Site-Logo
POST

തഖ്ലീദ്, അന്ധമായ അനുകരണമല്ല

ഇബ്റാഹീം സഖാഫി കുമ്മോളി

|

13 Feb 2024

feature image

അന്ധമായ അനുകരണമെന്ന് പറഞ്ഞ് മദ്ഹബ് വിരോധികൾ തഖ്ലീദിനെ പരിഹസിക്കുന്നു. മറ്റുള്ളവരുടെ വാക്ക് തെളിവ് കൂടാതെ സ്വീകരിക്കണമെന്നാണല്ലോ സുന്നികൾ പറയുന്നത്. ഇത് അൽപം കടന്ന സമീപനം തന്നെയല്ലേ, എന്ന് പറഞ്ഞു ദീർഘദൃഷ്ടിയില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കാനാവുമോ എന്നതാണ് ഇവരുടെ ചിന്ത. എന്നാൽ അറിവില്ലാത്ത സർവ്വ രംഗങ്ങളിലും അന്യരെ തെളിവ് കൂടാതെ സ്വീകരിക്കുക എന്നത് സമൂഹത്തിന്റെയും വ്യക്തികളുടെയും പൊതുവായ പ്രകൃതം തന്നെയോണ്. നാം രോഗം വരുമ്പോൾ ഡോക്‌ടറെ സമീപിക്കുന്നു. ആരോഗ്യത്തിന് ഇസ്‌ലാം വലിയ പ്രാധാന്യമാണ് കൽപിക്കുന്നത്. ആരോഗ്യം നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നത്രെ ഇസ്‌ലാമിന്റെ നിയമം. ഡോക്ടർ പറഞ്ഞുതരുന്ന മരുന്നുകൾ പുനർവിചിന്തനം കൂടാതെയാണ് നാം സാധാരണ ഉപയോഗിച്ചുവരുന്നത്. എന്നാൽ ഒരു രോഗി തനിക്ക് മരുന്ന് കുറിച്ചുനൽകിയ ഡോക്ട‌റോട്, ഡോക്ടർ ഇത്കൊണ്ട് എന്റെ രോഗം ഭേദമാകുമെന്നതിന്റെ തെളിവെന്ത് എന്ന് ചോദിച്ചാൽ അവസ്ഥ എന്തായിരിക്കും?. അയാൾക്ക് മാനസിക അസുഖമാണെന്നതിന്റെ തെളിവായല്ലേ അത് ആളുകൾ വീക്ഷിക്കുക.

ജീവിതത്തിന്റെ സർവ്വത്ര മേഖലകളിലും ഈ സ്വാഭാവികതയുണ്ട്. ഇത് ഇല്ലായ്മ‌ ചെയ്ത് ജീവിക്കുക അപ്രായോഗികവും അസാധ്യവുമാണ്. ഇത്ര സ്വാഭാവികമായ ഒരു വിഷയം വാസ്തവത്തിൽ ഗ്രന്ഥങ്ങളിലൂടെ പഠിപ്പിക്കേണ്ടതില്ല. ഇത് പഠിപ്പിച്ചിട്ടുമില്ല. ഫിഖ്ഹിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ തഖ്ലീദിനെ പറ്റി പരാമർശിക്കുന്നത് തഖ്ലീദ് നിർബന്ധമാണെന്ന് പഠിപ്പിക്കാനല്ല. മറിച്ച് കർമ്മ ശാസ്ത്ര വിധികളിൽ തഖ്ലീദ് ചെയ്യേണ്ടത് മുജ്തഹിദിനെ മാത്രമായിരിക്കണമെന്ന് പഠിപ്പിക്കാനാണ്. കാരണം നിത്യജീവിതത്തിലെ വിഷയങ്ങളെ പോലെയല്ല ഇസ്‌ലാമിക വിധികൾ. അത് പറയണമെങ്കിൽ, പറയുന്നവരെ നാം അംഗീകരിക്കണമെങ്കിൽ കേവലം മരുന്ന് കുറിച്ചുകൊടുക്കാൻ മാത്രം കഴിവുളള സാധാരണ പണ്ഡിതനായാൽ മതിയാകില്ല. മറിച്ച് ഇജ്തിഹാദിന് കഴിവുളള മഹാ പണ്ഡിതനാകണം.

കേവലം അന്ധമായ അനുകരണം വേണമെന്ന ആശയമല്ല സുന്നികൾ മുന്നോട്ട് വെക്കുന്നത് മറിച്ച് സ്വന്തമായി വിധികൾ കണ്ടെത്താൻ കഴിയാത്തവർ സ്വീകരിക്കുന്നത് വിധി കണ്ടെത്താൻ കഴിവുള്ള മുജ്‌തഹിദിനെ മാത്രമായിരിക്കണമെന്നതാണ് സുന്നികളുടെ ആശയം. മദ്ഹബ് വിരോധികൾ തഖ്‌ലീദിനെ അന്ധമായ അനുകരണമെന്ന് പറഞ്ഞ് എതിർക്കുമെങ്കിലും അവരുടെ അനുയായികൾക്ക് വേണ്ടി അവർ പുസ്‌തകങ്ങളിറക്കുന്നു. പ്രസംഗിക്കുന്നു. വിധികൾ പ്രഖ്യാപിക്കുന്നു. സ്വീകരിക്കാത്തവരെ വിമർശിക്കുന്നു. അവരുടെ ഈ സമീപനം എത്തിച്ചേരുന്നത് വലിയ വിവരമുളള അഗാധ പണ്ഡിതനായ മുജ്തഹിദിനെ സ്വീകരിക്കരുതെന്നും, സ്വീകരിക്കേണ്ടത് വിവരമില്ലാത്ത ഞങ്ങളെ മാത്രമാണെന്നുമുള്ള വിചിത്രവാദഗതിയിലേക്കാണ്. ചുരുക്കത്തിൽ – തഖ്ലീദ് ചെയ്യണമെന്നതല്ല നമ്മുടെ വിഷയം, തഖ്ലീദ് ചെയ്യുന്നത് മുജ്തഹിദിനെ മാത്രമേ ആകാവൂ എന്നതാണ് കാര്യം.

മക്കാമുശ്രിക്കുകളുടെ അന്ധവിശ്വാസങ്ങൾക്ക് കാരണം അവർ അവരുടെ പിതാക്കളെ തഖ്ലീദ് ചെയ്ത‌തതാണ്. മുസ്‌ലിംകളെപ്പോലെ അവർ ഇസ്‌ലാമിക കർമ്മശാസ്ത്രവിഷയങ്ങളിൽ മുജ്തഹിദിനെ തഖ്ലീദ് ചെയ്തതല്ല. മക്കാമുശ്രിക്കുകളെ തഖ്ലീദിന്റെ പേരിൽ ആക്ഷേപിച്ച് കൊണ്ട് ഇറങ്ങിയ ഖുർആൻ വാചകങ്ങളും അത് വിശദീകരിക്കുന്ന ഉദ്ധരണികളും ഉപയോഗിച്ച് ഇസ്‌ലാം നിർബന്ധമാക്കിയ മുജ്തഹിദിനെ മാത്രമേ സ്വീകരിക്കാവൂ എന്ന ബുദ്ധിപരവും മഹിതവുമായ ആശയത്തെ ചോദ്യം ചെയ്യുന്ന മദ്ഹബ് വിരോധികൾ തികഞ്ഞ അന്ധതയിലാണ്. പുരോഗമനത്തെ തഖ്ലീദ് തടയുന്നുവെന്നാണ് ചിലരുടെ കണ്ടുപിടുത്തം. മതം തന്നെ പുരോഗമനത്തിന് തടസ്സമാണെന്ന് മതവിരോധികൾ പറയുന്നു. മദ്ഹബ് വിരോധികൾ മദ്ഹബാണ് പുരോഗമനത്തിന് തടസ്സമെന്ന് വാദിക്കുന്നു. കർമ്മശാസ്ത്രവിഷയത്തിൽ മുജ്തഹിദിനെ മാത്രമെ തഖ്ലീദ് ചെയ്യാവൂ എന്ന് പറയുമ്പോൾ സമുദായത്തിന്റെ ഒരു പുരോഗമനത്തെയും അത് തടസ്സപ്പെടുത്തില്ല. പ്രത്യുത മതരംഗത്ത് ദുർവ്യാഖ്യാനത്തിന് മാത്രമെ അത് തടസ്സമാകൂ.

 

Related Posts