സന്തോഷം വിവരിച്ച ശേഷം റസൂൽ ﷺ യുടെ സാന്നിധ്യമേകുന്ന സൗഭാഗ്യം പരാമർശിക്കുന്ന പദ്യത്തിൽ നബിയിൽ നിന്നും സഹായവും സന്തോഷവും അനുഗ്രഹ കടാക്ഷവും പ്രതീക്ഷിക്കുന്നു. പ്രസിദ്ധമായ ഇന്ന ബൈതൻ അൻത… എന്ന ഭാഗമാണിത്.

ഏഴാം ഖണ്ഡത്തിൽ നബി ﷺ യുടെ ജനനത്തിൽ മലക്കുകളും പ്രപഞ്ചവും സന്തോഷം പ്രകടിപ്പിച്ചത്, പ്രസവത്തോടനുബന്ധിച്ചുണ്ടായ മറ്റു അനുരണനങ്ങളും നബി ﷺ യുടെ ശാരീരിക പ്രത്യേകതകളും വിവരിച്ച് സന്തോഷം ആനന്ദമാക്കി സംതൃപ്തി നേടുന്ന വരികളിലേക്ക് കടക്കുന്നു.

എട്ടാം ഖണ്ഡത്തിൽ ആമിന ﵂ തന്റെ പൊന്നോമനയെ കണ്ട രംഗവും അപ്പോൾ മഹതിക്കുണ്ടായ ആഹ്ലാദാനന്ദാതിരേകങ്ങളും വിശദീകരിക്കുന്നു. തത്സമയം തനിക്കു ലഭിച്ച നിർദേശങ്ങളെയും ചേർത്തിരിക്കുന്നു. ശേഷം അബ്ദുൽ മുത്വലിബിനെ സന്തോഷമറിയിച്ചതും അദ്ദേഹം ആഹ്ലാദിച്ചതും പരാമർശിക്കുന്നു. അദ്ദേഹം ആലപിച്ച പദ്യമാണ് അടുത്ത പ ദ്യഖണ്ഡം.

ഒമ്പതാം ഖണ്ഡം മുത്ത് റസൂലിന്റെ മഹത്ത്വങ്ങളാണ്. ഒറ്റ പദങ്ങളിലൂടെ ഒരു മഹദ് താരകത്തെ അതിമനോഹരമായി വർണിച്ചിരിക്കുന്നു. ശേഷം പ്രഥമ വസന്തത്തിന്റെ വരവു നൽകുന്ന ആത്മീയാനന്ദത്തെയും തിരുനബിയെ കൊണ്ട് ഇഹപര വിജയ സൗഭാഗ്യങ്ങൾ ആഗ്രഹിച്ചർത്തിക്കുകയും ചെയ്യുന്നു.

രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നീ കാണ്ഡങ്ങളിൽ ഇബ്നു ഉമർ, അലി, ഇബ്നു അബ്ബാസ്, അത്വാഉബ്നു യാസിർ(റ) എന്നിവർ വഴി ഉദ്ധരിക്കപ്പെട്ടി വിശേഷ വിവരങ്ങളാണുള്ളത്. നബി ﷺ യുടെ മഹത്ത്വം, പ്രകാശം, ആസ്ഥിത്വം, കുടുംബ മാഹാത്മ്യം, പരിശുദ്ധി, തിരുദൂതരുടെ സ്വഭാവ വൈശിഷ്ട്യം, ജീവിത ശീലം തുടങ്ങിയവ പ്രതിപാദിക്കുന്നു.

സൈനുദ്ദീൻ മഖ്ദൂം(റ)ന്റെ മൗലിദ് കൃതിയായ മൻഖൂസ് മൗലിദ് സുബ്ഹാന മൗലിദിന്റെ രത്നച്ചുരുക്കമാണെന്ന് പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്. എളുപ്പത്തിൽ ചൊല്ലിത്തീർക്കാനാണിങ്ങനെ ചെയ്തത്. മഹാമാരിയിലകപ്പെട്ട സ്വന്തം നാട്ടുകാർക്ക് ഉത്തമ പരിഹാരമായി രചിച്ചതാണത്. മൻഖൂസ് മൗലിദിലെ ചില ഭാഗങ്ങൾ സുബ്ഹാന മൗലിദിനോട് ഒത്തുവരുന്നത് ശ്രദ്ധേയം. ഇന്ന ബൈതൻ, അഹ്‌യാ റബീഅൽ ഖൽബി എന്നിവ ഉദാഹരണം.

രചയിതാവിന്റെ പേരുവിവരം കൃത്യമായി ചേർക്കാത്തത് ന്യൂനതയായി പറയാനാകില്ല. സമൂഹം കൈമാറി വരുന്ന ഒരു കാര്യത്തെ നിഷേധിക്കുന്നതിനാണ് തെളിവുകൾ സ്ഥാപിക്കേണ്ടി വരിക. നമ്മുടെ നാട്ടിൽ കൂടുതലായി സുബ്ഹാന മൗലിദ് ചൊല്ലാറില്ലെങ്കിലും തമിഴ്നാട്ടിലും ശ്രീലങ്കയിലുമൊക്കെ ഇതു വ്യാപകമായി ഓതപ്പെടുന്നുണ്ട്. കൊളംബോയിൽ നിന്നു പ്രസിദ്ധീകരിച്ച സുബ്ഹാന മൗലിദിന്റെ തുടക്കത്തിൽ സലാം ബൈത്തും ഇടയിൽ അശ്റഖയും കാണാം. വലിയ സദസ്സുകളിൽ അവിടെ സുബ്ഹാന മൗലിദ് പാരായണം ചെയ്യുന്നതു പ്രവാചക സ്നേഹത്തിൽ ആ നാട്ടുകാർ കാണിക്കുന്ന അനുപമ മാതൃകയായി പരിഗണിക്കാം.

Related Posts